'അമ്മയാകാന്‍ കഴിയാതെ പോയ ദുഃഖം ഒരിക്കല്‍ ശ്രീവിദ്യച്ചേച്ചി എന്നോട് തുറന്നുപറഞ്ഞു': ജലജ

ഒടുവില്‍ കാണുമ്പോഴും ഏറെ, സന്തോഷത്തോടെയാണ് വിദ്യച്ചേച്ചി എന്നോട് സംസാരിച്ചത്. പക്ഷേ, അവര്‍ പറയാതെതന്നെ ആ വാക്കുകളില്‍ എവിടെയോ വേദനയുടെ വലിയ ആഴങ്ങളുള്ളതായി എനിക്ക് അനുഭവപ്പെട്ടിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ കൂടുതലായൊന്നും ചേച്ചി എന്നോട് പറഞ്ഞിരുന്നില്ല.
അതിനുള്ള സാഹചര്യങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ അധികമൊന്നുമുണ്ടായില്ല എന്നതാണ് സത്യം. എങ്കിലും കേട്ടറിവുകളില്‍നിന്ന് മാത്രം ഞാന്‍ മനസ്സിലാക്കിയ സിനിമയ്ക്കപ്പുറമുള്ള ആ ജീവിതം ഏത് തിരക്കഥകളെയും വെല്ലുന്ന ഒന്നായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആര്‍ക്കും പിടികൊടുക്കാതെ, തന്റെ സ്വകാര്യ ദുഃഖങ്ങള്‍ തനിക്കപ്പുറത്തേക്ക് പോകാതിരിക്കാന്‍ അവര്‍ നന്നായി ശ്രദ്ധിച്ചിട്ടുണ്ടാവണം. അതുകൊണ്ട് മാത്രമാവാം ചേച്ചി മരിച്ചപ്പോള്‍ അവര്‍ അനുഭവിച്ച സങ്കടങ്ങള്‍ എത്രത്തോളം വലുതായിരുന്നുവെന്ന് പലരും മനസ്സിലാക്കിയത്.
വിവാഹത്തോടെ സിനിമയില്‍നിന്ന് തല്ക്കാലം മാറി, ബഹ്‌റൈനിലെ പ്രവാസജീവിതത്തിലേക്ക് പോയ എനിക്ക് വല്ലപ്പോഴും മാത്രമേ നാട്ടിലേക്ക് വരാന്‍ കഴിഞ്ഞിരുന്നുള്ളൂ. അത്തരം വേളകളില്‍ മാത്രമാണ് ഒപ്പമഭിനയിച്ച പലരെയും വീണ്ടും കണ്ടുമുട്ടാറുള്ളത്. അതിനൊരു അവസരം കൂടിയായിരുന്നു കാര്‍ഗില്‍ യുദ്ധകാലത്ത് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചലച്ചിത്രപ്രവര്‍ത്തകരുടെ സംഗമം. അവിടെവെച്ചാണ് വിദ്യച്ചേച്ചിയെ ഞാന്‍ ഒടുവില്‍ കാണുന്നതും സംസാരിക്കുന്നതും.
സ്റ്റേഡിയത്തിലെ തിരക്കുകളിലൂടെ നടന്നുപോകുന്ന ചേച്ചിയുടെ അരികിലേക്ക് ഞാന്‍ വേഗം ചെന്നു. എന്റെ മകള്‍ അമ്മുവും ഒപ്പമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ചേച്ചിയെ കാണുന്നത്. അമ്മുവിനെ കണ്ടപ്പോള്‍ ഞാന്‍ പറയാതെതന്നെ ചേച്ചി ചോദിച്ചു: ''നിന്റെ മകളാണല്ലേ..., അമ്മയെപ്പോലെത്തന്നെയുണ്ട്.'' തിരക്കിനിടയിലും ചേച്ചി സ്നേഹത്തോടെ കുറെ സംസാരിച്ചു. പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട് ജീവിതത്തില്‍ ഒരമ്മയാകാന്‍ ചേച്ചിക്ക് കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു. അമ്മയാകാന്‍ കഴിയാതെ പോയതിലുള്ള ദുഃഖം ഒരിക്കല്‍ ചേച്ചി എന്നോട് തുറന്നുപറഞ്ഞിട്ടുമുണ്ട്.
എഴുപതുകളുടെ അവസാനമാണ് വിദ്യച്ചേച്ചിയെ പരിചയപ്പെടാനും അവര്‍ക്കൊപ്പം അഭിനയിക്കാനുമുള്ള അവസരമുണ്ടാകുന്നത്. അക്കാലത്ത് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള മുന്‍നിര അഭിനേത്രികളില്‍ ഒരാളായിരുന്നു അവര്‍. കാമുകിയും ഭാര്യയും സഹോദരിയും അമ്മയുമൊക്കെയായി ചേച്ചി നിറഞ്ഞുനിന്നിരുന്ന കാലം. എന്തുമാത്രം വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ആ നാളുകളില്‍ അവര്‍ അവതരിപ്പിച്ചത്. ജോഷിസാറിന്റെ പല ചിത്രങ്ങളിലും ഞങ്ങള്‍ ഒന്നിച്ചു. അക്കൂട്ടത്തില്‍ 'ഇതിഹാസം' മറക്കാനാവില്ല. നസീര്‍ സാറിന്റെയും വിദ്യച്ചേച്ചിയുടെയും മകളായും സോമേട്ടന്റെയും സുകുമാരേട്ടന്റെയും സഹോദരിയായും ആ ചിത്രത്തില്‍ ഞാനഭിനയിച്ചു. ഇവര്‍ക്കൊപ്പം 'ആകാശം നിറയെ ദീപാവലി...'എന്ന മനോഹരമായ ഗാനരംഗത്തഭിനയിക്കാന്‍ കഴിഞ്ഞതും വലിയൊരു ഭാഗ്യമായിത്തന്നെ കാണുന്നു.
അപാരമായ സിദ്ധികളുള്ള അഭിനേത്രിയാണെന്ന് നേരത്തേ അറിയാമായിരുന്നെങ്കിലും ഒന്നിച്ചഭിനയിക്കുമ്പോള്‍ ചേച്ചിയുടെ കഴിവുകള്‍ കണ്ട് ഞാന്‍ അദ്ഭുതപ്പെട്ടുപോയിട്ടുണ്ട്. പരിചയപ്പെട്ട നാള്‍മുതല്‍ അത്രയേറെ സ്നേഹത്തോടെയാണ് വിദ്യച്ചേച്ചി എന്നോട് പെരുമാറിയിരുന്നത്. ഇന്നത്തെപ്പോലെ 'കാരവാന്‍' സംസ്‌കാരമില്ലാതിരുന്ന കാലത്ത് ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഒരുപാട് തമാശകള്‍ പറഞ്ഞു, പലപ്പോഴും പലരുടെയും വിഷമങ്ങളില്‍ കരുത്തായി മാറാന്‍ ചേച്ചിക്ക് കഴിഞ്ഞു. അപ്പോഴും തന്റെ വിഷമങ്ങള്‍ മറ്റുള്ളവരില്‍നിന്ന് അവര്‍ മറച്ചുപിടിച്ചിരുന്നു. സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്നതിലുപരി സ്നേഹസമ്പന്നയായ ഒരു മൂത്ത സഹോദരിതന്നെയായിരുന്നു എനിക്ക് വിദ്യച്ചേച്ചി. ആ സ്നേഹം അവരുടെയുള്ളില്‍ എപ്പോഴുമുണ്ടായിരുന്നു.
വിദ്യച്ചേച്ചിയും ഞാനുമൊക്കെ സിനിമയുടെ തിരക്കുകളില്‍ നിറഞ്ഞ കാലത്ത് ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണൊന്നും ഇല്ലായിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനില്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ ഒന്നിച്ചുണ്ടാവും. പിന്നെ കാണുന്നത് മാസങ്ങള്‍ കഴിഞ്ഞാവും. ചിലപ്പോള്‍ ഒരുവര്‍ഷംതന്നെ കടന്നുപോയിട്ടുണ്ടാവും. പരസ്പരം വിളിക്കാനുള്ള ലാന്‍ഡ് നമ്പര്‍ പോലും അധികമാരുടെയും കൈകളില്‍ ഉണ്ടായെന്നുവരില്ല. ഇതുകൊണ്ടുകൂടി വ്യക്തിപരമായ കാര്യങ്ങള്‍ അധികമാരും ഷെയര്‍ ചെയ്യാറില്ലെങ്കില്‍പോലും എല്ലാവരുടെയും മനസ്സില്‍ എല്ലാവരും ഉണ്ടായിരുന്നു.
ഒപ്പമുള്ള ഒരാള്‍ നമ്മളോട് പറയാത്ത കാര്യങ്ങള്‍ അങ്ങോട്ട് ചോദിച്ചറിയുന്ന സ്വഭാവം അന്നും ഇന്നും എനിക്കില്ലാത്തതുകൊണ്ട് വിദ്യച്ചേച്ചിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും ഞാനൊന്നും അവരോട് ചോദിച്ചറിയാന്‍ പോയില്ല. ജോര്‍ജുമായുള്ള പ്രണയവും വിവാഹവും അതിനെത്തുടര്‍ന്നുണ്ടായ തകര്‍ച്ചകളുമെല്ലാം ഏറെക്കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്. ഒന്നിച്ചുണ്ടായ സമയങ്ങളിലൊന്നും ശോഭയിലോ വിദ്യച്ചേച്ചിയിലോ അവര്‍ ഉള്ളിലൊളിപ്പിച്ച വേദനകളുടെ ഒരു നിഴല്‍പോലും കണ്ടെത്താനായില്ല. ചിലര്‍ അങ്ങനെയാണ്. മനസ്സ് പിടയുമ്പോഴും പുറമേ പുഞ്ചിരിക്കും. മനോഹരമായ പുഞ്ചിരിയില്‍ എല്ലാ വേദനകളും മറച്ചുപിടിക്കാനുള്ള അപാരമായ കഴിവ് അവര്‍ക്കുണ്ടാവും.
എന്റെ അച്ഛന്റെ വിയോഗത്തെപ്പറ്റി ഓര്‍ക്കുമ്പോഴെല്ലാം വിദ്യച്ചേച്ചിയുടെ മുഖം മനസ്സില്‍ തെളിയും. ഷൂട്ടിങ്ങിന് പോകുമ്പോഴെല്ലാം എനിക്ക് കൂട്ടായി അച്ഛനും അമ്മയുമുണ്ടായിരുന്നു. അപ്രതീക്ഷിതമായി അച്ഛന്‍ ഞങ്ങളെ വിട്ടുപോയപ്പോള്‍ പെട്ടന്നുതന്നെ എനിക്കൊപ്പം വരാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു അമ്മ. അച്ഛന്റെ മരണമുണ്ടാക്കിയ ആഘാതത്തില്‍ തത്കാലം സിനിമാഭിനയം വേണ്ടെന്നുവെച്ചെങ്കിലും അമ്മാവന്‍ പറഞ്ഞു: ''ഇത് നിന്റെ ജോലിയാണ്, കിട്ടിയ അവസരങ്ങള്‍ വേണ്ടെന്നുവെച്ചാല്‍ നാളെ ഈ രംഗത്ത് തുടരാന്‍ പോലും കഴിഞ്ഞെന്നു വരില്ല.'' അമ്മാവന്റെ അഭിപ്രായം ശരിയാണെന്ന് എനിക്ക് തോന്നി. സഹായത്തിന് ഒരു സ്ത്രീയെ ഒപ്പം കൂട്ടിയാണ് ഞാന്‍ വീണ്ടും അഭിനയിക്കാന്‍ പോയത്.
വടകരയില്‍ ഭരതേട്ടന്‍ സംവിധാനം ചെയ്യുന്ന 'ഒഴിവുകാല'ത്തിന്റെ ലൊക്കേഷനില്‍ എത്തുമ്പോള്‍ അവിടെ വിദ്യച്ചേച്ചി ഉണ്ടായിരുന്നു. എന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ അവര്‍ സ്നേഹവാത്സല്യങ്ങളോടെ എനിക്ക് വലിയ ധൈര്യം നല്‍കി. ''എല്ലാ വേദനകളെയും നമ്മള്‍ നേരിടണം. ഒരിക്കലും ശക്തിചോര്‍ന്നുപോകരുത്, തളര്‍ന്നുപോയാല്‍ നമുക്ക് പിന്നീട് തിരിച്ചുവരാനായില്ലെന്നു വരും.'' ചേച്ചിയുടെ ഈ വാക്കുകള്‍ ഇന്നും എന്റെ മനസ്സിലുണ്ട്. ശരിക്കും വിദ്യച്ചേച്ചിയുടെ ചേര്‍ത്തുപിടിക്കലായിരുന്നു വീണ്ടും ക്യാമറയെ അഭിമുഖീകരിക്കാന്‍ എനിക്ക് ശക്തി തന്നത്. അച്ഛനുള്ളപ്പോള്‍ എന്ത് കാര്യത്തിനും എനിക്ക് അച്ഛനെ ആശ്രയിക്കാമായിരുന്നു. പക്ഷേ, അച്ഛന്‍ പോയപ്പോള്‍ കുടുംബത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം എന്റേതായി. എനിക്ക് താഴെയായിരുന്നു എന്റെ സഹോദരങ്ങളെല്ലാവരും.
അച്ഛന്റെ ആദ്യത്തെ ആണ്ടിന് ഞങ്ങളുടെ നാടായ തകഴിയില്‍ പോയി ബലിയിടണമെന്ന് എല്ലാവരുംകൂടി തീരുമാനിച്ചതായിരുന്നു. പക്ഷേ, ആ സമയം നിലമ്പൂരില്‍ 'എന്നെന്നും കണ്ണേട്ടന്റെ' സെറ്റിലായിരുന്നു ഞാന്‍. ഷൂട്ടിങ് ഒഴിവാക്കി തകഴിയിലെത്താനാവുമായിരുന്നില്ല. ആ സങ്കടത്തിലും കരുത്തായി വിദ്യച്ചേച്ചി ഒപ്പമുണ്ടായിരുന്നു. ''വിഷമിക്കരുത്... അച്ഛന് ബലിയിടുന്നതെല്ലാം ഇവിടെ വെച്ചാകാം.'' ചേച്ചിയുടെ വാക്കുകള്‍ക്കൊപ്പം സുകുമാരിച്ചേച്ചിയും എനിക്ക് ധൈര്യം തന്നു. ലൊക്കേഷനില്‍നിന്ന് അധികം ദൂരെയല്ലാത്ത തിരുനാവായ നാവാ മുകുന്ദക്ഷേത്രത്തില്‍ പോയി ഞാന്‍ ബലിയിട്ടു. ഇങ്ങനെ, ജീവിതത്തില്‍ തളരുമെന്ന് തോന്നിയ രണ്ടുഘട്ടങ്ങളിലും ഒരു കൂടപ്പിറപ്പിനെപ്പോലെ ഒപ്പം നില്‍ക്കാന്‍ വിദ്യച്ചേച്ചിയുണ്ടായിരുന്നു. പക്ഷേ, അവരുടെ വിഷമങ്ങളൊന്നുംതന്നെ ഞാനറിയാതെ പോയി.
ഒടുവില്‍ ബഹ്‌റൈനില്‍ വെച്ചറിഞ്ഞു, മലയാളത്തിന്റെ ശ്രീ പോയെന്ന്. ചില ജീവിതങ്ങള്‍ അങ്ങനെയാണ്. സ്വന്തം വേദനകള്‍ പുറത്തുപറയാതെ മറ്റുള്ളവരുടെ വേദനകളില്‍ ആശ്വാസവും ശക്തിയുമായി മാറാന്‍ അവര്‍ക്ക് കഴിയും. അങ്ങനെയൊരു വ്യക്തിത്വമായിരുന്നു വിദ്യച്ചേച്ചി. തിരക്കഥയെപ്പോലും വെല്ലുന്ന ഒരു ജീവിതത്തിനുടമ.
Content Highlights: actress jalaja talking about actress srividya