ആരാധ്യ ബച്ചന് കൈയടിച്ച് നെറ്റിസൺസ്; സുഹാനയ്ക്കും ഖുശിക്കും അഗസ്ത്യക്കും വിമർശനം

ആരാധ്യ ബച്ചൻ, സുഹാന ഖാൻ | X, PTI
ആരാധ്യ ബച്ചൻ, സുഹാന ഖാൻ | X, PTI

ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നടന്ന വാർഷികപരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ ശ്രദ്ധനേടിയിരിക്കുകയാണ് ആരാധ്യ ബച്ചൻ. ദിവസങ്ങൾക്കുള്ളിൽ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തു. മകളുെട പ്രകടനം കണ്ട് സന്തോഷമടക്കാനാവാതെ വീഡിയോ പകർത്തുന്ന ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. വേദിയിൽ ഒരു സ്കിറ്റാണ് ആരാധ്യയടങ്ങുന്ന സംഘം അവതരിപ്പിച്ചത്.

നാടകീയമായി വസ്ത്രം ധരിച്ച ആരാധ്യ ആത്മവിശ്വാസത്തോടെ, ഇംഗ്ലീഷിൽ ശക്തമായ വരികളവതരിപ്പിച്ച് അഭിനയിക്കുകയും നൃത്തച്ചുവടുകൾ വെക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അമിതാഭ് ബച്ചനും കൊച്ചുമകൻ അഗസ്ത്യ നന്ദയുമടക്കമുള്ള കുടുംബാംഗങ്ങൾ പരിപാടി കാണാനെത്തിയിരുന്നു. 

രണ്ട് ദിവസത്തെ സ്കൂൾ വാർഷിക പരിപാടിയിൽ ഷാരൂഖ് ഖാന്റെ മകൻ അബ്രാം ഖാൻ, കരീന കപൂർ ഖാന്റെ മകൻ തൈമൂർ അലി ഖാൻ, കരൺ ജോഹറിന്റെ മക്കളായ യാഷ്, റൂഹി, ഷാഹിദ് കപൂറിന്റെ മക്കളായ മിഷ കപൂർ, സെയിൻ കപൂർ എന്നിവരും വേദിയിൽ മറ്റ് കുട്ടികൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു. ആരാധ്യയുടെയും അബ്രാമിന്റെയും പ്രകടനങ്ങളാണ് ഏറ്റവുമധികം ചർച്ചാവിഷയമായത്. ആരാധ്യ അബ്രാമിനെ സ്നേഹത്തോടെ ഒന്നിലധികം തവണ ആലിംഗനം ചെയ്യുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളേറ്റെടുത്തുകഴിഞ്ഞു. ആരാധ്യയെ അനുമോദിച്ച ചിലർ സുഹാനയടക്കമുള്ള സ്റ്റാർ കിഡുകളെ വിമർശിക്കാനുള്ള അവസരമായിട്ടാണ് ഇതുപയോഗിച്ചത്. 

അടുത്തിടെയാണ് താരങ്ങളുടെ മക്കള്‍ അണിനിരന്ന ‘ദി ആർച്ചീസ്’ എന്ന സിനിമ നെറ്റ്ഫ്ളിക്സിൽ റിലീസായത്. വളരെ തണുത്ത പ്രതികരണമാണ് ചിത്രത്തിന് കിട്ടിയത്. ഷാരൂഖ് ഖാന്റെ മകൾ സുഹാനാ ഖാൻ, ശ്രീദേവിയുടെ മകൾ ഖുഷി കപൂർ, ബച്ചന്റെ കൊച്ചുമകൻ അഗസ്ത്യ നന്ദ തുടങ്ങിയവരാണ് ചിത്രത്തിൽ താരങ്ങളായെത്തുന്നത്. നിലവാരമില്ലാത്ത പ്രകടനമാണ് എല്ലാവരും കാഴ്ചവെച്ചതെന്ന് വ്യാപകവിമർശനമുയരുന്നുണ്ട്. സംവിധായിക സോയ അക്തറിൽ നിന്ന് ഇത്തരമൊരു മോശം നിലവാരത്തിലുള്ള സിനിമ പ്രതീക്ഷിച്ചില്ലെന്നാണ് ചിലർ പറയുന്നത്. 
ആർച്ചീസിലെ താരങ്ങളേക്കാൾ വളരെ മികച്ച പ്രകടനമാണ് ആരാധ്യ നടത്തിയതെന്ന് ഒരുകൂട്ടമാളുകൾ എക്സിൽ അഭിപ്രായപ്പെടുന്നു. ആർച്ചീസിൽ അഭിനയിച്ചവർ ആരാധ്യയെ കണ്ടുപഠിക്കണം, ആരാധ്യയുടെ പെർഫോമൻസ് കണ്ട് അവർക്ക് നാണം തോന്നുന്നുണ്ടാവും തുടങ്ങി കമന്റുകൾ നീളുന്നു.   
താരങ്ങളുടെ മക്കൾക്കെതിരേ സോഷ്യൽ മീഡിയാ ആക്രമണവുമുണ്ടായി. ഇതിഹാസതാരമായ ഷാരൂഖ് ഖാനുമായി താരതമ്യപ്പെടുത്തി സുഹാനയ്ക്കാണ് ഏറ്റവുമധികം ട്രോൾ നേരിട്ടത്. 
 

Content Highlights: aaradhya bachchan's viral performance earns raise