അദ്ദേഹത്തെപ്പറ്റി പറയുമ്പോൾ വെറുതേ ഹൈപ്പൊന്നും കൊടുക്കേണ്ട കാര്യമില്ല. മമ്മൂട്ടി മമ്മൂട്ടിയാണ്

മമ്മൂട്ടിയും സീമയും. മലയാളി സിനിമാസ്വാദകർ എന്നും ഹൃദയത്തിലേറ്റിയ താരജോഡികൾ. അരനൂറ്റാണ്ടിലേറെയായി മലയാളസിനിമയിലെ നിറസാന്നിദ്ധ്യമായ രണ്ടുപേർ. മഹായാനം, അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, അതിരാത്രം... അങ്ങനെ നാല്പതിലേറെ സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി. അവയിലേറെയും ഹിറ്റുകൾ. സ്‌ക്രീനിനുമപ്പുറം ഇരുവരും തമ്മിലൊരു ആത്മബന്ധവുമുണ്ട്. നിസ്സീമമായൊരു സ്‌നേഹബന്ധമാണത്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ എഴുപത്തഞ്ചാം പിറന്നാൾ ദിനത്തിൽ, ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും ഒന്നിച്ചു ചെയ്ത സിനിമകളെക്കുറിച്ചുമുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി സീമ.

“അദ്ദേഹത്തെപ്പറ്റി പറയുമ്പോൾ വെറുതേ ഹൈപ്പൊന്നും കൊടുക്കേണ്ട കാര്യമില്ല. മമ്മൂട്ടി മമ്മൂട്ടിയാണ്. 1982-ലെ തടാകം എന്ന സിനിമയിലാണ് ഞങ്ങളാദ്യമായി ജോഡിയായി അഭിനയിക്കുന്നത്. അതിനും ഒരു വർഷം മുമ്പ് 1981 ജനുവരി ഒന്നിന് ഇറങ്ങിയ സ്‌ഫോടനം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് മമ്മൂക്കയെ ഞാൻ ആദ്യമായി കാണുന്നത്. സെറ്റിൽ പുള്ളി നല്ല ഗമയിൽ കാലിന് മുകളിൽ കാലൊക്കെ വെച്ച് ഇരിക്കുകയാണ്. ദൂരെ നിന്ന് കണ്ടപ്പോഴെ ഞാൻ സംവിധായകനോട് ചോദിച്ചു, ‘അത് ആരാണ്’. അപ്പോൾ ഡയറക്ടർ വിശ്വംഭരൻ പറഞ്ഞു, ‘ഇതാണ് നിങ്ങളുടെ ജോഡി’. ‘ഗുഡ്, എനിക്ക് ഇഷ്ടപ്പെട്ടു’ എന്ന് ഞാനും മറുപടി നല്കി. എന്നിട്ട് നേരെ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. ‘ഞാൻ സീമയാണ്’ എന്ന് പറഞ്ഞ് പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ഒരു ഗാംഭീര്യം കണ്ടിട്ടാണ് സംസാരിക്കാൻ ചെല്ലുന്നത്. ആ സിനിമയിൽ അദ്ദേഹമായിരുന്നില്ല രവികുമാറായിരുന്നു എന്റെ ജോഡി. മമ്മൂക്കയെ രണ്ടാമത് കാണുന്നത് അതേ വർഷം തന്നെ ജൂണിൽ ശശിയേട്ടന്റെ സിനിമാസെറ്റിൽ വെച്ചാണ്. ശശിയേട്ടൻ മമ്മൂക്കയെ വെച്ച് ആദ്യമായി ചെയ്യുന്ന സിനിമയായിരുന്നു തൃഷ്ണ. ഒരു ദിവസം ശശിയേട്ടൻ എന്നെ വിളിച്ചു, തൃഷ്ണയിലേക്ക് കാസ്റ്റ് ചെയ്ത നടൻ ആ കഥാപാത്രത്തിന് ചേരുന്നില്ല എന്ന തോന്നൽ പങ്കുവയ്ക്കാനായിരുന്നു അത്. മമ്മൂട്ടി എന്നൊരു നടനാണ് അതെന്നും അദ്ദേഹം പറഞ്ഞു. ‘സൂപ്പർ, നല്ല സെലക്ഷനാണ്’ എന്നായിരുന്നു എന്റെ മറുപടി. എല്ലാവരോടും എടുത്തുചാടി സംസാരിക്കുന്ന സ്വഭാവം എനിക്കുണ്ടെന്ന് ശശിയേട്ടന് അറിയാം. അതുകൊണ്ട് നിനക്കെങ്ങനെ അറിയാമെന്നായി അദ്ദേഹം. സ്‌ഫോടനത്തിന്റെ സെറ്റിൽ വെച്ച് കണ്ടിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. എന്തായാലും ശശിയേട്ടന്റെ തൃഷ്ണയിൽ മമ്മൂട്ടിതന്നെ നായകനായി.

മമ്മൂക്കയ്‌ക്കൊപ്പം നടി സീമ (ഫയൽച്ചിത്രം)

ജോഷിയേട്ടന്റെ കാഹളം എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ഞാൻ ഗർഭിണിയാണ്. അതിൽ ഞാനും ജയമാലിനിയും മത്സരിച്ച് നൃത്തം ചെയ്യുന്ന സീനുണ്ട്. അന്ന് ജോഷിയേട്ടൻ എന്നോട് ചോദിച്ചു, ഈ വലിയ വയറൊക്കെ വെച്ച് നൃത്തം ചെയ്യാൻ ബുദ്ധിമുട്ടല്ലേയെന്ന്. നിങ്ങളെന്നെ അതിനുമുന്നേ കാസ്റ്റ് ചെയ്തില്ലേ എന്ന് തിരിച്ച് ഞാനും. ആ സീൻ നന്നായി ചെയ്തപ്പോൾ ജോഷിയേട്ടൻ ചോദിച്ചു സമ്മാനമായി നിനക്ക് എന്തുവേണമെന്ന്. കൊടൈക്കനാലിലെ തൃഷ്ണയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് എത്തിക്കണമെന്നായിരുന്നു എന്റെ ആവശ്യം. അങ്ങനെ അവിടെ ചെല്ലുമ്പോഴാണ് മമ്മൂക്കയുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ച.

പിന്നീട് ഒരുപാട് സിനിമകൾ ഞങ്ങളൊന്നിച്ച് ചെയ്തു. സീമ-മമ്മൂട്ടി ജോഡി ഫെയ്മസായി. മഹായാനം, അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, അനുബന്ധം... അങ്ങനെ ഒരുപാട്. ശശിയേട്ടൻ സംവിധാനം ചെയ്ത് ഞങ്ങൾ ജോഡിയായ സിനിമകളും ഏറെയുണ്ട്. എല്ലാം വളരെ നല്ല സിനിമകളായിരുന്നു. അതു തന്നെയാണ് അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോഴുള്ള ഏറ്റവും മനോഹരമായ കാര്യവും.

മമ്മൂക്കയേക്കാൾ എനിക്ക് കൂടുതലിഷ്ടം അദ്ദേഹത്തിന്റെ ഭാര്യ സുലുവിനെയാണ്. എനിക്കേറെ പ്രിയപ്പെട്ട ഒരാൾ. സുലുവിനെ ആരെങ്കിലും കുറ്റം പറഞ്ഞാൽ അപ്പോളെനിക്ക് ദേഷ്യം വരും. അത്രയും ഇഷ്ടമാണ്. മമ്മൂക്ക-സീമ ജോഡിയെ ഏറെ ഇഷ്ടമെന്ന് സുലു പറയാറുണ്ട്.

ന്യൂഡൽഹി, ആവനാഴി, മഹായാനം... അങ്ങനെ മമ്മൂക്ക അഭിനയിച്ചവയിൽ എനിക്കിഷ്ടപ്പെട്ട സിനിമകൾ ഒരുപാടുണ്ട്. ഓർമ്മിച്ച് തിരഞ്ഞെടുത്ത് പറയാൻ പറ്റില്ല. മമ്മൂക്കയ്ക്ക് അസുഖം ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് വലിയ വിഷമമായിരുന്നു. മമ്മൂക്കയ്ക്ക് വേണ്ടി പ്രാർഥിച്ചിരുന്നു. ഇപ്പോൾ നന്നായിരിക്കുന്നു എന്ന് അറിയുന്നതും സന്തോഷമാണ്. അങ്ങനെയൊരാൾ അവിടെയുണ്ടെന്ന ഓർമ്മകൊണ്ടുതന്നെ സന്തോഷം തരുന്നൊരാളാണ് എനിക്കെന്നും മമ്മൂക്ക. എന്നും ആയുരാരോഗ്യസൗഖ്യത്തോടെയിരിക്കട്ടെ. മമ്മൂക്കയ്ക്ക് ഒരായിരം ജന്മദിനാശംസകൾ.”

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi