വിവാഹനാളിൽ കരിഷ്മയെ അക്ഷയ് ഖന്ന കൈയിൽ ചുംബിക്കുന്ന വീഡിയോ വൈറൽ, വിവാഹം കഴിക്കാതിരുന്നത് ഇക്കാരണത്താൽ?

സോഷ്യൽ മീഡിയയിൽ ഒരാഴ്ചയിലേറെയായി നടൻ അക്ഷയ് ഖന്നയാണ് ട്രൻഡിങ്. 'ധുരന്ധർ' സിനിമയിലെ അക്ഷയുടെ ഡാൻസ് നമ്പർ ഇതിനകം ആരാധകർ ഏറ്റെടുത്തും കഴിഞ്ഞു. അക്ഷയോട് കടുത്ത ആരാധന മൂത്ത ആരാധകർ അദ്ദേഹത്തിൻ്റെ പഴയ വീഡിയോകളും അഭിമുഖങ്ങളും ദശാബ്ദങ്ങൾക്ക് മുമ്പുള്ള ഡേറ്റിങ് അഭ്യൂഹങ്ങളുമെല്ലാം കുത്തിപ്പൊക്കുകയാണിപ്പോൾ. നടന്റെ ഭൂതകാലമറിയാൻ പുതിയ തലമുറയ്ക്ക് വലിയ താത്പര്യമുണ്ട്.
അക്ഷയുടെ പഴയ ഏതാനും വീഡിയോകൾ വൈറലാവുന്നുണ്ട്. അതിൽ ശ്രദ്ധേയമായത് കരിഷ്മ കപൂറിൻ്റെയും മുൻ ഭർത്താവ് സഞ്ജയ് കപൂറിൻ്റെയും വിവാഹവേളയിലുള്ള ദൃശ്യങ്ങളാണ്. വിവാഹവേദിയിൽ വധൂവരന്മാരെ അഭിവാദ്യം ചെയ്യുന്നതിനിടെ, അക്ഷയ് കരിഷ്മയുടെ കൈകളിൽ ചുംബിക്കുന്നതാണ് വീഡിയോ. അക്ഷയുടെ സഹോദരൻ രാഹുൽ ഖന്ന വരനെയും വധുവിനെയും ആലിംഗനം ചെയ്യുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്.
തുടർന്ന് അക്ഷയ് ഖന്ന മുന്നോട്ട് വന്ന് കരിഷ്മയുടെ കൈകളിൽ ചുംബിച്ചുകൊണ്ട് അഭിനന്ദിച്ചു. അക്ഷയ് കരിഷ്മയെ മാന്യമായി ചുംബിച്ച രീതി ആരാധകർക്കിഷ്ടപ്പെട്ടു. 'നോക്കൂ.. ഇത് ബഹുമാനം നിറഞ്ഞ രീതിയാണ്, അദ്ദേഹം അവളെ ആരാധിക്കുകയാണ്' എന്നായിരുന്നു വീഡിയോക്ക് താഴെ വന്ന ഒരു കമന്റ്.
ഇതോടൊപ്പം അക്ഷയ് കരിഷ്മയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന പഴയ അഭ്യൂഹങ്ങളും വീണ്ടും ചർച്ചയായി. 1990കളുടെ അവസാനത്തിൽ അക്ഷയും കരിഷ്മയും ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിരുന്നു. ഇക്കാലത്ത് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. അജയ് ദേവ്ഗണുമായുള്ള ബന്ധം തകർന്നതിന് ശേഷം കരിഷ്മ തൻ്റെ ഉറ്റസുഹൃത്തായ അക്ഷയുമായി കൂടുതൽ അടുത്തെന്നായിരുന്നു ടാബ്ലോയ്ഡുകളിലെ വാർത്തകൾ.
പ്രണയത്തിന് കപൂർ കുടുംബവും പച്ചക്കൊടി കാണിച്ചിരുന്നുവത്രേ. കരിഷ്മയുടെ അച്ഛൻ രൺധീർ കപൂർ ഔപചാരികമായി അക്ഷയുടെ അച്ഛൻ വിനോദ് ഖന്നയുമായി വിവാഹാലോചന നടത്തിയതായും പറയപ്പെടുന്നു.
പക്ഷേ, കരിഷ്മയുടെ അമ്മ ബബിതാ കപൂറിന് ഈ ബന്ധത്തോട് വലിയ താത്പര്യമുണ്ടായിരുന്നില്ല. മകൾ കരിയറിൽ മുമ്പിൽ നിൽക്കുന്ന സമയമായിരുന്നതിനാലാണ് അവർക്ക് ഇതിനോട് താത്പര്യം കാണിക്കാതിരുന്നതെന്ന് പറയപ്പെടുന്നു. അതേസമയം, അക്ഷയും കരിഷ്മയും ഒരിക്കലും ഇത്തരം റിപ്പോർട്ടുകളോട് പ്രതികരിച്ചിരുന്നില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A viral video of Akshaye Khanna kissing Karisma Kapoor`s hand at her wedding resurfaces, reigniting old romance rumors. See the clip and the reactions.