അമ്പതിലും സൗന്ദര്യത്തിന്റെ അവസാനവാക്കായി ഐശ്വര്യ റായ്

1994, സ്ഥലം: ദക്ഷിണാഫ്രിക്കയിലെ സണ്‍സിറ്റി എന്റര്‍ടെയിന്‍മെന്റ് സെന്റര്‍. ലോകസൗന്ദര്യമത്സരവേദിയില്‍ സുന്ദരിമാര്‍ നിരന്നുനിന്നു. ഒടുവില്‍ കാണികള്‍ കാത്തിരുന്ന സമയമെത്തി, വിജയിയെ പ്രഖ്യാപിക്കുന്ന നിമിഷം. അവര്‍ക്കുമുന്നിലേക്ക് ആ സുന്ദരിയെത്തി. ഐശ്വര്യ റായ്. അങ്ങനെ ഒരിക്കല്‍ കൂടെ ലോകസുന്ദരീപട്ടം ഇന്ത്യയിലേക്ക്.
ജനിച്ചത് മംഗലാപുരത്താണെങ്കിലും ഐശ്വര്യ വളര്‍ന്നത് മുംബൈയിലാണ്. ഡോക്ടറാവണമെന്നായിരുന്നു ചെറുപ്പത്തില്‍ ആ പെണ്‍കുട്ടിയുടെ സ്വപ്‌നം. പിന്നീടത് മാറി ആര്‍ക്കിടെക്റ്റ് ആവണമെന്നായി. അങ്ങനെ ആര്‍ക്കിടെക്ചര്‍ കോഴ്‌സ് പഠിക്കാനായി ചേര്‍ന്നു. അതിനൊപ്പം തന്നെ മോഡലിങ്ങും ചെയ്തുതുടങ്ങി. പോക്കറ്റ് മണി കിട്ടുമെന്നതായിരുന്നു അതിലേക്ക് ഐശ്വര്യയെ ആകര്‍ഷിച്ചത്. പക്ഷേ അധികം വൈകാതെ തന്നെ നല്ല തിരക്കുള്ള മോഡലായി മാറി. അതിനിടയിലാണ് മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിക്കുന്നതും മിസ് വേള്‍ഡ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും.
സിനിമയിലേക്ക്
ലോകസുന്ദരിയായി നാട്ടിലെത്തിയ ഐശ്വര്യയെ തേടി സിനിമാ ഓഫറുകള്‍ വന്നുതുടങ്ങി. അതോടെ പഠനമുപേക്ഷിച്ച് സിനിമ തന്നെ തിരഞ്ഞെടുത്തു. അരങ്ങേറ്റചിത്രം തമിഴിലായിരുന്നു. മണിരത്‌നത്തിന്റെ ഇരുവര്‍ എന്ന സിനിമ. അതില്‍ മോഹന്‍ലാലിന്റെ അഞ്ച് നായികമാരിലൊരാള്‍. എങ്കിലും ബോളിവുഡില്‍ പരാജയത്തോടെയായിരുന്നു തുടക്കം.
ആദ്യ ബ്രേക്ക് കിട്ടിയത് ജീന്‍സ് എന്ന ശങ്കര്‍ സിനിമയിലൂടെയാണ്. അക്കാലത്തെ ഏറ്റവും ചെലവേറിയ സിനിമ കൂടിയായിരുന്നു ജീന്‍സ്. ബോളിവുഡില്‍ ഒരു ഹിറ്റ് കിട്ടാന്‍ രണ്ടുവര്‍ഷം കൂടി കാത്തിരിക്കേണ്ടിവന്നു. ഹം ദില്‍ ദേ ചുകേ സനം എന്ന ആ സിനിമയില്‍ സല്‍മാന്‍ ഖാന്‍ ആയിരുന്നു നായകന്‍. നര്‍ത്തകിയെന്ന നിലയിലും അഭിനേതാവെന്ന നിലയിലും ഐശ്വര്യയുടെ കഴിവ് പൂര്‍ണമായി ഒപ്പിയെടുത്ത സിനിമയാണ് ഹം ദില്‍ ദേ ചുകേ സനം. അതിനുശേഷം ദേവ്ദാസിലെ പാറോ ആയി തിളങ്ങി. മാധുരി ദീക്ഷിത്തും ഐശ്വര്യയും ഒരുപോലെ മികച്ചുനിന്ന സിനിമയാണ് ദേവ്ദാസ്. അതില്‍ ഷാരൂഖ് ഖാനും ഐശ്വര്യയും തമ്മിലുള്ള കെമിസ്ട്രി ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തു.
2008-ലിറങ്ങിയ ജോധാ അക്ബറിലെ മിന്നുന്ന പ്രകടനം കണ്ടവരെല്ലാം പറഞ്ഞു, ഇത്തവണത്തെ ദേശീയപുരസ്‌കാരം ഐശ്വര്യയ്ക്ക് തന്നെ. പക്ഷേ അവസാനറൗണ്ടില്‍ അത് നഷ്ടപ്പെട്ടു. പിന്നീട് കുറേ നല്ല സിനിമകളിലൂടെ അവര്‍ തന്റെ കരിയര്‍ ഉറപ്പിച്ചു. താല്‍, മൊഹബത്തേന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ഛോക്കേര്‍ ബാലി, റെയ്ന്‍ കോട്ട്, ഗുരു, ധൂം 2, എന്തിരന്‍...ബ്രൈഡ് ആന്‍ഡ് പ്രിജുഡൈസ്, മിസ്ട്രസ് ഓഫ് സ്‌പൈസസ്, ലാസ്റ്റ് റീജിയന്‍ എന്നീ സിനിമകളിലൂടെ അന്താരാഷ്ട്ര സിനിമകളുടെയും ഭാഗമായി. പൊന്നിയിന്‍ സെല്‍വമാണ് ഏറ്റവുമൊടുവില്‍ ഐശ്വര്യയുടേതായി ഇറങ്ങിയ സിനിമ.
ബ്രാന്‍ഡുകളുടെ താരം
ഐശ്വര്യ എന്നും അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഇഷ്ടതാരമാണ്. വര്‍ഷങ്ങളോളം അവര്‍ ലോറിയലിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ ജൂറിയംഗമാവുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ ആളുമാണ് ഐശ്വര്യ. വര്‍ഷങ്ങളോളം അവര്‍ ലോറിയല്‍, ലോഞ്ചീന്‍ വാച്ച് എന്നിവയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ ജൂറിയംഗമാവുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ ആളുമാണ് ഐശ്വര്യ.
ബോളിവുഡ് അഭിനേത്രികളില്‍ ഏറ്റവും ധനികയും ഐശ്വര്യ തന്നെ. 800 കോടിയാണ് അവരുടെ ആസ്തി. പത്ത് കോടി വരെയാണ് ആഷിന് ഒരു സിനിമയ്ക്കായി ലഭിക്കുന്നത്. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും നൂറും ഇരുന്നൂറും കോടി രൂപ പ്രതിഫലം വാങ്ങുമ്പോഴാണ് ഇതെന്നത് മറ്റൊരു കാര്യം.
ലോകം മുഴുവന്‍ അവരെ ആരാധിക്കുമ്പോഴും ട്രോളുകളിലൂടെ നിരന്തരം ആക്രമിക്കപ്പെടാറുണ്ട് ആരാധകരുടെ പ്രിയപ്പെട്ട ആഷ്. പ്രസവശേഷം പല പൊതുപരിപാടികളിലും പങ്കെടുത്തപ്പോഴൊക്കെ അവരുടെ തടിയായിരുന്നു ആളുകള്‍ക്ക് പ്രശ്‌നം. അന്നത്തെ വിമര്‍ശനങ്ങളെക്കുറിച്ച് ഐശ്വര്യ പിന്നീട് പറഞ്ഞതിങ്ങനെ. ''ഞാനാ വിമര്‍ശനങ്ങളെയൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. കുഞ്ഞിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. അപ്പോള്‍ ശരീരം മെലിഞ്ഞിരിക്കണം, തടി ബോറാണ് എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഇതൊക്കെ എന്റെ ചോയ്‌സുകളാണ്''.
മകള്‍ ആരാധ്യ വലുതായിട്ടും കൊച്ചുകുഞ്ഞിനെ പോലെ അവളെ ചേര്‍ത്തുപിടിക്കുന്നു എന്നതായിരുന്നു അടുത്ത ആരോപണം. ഓവര്‍പ്രൊട്ടക്ടീവ് മദര്‍ എന്ന് സോഷ്യല്‍ മീഡിയ അവരെ വിളിച്ചു. ഇതിനും ഐശ്വര്യ ഒരിക്കല്‍ മറുപടി പറഞ്ഞു. ''എന്റെ മകള്‍ മീഡിയ, ഫോട്ടോഷൂട്ട് എല്ലാം കണ്ടുതന്നെയാണ് വളരുന്നത്. പക്ഷേ എപ്പോഴും, എവിടെ ചെന്നാലും ക്യാമറകള്‍ ഇങ്ങനെ പിന്തുടരുന്നത് അവള്‍ക്കും അംഗീകരിക്കാന്‍ കഴിയണമെന്നില്ല. ഇതൊക്കെ കൈകാര്യം ചെയ്യാനുള്ള പ്രായം അവള്‍ക്കായിട്ടില്ല. അതുകൊണ്ടാണ് ഞാനെപ്പോഴും അവളെ ചേര്‍ത്തുപിടിക്കുന്നത്. പ്രത്യേകിച്ചും ആള്‍ക്കൂട്ടത്തിനിടയില്‍''.
ശരീരത്തെക്കുറിച്ച് നിരന്തരം വിമര്‍ശനങ്ങളുയരുമ്പോഴും ഐശ്വര്യ അതിനെയെല്ലാം കൂളായി തന്നെയാണ് നേരിടുന്നത്. ''ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇത്തരം നെഗറ്റിവിറ്റി എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാവാം പോസിറ്റീവ് കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ പഠിച്ചു. എന്നും സന്തോഷിക്കാന്‍ ദൈവം എനിക്ക് ഒരുപാട് കാരണങ്ങള്‍ തന്നിട്ടുണ്ട്. ആ സന്തോഷം ചുറ്റുമുള്ളവരിലേക്ക് പകര്‍ത്താം....''ഇപ്പോഴും സൗന്ദര്യത്തിന്റെ അവസാനവാക്കാണ് ഐശ്വര്യ റായ്.
Content Highlights: aishwarya rai turns 50