ജൂഡ് അന്നങ്ങനെ സംസാരിക്കാന്‍ പാടില്ലായിരുന്നു, അതുകൊണ്ട് ഞാന്‍ പിന്മാറി...

ഷൈന്‍ ടോം ചാക്കോയുമായി വഴക്കിട്ട് നടി മെറീന മൈക്കിള്‍ ഇറങ്ങിപ്പോയി എന്ന തരത്തിലുള്ള തലക്കെട്ടുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വൈറലായത് കഴിഞ്ഞ ദിവസമാണ്. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ ഇരുവരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമായിരുന്നു കാരണം. 'സിനിമയില്‍ എന്റെ നല്ല ചില സുഹൃത്തുക്കളിലൊരാളാണ് ഷൈന്‍. ആളെ ശല്യം ചെയ്യാനുള്ള ഫ്രീഡം എനിക്കുണ്ട്. ഇടയ്ക്ക് വെറുപ്പിക്കും. നമ്മള്‍ കരുതുന്നതുപോലെ എപ്പോഴും ബഹളംവെച്ച് നടക്കുന്നൊരാളല്ല അദ്ദേഹം. എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയും അറിവും അദ്ദേഹത്തിനുണ്ട്.'
പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് മോഡലിങ് രംഗത്തുനിന്നും സിനിമയിലെത്തിയ നടിയാണ് കോഴിക്കോടുകാരിയായ മെറീന മൈക്കിള്‍ കുരിശിങ്കല്‍. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. ഹരം, അമര്‍ അക്ബര്‍ അന്തോണി, മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്, ചങ്ക്സ്, ഇര, പെങ്ങളില, വികൃതി, കുമ്പാരീസ്, രണ്ട്, പത്മ, കുറുക്കന്‍... തുടങ്ങി ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാള സിനിമയില്‍ നിറസാന്നിധ്യമായി മെറീന മാറി. എബി എന്ന സിനിമയിലെ നായികാ വേഷവും ചങ്ക്സിലെ ബുള്ളറ്റ് പറത്തുന്ന ടോംബോയ് കഥാപാത്രങ്ങളുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളായിരുന്നു. മിക്ക സിനിമകളിലും ബോള്‍ഡായ സ്ത്രീകഥാപാത്രങ്ങള്‍ക്കെല്ലാം ഈ ചുരുണ്ടമുടിക്കാരിയുടെ മുഖം ഇണങ്ങി. ഒടുവില്‍ റിലീസായ 'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രത്തിലും മെറീന തന്റെ വേഷം മികച്ചതാക്കി. പുതിയ സിനിമയുടെ വിശേഷങ്ങളും തന്റെ നിലപാടുകളും തുറന്നുപറയുകയാണ് മെറീന.
കമല്‍ എന്ന ഹെഡ്മാസ്റ്റര്‍
'വിവേകാനന്ദന്‍ വൈറലാണ്' സിനിമയിലെ ഐഷു എന്ന കഥാപാത്രം സ്വീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ജോസ് വാരാപ്പുഴയും ഗിരീഷേട്ടനും വഴിയാണ് കമല്‍സാര്‍ എന്നെക്കുറിച്ച് അറിയുന്നതും സിനിമയിലേക്ക് വിളിക്കുന്നതും. ഗ്രേസ് ആന്റണി ചെയ്യുന്ന കഥാപാത്രത്തിന്റെ സുഹൃത്തിന്റെ വേഷമാണ്. കമല്‍ സാറിന്റെ ലൊക്കേഷനില്‍ കുരുത്തക്കേട് കാണിക്കുന്ന രണ്ട് കുട്ടികള്‍ ഞാനും ഷൈനുമായിരുന്നു. അദ്ദേഹത്തെ കാണുമ്പോള്‍ ഒരു ഹെഡ്മാസ്റ്ററോട് തോന്നുന്ന പേടിയായിരുന്നു എനിക്ക്. അതിന്റെ ടെന്‍ഷന്‍ മാറ്റാനായി ലൊക്കേഷനില്‍ ബഹളം വെച്ച് നടക്കുമായിരുന്നു. ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയത് സ്വാസികയെയും ഗ്രേസിനെയുമാണ്. അപ്പോള്‍ ഷൈന്‍ ഒച്ചയിടും. ചീത്ത പറയുന്നത് സാറ് ശ്രദ്ധിക്കുമല്ലോ. എനിക്ക് സംശയങ്ങള്‍ കൂടുതലായിരുന്നു. ഇന്നത്തെ സംവിധായകരില്‍ നിന്നും വ്യത്യസ്തമായ മേക്കിങ് രീതിയാണ് അദ്ദേഹത്തിന്റേത്. സാറ് പറയുന്നതിനപ്പുറം നമുക്ക് ഒന്നും ചെയ്യാനുണ്ടാവില്ല. അത്രയും പ്രൊഫഷണലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നൊരാളാണ്. വലിയൊരു പാഠശാലയായിരുന്നു.
സുഹൃത്തുക്കള്‍ നല്‍കിയ അവസരങ്ങള്‍
ആലോചിച്ച് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ മാത്രമുള്ള അവസരങ്ങളൊന്നും ഇതുവരെ എനിക്ക് മുന്നില്‍ വന്നിട്ടില്ല. നായികയായി അഭിനയിച്ച എബി എന്ന സിനിമയ്ക്കുശേഷം വന്ന എല്ലാ ക്യാരക്ടര്‍ റോളുകളെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടോ സിനിമകളേ വേണ്ടെന്ന് വെച്ചിട്ടുണ്ടാവുള്ളൂ. അത് ചിലപ്പോള്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാവാം. ചിലത് അണ്‍കംഫര്‍ട്ടബിളാണെങ്കില്‍ 'ചേട്ടാ ഇത് ചെയ്യാന്‍ ബുദ്ധിമുട്ടാണെ'ന്ന് തുറന്നുപറയാറുണ്ട്. ബാലചന്ദ്രമേനോന്‍ സാറിന്റെ 'എന്നാലും ശരത്ത്' സിനിമയില്‍ ലീഡ് റോള്‍ ചെയ്യാന്‍ വിളിച്ചിരുന്നു. സ്വവര്‍ഗാനുരാഗിയുടെ വേഷമായിരുന്നു. 'ചങ്ക്‌സ്' ചെയ്തയുടനെയാണ് ഈ സിനിമ വന്നത്. 'ചങ്ക്‌സി'ല്‍ സ്വവര്‍ഗാനുരാഗിയല്ലെങ്കിലും അങ്ങനെയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. വീണ്ടും അതേപോലൊരു കഥാപാത്രം ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നി. അങ്ങനെ 'എന്നാലും ശരത്തി'ല്‍ മറ്റൊരു ക്യാരക്ടര്‍ റോള്‍ ചെയ്യുകയായിരുന്നു. എല്ലാവരും ചോദിക്കാറുണ്ട്, എന്തുകൊണ്ട് നല്ല സിനിമകള്‍ നോക്കിക്കൂടാ, ട്രൈ ചെയ്തുകൂടാ എന്നൊക്കെ. ചെറിയ കഥാപാത്രം ചെയ്യുമ്പോള്‍ നടി എന്ന നിലയിലുള്ള എന്റെ വാല്യു കുറയുന്നു എന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നുണ്ടാവാം. പക്ഷേ, അത്തരം ചെറിയ കഥാപാത്രങ്ങളിലൂടെ എന്നിലെ കലാകാരിയെ മിനുക്കിയെടുക്കുകകൂടിയാണ് ചെയ്യുന്നത്. ഇതുവരെ എന്റെ സുഹൃത്തുക്കള്‍ സഹായിച്ചിട്ടുള്ള സിനിമകളിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.
എനിക്ക് കംഫര്‍ട്ടബിളായിട്ടുള്ള ആളുകളോട് മാത്രമേ ചാന്‍സ് ചോദിക്കാറുള്ളൂ. പിന്നെ, ഒരാള്‍ മോശമായിട്ട് പെരുമാറുകയോ സംസാരിക്കുകയോ ചെയ്താല്‍ കൃത്യമായിട്ട് തിരിച്ചുപറയാന്‍ എനിക്കറിയാം. അതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടാലും കുഴപ്പമില്ല. മുന്‍നിര നായികയാവണമെന്ന് പിടിച്ചപിടിയാലെ ചിന്തിക്കുന്നൊരാളല്ല ഞാന്‍. വലിയൊരു സംവിധായകന്റെ സിനിമ നഷ്ടപ്പെട്ടാലും എനിക്ക് ഡിപ്രഷന്‍ വരില്ല. ഈ പത്ത് വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ ഞാന്‍ സര്‍വൈവ് ചെയ്യുന്നുണ്ടല്ലോ. അത് തന്നെയാണ് ഭാഗ്യം.
പ്രതിഫലം എന്നും പ്രശ്‌നമാണ്
ഒരു മോഡലില്‍ നിന്നും ആര്‍ട്ടിസ്റ്റിലേക്കുള്ള യാത്ര വളരെ പെട്ടെന്നായിരുന്നു. രണ്ടോ മൂന്നോ വര്‍ഷം കൊണ്ടുതന്നെ സിനിമയില്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങിയിരുന്നു. സിനിമകള്‍ ചെയ്ത് ചെയ്ത് ഇതിന്റെ പാറ്റേണ്‍ മനസ്സിലാക്കി. എന്നാല്‍ ഒരു നടി എന്ന നിലയില്‍ പി.ആര്‍. വര്‍ക്കുകള്‍ ചെയ്യേണ്ടിയിരുന്നുവെന്ന് ഈയടുത്താണ് എനിക്ക് മനസ്സിലായത്. എല്ലാം ഓരോ പാഠങ്ങളാണ്. ചുമ്മാ അഭിനയിച്ച് കൈനിറയെ പണവുമായി ഇരിക്കുകയാണ് ഞങ്ങളെന്നാണ് പലരും കരുതുന്നത്. പ്രതിഫലം ഏറ്റവും കുറവും, കിട്ടാതെയാവുന്നതും, പ്രതിഫലത്തിനുവേണ്ടി അടിയുണ്ടാക്കുന്നതും നടിമാരാണ്. ഇപ്പോഴും വളരെ കുറഞ്ഞ ശമ്പളത്തില്‍ വര്‍ക്ക് ചെയ്യുന്നത് ഫീമെയില്‍ ആര്‍ട്ടിസ്റ്റുകളാണ്. അവര്‍ക്ക് കൂടുതല്‍ പ്രതിഫലം കിട്ടുന്നത് ഉദ്ഘാടനങ്ങളിലും പരിപാടികളിലും പങ്കെടുക്കുമ്പോഴാണ്. പണമുണ്ടാക്കാം എന്ന് കരുതി മാത്രം സിനിമയില്‍ നില്‍ക്കുന്നതില്‍ കാര്യമില്ല. പിന്നെ, മറ്റൊരു കരിയറിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. പാട്ട് പാടാന്‍ ഇഷ്ടമാണ്. ചെറിയൊരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. കോസ്റ്റിയൂം ഡിസൈനിങ് ഇഷ്ടമുള്ള മേഖലയാണ്.
നഷ്ടപ്പെടുത്തിയ ആ അവസരം
2018 എന്ന സിനിമയില്‍ അപര്‍ണ ബാലമുരളി ചെയ്ത മാധ്യമപ്രവര്‍ത്തകയുടെ കഥാപാത്രം ഞാന്‍ ചെയ്യേണ്ടതായിരുന്നു. ഒരു ദിവസം ഷൂട്ടിന് പോയതുമാണ്. സിനിമയിലെ ക്ലൈമാക്‌സിനോടടുപ്പിച്ചുള്ള സീനില്‍ ഞാനുണ്ട്. ആ വേഷം സംവിധായകന്‍ ജൂഡ് ആന്തണിയുമായി വഴക്കിട്ടതിന്റെ പേരില്‍ നഷ്ടപ്പെട്ടതാണ്. പക്ഷേ, അതിലെനിക്ക് ഒരു കുറ്റബോധവുമില്ല. 2018-ന്റെ ഷൂട്ടിങ് സമയത്ത് പല തവണയായിട്ട് ഷെഡ്യൂള്‍ മാറി വന്നു. ആസിഫ് അലിക്ക് പനിയാണെന്നൊക്കയുള്ള പല പല കാരണങ്ങള്‍. അതിനുമുമ്പ് ഒരു കുഞ്ഞ് സിനിമ ഞാന്‍ കമിറ്റ് ചെയ്തിരുന്നു. ഇവര് ഷെഡ്യൂള്‍ മാറ്റുന്നതിനനുസരിച്ച് അവരോടും ഞാന്‍ ഡേറ്റ് മാറ്റി പറഞ്ഞുകൊണ്ടിരുന്നു. അവര്‍ ക്യാമറയും ലൊക്കേഷനുമൊക്കെ ബുക്ക് ചെയ്ത് കഴിയുമ്പോഴാവും ഞാന്‍ മാറ്റം പറയുന്നത്. മുന്‍നിരനായികമാരുടെ ഡേറ്റ് കിട്ടാഞ്ഞിട്ടാണ് നിങ്ങളെ വിളിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ക്കും ഡേറ്റില്ലാന്ന് പറയുമ്പോള്‍ എന്താ ചെയ്യാ എന്നവര്‍ ചോദിച്ചു. ഒടുവില്‍ 2018-ന്റെ അസോസിയേറ്റ് ഡയറക്ടറോട് ഞാന്‍ വളരെ വിനയത്തോടെ കാര്യം അന്വേഷിച്ചു. ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്നും അറിയിച്ചു.
പിന്നീട് സംവിധായകന്‍ ജൂഡേട്ടന്റെ ഒരു ഓഡിയോ മെസേജാണ് വന്നത്. നിന്നെ വെച്ച് പടം ചെയ്തിട്ട് ബുദ്ധിമുട്ടിലായി. നീ ഡേറ്റ് ക്ലാഷിന്റെ ആളാണെന്നൊക്കെ ദേഷ്യത്തോടെ പറയുന്ന ഓഡിയോ. ചേട്ടാ, അല്പം സെല്‍ഫ് റെസ്‌പെക്ടോടുകൂടി സംസാരിക്കണമെന്നും ഞാന്‍ അപേക്ഷിക്കുന്നതുപോലെയാണ് സംസാരിച്ചത് എന്നൊക്കെ പറഞ്ഞു. ഒരു സൂപ്പര്‍സ്റ്റാറിന്റെ തലക്കനത്തോടെ ഇങ്ങനെയാണെങ്കില്‍ നാളെ മുതല്‍ വരില്ല എന്ന രീതിയില്‍ ഞാന്‍ പറഞ്ഞതുപോലെയാണല്ലോ ചേട്ടന്‍ പെരുമാറുന്നത് എന്നും പറഞ്ഞു. കാസ്റ്റ് ചെയ്യുന്നതിനുമുന്നേ പണിയില്ലാതെ വെറുതെയിരിക്കുകയായിരുന്നില്ലേ എന്നദ്ദേഹം ചോദിച്ചു. ഒരാള്‍ക്ക് എല്ലായ്‌പ്പോഴും വെറുതെ ഇരിക്കാന്‍ പറ്റില്ലല്ലോ ചേട്ടാ. ചായ ഇടാനെങ്കിലും എഴുന്നേല്‍ക്കുമല്ലോ, അത് നിങ്ങള്‍ മനസ്സിലാക്കണം. ഈ പ്രോജക്ട് ഞാന്‍ ചെയ്യുന്നില്ല എന്നു പറഞ്ഞ് സിനിമയില്‍ നിന്നും ഞാന്‍ ഒഴിവാകുകയായിരുന്നു. ആ തീരുമാനം ഭാവിയില്‍ എന്റെ കരിയറിനെ ബാധിക്കുമോ എന്നൊന്നും ചിന്തിച്ചില്ല. അങ്ങനെയുള്ള പേടിയുമില്ല. എനിക്കുള്ളതാണെങ്കില്‍ എന്നെത്തേടി വരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ജൂഡ് ഏത് പൊസിഷനില്‍ ഇരിക്കുന്ന ആളുമായിക്കോട്ടെ. അങ്ങനെ അദ്ദേഹം ആരോടും സംസാരിക്കാന്‍ പാടില്ല. മറ്റൊരാള് തെറ്റായിട്ടാണോ സംസാരിച്ചതെന്ന് നോക്കിയിട്ടുവേണം പെരുമാറാന്‍. അതുമാത്രമേ ഞാന്‍ ചിന്തിച്ചുള്ളൂ. എനിക്കത് ശരിയായി തോന്നിയില്ല. അതുകൊണ്ട് പിന്മാറി. എന്തിനും വിട്ടുവീഴ്ച ചെയ്യണമെന്നത് എന്റെ വ്യവസ്ഥിതിയിലില്ല.
പ്രതീക്ഷകള്‍
കഥാപാത്രങ്ങളെ വിമര്‍ശിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ചര്‍ച്ചകളിലൊന്നും ഇതുവരെ ഞാന്‍ വന്നിട്ടില്ല. ചിലപ്പോള്‍ അത്രയും നല്ല വര്‍ക്കുകള്‍ ചെയ്യാത്തതുകൊണ്ടാവും. നല്ലൊരു ആര്‍ട്ടിസ്റ്റായി അറിയപ്പെടണമെന്നാണ് ആഗ്രഹം. പക്ഷേ, ഒന്നിനും ഒരുറപ്പും പറയാന്‍ പറ്റില്ലല്ലോ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ എന്റെ ജീവിതത്തില്‍ വലിയൊരു മാറ്റമാണുണ്ടായത്. പത്തെഴുപത് വയസ്സുവരെ കൂടെയുണ്ടാവുമെന്ന് കരുതിയ പപ്പ നേരത്തെ പോയി... ഒന്നും പ്രവചിക്കാന്‍ കഴിയില്ല. ദൈവത്തില്‍ വലിയ വിശ്വാസമില്ല. പക്ഷേ ഭാഗ്യത്തില്‍ വിശ്വസിക്കാറുണ്ട്. ആരോഗ്യത്തിന് ഒരു കുഴപ്പവും വരരുതെന്നേയുള്ളൂ. എന്തു പണി ചെയ്തും ജീവിക്കാനുള്ള ധൈര്യമുണ്ട്.
Content Highlights: actress mareena is talking about her new movie and sharing her views on life