ഇന്നസെന്റിനു മുമ്പില്‍ ടീച്ചര്‍ വീണ്ടും തോറ്റുതൊപ്പിയിട്ടു- ഒരോര്‍മ

#ബിജു രാഘവന്‍
അംബുജം ടീച്ചര്‍
അംബുജം ടീച്ചര്‍

നല്ല മഴ മൂടിക്കെട്ടിയ ദിവസം. ഇരിങ്ങാലക്കുട സംഗമേശ വിലാസം സ്‌കൂളില്‍ മലയാളം പഠിപ്പിക്കുകയാണ് അംബുജം ടീച്ചര്‍. അപ്പോഴാണ് പ്യൂണ്‍ വന്നു വിളിച്ചത്. 'ടീച്ചര്‍ക്കൊരു വിസിറ്ററുണ്ട്.' സ്ഥലത്തെ ഡെപ്യൂട്ടി കളക്ടറാണ് സന്ദര്‍ശകന്‍. ''ഞാന്‍ ടീച്ചറെ കാണാന്‍ വന്നതാ.''

ടീച്ചര്‍- എന്നെ കാണാനോ, സാര്‍ വിളിച്ചാല്‍ ഞാന്‍ അങ്ങോട്ട് വരില്ലേ?
ഡെപ്യൂട്ടി കളക്ടര്‍- എന്റെ കാര്യം നടക്കാന്‍ ഞാന്‍ ടീച്ചറുടെ അടുത്ത് തന്നെ വരണമല്ലോ.
ടീച്ചര്‍- എന്നെക്കൊണ്ട് എന്താ പറ്റ്വാ?
ഡെപ്യൂട്ടി കളക്ടര്‍- എന്റെ മോനൊരു സൂക്കേടുണ്ട്. അതൊന്ന് മാറ്റിത്തരണം.
ടീച്ചര്‍- അതിന് ഡോക്ടറെ കാണിക്കുകയല്ലേ വേണ്ടെ?
ഡെപ്യൂട്ടി കളക്ടര്‍- ഇത് മാറ്റാന്‍ ടീച്ചര്‍ക്കേ പറ്റൂ. അവന് രാവിലെ ഒമ്പതര വരെ ഒരു കുഴപ്പവുമില്ല. അതുകഴിഞ്ഞാല്‍ കലശലായ വയറുവേദന. സ്‌കൂളില്‍ പോണ്ടാന്ന് പറയും. പത്തുമണി കഴിഞ്ഞാല്‍ കുട്ടി ഓടി നടക്കും. 
ടീച്ചര്‍-ഞാന്‍ ശ്രമിക്കാം. അല്ലാണ്ടെന്താ പറയാ.

ടീച്ചര്‍ ദൂതനെ വിട്ടു. പിറ്റേന്നുതന്നെ മടിയന്‍ കുട്ടി ഹാജര്‍.
കുട്ടി-ടീച്ചറെന്തിനാ എന്നോട് വരാന്‍ പറഞ്ഞേ
ടീച്ചര്‍-എനിക്ക് രാധാകൃഷ്ണനെ കണ്ട് ഒരൂട്ട് വര്‍ത്താനം പറയാനുണ്ട്.
അച്ഛന്‍ ടീച്ചറോട് എന്തോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീര്‍ച്ച. പയ്യന്‍ നിന്നു പരുങ്ങി. 
ടീച്ചര്‍- അതേ, കുട്ടിയുടെ അച്ഛന്‍ ഡെപ്യൂട്ടി കളക്ടറ്, അമ്മ ഡി.ഇ.ഒ. മോന്‍ അലവലാതിയായ ഒരു ചെക്കനായിട്ട് നടന്നാല്‍ അവര്‍ക്ക് അപമാനം ഉണ്ടാവില്ലേ.

മറുപടിയില്ല. അവന്‍ മുഖംകുനിച്ചു നിന്നു. ടീച്ചര്‍ അവന്റെ താടി പിടിച്ചുയര്‍ത്തി.

''അവരൊക്കെ നല്ല നിലയിലിരിക്കുമ്പോള്‍ താനും അതുപോലെ നല്ല നിലയിലെത്തണ്ടേ. അതിനേക്കാള്‍ ഉയരണമെന്നാ ഞാന്‍ പറയാ. നാളെത്തൊട്ട് വയറുവേദന ഉണ്ടാവില്ല്യ. സ്‌കൂളില്‍ വരൂന്ന് പ്രോമിസ് ചെയ്യൂ.''
കുട്ടി-ഞാന്‍ നോക്കട്ടെ.

അദ്ഭുതം. പിറ്റേന്ന് കുട്ടി ഹാജര്‍. ആ വിദ്യാലയമുറ്റത്തുനിന്ന് ഇന്ത്യയുടെ ബഹിരാകാശത്തേക്കുവരെ നടന്നുകയറിയ കുട്ടിയെ നമ്മളറിയും. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ.കെ. രാധാകൃഷ്ണന്‍.
ഇങ്ങനെ എത്രയെത്ര കുട്ടികള്‍. മടിയരെ മിടുക്കരും മിടുക്കരെ അതിമിടുക്കരുമാക്കുന്ന വിദ്യ, ടീച്ചര്‍ക്ക് സ്വന്തമാണ്. അംബുജം ടീച്ചര്‍ക്ക് അവരെയൊന്നും മറക്കാന്‍ പറ്റിയിട്ടില്ല. 'രാധാകൃഷ്ണന്‍, ശിവദാസന്‍, ഇന്നസെന്റ്...'ടീച്ചര്‍ പേരുകള്‍ ഓരോന്നായി എണ്ണിത്തുടങ്ങി.

''നന്നായി പഠിച്ചവരെ ഇടയ്‌ക്കൊക്കെ ഓര്‍മവരും. എന്നാല്‍ കുസൃതി കാട്ടിയവരെ മറക്കാന്‍ പറ്റ്വോ. നമുക്ക് കുറെ തലവേദന ഉണ്ടാക്കിത്തന്നവരല്ലേ.'' ടീച്ചര്‍ വാത്സല്യത്തോടെ ചിരിച്ചു. നരവീണ മുടിയിഴകള്‍ തിളങ്ങുന്നു. വയസ്സ് എണ്‍പത്തിരണ്ടായി. ചിലപ്പോള്‍ ടീച്ചര്‍ക്ക് ഏകാന്തത തോന്നും. ആ നേരത്ത് അവര്‍ പഴയ സ്‌കൂള്‍ മുറ്റത്തേക്ക് ഓര്‍മകളിലൂടെ തിരികെ നടന്നുനോക്കും. കൂട്ടിന് അവിടെ നിന്ന് ചില കുറുമ്പന്‍മാര്‍ കയറിവരും. ദാ വരുന്നു ഒരു നിഷ്‌കളങ്കന്‍. ഇന്നസെന്റ് തന്നെ.

''ഇന്നസെന്റിന് പഠിത്തത്തിലല്ല ശ്രദ്ധ. അയാളീ കുട്ട്യോളോട് വര്‍ത്താനം പറഞ്ഞ് അവരുടേം ശ്രദ്ധ തെറ്റിക്കും. ഇന്നസെന്റേ താന്‍ പഠിച്ചില്ലേല്‍ വേണ്ട, മറ്റുള്ളോര് പഠിച്ചോട്ടെയെന്ന് പറഞ്ഞാലോ. അയാളുടെ മറുപടി ഇങ്ങനെ. 'ഞാന്‍ ഇതൊന്നും പഠിച്ച് പാസാവാന്‍ പോണില്ല. എന്റെ ലൈന്‍ വേറെയാ ടീച്ചറേ.' 'അതെന്തൂട്ടാടോ തന്റെ ലൈന്‍. ഞാനും ഒന്നറിയട്ടെ.' പക്ഷേ ഒന്നും പറയില്ല. 'അനുസരണ'യുള്ള ശിഷ്യനെ ഓര്‍ത്ത് ടീച്ചര്‍ കുലുങ്ങി ചിരിച്ചു.

അബുജം ടീച്ചറെക്കുറിച്ച് പറയാന്‍ ശിഷ്യര്‍ക്കും നൂറുനാവാണ്. അന്നൊക്കെ ക്ലാസ് ടൈം കഴിഞ്ഞാലും ടീച്ചര്‍ സ്‌കൂളില്‍ത്തന്നെ കാണും. ഡ്യൂട്ടി തീര്‍ന്നിട്ടില്ല. സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് പ്രത്യേക ട്യൂഷനെടുക്കണം. അന്ന് പരീക്ഷയെഴുതിയവര്‍ക്കെല്ലാം സ്‌കോളര്‍ഷിപ്പ് കിട്ടി. ''എനിക്ക് കുറെ നല്ല കുട്ടികളെ പഠിപ്പിക്കാന്‍ കിട്ടി. അതൊരു ഭാഗ്യാ. പഠിക്കാത്തതിനൊന്നും ഞാന്‍ ആരെയും തല്ലിയിട്ടില്ല. എന്നാലും കുറുമ്പൊക്കെ കാണിച്ച് ബഹളം കൂട്ടുമ്പോ ചിലരെ തല്ലാണ്ട് നിക്കാന്‍ പറ്റില്ല. എപ്പോഴേലും കുട്ട്യോളെ തല്ലേണ്ടി വരുമ്പോ ഇന്നസെന്റാണ് ഓടിപ്പോയി വടി ഒടിച്ചോണ്ട് വരിക. എന്നിട്ട് അയാള് എന്നെ ഉപദേശിക്കും. 'ടീച്ചറേ വടീടെ തുമ്പുകൊണ്ട് തല്ലണം, നടുക്ക് പിടിച്ച് തല്ലിയാല്‍ വേദന എടുക്കില്ലാന്ന്', ടീച്ചര്‍ വീണ്ടും ചിരിച്ചു.

തൊട്ടുപിന്നിലുള്ള ഷെല്‍ഫില്‍ സ്വര്‍ണനിറമുള്ള ഒരു പറ. ''എം.പി.യായി ഡല്‍ഹീല് പോയി വന്നപ്പോള്‍ ഇന്നസെന്റ് കാണാന്‍ വന്നു. ഒരു സമ്മാനമൊക്കെയായിട്ട്. 'താന്‍ എം.പിയായാല്‍ എനിക്കെന്തിനാ സമ്മാനം?' അപ്പോ അയാള് പറഞ്ഞു. ''ഇതിരിക്കട്ടേ. ടീച്ചര്‍ക്ക് എന്തുതന്നാലും മതിയാവൂലാന്ന്.''
 

ഇന്നസെന്റിനും അംബുജം ടീച്ചറെ പറ്റി പറയാന്‍ കുറേയുണ്ട്. ''എനിക്ക് അംബുജം ടീച്ചറോട് മറ്റ് ടീച്ചര്‍മാരോട് ഇല്ലാത്ത ഒരിഷ്ടം ഉണ്ടായിരുന്നു. എന്നെ അംബുജം ടീച്ചര്‍ നന്നായി മനസ്സിലാക്കിയിരുന്നു എന്നതാണ് കാരണം. പഠിക്കാന്‍ മോശമാണെങ്കിലും ഞാന്‍ മണ്ടനല്ല എന്ന് എന്റെ അപ്പന്‍ തെക്കേത്തല വറീതിനെപ്പോലെത്തന്നെ മനസ്സിലാക്കിയ ആളായിരുന്നു അംബുജം ടീച്ചറും. നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളോട് യോജിച്ചുപോകാവുന്ന തരത്തിലുള്ളതല്ല എന്റെ ബുദ്ധിയെന്ന് എങ്ങനെയോ ടീച്ചര്‍ തിരിച്ചറിഞ്ഞു.''

ദാ ടീച്ചര്‍ ശിഷ്യന് മറുപടിയുമായി വരുന്നു. ''അയാളുടെ ശ്രദ്ധ തിരിച്ചുകിട്ടാന്‍ വേണ്ടി ഞാന്‍ നന്നായി ശ്രമിച്ചു. കഴിവുള്ള കുട്ടിയാ. നല്ല ബുദ്ധിയുണ്ട്. അതുകൊണ്ടല്ലേ അതിനെ പഠിപ്പിക്കാന്‍ ഞാന്‍ കുറെ പെയിന്‍ എടുത്തേ. പക്ഷേ കാര്യംണ്ടായില്ല. കുട്ട്യോളോട് വര്‍ത്താനം പറയുമ്പോ ഞാന്‍ അടുത്തേക്ക് വിളിക്കും. 'ഇന്നസെന്റേ ഇവിടെ നിന്ന് കണക്ക് ചെയ്‌തേ.' എന്റെ മേശയുടെ അടുക്കല്‍ കൊണ്ടുവന്ന് നിര്‍ത്തും.''
ക്ലാസിലെ ഈ പരിഗണന ഇന്നസെന്റിനെയും രസിപ്പിച്ചു. കക്ഷി വീട്ടില്‍ ചെന്ന് അപ്പന്റെ മുന്നില്‍ ഗമയോടെ ഇരുന്നു.

ഇന്നസെന്റ്-അപ്പാ എന്നെ ടീച്ചറ് മേശയുടെ അടുത്ത് നിര്‍ത്തിയാ കണക്ക് പഠിപ്പിക്ക്യാ.
അപ്പന്‍-ആ നല്ല കാര്യം.
കുറെനാള്‍ കഴിഞ്ഞു. ഇന്നസെന്റ് വീണ്ടും അപ്പന്റെ മുന്നില്‍ ഹാജര്‍. ഇത്തവണ 'ഗമ' കൂടെയില്ല.
ഇന്നസെന്റ്- ടീച്ചറ് എന്നോട് ബെഞ്ചില്‍ പോയി ഇരുന്നോളാന്‍ പറഞ്ഞു.
അപ്പന്‍-അപ്പോ ടീച്ചറും നിനക്കുമുന്നില്‍ മുട്ടുകുത്തിയല്ലേ. 

അധ്യാപന ജീവിതത്തിലെ ആ പരാജയനിമിഷത്തിലേക്ക് അംബുജം ടീച്ചര്‍ തിരിഞ്ഞുനോക്കുന്നു. ''എന്റെ മേശയുടെ അടുത്തുനിര്‍ത്തി കണക്ക് കൊടുക്കും. കുറച്ചുകഴിഞ്ഞാല്‍ അയാള്‍ പിള്ളാരെ നോക്കി ആംഗ്യം കാണിക്കും. അപ്പോ ഞാന്‍ പറഞ്ഞു 'ഇന്നസെന്റേ താന്‍ ആ ബെഞ്ചില്‍ പോയി ഇരുന്നോളൂട്ടോ എന്ന്. അയാളെ വെറുതെ ഉപദ്രവിക്കേണ്ടല്ലോ''

മകനിങ്ങനെ പഠിച്ചാല്‍ എന്താവുമെന്ന്  അപ്പന് ആധി. അദ്ദേഹം ടീച്ചര്‍ക്കുമുന്നിലെത്തി. 'അവനെ എങ്ങനെയെങ്കിലും ഒന്ന് ശരിയാക്ക് ടീച്ചറേ' അപ്പന്റെ റിക്വസ്റ്റ്. 'എന്നെക്കൊണ്ട് പറ്റുന്നതിന്റെ പരമാവധി നോക്കുന്നുണ്ട്. പക്ഷേ ശ്രദ്ധ ഇവിടെയൊന്നുമല്ല. അയാള് വേറെ വലിയൊരാളായി മാറും.' ടീച്ചര്‍ സമാധാനിപ്പിച്ചു.

അന്ന് ടീച്ചറുടെ ക്ലാസില്‍ നന്നായി പഠിക്കുന്ന കുട്ടിയാണ് ശിവദാസന്‍. രാധാകൃഷ്ണന്റെ ചേട്ടനാണ്. റിസല്‍റ്റ് വന്നപ്പോള്‍ ശിവദാസന്‍ ജയിച്ചു. ക്ലാസ്‌മേറ്റായ ഇന്നസെന്റിന് തോല്‍വി തന്നെ. ക്ലാസ് കയറ്റം കിട്ടിപ്പോവുന്നവരുടെ യാത്രയയപ്പ് ദിനം. തോറ്റവരെ ആ പരിസരത്തൊന്നും മഷിയിട്ടുനോക്കിയാല്‍ കാണാത്തതാണ്. എങ്കിലും ഇന്നസെന്റ് ഹാജര്‍. അപ്പോള്‍ ശിവദാസന്‍ നിന്നു കരയുന്നു. അന്തം വിട്ട ഇന്നസെന്റിന്റെ ചോദ്യം. 'എന്തിനാ ശിവദാസാ കരയുന്നത്, താന്‍ ജയിച്ചില്ലേ'. ശിവദാസന്‍- 'അതല്ല ഇന്നസെന്റേ. എന്റെ അനിയന്‍ തന്റെ ക്ലാസിലോട്ടല്ലേ വരുന്നേ. താന്‍ അയാളെയും ഉപദ്രവിക്കില്ലേ. അതോര്‍ത്ത് കരഞ്ഞതാ.' ടീച്ചര്‍ക്ക് വീണ്ടും ചിരിപൊട്ടി. 

കുരുത്തക്കേട് കാണിച്ചുനടന്ന ആ പിള്ളേരെ ടീച്ചര്‍ക്ക് ഇന്നും ഓര്‍മയുണ്ട്. താന്‍ വരുന്നതും നോക്കി 'പഠിക്കാനുള്ള' ആകാംക്ഷയോടെ സ്‌കൂള്‍ മതിലില്‍ കയറി നില്‍ക്കുന്ന ഇന്നസെന്റിനെയും കൂട്ടുകാരെയും. ''ഞാനെത്തുമ്പോ അവര് പിറുപിറുക്കും. എടാ ഇന്നും വരുന്നുണ്ടെന്ന്''.

ഇതുകേട്ട് ഒരിക്കല്‍ ടീച്ചര്‍ ഇന്നസെന്റിന്റെ ചെവിക്ക് പിടിച്ചു. ''അതെന്താടോ, ഞാന്‍ വരുന്നത് തനിക്കത്ര വിഷമം ആണോ.''
ഇന്നസെന്റ്- അതല്ല ടീച്ചറേ. എന്നും ഒരാളുടെ മുഖം തന്നെയല്ലേ കാണുന്നത്. ടീച്ചറുതന്നെ ഏഴ് പിരീഡും വന്നിരുന്നാല്‍ ഞങ്ങള്‍ക്ക് ബോറടിക്കില്ലേ. 'ടീച്ചര്‍ വീണ്ടും തോറ്റുതൊപ്പിയിട്ടു. പക്ഷേ ടീച്ചര്‍ക്ക് ശിഷ്യന്‍ ഡിസ്റ്റിങ്ഷന്‍ തന്നെ നല്‍കി. 'ഇന്ത്യയാകെ അറിയുന്ന നടന്‍, രാഷ്ട്രീയക്കാരന്‍.' ടീച്ചര്‍ അഭിമാനംകൊണ്ടു. 

(പുനപ്രസിദ്ധീകരണം)
 

Content Highlights: actor innocent's teacher