'ധുരന്ധറി'ലെ വില്ലനുശേഷം നീണ്ടതാടിയുമായി അക്ഷയ് ഖന്ന; തിരിച്ചറിയാൻ പറ്റുന്നില്ലെന്ന് ആരാധകർ

'ധുരന്ധർ' ഒന്നാം ഭാഗത്തിൽ നല്ല പ്രകടനമാണ് നടൻ അക്ഷയ് ഖന്ന കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ ഇൻട്രൊഡക്ഷൻ സീനും വൈറലായി. അറബിക് ഗാനമായ 'FA9LA'യിലെ പാട്ടിനൊപ്പമാണ് നൃത്തം ചെയ്തുകൊണ്ട് അക്ഷയ് സ്‌ക്രീനിലേക്കെത്തിയത്.
ബലൂച് ഗ്യാങ്ങിന് തുടക്കമിട്ട റഹ്മാൻ ഡകെയ്ത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അക്ഷയ്‌യുടെ ആ വില്ലൻ കഥാപാത്രം കാണികളെ വല്ലാതെ ആകർഷിക്കുകയും ചെയ്തു. ഈ കഥാപാത്രത്തോടെ അക്ഷയ് ഖന്നയുടെ താരമൂല്യം ഉയരുകയും ചെയ്തു.
അതിനുപിന്നാലെ അടുത്ത സിനിമയിലേക്ക് കടന്നിരിക്കുകയാണ് അക്ഷയ്. തെലുഗുസിനിമയായ 'മഹാകാളി'യിലാണ് അക്ഷയ് ഇപ്പോൾ അഭിനയിക്കുന്നത്. അതിൽനിന്നുള്ള അക്ഷയ് യുടെ ഫോട്ടോ ചിത്രത്തിന്റെ നിർമാതാവ് പ്രശാന്ത് വർമ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ശുക്രാചാര്യരായിട്ടാണ് അക്ഷയ് ചിത്രത്തിൽ അഭിനയിക്കുന്നത്.
അക്ഷയ്‌യുടെ ലളിതവും ശക്തവുമായ സാന്നിധ്യത്തെ പ്രശംസിച്ചുകൊണ്ട് പ്രശാന്ത് ഒരു കുറിപ്പും എഴുതി. യഥാർത്ഥ പ്രതിഭ ശബ്ദത്തെ ആശ്രയിക്കുന്നില്ലെന്ന് തെളിയിക്കുന്ന ഒരാളായിട്ടാണ് പ്രശാന്ത് താരത്തെ വിശേഷിപ്പിച്ചത്. അനായാസമായി നല്ല പ്രകടനങ്ങൾ കാഴ്ചവയ്ക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും പ്രശാന്ത് പ്രശംസിച്ചു.
നേരത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോൾ ആരാധകരെ അത് ഞെട്ടിച്ചിരുന്നു. നീണ്ടതാടിയും തീക്ഷ്ണമായ കണ്ണുകളുമുള്ള അക്ഷയ്‌യുടെ ലുക്ക് എല്ലാവരെയും അദ്ഭുതപ്പെടുത്തി. അക്ഷയ് ഖന്നയെ ഒട്ടും തിരിച്ചറിയാൻ പറ്റുന്നില്ലെന്നും അവർ പറയുന്നു. പൂജ കൊല്ലുരുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഇടയ്ക്കുവെച്ച് ബോളിവുഡിൽനിന്ന് അകന്ന അക്ഷയ്, മികച്ച കഥാപാത്രങ്ങളുമായി മുന്നേറുകയാണിപ്പോൾ. 'ദൃശ്യം 2'-ലെ ഐ.ജി തരുൺ അഹ്ലാവത്, 'ഛാവാ'യിലെ ഔറംഗസേബ് എന്നിവയാണ് ഈയടുത്ത് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ നല്ല കഥാപാത്രങ്ങൾ. അതിനൊപ്പം ബോർഡർ 2-വിൽ അതിഥിവേഷത്തിലുമെത്തി താരം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Akshaye Khanna gains critical acclaim for his villainous role in Dhurandhar. The actor undergoes a massive physical transformation for the upcoming film Mahakali.