800 ഡിഫൻസ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യസിനിമ, ചരിത്രം കുറിക്കാൻ '120 ബഹദൂർ'

റെസാങ് ലാ യുദ്ധത്തിൻ്റെ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ഫർഹാൻ അക്തറിന്റെ പുറത്തിറങ്ങാനിരിക്കുന്ന '120 ബഹദൂർ'. സൈനികർക്കും അവരുടെ കുടുംബങ്ങൾക്കുമായി, രാജ്യത്തെ പ്രതിരോധ തിയേറ്റർ ശൃംഖലയിലുടനീളം പ്രദർശിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ യുദ്ധചിത്രം. എക്സൽ എൻ്റർടെയ്ൻമെൻ്റും ട്രിഗർ ഹാപ്പി സ്റ്റുഡിയോസും ചേർന്നാണ് ഇതിന് അവസരമൊരുക്കുക. നവംബർ 21-ന് ചിത്രം ആഗോളതലത്തിൽ റിലീസിനെത്തും.
വിദൂര പ്രദേശങ്ങളിലടക്കം ജോലിചെയ്യുന്ന സൈനികർക്കും കുടുംബങ്ങൾക്കുമായി 800-ലധികം പ്രതിരോധ സിനിമാഹാളുകളിൽ ചിത്രം പ്രദർശിപ്പിക്കും. ജെൻസിങ്ക് ബ്രാറ്റ് മീഡിയയുമായി സഹകരിച്ച് പിക്ചർടൈം ആണിത് നടപ്പിലാക്കുകയെന്ന് എക്സൽ എൻ്റർടെയ്ൻമെൻ്റും ട്രിഗർ ഹാപ്പി സ്റ്റുഡിയോസും അറിയിച്ചു.
പിക്ചർടൈമിന്റെ മൊബൈൽ സിനിമാ ശൃംഖലയിലൂടെ ഇന്ത്യയിലെ സൈനിക തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കുമിത്. ഏറ്റവും കഠിനമായ പോസ്റ്റുകളിൽ സേവനമനുഷ്ഠിക്കുന്ന ആളുകളിലേക്ക് ചിത്രമെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ഫർഹാൻ അക്തർ, റാഷി ഖന്ന, സ്പർശ് വാലിയ, വിവൻ ഭട്ടേന, ധൻവീർ സിങ്, ദിഗ്വിജയ് പ്രതാപ്, സാഹിബ് വർമ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. രസ്നീഷ് ഘായ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് റിതേഷ് സിധ്വാനി, ഫർഹാൻ അക്തർ, അമിത് ചന്ദ്ര എന്നിവർ ചേർന്നാണ്.
ഇന്ത്യയിൽ ഏകദേശം 15 ലക്ഷം സൈനികർ സജീവമായി സേവനത്തിലുണ്ട്. വിമുക്തഭടന്മാരും കുടുംബാംഗങ്ങളും ഉൾപ്പെടെ ഏകദേശം 2 കോടി പ്രേക്ഷകരുണ്ടെങ്കിലും, അവരിൽ 30 ശതമാനം പേർക്ക് മാത്രമേ നിലവിൽ പ്രതിരോധ സിനിമാശാലകളിൽ പ്രവേശനമുള്ളൂ എന്ന് പിക്ചർടൈം സ്ഥാപകനും സിഇഒയുമായ സുശീൽ ചൗധരി പറഞ്ഞു. അവർക്കിടയിലേക്ക് സിനിമയെത്തിക്കുകയാണ് ലക്ഷ്യമെന്നും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Experience `120 Bahadur`, a historic war drama, premiering in over 800 Indian defence theatres on Nov 21. A first for military families