ടോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളായ രാം ചരണും അല്ലു അര്‍ജുനും ബന്ധുക്കള്‍ മാത്രമല്ല, അടുത്ത കൂട്ടുകാര്‍ കൂടിയാണ്. അല്ലുവിന്റെ അച്ഛന്‍ അല്ലു അരവിന്ദിന്റെ സഹോദരിയാണ് രാം ചരണിന്റെ അമ്മ സുരേഖ. പരസ്പരം പിന്തുണച്ചും കൈയടിച്ചും സിനിമാമേഖലയില്‍ മുന്നേറുന്ന അല്ലു അര്‍ജുനും രാം ചരണും. 

എന്നാല്‍, ഇടയ്ക്കിടെ ചില അഭ്യൂഹങ്ങളും ഉയര്‍ന്നുവരും. രണ്ടുപേര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളാണ്, പഴയപോലെ അടുപ്പമില്ല എന്നൊക്കെ. അതിനുപിന്നാലെ പരസ്പരമുള്ള പിറന്നാള്‍ ആശംസകളിലൂടെയും മറ്റും തങ്ങളുടെ സ്‌നേഹത്തിന് ഒരുകുറവുമില്ലെന്ന് പറയാതെ പറയും ഇരുവരും. 

രണ്ട് സൂപ്പര്‍താരങ്ങളും തമ്മില്‍ വഴക്കിലാണെന്ന് വീണ്ടും വാര്‍ത്തകള്‍ ഉയരുന്നു. എല്ലാത്തിനും തുടക്കം കുറിച്ചത് അല്ലുവിന്റെ അച്ഛന്‍ അല്ലു അരവിന്ദിന്റെ ഒരു പ്രസ്താവനയാണ്. അല്ലു അരവിന്ദിന്റെ 'തണ്ടല്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നിര്‍മാതാവ് ദില്‍ രാജു. അവിടെവെച്ച് അല്ലു അരവിന്ദ് പറഞ്ഞതിങ്ങനെ, ''ദില്‍ രാജു ഈയിടെ ചരിത്രം സൃഷ്ടിച്ചു. ഒരു സിനിമ പൊളിഞ്ഞപ്പോള്‍, മറ്റൊന്ന് വിജയിച്ചു. ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തിട്ടുമുണ്ട്''. രാം ചരണ്‍ നായകനായ 'ഗെയിം ചെയ്ഞ്ചര്‍' ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍, വെങ്കിടേഷിന്റെ 'സന്‍ക്രതികി വാസ്തുനം' എന്ന സിനിമ വിജയിക്കുകയും ചെയ്തിരുന്നു. ഇത് രണ്ടും നിര്‍മിച്ചത് ദില്‍ രാജു തന്നെ. 

എന്നാല്‍, ഈ തമാശ രാം ചരണ്‍ ആരാധകര്‍ക്ക് ദഹിച്ചില്ല. അതിനുപിന്നാലെ ശക്തമായ വിമര്‍ശനങ്ങളും നേരിടേണ്ടിവന്നു. ഒരാഴ്ചയ്ക്കുശേഷം താന്‍ പറഞ്ഞ കാര്യത്തില്‍ വിശദീകരണം നല്‍കിക്കൊണ്ട് അല്ലു അരവിന്ദ് വീണ്ടും രംഗത്തുവന്നു. ''ഒരു തമാശയായി പറഞ്ഞ കാര്യമായിരുന്നു. ഒരാഴ്ചയില്‍ തന്നെ ദില്‍ രാജു വിജയവും പരാജയവും കണ്ടു എന്നുമാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. അതിന്റെ പേരില്‍ വല്ലാതെ വിമര്‍ശിക്കപ്പെട്ടു. രാം ചരണ്‍ എന്റെ മകനെപ്പോലെയാണ്. അവന്റെ ഒരേയൊരു അമ്മാവനാണ് ഞാന്‍. ഞങ്ങളുടെ ബന്ധം വളരെ ദൃഢമാണ്''. 

ഇതിനുപിന്നാലെയാണ് രാം ചരണ്‍ ഇന്‍സ്റ്റഗ്രാമില്‍ അല്ലു അര്‍ജുനെ അണ്‍ ഫോളോ ചെയ്തത് ആരാധകര്‍ ശ്രദ്ധിക്കുന്നത്. അല്ലു അരവിന്ദുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുപിന്നാലെയാണ് ഇതെന്നും അവര്‍ പറയുന്നു. എന്നാല്‍, നേരത്തെ അല്ലു അര്‍ജുന്‍ ജയിലില്‍നിന്ന് പുറത്തുവന്നപ്പോള്‍ ടോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും അദ്ദേഹത്തെ കാണാനെത്തി. രാം ചരണിന്റെ മാതാപിതാക്കള്‍ കൂടിയായ ചിരഞ്ജീവിയും സുരേഖയും അല്ലുവിന്റെ വീട്ടിലെത്തി. എന്നിട്ടും രാം ചരണ്‍ എത്താതിരിക്കുകയും പ്രസ്താവനകളൊന്നും പുറത്തിറക്കാതിരിക്കുകയും ചെയ്തതും ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി.  

പലപ്പോഴും ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ ഇരുവരുടെയും കുടുംബാംഗങ്ങളോടും പലരും ചോദിക്കാറുണ്ട്. ഒരിക്കല്‍ അല്ലുവിന്റെ സഹോദരന്‍ അല്ലു സിരിഷിന്റെ സിനിമയുടെ പ്രൊമോഷനിടയിലും ഇതേ ചോദ്യം ഉയര്‍ന്നു. അതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സിരിഷ് മറുപടി നല്‍കിയതിങ്ങനെ, ''അവര്‍ രണ്ടുപേരും ഒരുമിച്ച് വളര്‍ന്നവരാണ്. ഇടയ്ക്കിടയ്ക്ക് കാണുകയും സംസാരിക്കുകയും ചെയ്യുന്ന രണ്ടുപേര്‍. വ്യൂസ് കൂട്ടാന്‍വേണ്ടി ചില യൂട്യൂബ് ചാനലുകളുണ്ടാക്കുന്ന വ്യാജവാര്‍ത്തകള്‍ മാത്രമാണിത്''.