കുറച്ചുകൂടി പ്രായമാകുമ്പോള്‍ അവള്‍ സ്വയം തീരുമാനിക്കട്ടെ- ശോഭന

ശോഭന / ഫോട്ടോ: അരുണ്‍ പയ്യടിമീത്തല്‍
ശോഭന / ഫോട്ടോ: അരുണ്‍ പയ്യടിമീത്തല്‍

തൊണ്ണൂറുകളിലും എണ്‍പതുകളിലും മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും മറ്റ് മുന്‍നിരതാരങ്ങള്‍ക്കൊപ്പവും തിളങ്ങിയ നടി. സിനിമയുടെ ഗ്ലാമറില്‍നിന്ന് സ്വയം മാറി നിന്നപ്പോഴും ശോഭനയുടെ തിരക്ക് കുറഞ്ഞില്ല. നൃത്തസ്‌കൂളായ കലാര്‍പണയുടെ കാര്യങ്ങളില്‍ വ്യാപൃതയാണവര്‍. ''നൃത്തവും അഭിനയവും ഒന്നിനോടൊന്ന് ലയിച്ചുപോകുകയായിരുന്നു എന്റെ ജീവിതത്തില്‍. രണ്ട് പതിറ്റാണ്ടുകൊണ്ട് 225 സിനിമകള്‍ ചെയ്തു. പിന്നെ ഒരുപാട് സ്റ്റേജ് ഷോകള്‍, നൃത്തവേദികള്‍, യാത്രകള്‍... ഒരു ഷോട്ട് കഴിയുമ്പോള്‍ മറ്റൊന്ന് എന്നതുപോലെ ജീവിതത്തില്‍ ഇതൊക്കെ മാറി മാറി വന്നു. എല്ലാം വളരെ പെട്ടെന്നും സ്വാഭാവികമായും സംഭവിച്ചതാണ്. അതിനിടയില്‍ നിരാശപ്പെടുത്തുന്നതോ മടുപ്പുണ്ടാക്കുന്നതോ ആയ നിമിഷങ്ങള്‍ തീരെയുണ്ടായിട്ടില്ല. എന്തിനെക്കുറിച്ചെങ്കിലും ഇരുന്ന് ചിന്തിക്കാനുള്ള സമയവും കിട്ടിയിട്ടില്ല. മ്യൂസിക്ക് അല്ലെങ്കില്‍ തിരക്കഥ നല്ലതാണെങ്കില്‍ എനിക്ക് നോണ്‍സ്‌റ്റോപ്പായി ജോലി ചെയ്യാന്‍ പറ്റും''.

മലയാളികളുടെ നൊസ്റ്റാള്‍ജിയയാണ് ശോഭനയും അവതരിപ്പിച്ച കഥാപാത്രങ്ങളും...
അങ്ങനെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ഞാന്‍ മലയാളികളുടെ നൊസ്റ്റാള്‍ജിയ ആയിരുന്നു. ഞാനെപ്പോഴും മലയാളികളുടെ വര്‍ത്തമാനകാലത്തില്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നയാളാണ്. സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും ഞാനെപ്പോഴും അവര്‍ക്കൊപ്പമുണ്ട്. 
ആദ്യമായി നായികയായ കഥ ഒരു അഭിമുഖത്തില്‍ ശോഭന പറഞ്ഞതോര്‍ത്തു, 'ഒരു ദിവസം ബാലചന്ദ്രമേനോന്‍ വീട്ടിലേക്ക് കയറിവന്നു. തന്റെ സിനിമയിലേക്ക് ഒരു പുതിയ മുഖം തേടിയാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞാനന്ന് എട്ടാം ക്ലാസിലാണ്. അച്ഛന്‍ ഓകെ പറഞ്ഞു. ഞാന്‍ നായികയുമായി'. പിന്നീട് മലയാളം, തമിഴ്, തെലുഗു, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്തു ശോഭന. മണിച്ചിത്രത്താഴിലെയും മിത്ര്-മൈ ഫ്രണ്ടിലെയും അഭിനയത്തിന് രണ്ട് ദേശീയപുരസ്‌കാരങ്ങളും അവരെ തേടിയെത്തി. അതിനിടയിലാണ് സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

സിനിമയില്‍ തന്നെ ജീവിച്ചൊരു കാലമായിരുന്നു ശോഭനയുടേത്...
ശരിയാണ്. പതിനാല് വയസ്സ് എന്നത് തീരെ ചെറിയ പ്രായമല്ലേ. സിനിമാമേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികള്‍ സ്‌കൂളിലും കോളേജിലും പോകുമ്പോള്‍, ഞാന്‍ സിനിമയിലേക്ക് പോയി. എന്റെ എല്ലാ പഠനവും അവിടുന്നായിരുന്നു. സിനിമയിലെ ഒരുപാട് വലിയ ആളുകള്‍ക്കൊപ്പം. കഴിവുള്ള സംവിധായകര്‍, താരങ്ങള്‍...അവരുമായൊക്കെയുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയത്. ഒരു കലാകാരിയെന്ന നിലയില്‍ കൂടുതല്‍ അറിവുകള്‍ പകര്‍ന്നുതന്നതും ആളുകളോട് വിനയത്തോടെ പെരുമാറാന്‍ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. കാരണം നമ്മള്‍ കുറേ ആളുകളെ കാണുന്നു, പരിചയപ്പെടുന്നു. അതൊക്കെ ഒരു പാഠമായിരുന്നു. 

രേവതി, സുഹാസിനി, രോഹിണി...സിനിമയിലെ പഴയ സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതെങ്ങനെയാണ്?
ഒരുമിച്ച് സിനിമകള്‍ ചെയ്തവരാണ് ഞങ്ങള്‍. അന്നെല്ലാവരും തമ്മില്‍ നല്ല മത്സരമൊക്കെയുണ്ടായിരുന്നു. സിനിമയില്‍നിന്ന് പുറത്തുകടന്നശേഷമാണ് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടാകുന്നത്. ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗദറുണ്ടാവും. സുഹാസിനിയാണ് മുന്‍കൈ എടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാര്‍ക്കറിയാം. തമാശയ്ക്ക് കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്‌നേഹവുമുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോറെവര്‍ എന്ന് പറയുന്നത് രേവതിയാണ്. ഒരുപാട് വര്‍ഷങ്ങളായുള്ള സൗഹൃദം. ഞങ്ങള്‍ തമ്മില്‍ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെപ്പോലെ അവര്‍ക്കും ഒരുപാട് ജോലിയുണ്ട്. വീടും കൂടുമൊക്കെയുണ്ട്.

നടി, നര്‍ത്തകി, ഇപ്പോള്‍ നൃത്താധ്യാപികയും...ഇത് ശോഭനയെന്ന വ്യക്തിയെ എങ്ങനെയെങ്കിലും മാറ്റിയിട്ടുണ്ടോ?
ബാലതാരമായിട്ടാണ് സിനിമാഭിനയം തുടങ്ങുന്നത്. പതിനാലാമത്തെ വയസ്സില്‍ നായികയുമായി. പിന്നെ സിനിമകള്‍ വന്നുകൊണ്ടേയിരുന്നു. നൃത്തവും അഭിനയവും ഒരുമിച്ച് കൊണ്ടുപോവേണ്ടതുകൊണ്ട് ഞാനെപ്പോഴും ഔട്ട് ഓഫ് ദി ബോക്‌സ് ആയിട്ടാണ് ചിന്തിക്കുക. ഉദാഹരണത്തിന് എനിക്ക് ഷൂട്ടിങ്ങിന് പോവണം. അവിടെ നൃത്തം പരിശീലിക്കാന്‍ സ്ഥലമുണ്ടാവണമെന്നില്ല. ഷൂട്ടിങ് കഴിയുമ്പോഴേക്കും എനിക്ക് ഡാന്‍സ് പ്രോഗ്രാമും ഉണ്ടായിരിക്കും. രണ്ടും ഒരുമിച്ച് മാനേജ് ചെയ്യണമല്ലോ. രണ്ടിനെയും ബാധിക്കാതെ കൊണ്ടുപോകാന്‍ അതുകൊണ്ട് ആദ്യം മുതലേ ശ്രദ്ധിക്കാറുണ്ട്. 

അധ്യാപനവും എന്റെ വേരുകള്‍ കൂടുതല്‍ ഉറപ്പിക്കാനുള്ള മറ്റൊരു മേഖലയായിട്ടാണ് ഞാന്‍ കാണുന്നത്. കേരളത്തില്‍നിന്നുളള കുട്ടികളിവിടെ പഠിക്കുന്നു. പിന്നെ ബംഗാളില്‍നിന്നുള്ള കുട്ടികളും തമിഴ്‌നാട്ടില്‍നിന്നുള്ള കുട്ടികളുമുണ്ട്. അവരില്‍നിന്ന് മാത്രമല്ല, അവരുടെ മാതാപിതാക്കളില്‍നിന്നും പലതും പഠിക്കാന്‍ കഴിയുന്നു. അപ്പോള്‍ നമ്മളറിയാതെ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാവുകയാണ്. അവിടെ നമ്മള്‍ പുതിയ കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നു. അപ്പോള്‍ നിങ്ങള്‍ ചോദിച്ചപോലെ മാറ്റമുണ്ടോയെന്ന് നോക്കുമ്പോള്‍, എനിക്ക് പലതും കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ പറയും. പല സംസ്‌കാരങ്ങളെക്കുറിച്ചും അവരുടെ വിശ്വാസങ്ങളെക്കുറിച്ചും കൂടുതലറിയാനും മനസ്സിലാക്കാനും കഴിഞ്ഞു. 

വിജയദശമിയൊക്കെ ഞങ്ങള്‍ കലാര്‍പണയില്‍ നന്നായി ആഘോഷിക്കാറുണ്ടായിരുന്നു. ചെറുപ്പത്തിലേ ഉള്ള ശീലത്തിന്റെ ഭാഗമാണത്. അന്ന് വളരെ ചെറിയ മതപരമായ ചടങ്ങായിരുന്നു അത്. ഗുരുവിന്റെ അടുത്തേക്ക് പോവും. ഞങ്ങള്‍ കുട്ടികളിരുന്ന് ശ്ലോകങ്ങളും സ്തുതികളും ചൊല്ലും. അത്രമാത്രം. കലാര്‍പണയില്‍ അങ്ങനെയല്ല. ഇവിടുത്തെ ഏറ്റവും വലിയ ആഘോഷമാണത്. ഇവിടെ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കും അന്ന് കലാര്‍പ്പണയില്‍ വരാം. അവരുടെ കുട്ടികള്‍ നൃത്തം ചെയ്യുന്നത് കാണാം. ടീച്ചര്‍മാര്‍ക്കൊരു പ്രോത്സാഹനമെന്ന നിലയില്‍ ചെറിയ ദക്ഷിണയും കൊടുക്കും കുട്ടികള്‍.  

നൃത്തത്തിലാണെങ്കിലും സ്വന്തമായൊരു പാതയിലൂടെ നടക്കുന്നതായി തോന്നിയിട്ടുണ്ട്. 
അത് സ്വാഭാവികമായി സംഭവിക്കുന്ന മാറ്റങ്ങളാണ്. നൃത്തം എന്നും ഒരുപോലെയല്ലല്ലോ. ഓരോരുത്തരും നൃത്തത്തെ കാണുന്ന രീതി വ്യത്യസ്തമായിരിക്കും. അവരുടെ അറിവും പഠനവും വെച്ച് അത് മാറിക്കൊണ്ടേയിരിക്കും. അതുപോലെ തന്നെയാണ് എന്റെ കാര്യവും. അതേത് കലയുടെ കാര്യത്തിലാണെങ്കിലും അങ്ങനെത്തന്നെ. പണ്ടൊക്കെ പതുക്കെയാണ് മാറ്റങ്ങളുണ്ടായിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ, പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാം വന്നശേഷം ആ മാറ്റത്തിന്റെ വേഗത കൂടി. 

ഒന്നുനിര്‍ത്തിയശേഷം അവര്‍ തുടര്‍ന്നു. ''സ്‌റ്റേജില്‍ നൃത്തം ചെയ്ത് പരീശിലിച്ചയാളാണ് ഞാന്‍. കൈകളൊക്കെ പൂര്‍ണമായും വിടര്‍ത്തിയാണ് സ്റ്റേജില്‍ നൃത്തം ചെയ്യുന്നത്. എന്നാല്‍, ഇന്‍സ്റ്റഗ്രാമിനുവേണ്ടി നൃത്തം ചെയ്യുമ്പോള്‍ അതൊക്കെ മാറ്റേണ്ടിവരുന്നു. ഒരേ സ്ഥലത്തുനിന്ന് നൃത്തം ചെയ്യണം, കൈകള്‍ അധികം വിടര്‍ത്താനും പറ്റില്ല. അക്കാര്യത്തിലൊക്കെ സങ്കടമുണ്ട്. ഒരു പോസിറ്റീവ് വശമെന്താണെന്നുവെച്ചാല്‍ നൃത്തത്തെക്കുറിച്ചുള്ള അറിവുകള്‍ നമുക്ക് എവിടെയിരുന്നും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയും''.

നൃത്തത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍, ആവേശഭരിതയായി. ''എന്നെ സംബന്ധിച്ചിടത്തോളം ഭരതനാട്യം പഠനം എന്നത് സ്വാഭാവികമായി സംഭവിച്ചൊരു കാര്യമാണ്. കാരണം, എന്റെ ആന്റിമാരെല്ലാം, ലളിത-പത്മിനി-രാഗിണി, നൃത്തത്തില്‍ സജീവമായിരുന്നു. അതുകൊണ്ടാവാം സംഗീതം, നൃത്തം, മേക്കപ്പ് ബോക്‌സ്, കോസ്റ്റിയൂംബോക്‌സുകള്‍, റിഹേഴ്‌സലുകള്‍....ഇതൊക്കെ ചെറുപ്പം മുതലേ എന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു''.

ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തത് പട്ടുസാരിക്കൊപ്പം റബ്ബര്‍ ചെരിപ്പിട്ടാണല്ലോ?
അതിലെന്താണ് കുഴപ്പം? എനിക്ക് കംഫര്‍ട്ടായിട്ടുള്ളത് ധരിച്ചാല്‍ സ്റ്റേജില്‍ പോയി വീഴില്ല. നടക്കുമ്പോള്‍ സാരിയില്‍ ഉടക്കില്ല. ഒരു ടെന്‍ഷനുമില്ല. കോണ്‍ഫിഡന്‍സാണ് ശരിക്കും എന്റെ ഫാഷന്‍. കംഫര്‍ട്ടായിട്ടുള്ളത് എന്താണോ, അത് ധരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. നമ്മുടെ സ്വഭാവം, മനസ്സ്, ആത്മവിശ്വാസം...ഇതൊക്കെയാണ് നമ്മളെ അട്രാക്ടീവ് ആക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്.

ഒരു പെണ്‍കുട്ടിയുടെ അമ്മയെന്ന നിലയില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ടോ?
പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും നമ്മള്‍ ഒരുപോലെ തന്നെ വളര്‍ത്തണ്ടേ. ആണ്‍കുട്ടിയെ അങ്ങനെ വിടാന്‍ പറ്റുമോ? ആണ്‍കുട്ടികളാണെങ്കില്‍ അവരൊരു പ്രായത്തില്‍ മരത്തില്‍ കേറിയാല്‍ വീഴുമോയെന്ന ആശങ്ക. ബൈക്ക് വാങ്ങിച്ചുകൊടുത്താല്‍ അതോടിക്കുന്നതിന്റെ പേടി. പിന്നെ അവരെപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന ടെന്‍ഷന്‍. അതുപോലെ തന്നെയാണ് പെണ്‍കുട്ടികളും. മോളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേണ്‍ സ്‌കൂളിലാണ് പോവുന്നത്. ഇടയ്ക്ക് മിഡി സ്‌കര്‍ട്ട് ഒക്കെ ധരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ പെട്ടെന്ന് വളരുമല്ലോ. അതുകൊണ്ട് ഞാനെപ്പോഴും അവള്‍ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കോണ്ടിരിക്കും. അവള്‍ ചോദിക്കും, 'വാട്‌സ് ദ ഡീല്‍ അമ്മാ. കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെയൊക്കെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ കാണുന്നതല്ലേ. ഹൂ കെയേര്‍സ്, നോബഡി കെയേര്‍സ്' എന്ന്. ശരിയാണ്. കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒന്നും തോന്നില്ല. പക്ഷേ, ബാക്കിയെല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ. ചെറിയ പ്രായത്തില്‍ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം. കുറച്ചുകൂടി പ്രായമാകുമ്പോള്‍, അവള്‍ സ്വയം തീരുമാനിക്കട്ടെ.

ശോഭന പ്രായമാവുന്നത് എന്ത് സുന്ദരമായിട്ടാണ്....ഇതെങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?
അഭിനന്ദനത്തിന് നന്ദി. എല്ലാവര്‍ക്കും പ്രായമാവും. അതൊരു സ്വാഭാവികപ്രക്രിയയാണ്. നമ്മള്‍ പ്രായമാവുന്നതിനെ സന്തോഷത്തോടെ സ്വീകരിച്ചാല്‍, ആസ്വദിക്കാന്‍ പറ്റുന്ന അനുഭവം തന്നെയാണത്. കാരണം ഓരോ പ്രായത്തിലും നല്ല കുറേ കാര്യങ്ങളുണ്ടാവും ആസ്വദിക്കാന്‍. മുപ്പതുകളിലും നാല്പതുകളിലും അമ്പതുകളിലും അറുപതുകളിലുമെല്ലാം. പിന്നെ നല്ല ആരോഗ്യമുണ്ടെങ്കില്‍ ഒട്ടും പേടിക്കേണ്ട. സമാധാനം നിറഞ്ഞ ജീവിതം, മനസ്സ്... ''. ഒന്നുനിര്‍ത്തി ശോഭന തുടര്‍ന്നു, ''എനിക്ക് നൃത്തം പഠിപ്പിക്കുന്ന കുട്ടികളുടെ കൂടെ ഹാങ് ഔട്ട് ചെയ്യാനിഷ്ടമാണ്. അവരുടെ കൂടെ സമയം ചെലവഴിക്കുമ്പോള്‍ ഒരു പോസിറ്റീവ് സ്‌പേസ് കണ്ടെത്താന്‍ കഴിയുന്നുണ്ട്. അവര്‍ക്ക് നൃത്തം പഠിപ്പിച്ചുകൊടുക്കാന്‍ എനിക്കൊരുപാട് ഇഷ്ടമാണ്. സമൂഹത്തിന്റെ പല മേഖലകളിലുള്ളവരുമായി ഇടപെടുന്നത് സന്തോഷം തരുന്ന കാര്യമാണ്. ഇങ്ങനെ എല്ലാക്കാര്യത്തിലും ആഹ്ലാദം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്''.

Content Highlights: actress and dancer shobana talking about her life, aging and dance