സാറേ, സാരി എന്ന് പേരിട്ടാല്‍ കൂട്ടുകാരൊക്കെ കളിയാക്കും, അതുപറഞ്ഞ് ഞാന്‍ കരഞ്ഞു: ശാരി

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോഫിയയും ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലെ സാലിയും. പത്മരാജന്റെ ഈ രണ്ടുസിനിമകളിലൂടെയാണ് വെള്ളാരംകണ്ണുള്ള ആ പെണ്‍കുട്ടി മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. സാധന എന്ന ആ പെണ്‍കുട്ടിക്ക് ശാരി എന്ന് പേരിട്ടതും പത്മരാജനായിരുന്നു. അതിനെക്കുറിച്ച് ശാരി പറഞ്ഞതിങ്ങനെ. ''മലയാളസിനിമയില്‍ എത്തുന്നതിനു മുമ്പ് സാധന എന്നായിരുന്നു എന്റെ പേര്. തമിഴിലും മറ്റും സാധന എന്ന പേരിലാണ് അഭിനയിച്ചിരുന്നതും. പത്മരാജന്‍ സാറിന്റെ സെറ്റിലെത്തിയപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് പേര് മാറ്റണമെന്നായിരുന്നു. 'സാധന നല്ല പേരല്ലേ' എന്നു ഞാന്‍ സാറിനോടു ചോദിച്ചു. 'പേര് നല്ലതാണെങ്കിലും അതേ പേരില്‍ മറ്റു പലരുമുള്ളതിനാല്‍ അതു വേണ്ടെന്നായിരുന്നു' സാറിന്റെ മറുപടി. അല്‍പനേരം ആലോചിച്ചിരുന്ന ശേഷം സാര്‍ എന്നെ ശാരി എന്നു വിളിച്ചു. പക്ഷേ മലയാളം അറിയാത്തതിനാല്‍ സാരി എന്നാണ് ഞാന്‍ കേട്ടത്. 'അയ്യോ സാറേ, സാരി എന്ന പേരിട്ടാല്‍ കൂട്ടുകാരൊക്കെ എന്നെ കളിയാക്കും' എന്നു പറഞ്ഞു ഞാന്‍ കരഞ്ഞപ്പോള്‍ സാര്‍ കൃത്യമായി ശാരി എന്ന് ഉച്ചരിച്ചുതന്നു. നടി ശാരദയോടുള്ള ഇഷ്ടം കൊണ്ടാണ് ആ പേരില്‍നിന്ന് ശാരി എന്ന പേരിട്ടതെന്നുകൂടി പറഞ്ഞതോടെ വലിയ സന്തോഷമായി. സത്യത്തില്‍ ശാരി എന്ന പേരാണ് എന്റെ അഭിനയജീവിതത്തില്‍ നിര്‍ണായകമായത്.''
മുന്തിരിത്തോപ്പിലെ സോഫിയ
പത്മരാജന്‍ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ശാരിയുടെ മനസ്സില്‍ ആദ്യം തെളിയുന്നത് സോഫിയയാണ്. ''എന്റെ സിനിമാ കരിയര്‍ തന്നെ വിജയകരമായി അടയാളപ്പെടുത്തിയ കഥാപാത്രമല്ലേ മുന്തിരിത്തോപ്പിലെ സോഫിയ. കന്യകാത്വവും ബന്ധങ്ങളും സ്ത്രീ മനസ്സുകളുമൊക്കെ എത്ര മനോഹരമായാണ് പത്മരാജന്‍ സാര്‍ ആ സിനിമയില്‍ വരച്ചിട്ടിരിക്കുന്നത്. പാതിരാത്രിയില്‍ ലോറിയുടെ ഹോണ്‍മുഴക്കത്തിനുശേഷം സോളമന്റെ ചോദ്യവും അതിന് മടിച്ചുമടിച്ചു ഞാന്‍ നല്‍കുന്ന ഉത്തരവും പോലെ സത്യസന്ധമായ മറ്റൊരു ഡയലോഗ് മറ്റേതെങ്കിലും സിനിമയില്‍ കാണാനാകുമോയെന്നു സംശയമാണ്. തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്കു പത്മരാജന്‍ സിനിമയിലേക്കു ക്ഷണം വരുന്നത്. ആദ്യം ഭാഷ അറിയാത്തതിന്റെ പേരില്‍ അല്‍പം മടിച്ചെങ്കിലും പിന്നെ പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.'' മുന്തിരിത്തോപ്പുകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരവും ശാരിയെ തേടിയെത്തി.
ദേശാടനക്കിളിയായ സാലി
മുന്തിരിത്തോപ്പുകള്‍ റിലീസായ അതേ വര്‍ഷം തന്നെയാണ് ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലെ സാലിയായും ശാരി വേഷമിട്ടത്. ''ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലെ സാലി എന്ന കഥാപാത്രം വലിയ വെല്ലുവിളിയായിരുന്നു. പത്മരാജന്‍ സിനിമകളില്‍ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ സിനിമകളില്‍ ഒന്നാണ് ദേശാടനക്കിളി എന്നു പലരും പറയാറുണ്ട്. ടീച്ചറോടുള്ള വാശി തീര്‍ക്കാന്‍ സ്‌കൂളില്‍നിന്ന് ഒളിച്ചോടുന്ന രണ്ടു പെണ്‍കുട്ടികള്‍. അവര്‍ അറിയാത്ത നാടുകളിലേക്ക് പോകുന്നതും പുതിയ ചില്ലകളില്‍ താല്‍ക്കാലികമായി കൂടുകൂട്ടുന്നതും ഒടുവില്‍ സ്വയം ഇല്ലാതാകുന്നതുമൊക്കെ വലിയ അര്‍ത്ഥതലങ്ങളുള്ളതാണ്. ലെസ്ബിയന്‍ പ്രണയ കഥയെന്ന് ഈ സിനിമയെ ചിലരൊക്കെ വ്യാഖ്യാനിച്ചെങ്കിലും അവര്‍ക്കൊക്കെ തെറ്റുന്നതു നമ്മള്‍ കണ്ടു. കഥാതന്തുവിന്റെ സത്യസന്ധത കൊണ്ട് മലയാളത്തിലെ ഏറ്റവും ബോള്‍ഡ് ആയ സിനിമാപരീക്ഷണമാണ് ദേശാടനക്കിളി കരയാറില്ല. അതിലെ പ്രധാന കഥാപാത്രമാകാന്‍ പത്മരാജന്‍ സാര്‍ എന്നെ തിരഞ്ഞെടുത്തത് എന്നിലെ നടിക്കു കിട്ടിയ ഏറ്റവും വലിയ അവാര്‍ഡായിട്ടാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്.''
വെള്ളാരംകണ്ണും കേട്ട വഴക്കും
ശാരിയുടെ ട്രേഡ് മാര്‍ക്കായ വെള്ളാരംകണ്ണിനെക്കുറിച്ചുള്ള കഥയിലും പത്മരാജന്‍ എന്ന സംവിധായകന്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ''പത്മരാജന്‍ സാറിന്റെ സിനിമ കരാറായ സമയത്ത് ഞാന്‍ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അതിലെ എന്റെ കഥാപാത്രത്തിന് വെള്ളാരംകണ്ണ് ശരിയാകില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. അതുകൊണ്ട് കണ്ണില്‍ ബ്ലാക്ക് ലെന്‍സ് ഇട്ടാണ് ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നത്. പത്മരാജന്‍ സാറിന്റെ സെറ്റിലെത്തിയപ്പോഴും ഞാന്‍ ബ്ലാക്ക് ലെന്‍സ് മാറ്റിയില്ല. സിനിമയുടെ ഷൂട്ടിങ് തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ക്യാമറാമാന്‍ രാമചന്ദ്രേട്ടന്‍ കണ്ണില്‍ ലെന്‍സ് വല്ലതും ഇട്ടിട്ടുണ്ടോയെന്നു ചോദിച്ചത്. ഞാന്‍ സ്‌കൂള്‍ യൂണിഫോമൊക്കെ ഇട്ട് അടുത്ത ഷോട്ടിനു റെഡിയായി നില്‍ക്കുന്ന നേരത്താണ് രാമചന്ദ്രേട്ടന്റെ ചോദ്യം. ലെന്‍സ് ഇട്ട കാര്യം പറഞ്ഞപ്പോള്‍ അതു മാറ്റാന്‍ രാമചന്ദ്രേട്ടന്‍ പറഞ്ഞു. ലെന്‍സ് മാറ്റി എന്നെ കണ്ടതോടെ പത്മരാജന്‍ സാര്‍ ക്ഷുഭിതനായി. ഇത്ര മനോഹരമായ വെള്ളാരംകണ്ണ് ഉണ്ടായിട്ടാണോ നീ ബ്ലാക്ക് ലെന്‍സ് ഇട്ട് നടന്നതെന്നു ചോദിച്ചു സാര്‍ കുറേ വഴക്കു പറഞ്ഞു. ആ ഷോട്ടില്‍ ഒപ്പം അഭിനയിക്കുന്ന കുറേ കുട്ടികളുടെ മുന്നില്‍വെച്ചാണ് എന്നെ വഴക്കുപറഞ്ഞത്. എനിക്കു സങ്കടം സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ കുറേനേരം കരഞ്ഞു. പിന്നീട് റൂമിലെത്തിയ ഉടനെ ഈ സെറ്റില്‍നിന്ന് പോകാമെന്നായിരുന്നു ഞാന്‍ കൂടെയുണ്ടായിരുന്ന അമ്മാമയോടു പറഞ്ഞത്. പത്മരാജന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്കു പേടിയാണെന്നു പറഞ്ഞായിരുന്നു എന്റെ കരച്ചില്‍. എന്നാല്‍ നടി കൂടിയായിരുന്ന അമ്മാമ എന്നെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. എന്റെ ഭാഗത്തായിരുന്നു തെറ്റെന്നും മോള്‍ പേടിക്കാതെ അഭിനയിച്ചോളൂയെന്നും അമ്മാമ പറഞ്ഞതോടെയാണ് എനിക്കിത്തിരി ധൈര്യം വന്നത്.''
ബൈബിളില്‍ ഈ ഡയലോഗുകളുണ്ടോ?
''മുന്തിരിത്തോപ്പില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ ഡയലോഗ് തെറ്റിക്കുമോ, ഒരുപാട് റീടേക്ക് വരുമോ, മോഹന്‍ലാല്‍ അടക്കമുള്ള മറ്റു താരങ്ങള്‍ എന്റെ തെറ്റ് കാരണം മൂഡ് ഓഫ് ആകുമോ എന്നൊക്കെ ചിന്തിച്ചായിരുന്നു എന്റെ നടപ്പ്. മോഹന്‍ലാലിനൊപ്പം അന്ന് റൊമാന്റിക് സീന്‍ ചെയ്തപ്പോള്‍ ഒരു ഫീലും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍. ചിത്രത്തിലെ റൊമാന്റിക്ക് ഡയലോഗുകള്‍ കേട്ട് ഞാന്‍ പത്മരാജന്‍ സാറിന്റെ അടുത്തുപോയി പല സംശയങ്ങളും ചോദിച്ചിരുന്നു. ഈ ഡയലോഗൊക്കെ ബൈബിളില്‍ ഉണ്ടോയെന്നായിരുന്നു പ്രധാന സംശയം. ലാലേട്ടന്‍ ആ ഡയലോഗു പറയുന്നത് ഇപ്പോള്‍ സിനിമയില്‍ കാണുമ്പോഴും എനിക്കു വല്ലാത്തൊരു ഫീലാണ് തോന്നാറുള്ളത്. എത്ര തവണ കണ്ടാലും ആ സിനിമ എന്നെ ഒരിക്കലും ബോറടിപ്പിക്കില്ല...''
Content Highlights: actress shari talking about padmarajan and namukku parkkan munthirithoppukal