ചുംബനസീനുകളുടെ പേരില്‍ ഐശ്വര്യ റായ് ഒഴിവാക്കിയ ഹോളിവുഡ് സിനിമകള്‍

ഐശ്വര്യ റായ് ബച്ചന്‍ / AP
ഐശ്വര്യ റായ് ബച്ചന്‍ / AP

ഐശ്വര്യ റായ് ബച്ചന്‍ തന്റെ കരിയറില്‍ ആകെ അഞ്ച് ഇംഗ്ലീഷ് സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ബ്രൈഡ് ആന്റ് പ്രിജുഡൈസ്, ദ മിസ്ട്രസ് ഓഫ് സ്‌പൈസസ്, പ്രൊവോക്ക്ഡ്,  ദ ലാസ്റ്റ് ലീജിയന്‍, ദ പിങ്ക് പാന്തര്‍ 2 എന്നിവയാണവ. 

എന്നാല്‍, എത്രയോ ഹോളിവുഡ് സിനിമകള്‍ ആഷ് വേണ്ടെന്നുവെച്ചിട്ടുണ്ടത്രേ. കരിയറിലെ ഏറ്റവും നല്ല സമയത്തുതന്നെയാണ് ഐശ്വര്യ അങ്ങനൊരു തീരുമാനമെടുത്തത്. രണ്ടെണ്ണം ഒഴിവാക്കിയത് ചുംബനസീനുകളില്‍ അഭിനയിക്കാനിഷ്ടമില്ലാത്തതുകൊണ്ടാണെന്ന് പറയപ്പെടുന്നു. 2005-ല്‍ പുറത്തിറങ്ങിയ 'മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത്' എന്ന സിനിമയില്‍ ബ്രാഡ് പിറ്റും ആഞ്ചലീന ജോളിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചാരവനിതയായുള്ള കഥാപാത്രമായിരുന്നു അതിലെ നായികയുടേത്. എന്നാല്‍, ആ സിനിമയിലേക്ക് ആദ്യം സമീപിച്ചത് ഐശ്വര്യയെ ആണത്രേ. അതില്‍ ചുംബനസീനുകളും ഇന്റിമേറ്റ് സീനുകളുമുണ്ടെന്ന് അറിഞ്ഞതുകൊണ്ടാണ് ആഷ് അതൊഴിവാക്കിയത്. ആ വര്‍ഷം ഏറ്റവും കൂടുതല്‍ പണംവാരിയ പടങ്ങളിലൊന്നായിരുന്നു അത്. 

'ഹാനോക്' എന്ന സിനിമയിലേക്കും ഐശ്വര്യയ്ക്ക് അവസരം കിട്ടിയിരുന്നു. ലിപ് ലോക്ക് ഉണ്ടെന്ന കാരണത്താലാണ് അതില്‍നിന്നും ഒഴിഞ്ഞതെന്നും പറയപ്പെടുന്നു. നിര്‍മാണച്ചെലവിന്റെ നാലിരട്ടിയിലേറെ തിരിച്ചുപിടിച്ച സിനിമയായിരുന്നു അത്. 

ബ്രാഡ് പിറ്റിനൊപ്പം മറ്റൊരു സിനിമയിലേക്കും ഐശ്വര്യയ്ക്ക് അവസരം കിട്ടിയിരുന്നു. ട്രോജന്‍ യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള 'ട്രോയ്' എന്ന സിനിമയാണത്. ഇത് നിരസിച്ചതിനെക്കുറിച്ച് പിന്നീട് ആഷ് തുറന്നുപറഞ്ഞിട്ടുണ്ട്. ''ഇതെല്ലാം വലിയ അവസരങ്ങളാണ്. പക്ഷേ ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുമ്പോള്‍ മറ്റൊരു പ്രശ്‌നമുണ്ട്. നമ്മള്‍ ഒരു നിശ്ചിതകാലത്തേക്ക് അതില്‍ ലോക്കായി പോവും. 'ട്രോയ്' എന്ന സിനിമയുടെ കാര്യത്തില്‍ അവര്‍ പറഞ്ഞത്, ഒമ്പത് മാസമെങ്കിലും വേണമെന്നാണ്. ആ സമയത്ത് വേറൊന്നും നമുക്ക് ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടാണ് ഞാന്‍ ഒഴിവായത്''. 


 

Content Highlights: aishwarya rai bachchan once rejected these hollywood movies