പ്രസവശേഷം സ്ത്രീകളിൽ പലതരം മാനസിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഗർഭകാലത്ത് ഉണ്ടാകാനിടയുള്ള ഹോർമോൺ വ്യതിയാനങ്ങളും മാനസിക സംഘർഷങ്ങളുമെല്ലാം ചേർന്നാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ഇതിനെത്തുടർന്ന് പ്രസവശേഷം ചിലരിൽ വിഷാദം, ആത്മഹത്യാപ്രവണത, എന്നിവ ഉണ്ടായെന്ന് വരാം. ഇത്തരം പ്രശ്നങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകാൻ സാധിച്ചില്ലെങ്കിൽ അത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്.
പ്രസവാനന്തര മാനസികപ്രശ്നങ്ങൾ ഉണ്ടാകുന്നവരിൽ പ്രസവശേഷം സ്വന്തം കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ കാരണമാകും. അമ്മയും കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധം മോശമാവാനും ഇത് ഇടയാക്കിയേക്കും. ഇതുമൂലം അമ്മയ്ക്ക് അവരിൽ നിന്ന് ലഭിക്കുന്ന പിന്തുണ നഷ്ടമാവുന്നു. പ്രസവാനന്തര മാനസിക പ്രശ്നങ്ങൾ അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികമായ അടുപ്പത്തെയും നിയന്ത്രിക്കും. ഇത് പിന്നീട് അമ്മ-കുഞ്ഞ് ബന്ധത്തിന് പ്രശ്നമുണ്ടാക്കുന്നു.
ലക്ഷണങ്ങൾ
- കൂടെക്കൂടെയുള്ള കരച്ചിൽ
- ഇടയ്ക്കിടെ മാറി മാറി വരുന്ന അനിയന്ത്രിതമായ സന്തോഷം
- ദേഷ്യം, ഉത്കണ്ഠ
- ഏറ്റവും ആസ്വദിച്ചിരുന്നതും പ്രിയപ്പെട്ടതുമായ കാര്യങ്ങളോട് പോലും തോന്നുന്ന താത്പര്യമില്ലായ്മ
- കഠിനമായ ക്ഷീണം, തളർച്ച
- ഒപ്പം ആരുമില്ലെന്ന തോന്നൽ
- സ്വയം മതിപ്പ് ഇല്ലായ്മ
- മരണത്തെക്കുറിച്ചുള്ള ചിന്തകൾ
- കുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള ആധി
- അമ്മയെന്ന രീതിയിൽ താൻ ഒട്ടും പോര എന്ന തോന്നൽ
- പെട്ടെന്നുണ്ടാകുന്ന ഭയം
- അകാരണമായ സംശയങ്ങൾ
അസ്വാഭാവികമായ പെരുമാറ്റങ്ങൾ
അപകടസാധ്യത കൂടുതലുള്ളവർ
- ഗർഭാവസ്ഥയിലോ അതിന് മുൻപോ എന്തെങ്കിലും തരത്തിലുള്ള മാനസിക രോഗമുണ്ടായിട്ടുള്ളവർ
- അടുത്ത ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ മാനസിക രോഗമുണ്ടെങ്കിൽ
- ഉത്കണ്ഠ കൂടുതലുള്ളവർ
- ഗർഭധാരണത്തെയും പ്രസവത്തെയും കുറിച്ച് ആശങ്കകളുള്ളവർ
- അമ്മയാവാൻ മാനസികമായി തയ്യാറല്ലാതെ അപ്രതീക്ഷിതമായി ഗർഭിണിയായവർ
- ഗർഭാവസ്ഥയിൽ വിധവകളായവരും വിവാഹമോചിതരായവരും
- ജനിച്ച കുഞ്ഞ് മരണപ്പെടുന്നതും ചാപിള്ളയെ പ്രസവിക്കുന്നവരും
- ദാമ്പത്യപ്രശ്നങ്ങളുള്ളവരും പ്രിയപ്പെട്ടവരുടെ പിന്തുണയില്ലാത്തവരും
- കുഞ്ഞ് കൃത്യമായി ഉറങ്ങാതിരിക്കുക, ഇടയ്ക്കിടെ കരയുക, കൃത്യമായി മുലകുടിക്കാതിരിക്കുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ
- ആവശ്യത്തിന് വിശ്രമവും ഉറക്കവും ലഭിക്കാത്ത അമ്മമാർ
പങ്കാളികൾ അറിയേണ്ടത്
- മാനസികമായും ശാരീരികമായും തയ്യാറെടുത്ത ശേഷം മാത്രം ഗർഭധാരണത്തിനായി ശ്രമിക്കുക.
- കുഞ്ഞ് ജനിച്ചാൽ കുഞ്ഞിന്റെയും അമ്മയുടെയും പരിചരണത്തിൽ അച്ഛനും പങ്കാളിയാവണം. ഇത് അമ്മയുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും
- പ്രസവത്തിന് ശേഷം ആവശ്യത്തിന് വിശ്രമിക്കുക. നന്നായി ഉറങ്ങുക.
- പ്രസവശേഷം മിതമായ വ്യായാമം, സമീകൃതാഹാരം എന്നിവയും ഉറപ്പുവരുത്തുക.
- കുഞ്ഞിനെയും അമ്മയെയും കുറിച്ച് മറ്റുള്ളവർ പറയുന്ന കമന്റുകൾ (ഉദാ: കുഞ്ഞിന് നിറം പോര, തടിയില്ല, അമ്മയ്ക്ക് മുലപ്പാൽ കുറവാണ്, തടികൂടി, സൗന്ദര്യം കുറഞ്ഞു, ഇത്ര ഭക്ഷണം കഴിക്കരുത് തുടങ്ങിയ കാര്യങ്ങൾ) കേൾക്കാൻ നിൽക്കരുത്. അത്തരത്തിൽ കമന്റ് പറയുന്നവരെ അകറ്റിനിർത്തുക.
- എന്തെങ്കിലും ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഡോക്ടറോട് സംസാരിക്കുക.
- കുഞ്ഞ് ജനിച്ചാൽ കുഞ്ഞിനെ മാത്രമാണ് എല്ലാവരും ലാളിക്കുന്നതും പരിഗണിക്കുന്നതും. പലപ്പോഴും അമ്മയെ ആരും കാര്യമായി പരിഗണിക്കാറില്ല. കുഞ്ഞിനൊപ്പം അമ്മയെ കൂടി പരിഗണിക്കുക.
- പാൽ കുറഞ്ഞതിനോ കുഞ്ഞ് കരയുന്നതിനോ അമ്മയെ കുറ്റപ്പെടുത്തരുത്.
- പ്രസവശേഷം പങ്കാളിയുടെ പിന്തുണ ഉറപ്പാക്കണം. കുഞ്ഞിന് മാത്രമായി ശ്രദ്ധ നൽകാതെ പ്രസവിച്ചുകിടക്കുന്ന ഭാര്യയ്ക്ക് കൂടി ഭർത്താവിന്റെ സ്നേഹ വാത്സല്യങ്ങൾ ഉറപ്പാക്കണം.
- എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുന്നുണ്ടെങ്കിൽ പങ്കാളിയോട് തുറന്ന് സംസാരിക്കുക. കൂട്ടുകാരോടോ ഗൈനക്കോളജിസ്റ്റിനോടോ പ്രശ്നങ്ങൾ പങ്കുവയ്ക്കാം.
- കുഞ്ഞിനെ ഉപദ്രവിക്കാനോ സ്വയം മുറിപ്പെടുത്താനോ തോന്നിയാൽ സൈക്യാട്രിസ്റ്റിനെ കാണാൻ മടിക്കരുത്.
- മറച്ചുവെക്കരുത്
Content Highlights: tips for postpartum care
Published: 11 May 2025, 04:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented