‘എന്നുകരുതി എൻ്റെ യാഥാർത്ഥ്യം മാറുന്നുണ്ടോ? ഇല്ല. എൻ്റെ കുടുംബ ബന്ധത്തിൽ മാറ്റമുണ്ടോ?’-ആലിയ ഭട്ട്

ആലിയ ഭട്ട് | AFP
ആലിയ ഭട്ട് | AFP

ഏഴുവർഷത്തോളമായി ഒന്നിച്ചാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും. വിവാഹിതരായിട്ട് നാലുവർഷവും കഴിഞ്ഞു. നിരന്തരം ഗോസിപ്പുകൾക്ക് വിധേയരാകുന്ന ദമ്പതിമാരാണ് ഇരുവരും, ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജവാർത്തകൾ പലപ്പോഴും പ്രചരിക്കാറുണ്ട്. പൊതുവിടങ്ങളിലെത്തുമ്പോൾ രണ്ടുപേരുടെയും ഭാവങ്ങളും സംഭാഷണങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് വിശകലനം ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ വലിയ ട്രൻഡാണിപ്പോൾ. ഇത്തരം ഒച്ചപ്പാടുകളിൽ താൻ അസ്വസ്ഥയല്ലെന്ന് പറയുകയുകയാണ് ആലിയ ഇപ്പോൾ.

"ഒച്ചപ്പാടുകൾ ഞങ്ങളിലേക്ക് എത്തിച്ചേരുന്നേയില്ല. കാരണം അത് യഥാർഥമല്ല. അവർ കാണുന്ന മൂന്നര സെക്കൻഡ് അല്ലെങ്കിൽ ഏഴ് സെക്കൻഡിനെപ്പറ്റിയാണ് അവർ പ്രതികരിക്കുന്നത്. ഞങ്ങൾ ഏഴ് വർഷമായി ഒരുമിച്ചാണ്. ആളുകൾ അഭിപ്രായം പറയുന്നതിനേക്കാൾ കൂടുതൽ സെക്കൻഡുകളാണത്"- നടി പറഞ്ഞു. എസ്‌ക്വയർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അവർ.

ചിലപ്പോൾ തങ്ങൾ മീമുകൾ കണ്ട് ചിരിക്കാറുണ്ടെന്നും മറ്റു ചിലപ്പോൾ അവ ശ്രദ്ധിക്കാറില്ലെന്നും ആലിയ പറഞ്ഞു. "ഒരു മുറിയിൽ അമ്പത് പേരുണ്ടെങ്കിൽ, ഒരുപക്ഷേ നാല് പേർക്കേ നിങ്ങളെക്കുറിച്ച് കരുതലുള്ളൂ. ബാക്കിയുള്ളവർ ഭീകരമായ കാര്യങ്ങൾ ചിന്തിച്ചേക്കാം, പക്ഷേ നിങ്ങൾക്ക് അവ കേൾക്കാനാവില്ല. എന്നുകരുതി എൻ്റെ യാഥാർത്ഥ്യം മാറുന്നുണ്ടോ? ഇല്ല. എൻ്റെ കുടുംബ ബന്ധത്തിൽ മാറ്റമുണ്ടോ? ഒട്ടും ഇല്ല. ഞാൻ എൻ്റെ സ്വപ്നം ജീവിക്കുന്നുണ്ടോ? ഉണ്ട്. ഞാൻ ദിവസവും നല്ല മനസ്സോടെ ഉറങ്ങാൻ പോകുന്നുണ്ടോ? നൂറ് ശതമാനം."-ആലിയ പറഞ്ഞു.

അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിനു ശേഷമാണ് ആലിയയും രൺബീറും ഡേറ്റിങ് തുടങ്ങിയത്. 2022 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇരുവരും വിവാഹിതരായി. അതേ വർഷം ദമ്പതികൾക്ക് റാഹ എന്ന മകളും ജനിച്ചു. ഈ വർഷം അവസാനം സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ എന്ന ചിത്രത്തിൽ രൺബീറും ആലിയയും വീണ്ടും ഒന്നിക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Alia Bhatt addresses rumors of discord in her marriage to Ranbir Kapoor, calling online chatter `noise` and emphasizing their strong bond after seven years together.