അല്ലു അര്‍ജുന് കണ്ണ് തട്ടിയോ? 1000 കോടി കടന്ന് കളക്ഷന്‍, ആരതിയുഴിഞ്ഞ് മുത്തശ്ശി

റിലീസ് ചെയ്ത് 11 ദിവസം പിന്നിട്ടപ്പോഴേക്കും അല്ലു അര്‍ജുന്റെ 'പുഷ്പ-2' ലോകമെമ്പാടുനിന്നും 1300 കോടിയുടെ കളക്ഷന്‍ സ്വന്തമാക്കി മുന്നേറുകയാണ്. 'ദംഗലി'നും 'ബാഹുബലി'ക്കും ശേഷം തിയേറ്ററില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന സിനിമയായി 'പുഷ്പ-2; ദി റൂള്‍' മാറി. ബോക്‌സോഫീസില്‍ 'ആര്‍.ആര്‍.ആറി'നെ ഇതിനകം മറികടന്നു. ഇന്ത്യയിലെ മാത്രം കളക്ഷന്‍ 900 കോടി പിന്നിട്ടു.
സിനിമയുടെ ഹിന്ദി വേര്‍ഷന്‍ ഞായറാഴ്ച 55 കോടിയുടെ നേട്ടമുണ്ടാക്കി. തെലുഗു വേര്‍ഷന്‍ 16 കോടി രൂപയും തമിഴ് മൂന്നുകോടിയും കന്നഡ 0.6 കോടിയും മലയാളം 0.4 കോടിയുമാണ് നേടിയത്. കേരളത്തില്‍ പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചില്ലെങ്കിലും ഉത്തരേന്ത്യയിലും തെലങ്കാനയിലും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
അതിനിടെ, 'പുഷ്പ -2'ന്റെ പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ വിവാദങ്ങളും വിടാതെ പിന്തുടരുകയാണ്. തെലങ്കാന പോലീസ് അല്ലു അര്‍ജുനെ നാടകീയമായി അറസ്റ്റ് ചെയ്തതും ജാമ്യത്തില്‍ വിട്ടതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഉത്തരവ് വൈകിയെത്തിയ പശ്ചാത്തലത്തില്‍ അല്ലുവിന് ഒരു രാത്രി ജയിലില്‍ കഴിയേണ്ടി വന്നു. ശനിയാഴ്ച്ച രാവിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അല്ലുവിനെ സ്വീകരിക്കാന്‍ വന്‍ ആരാധകക്കൂട്ടം കാത്തുനിന്നിരുന്നു. പിന്നീട് നടന്ന ആഘോഷങ്ങളും വലിയ വമര്‍ശങ്ങള്‍ക്കിടയാക്കി.
വീട്ടില്‍ തിരിച്ചെത്തിയ അല്ലുവിനെ വികാരഭരിതരായിട്ടാണ് കുടുംബം സ്വീകരിച്ചത്. അക്കൂട്ടത്തില്‍ കണ്ണേറ് മാറിപ്പോവാന്‍ മുത്തശ്ശി അല്ലു അര്‍ജുന് ആരതിയുഴിയുന്ന വീഡിയോയും ഏറെ ചര്‍ച്ചയായി. വളരെ വൈകാരികമായിട്ടാണ് കുടുംബം അറസ്റ്റിനെ കണ്ടിരിക്കുന്നതെന്ന് വ്യക്തം. അല്ലു മുത്തശ്ശിയുടെ കാല് തൊട്ട് വന്ദിക്കുന്നതും വികാരഭരിതരായി ഇരുവരും ആലിംഗനം ചെയ്യുന്നതും മുത്തശ്ശി കരയുന്നതുമെല്ലാം വിവിധ വീഡിയോകളില്‍ കാണാം. മറ്റൊരു വനിതയും തേങ്ങകൊണ്ട് അല്ലുവിനെ ഉഴിയുന്നുണ്ട്.
ഇപ്പോഴും മുത്തശ്ശിയുള്ളതില്‍ അല്ലു അര്‍ജുന്‍ ഭാഗ്യവാനാണെന്നും മുത്തശ്ശി ക്യൂട്ടാണെന്നുമൊക്കെയാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍.
ചിത്രത്തിലെ താരം രശ്മിക മന്ദാനയ്ക്കും കുടുംബത്തിനുമൊപ്പമാണ് അല്ലു അര്‍ജുന്‍ പ്രീമിയറിനെത്തിയത്. അല്ലു അര്‍ജുനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ടാണ് 35-കാരിയായ രേവതി എന്ന യുവതി മരിക്കുന്നത്. അവരുടെ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നിയമപ്രശ്‌നങ്ങളുള്ളതിനാല്‍ കുഞ്ഞിനെ കാണാന്‍ പോവാന്‍ സാധിച്ചില്ലെന്നും വൈകാതെ നേരിട്ടുകാണാനാവുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അല്ലു വ്യക്തമാക്കി.
Content Highlights: allu arjun’s grandmother wards off evil eye pushpa-2