ജ്വാലയുടെയും വിഷ്ണുവിന്റെയും കുഞ്ഞിന് പേരിട്ടത് ആമിർ; ചടങ്ങിനായി അദ്ദേഹം ഹൈദരാബാദിലെത്തി

ആമിർ ഖാനൊപ്പം ജ്വാല ഗുട്ടയും വിഷ്ണു വിശാലും കുഞ്ഞുങ്ങളും / Instagram
ആമിർ ഖാനൊപ്പം ജ്വാല ഗുട്ടയും വിഷ്ണു വിശാലും കുഞ്ഞുങ്ങളും / Instagram

ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുടെയും തമിഴ് നടൻ വിഷ്ണു വിശാലിന്റെയും കുഞ്ഞിന് പേരിട്ട് ആമിർ ഖാൻ. മിറ എന്നാണ് കുഞ്ഞിന് ആമിറിട്ട പേര്. കുഞ്ഞിന്റെ പേരിടൽചടങ്ങിനായി മുംബൈയിൽനിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്നു ആമിർ. അതിന്റെ ചിത്രങ്ങൾ ജ്വാല സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. ''ഞങ്ങളുടെ മിറ. ആമിർ എന്ന പേരില്ലാതെ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. മനോഹരവും ചിന്തിപ്പിക്കുന്നതുമായ പേരിന് നന്ദി, ആമിർ''. കുഞ്ഞിന് നല്ലൊരു പേരുനൽകിയതിന് നന്ദി പറഞ്ഞുകൊണ്ട് വിഷ്ണുവും പോസ്റ്റിട്ടു.

ദമ്പതികളുമായി വർഷങ്ങളായുള്ള സൗഹൃദത്തിന്റെ പേരിലാണ് ആമിർ ചടങ്ങിലേക്കെത്താൻ കാരണം. ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ആമിർ ഖാനെയും വിഷ്ണു വിശാലിനെയും ഒരുമിച്ചായിരുന്നു രക്ഷിച്ചത്. അതിനുശേഷം ഇരുവരും ഒരുമിച്ചായിരുന്നു കുറച്ചുകാലം താമസിച്ചത്. അന്നുമുതലാണ് അവർ തമ്മിൽ സൗഹൃദത്തിലാവുന്നതും. ആമിറിന്റെ മകൾ ഇറയുടെ വിവാഹത്തിലും ജ്വാലയും വിഷ്ണുവും പങ്കെടുത്തിരുന്നു.

നാലാം വിവാഹവാർഷികത്തിലാണ് ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയ്ക്കും തമിഴ് നടൻ വിഷ്ണു വിശാലിനും പെൺകുഞ്ഞ് ജനിച്ചത്. വിഷ്ണുവിന്റെ ആദ്യവിവാഹത്തിലെ മകനും ഇവർക്കൊപ്പമാണ്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദായിരുന്നു ജ്വാലയുടെ ആദ്യഭർത്താവ്. വിഷ്ണുവിന്റെ ആദ്യഭാര്യ നടൻ കെ.നടരാജിന്റെ മകൾ രാജിനിയും.

ഒരു വാലന്റെൻസ് ദിനത്തിലാണ് തങ്ങൾ പ്രണയത്തിലാണെന്ന സൂചന ജ്വാല നൽകുന്നത്. അതിനുശേഷം ഒരഭിമുഖത്തിൽ താനും വിഷ്ണുവും പ്രണയത്തിലാണെന്ന് ജ്വാല തുറന്നുസമ്മതിക്കുകയും ചെയ്തു. ഈ ബന്ധത്തിൽ തങ്ങൾക്കൊന്നും മറച്ചുവെയ്ക്കാനില്ലെന്നും അവർ തുടർന്നു. ജ്വാലയുടെ ഒരു പിറന്നാൾദിനത്തിലാണ്, വിഷ്ണു വിവാഹാഭ്യർഥന നടത്തിയത്. അതിനുപിന്നാലെ തന്റെ ഇൻസ്റ്റഗ്രാമിൽ വിഷ്ണു ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. തൊട്ടടുത്ത വർഷം വിവാഹവും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: aamir khan names jwala gutta and vishnu vishals baby `mira` and learn about their friendship