'സത്യന്‍ സാറിന്റെ മൂക്കില്‍ നിന്ന് രക്തം വന്നു; അന്നാണ് രോഗത്തെപ്പറ്റി സിനിമാലോകമറിഞ്ഞത്'

എന്റെ ആദ്യത്തെ ഹീറോ സത്യന്‍ മാസ്റ്ററായിരുന്നു. 'ഭാഗ്യജാതക'ത്തില്‍. തീരെ ചെറിയ കുട്ടിയായിരുന്നു ഞാനന്ന്. പതിമൂന്ന് വയസ്സേയുള്ളൂ. അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍, ഒരു നായികയാണെന്ന് തോന്നില്ല. പി.ഭാസ്‌കരന്‍ മാസ്റ്ററായിരുന്നു ആ പടത്തിന്റെ സംവിധായകന്‍. സെറ്റില്‍ എന്നെ കണ്ടയുടനെ സത്യന്‍ സാര്‍ ഭാസ്‌കരന്‍ മാസ്റ്ററോട് പറഞ്ഞു, ''അയ്യയ്യോ, ഈ കൊച്ചാണോ എന്റെ കൂടെ അഭിനയിക്കാന്‍ പോകുന്നത്?''
അന്ന് കുറച്ചുകൂടി വലുപ്പവും തടിയുമൊക്കെ ഉണ്ടെങ്കിലേ നായികയാണെന്ന് പറയൂ. മേക്കപ്പ് ചെയ്യുന്നവരും വസ്ത്രാലങ്കാരം ചെയ്യുന്നവരും എല്ലാവരും കൂടി പരിശ്രമിച്ച് എന്നെ ഒരു വലിയ ആളായി തോന്നുന്ന വിധം മാറ്റിയെടുത്തു. അന്നാണ് ഞാനാദ്യമായി സാരിയുടുക്കുന്നത്. അതൊക്കെയാണ് സത്യന്‍ സാറിനെപ്പറ്റിയുള്ള ആദ്യ ഓര്‍മകള്‍. എന്റെ ഏറ്റവും നല്ല കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിനൊപ്പമാണ്. ഭാഗ്യജാതകം, വാഴ്വേമായം, അശ്വമേധം, ശരശയ്യ, ചെമ്മീന്‍, കരിനിഴല്‍...എല്ലാം ശക്തമായ കഥാപാത്രങ്ങളായിരുന്നു.
അദ്ദേഹത്തിന്റെ സംസാരമൊക്കെ കേട്ടാല്‍ വലിയ ഗൗരവക്കാരനായ, ഭീകരനായ മനുഷ്യനാണെന്ന് തോന്നും. എന്നാല്‍ മനസ്സുകൊണ്ട് ഇത്രയും എളിമയുള്ള ഒരു മനുഷ്യനെ നമുക്ക് കാണാനാവില്ല. സങ്കടങ്ങളൊന്നും പുറത്തുകാണിക്കുന്ന ആളായിരുന്നില്ല. എപ്പോഴും തനിച്ചിരിക്കും, അധികം ആരോടും സംസാരിക്കില്ല, തമാശകള്‍ പറയില്ല. ശരിക്കും എല്ലാവര്‍ക്കും ഒരു മാസ്റ്റര്‍, കാര്‍ക്കശ്യക്കാരനായ അധ്യാപകന്‍ അങ്ങനെ ഒക്കെയായിരുന്നു സെറ്റില്‍ അദ്ദേഹം. സത്യന്‍ മാസ്റ്ററിന്റെ കഥാപാത്രങ്ങളും അത്തരത്തിലുള്ളവയാണല്ലോ. ഒരു കഥാപാത്രമായി മാറാന്‍ അദ്ദേഹത്തിന് അഭിനയിക്കേണ്ട കാര്യമില്ല, ആ വ്യക്തിയായി തന്നെ മാറും മാസ്റ്റര്‍. കാണുന്നവര്‍ അത് സത്യന്‍ മാസ്റ്ററാണെന്ന കാര്യം പോലും മറന്നുപോകും.
ഒരു പൂവുണ്ട്, മനോരജ്ഞിതം. തമിഴ്‌നാട്ടിലൊക്കെ സമൃദ്ധമാണ്. ആ പൂവിന് നമ്മള്‍ ആഗ്രഹിക്കുന്ന വസ്തുക്കളുടെ ഗന്ധമായിരിക്കും എന്നാണ് പറയുന്നത്. റോസാപ്പൂവിന്റെ സുഗന്ധമാണെന്ന് വിചാരിച്ച് മണത്താല്‍ അതായിരിക്കും. മുല്ലപ്പൂവെന്ന് കരുതിയാല്‍ ആ സുഗന്ധം. അതുപോലെയാണ് സത്യന്‍ മാസ്റ്റര്‍. കാഴ്ചക്കാരന്‍ ആഗ്രഹിക്കുന്ന രൂപമായിരിക്കും തിരശ്ശീലയില്‍ അദ്ദേഹത്തിന്റേത്.
Content Highlights: actress sheela remembering sathyan on his birth anniversary