ചില കഥാപാത്രങ്ങള്‍ ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്; മീരാ ജാസ്മിന്‍

മീരാ ജാസ്മിന്‍ എന്ന വ്യക്തിയിലും നടിയിലും കാലം ഒരുപാട് മാറ്റങ്ങള്‍ വരുത്തി. കടന്നുപോയ നാളുകള്‍ ഓരോ പാഠങ്ങളായിരുന്നു. കലയിലും ജീവിതത്തിലും പുതിയ അറിവും അനുഭവവും അവ സമ്മാനിച്ചു. കൂടുതല്‍ ആര്‍ദ്രതയോടെ ലോകത്തെ കാണാന്‍, കൂടുതല്‍ സ്‌നേഹത്തോടെ മനുഷ്യരെ ചേര്‍ത്തുപിടിക്കാന്‍, അകലങ്ങളിലേയ്ക്ക് യാത്രചെയ്യാന്‍, അഭിനയത്തില്‍ സ്വയം സമര്‍പ്പിക്കാന്‍, പല കഥാപാത്രങ്ങളിലൂടെ അനവധി ജീവിതം ജീവിക്കാന്‍... ആ പ്രകാശം മറ്റുള്ളവരിലേയ്ക്ക് പകരാനാണ് മീര ആഗ്രഹിക്കുന്നത്. സിനിമയിലേയ്ക്കുള്ള ഈ മടക്കം മീരയ്ക്ക് കലയോടും ജീവിതത്തോടും മനുഷ്യരോടുമുള്ള സ്‌നേഹത്തിന്റെ ആഴമേറിയ പ്രകാശനമാണ്. സിനിമയ്ക്കിത് പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനയപ്രതിഭയുടെ മടങ്ങിവരവ്.
ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം പ്രിയംവദയാണോ?
എല്ലാ കഥാപാത്രങ്ങളോടും ഇഷ്ടമുണ്ടെങ്കിലും പ്രിയംവദയോട് ഇത്തിരി ഇഷ്ടക്കൂടുതലുണ്ട്. പ്രിയംവദയോട് എപ്പോഴും സിംപതിയാണ്.വല്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് വിഷമങ്ങളുള്ള പാവം കുട്ടി. ഞാന്‍ ആദ്യം സ്‌ക്രീനിലെത്തിയ കഥാപാത്രമായിരുന്നതുകൊണ്ട് 'സൂത്രധാരനി'ലെ ശിവാനിയും പ്രിയപ്പെട്ടതാണ്. 'ഒരേകടലി'ലെ ദീപ്തി, 'പാഠം ഒന്ന് ഒരു വിലാപ'ത്തിലെ ഷാഹിന അങ്ങനെ ഓരോന്നും പ്രിയപ്പെട്ടതാണ്.
പിന്നീട് സ്വന്തം സിനിമകള്‍ കാണുമ്പോള്‍ നന്നാക്കാമായിയിരുന്നു എന്നു തോന്നിയിട്ടുണ്ടോ?
ഒരുപാടുണ്ട്. ചിലത് ചെയ്യേണ്ടായിരുന്നു എന്ന് പോലും തോന്നിയിട്ടുണ്ട്. ചിലത് കൂടുതല്‍ നന്നാക്കാമായിരുവെന്ന് തോന്നി. ചില കഥാപാത്രങ്ങളില്‍ അഭിമാനിക്കുന്നു. ചെയ്ത ഓരോ കഥാപാത്രവും വളരെ വ്യത്യസ്തമായിരുന്നു. അതൊരു ഭാഗ്യമായാണ് ഞാന്‍ കാണുന്നത്.
നടിയായില്ലെങ്കില്‍?
ഡോക്ടറാകുമായിരിക്കും. ഫങ്ഷണല്‍ മെഡിസിനോടാണ് എനിക്കിഷ്ടം. ഭയങ്കര ഹെല്‍ത്ത് കോണ്‍ഷ്യസ് ആണ് ഞാന്‍. എല്ലാവര്‍ക്കും ഹെല്‍ത്ത് ടിപ്പ്‌സ് ഒക്കെ കൊടുക്കും. ചില്ലറ ഉപദേശങ്ങളൊക്കെ കൊടുക്കാന്‍ ഇഷ്ടമാണ്.
Content Highlights: actress meera jasmine share her experiences and dreams