ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ സോമേട്ടന്‍, അവസാന സിനിമയാകുമെന്ന് ആരും കരുതിയില്ല

എം.ജി. സോമന്‍, ഭാര്യ സുജാത
എം.ജി. സോമന്‍, ഭാര്യ സുജാത

'യെസ്, അയാം ഔട്ട്‌സ്‌പോക്കണ്‍'...ലേലം സിനിമയില്‍ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന സോമന്‍കഥാപാത്രം പറയുന്ന ഈ ഡയലോഗ് ഓര്‍മിക്കാത്തവരായി ആരുമുണ്ടാകില്ല. അതുല്യമായ അഭിനയശൈലികൊണ്ട് മലയാളസിനിമയില്‍ സ്വന്തം മേല്‍വിലാസം സൃഷ്ടിച്ചെടുത്ത നടനായിരുന്നു എം.ജി. സോമന്‍. ഈപ്പച്ചനെപ്പോലെ എന്തും തുറന്നുപറയുന്ന ഒരു തന്റേടി തന്നെയായിരുന്നു തിരുവല്ലക്കാരനായ സോമനും. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മരിക്കാത്ത ഓര്‍മയായി സോമനുണ്ട്. ഓര്‍മയായിട്ട് 25 വര്‍ഷം പിന്നിടുമ്പോഴും തിരുവല്ലയിലെ വീട്ടില്‍ നിലയ്ക്കാത്ത ശ്വാസം പോലെ സോമനുണ്ട്. ഭാര്യ സുജാതയും മകന്‍ സജിയും സോമന്റെ ഓര്‍മകളില്‍ ജീവിതം തുടരുന്നു. സുജാതയുടെ ഓര്‍മകളില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ദാമ്പത്യാനുഭവങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്. 

പോയ കാലത്തിന്റെ നല്ലോര്‍മകള്‍         

കല്യാണം കഴിക്കുമ്പോള്‍ എനിക്ക് പതിനാലും സോമേട്ടന് ഇരുപത്തെട്ടുമാണ് പ്രായം. ആളന്ന് നടനൊന്നുമല്ല. എയര്‍ഫോഴ്‌സിലാണ്. കല്യാണം കഴിഞ്ഞ് കുറച്ചുകാലം ഞാനും അദ്ദേഹത്തിനൊപ്പം പല എയര്‍ഫോഴ്‌സ് സ്‌റ്റേഷനുകളിലായി താമസിച്ചു. രണ്ട് മക്കള്‍ പിറന്നു. എയര്‍ഫോഴ്‌സില്‍ പത്ത് വര്‍ഷം തികച്ചശേഷം നാട്ടിലേക്ക് മടങ്ങിവരികയായിരുന്നു. സര്‍വീസിലായിരുന്ന കാലത്ത് സോമേട്ടന്‍ മലയാളി അസോസിയേഷന്‍ പരിപാടികളില്‍ നാടകത്തിലൊക്കെ അഭിനയിക്കുമായിരുന്നു എന്നല്ലാതെ അഭിനയവുമായൊന്നും ഒരു ബന്ധവുമില്ല. നാട്ടില്‍ മടങ്ങിവന്ന ശേഷം കൊട്ടാരക്കര ശ്രീധരന്‍ നായരുടെ നാടകസംഘത്തില്‍ എത്തപ്പെട്ടു. 'രാമരാജ്യം' എന്ന നാടകത്തില്‍ അഭിനയിക്കുമ്പോള്‍ കാണികളുടെ കൂട്ടത്തില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഭാര്യ വേണിയുമുണ്ട്. അന്ന് മലയാറ്റൂരിന്റെ കഥ 'ഗായത്രി' എന്ന പേരില്‍ സിനിമയാകുകയാണ്. അതിലേക്ക് ഒരു നടനെ വേണം. നിഷേധിയായ ബ്രാഹ്മണ യുവാവിന്റെ റോള്‍ സോമേട്ടന് ചേരുമെന്ന് വേണിച്ചേച്ചിക്ക് തോന്നി. അങ്ങനെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. ആദ്യ സിനിമ ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് തിയേറ്ററില്‍ പോയി കണ്ടത്. അവസാന സിനിമയായ 'ലേല'വും ഒന്നിച്ചുതന്നെ കണ്ടു. സിനിമയും സോമേട്ടന്റെ കഥാപാത്രവും ഒരുപോലെ ഹിറ്റായി. തിയേറ്ററില്‍ ആളുകളൊക്കെ ചുറ്റുംകൂടി. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷം സോമേട്ടന്റെ മുഖത്ത് ഞാന്‍ കണ്ടു. പക്ഷേ, അത് അവസാന സിനിമ ആകുമെന്ന് കരുതിയില്ല... 

പുറത്ത് വിജയാഘോഷം, അകത്ത് നിശ്ശബ്ദനായി സോമേട്ടന്‍


1997 നവംബര്‍ 12നാണ് എം.ജി. സോമന്‍ എറണാകുളത്തെ ആസ്പത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നത്. കൃത്യം ഒരുമാസം നീണ്ട ആസ്പത്രിവാസം. ഡിസംബര്‍ 12ന് മരണം. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ വിയോഗം. ഉല്ലാസം നിറഞ്ഞ ഒരു തീവണ്ടിയാത്രയ്ക്കിടയിലാണ് രോഗം അദ്ദേഹത്തെ ഉലച്ചുതുടങ്ങിയത്.

ലേലം തിയേറ്ററിലെത്തുന്ന സമയത്ത് ഞങ്ങളുടെ മകള്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു. അവള്‍ ഭര്‍ത്താവിനൊപ്പം ജമ്മുവിലാണ്. അവിടെ പോയി മകളെ കാണാന്‍ ഒരാഗ്രഹം. തീവണ്ടിയില്‍ത്തന്നെ പോകണമെന്ന വാശിയായിരുന്നു അദ്ദേഹത്തിന്. എയര്‍ഫോഴ്‌സില്‍ ജോലി ചെയ്ത സ്ഥലങ്ങളിലൂടെയൊക്കെയാണ് തീവണ്ടി പോകുന്നത്. ആ സ്ഥലങ്ങള്‍ വീണ്ടും കാണാനുള്ള ആഗ്രഹംകൊണ്ടാകാം. യാത്രയില്‍ അദ്ദേഹത്തിന് പതിവില്ലാത്ത ക്ഷീണം ഉണ്ടായിരുന്നു. കാലിലൊക്കെ നീരും. ചോദിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ല എന്നാണ് പറഞ്ഞത്. ജമ്മുവില്‍ എത്തി. ആരോഗ്യസ്ഥിതി കുറച്ച് മോശമായി. മടങ്ങിവന്ന് എറണാകുളത്ത് പി. വി. എസ്സില്‍ കാണിക്കാമെന്നായി അദ്ദേഹം. അന്ന് ഫ്‌ളൈറ്റ് ടിക്കറ്റ് കിട്ടാനൊക്കെ പ്രയാസമാണ്. പി. ജെ. കുര്യന്‍ സാറിന്റെ സഹായത്തില്‍  ടിക്കറ്റ് തരപ്പെടുത്തി എറണാകുളത്ത് വന്ന് പി. വി. എസ്സില്‍ അഡ്മിറ്റായി. 

ആശുപത്രിയുടെ പുറത്ത് 'ലേല'ത്തിന്റെ വിജയാഘോഷം നടക്കുന്നു. സോമേട്ടന്റെ ശരീരം ക്ഷീണിച്ച് മുഖം ഒക്കെ ഇരുണ്ടിട്ടുണ്ട്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കുറച്ചു ദിവസത്തിനകം സ്ഥിതി വഷളായി. ഒടുവിലെ രണ്ടുമൂന്ന് ദിവസം ഒന്നും മിണ്ടിയിട്ടില്ല. അതുവരെ വര്‍ത്തമാനമൊക്കെ പറഞ്ഞ് ഇരുന്ന ആളാണ്. വയ്യ എന്നൊരു വാക്ക് സോമേട്ടന്‍ ഒരിക്കല്‍പ്പോലും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. എന്റെ അറിവില്‍ അതിനുമുമ്പ്  ഒരിക്കലും ആസ്പത്രിയില്‍ കിടന്നിട്ടുമില്ല. എപ്പോഴും തിരക്കിലായിരുന്നു. ചില ശീലങ്ങള്‍ തിരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എയര്‍ഫോഴ്‌സില്‍ ആയിരുന്ന സമയം മുതല്‍ മദ്യപാനം ഉണ്ട്. എങ്കിലും ഇടയ്ക്കിടെ ഇടവേളയുണ്ടാകും.  മലയ്ക്ക് പോകാന്‍ മാലയിട്ടാല്‍പിന്നെ ഒരു തുള്ളി തൊടില്ല. ആസ്പത്രിയിലെ അവസാനദിവസങ്ങളിലും ഞങ്ങളോട് മലയ്ക്ക് പോകണം എന്ന ആഗ്രഹം പങ്കുവച്ചിരുന്നു. സോമേട്ടന്‍ പെട്ടെന്നങ്ങ് പോയപ്പോള്‍ ജീവിതം അവസാനിച്ചപോലെ തോന്നി. പക്ഷേ, മുന്നോട്ട് ജീവിച്ചല്ലേ പറ്റൂ. ഞാന്‍ ബിസിനസ്സില്‍ സജീവമായി. വിഷമങ്ങള്‍ക്ക് ഇരച്ചുകയറാന്‍ ഇടംകൊടുക്കാത്ത വിധത്തില്‍ സ്വയം തിരക്കിലായി.

അധ്വാനത്തോളം വിലയുള്ള പിന്തുണ
 
ചുട്ടരച്ച ചമ്മന്തിയും തീയലും മെഴുക്കുപുരട്ടിയുമൊക്കെ വലിയ ഇഷ്ടമായിരുന്നു. മരണം വരെ സസ്യാഹാരി ആയിരുന്നു സോമേട്ടന്‍. വീട്ടില്‍ വന്നുപോകുമ്പോള്‍ ഭക്ഷണം പൊതിഞ്ഞെടുക്കും. ലൊക്കേഷനില്‍ ഉള്ളവര്‍ക്ക് പങ്കിട്ടുകൊടുക്കാനാണ്. 'ഗായത്രി'ക്ക് ശേഷം തുടരെ സിനിമകള്‍ വന്നു. എങ്കിലും 'ചട്ടക്കാരി'യിലെ ഉപനായക വേഷത്തിലൂടെയാണ് നടനെന്ന നിലയില്‍ കൂടുതല്‍പേര്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്.  ലൊക്കേഷനിലേക്ക് ഞാനും ഇടയ്ക്ക് പോകാറുണ്ടായിരുന്നു. അതിനിടെ എനിക്ക് സ്വന്തംകാലില്‍ നില്‍ക്കണമെന്നും സ്വന്തമായി വരുമാനം വേണമെന്നുമൊക്കെ തോന്നി. സോമേട്ടന്‍ വീട്ടിലെ കാര്യങ്ങളൊക്കെ മുടക്കമില്ലാതെ നോക്കുന്ന ആളായിരുന്നു. പക്ഷേ, സ്ത്രീകളും സമ്പാദിക്കണമെന്ന പക്ഷക്കാരിയാണ് അന്നും ഇന്നും ഞാന്‍. സോമേട്ടന്‍ എല്ലാ പിന്തുണയും തന്നു. അങ്ങനെ 29-ാം വയസ്സില്‍ ഞാനൊരു സ്ഥാപനം തുടങ്ങി. 'ഭദ്ര കറിപൗഡര്‍' എന്ന സംരംഭം. രണ്ടു തൊഴിലാളികള്‍ മാത്രമായി തുടങ്ങിയ സ്ഥാപനമാണ്. ഇന്നത് കുറേക്കൂടി വളര്‍ന്നു. അതില്‍ എന്റെ അധ്വാനത്തോളം വിലയുണ്ട്, അന്ന് സോമേട്ടന്‍ തന്ന പിന്തുണയ്ക്കും.

സൗഹൃദത്തിന്റെ ധാരാളിത്തം

സോമേട്ടന് കൂട്ടുകാര്‍ ഒരുപാടുണ്ടായിരുന്നു. കമലഹാസനുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. സുഖത്തിലും ദുഃഖത്തിലും എന്നൊക്കെ പറയില്ലേ. അതുപോലെ. സോമേട്ടന്‍ ആസ്പത്രിയിലായപ്പോള്‍ കമലഹാസന്‍ പരിശോധനാഫലങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. ചെന്നൈയിലെ ഡോക്ടര്‍മാരെ കാണിച്ച് നിര്‍ദേശം തരാനാണ്. സോമേട്ടന്‍ പോയശേഷവും കമലഹാസന്‍ ഞങ്ങളുടെ കുടുബവുമായി ആ ബന്ധം തുടരുന്നു. മോഹന്‍ലാല്‍, ജനാര്‍ദ്ദനന്‍, മധുച്ചേട്ടന്‍, കുഞ്ചന്‍, ജേസി, ഹരിപോത്തന്‍, സുകുമാരന്‍, സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍... ഇവരൊക്കെയും ആ സുഹൃത് സംഘത്തില്‍ ഉള്‍പ്പെട്ടു.  സോമേട്ടന്റെ പഴയ കൂട്ടുകാരൊക്കെ തിരുവല്ല വഴി പോകുമ്പോള്‍ വീട്ടില്‍ കയറാറുണ്ട്. സോമേട്ടന്റെ സിനിമകളൊന്നും ഞാന്‍ ഇപ്പോള്‍ കാണില്ല. മറക്കാന്‍ ശ്രമിക്കുന്നതൊക്കെ വെറുതെ ഓര്‍ത്തെടുത്ത് വിഷമിക്കേണ്ടല്ലോ.

Content Highlights: actor mg soman remembering his wife sujatha