ആദിത്യ ധറിന്റെ 'ധുരന്ധർ സിനിമാറ്റിക് യൂണിവേഴ്സ്'; വിക്കി കൗശൽ 'ധുരന്ധർ 2'-ന്റെ ഭാഗമാകുമോ?

'ധുരന്ധർ 2'-ന്റെ താരനിരയിലേക്ക് പ്രമുഖ നടന്മാർ എത്തുന്നു എന്ന വാർത്തകൾ വന്നതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. അക്ഷയ് ഖന്ന ഫ്ലാഷ്ബാക്ക് രംഗങ്ങളിലൂടെ തിരിച്ചെത്തുമെന്ന് ഉറപ്പായതിന് പിന്നാലെ, വിക്കി കൗശലും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രൺവീർ സിങ്, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ വിക്കി കൂടി ചേരുന്നതോടെ 'ധുരന്ധർ സിനിമാറ്റിക് യൂണിവേഴ്സ്' വലിയ രീതിയിൽ വികസിക്കുമെന്നാണ് കരുതുന്നത്.

വിക്കിയുടെ സാന്നിധ്യം വെറുമൊരു അതിഥി വേഷം മാത്രമല്ല എന്നതാണ് ആരാധകരെ ആവേശഭരിതരാക്കുന്നത്. 2019-ലെ സൂപ്പർഹിറ്റ് ചിത്രം 'ഉറി: ദ സർജിക്കൽ സ്ട്രൈക്കിലെ' പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട മേജർ വിഹാൻ ഷെർഗിൽ എന്ന കഥാപാത്രമായിട്ടായിരിക്കും വിക്കി വീണ്ടും എത്തുന്നത്.

"ധുരന്ധർ 2-ലെ വൻതാരനിരയെ സംവിധായകൻ ആദിത്യ ധർ അതീവ രഹസ്യമാക്കി സൂക്ഷിക്കുകയാണ്. രണ്ട് ചിത്രങ്ങളുടെയും കഥാകാലഘട്ടങ്ങൾ വ്യത്യസ്തമാണെങ്കിലും, വളരെ തന്ത്രപരമായ രീതിയിൽ ഉറിയിലെ ഒരു ഭാഗം ധുരന്ധറിലേക്ക് ആദിത്യ കൂട്ടിയിണക്കിയിട്ടുണ്ട്. 2016-ലെ പശ്ചാത്തലത്തിലുള്ള ഉറിയിലെ വിക്കിയുടെ കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ വിക്കിയും രൺവീറിന്റെ കഥാപാത്രവും തമ്മിൽ കണ്ടുമുട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിക്കിക്കായി ചില ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്" എന്നാണ് മിഡ്-ഡേ മീ‍ഡിയയോട് സിനിമയോടടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയത്.

ഈ ക്രോസ് ഓവർ സൂചിപ്പിക്കുന്നത് ആദിത്യ ധർ ഒരു വലിയ സിനിമാറ്റിക് യൂണിവേഴ്സ് ലക്ഷ്യമിടുന്നു എന്നാണ്. കൗതുകകരമായ മറ്റൊരു കാര്യം, ധുരന്ധർ ഒന്നാം ഭാഗം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ വിക്കി തന്റെ ഭാഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞു എന്നതാണ്. ആദിത്യയുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് വിക്കി. ഭാവിയിൽ വിക്കിയുടെ കഥാപാത്രത്തിന് മാത്രമായി മറ്റൊരു സിനിമ നിർമ്മിക്കാനുള്ള അടിത്തറ ഈ രംഗങ്ങളിലൂടെ സംവിധായകൻ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

2019-ൽ പുറത്തിറങ്ങിയ 'ഉറി: ദ സർജിക്കൽ സ്ട്രൈക്ക്' എന്ന ചിത്രത്തിലൂടെയാണ് വിക്കിയും ആദിത്യയും ഒന്നിക്കുന്നത്. ആദിത്യയുടെ ആദ്യ സംവിധാന സംരംഭമായിരുന്ന ഈ ചിത്രം നാല് ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ഇതിനുശേഷം 'ദി ഇമ്മോർട്ടൽ അശ്വത്ഥാമ' എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക കാരണങ്ങളാൽ ആ പ്രോജക്റ്റ് മാറ്റിവെക്കേണ്ടി വന്നു. എങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് കുറവൊന്നുമില്ല.

ധുരന്ധർ റിലീസ് ചെയ്തപ്പോൾ വിക്കി ഇൻസ്റ്റഗ്രാമിലൂടെ ചിത്രത്തെ വാനോളം പുകഴ്ത്തിയിരുന്നു. "ആദിത്യ ധർ, നിങ്ങൾ ഇതൊരു അത്ഭുതമാക്കി മാറ്റി! ഇത്രയും മികച്ച രീതിയിൽ ഒരു ലോകം സൃഷ്ടിച്ചെടുക്കാൻ നിങ്ങളും സംഘവും എത്രമാത്രം കഠിനാധ്വാനം ചെയ്തിട്ടുണ്ടാകും. സാങ്കേതികമായി ഈ ചിത്രം അതിശയിപ്പിക്കുന്നു," എന്ന് വിക്കി കുറിച്ചു. ഇതിന് മറുപടിയായി "നന്ദി വിക്കൂ! നീയും എന്റെ ധുരന്ധറാണ്," എന്ന് ആദിത്യയും കുറിക്കുകയുണ്ടായി.

ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും വിക്കി കൗശൽ ധുരന്ധർ യൂണിവേഴ്സിന്റെ ഭാഗമാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഈ വാർത്ത അറിഞ്ഞ് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rumors swirl: Vicky Kaushal to reprise his `Uri` role in Aditya Dhar`s Dhurandhar 2, expanding the cinematic universe with Ranveer Singh and more. Exciting crossover ahead!