റോഡില്‍ വണ്ടിയിറക്കിയാല്‍ ദേഷ്യവും ഒപ്പമിറങ്ങും. അതാണവസ്ഥ. അരമിനിറ്റോ അഞ്ചുമിനിറ്റോ നേരത്തേയെത്താന്‍ നിരത്തില്‍ പരാക്രമം കാണിക്കുന്നവര്‍ ഒരുഭാഗത്ത്. അതുകണ്ട് സമ്മര്‍ദം കൂടുന്നവര്‍ മറുഭാഗത്ത്. റോഡില്‍ മറ്റൊരാളെ തോല്‍പ്പിച്ചാല്‍ കിട്ടുന്ന സന്തോഷം ഇത്തിരി നേരത്തേക്കേ ഉണ്ടാകൂ. മറിച്ച് അതിനുവേണ്ടി ഓരോരുത്തരുമെടുക്കുന്ന സമ്മര്‍ദം സത്യത്തില്‍ അവനവനോട് ചെയ്യുന്ന ക്രൂരതയാണ്. മുന്നിലുള്ള യാത്രികരെ ഹോണടിച്ചും മറികടന്നും അലോസരപ്പെടുത്താന്‍ നോക്കുമ്പോള്‍ സ്വന്തം മനസും സമ്മര്‍ദത്തിലാകുമെന്ന് ഓര്‍ക്കുക.
നയിക്കുന്നത് ഗുരുതരരോഗങ്ങളിലേക്ക്
റോഡിലെ തര്‍ക്കങ്ങളും ദേഷ്യപ്രകടനങ്ങളും വ്യക്തികളില്‍ സൈക്കോളജിക്കല്‍ ഡിസോര്‍ഡറുകള്‍ക്ക് കാരണമായേക്കും. ഗതാഗതക്കുരുക്ക്, പാര്‍ക്കിങ്ങിന് സ്ഥലംകണ്ടെത്താനുള്ള തിരച്ചില്‍, മറ്റ് ഡ്രൈവര്‍മാരുമായുള്ള സംഘര്‍ഷം, സുരക്ഷാ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും റോഡിലെ സമ്മര്ദകാരണങ്ങള്. റോഡില്‍ നിസ്സാരകാര്യങ്ങൾക്കുപോലും ഒച്ചയിടുകയും തർക്കിക്കുകയും ചെയ്യുന്ന പെരുമാറ്റത്തിലൂടെ ഓരോരുത്തരും പ്രകടിപ്പിക്കുന്നത് അവരവരുടെ മാനസികപ്രശ്നങ്ങള്‍ തന്നെയാണ്.
ഇത്തരം സമ്മർദ്ദങ്ങൾ ഹൃദ്രോഗം, രക്തസമ്മര്‍ദം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. യാത്രകള്‍ക്ക് ദൈര്ഘ്യമേറുന്തോറും സമ്മര്‍ദത്തിന്റെ തോതും കൂടും. സമ്മര്‍ദ്ദം കാരണം പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. വാഹനങ്ങളും സൗകര്യങ്ങളും കൂടിയപ്പോള്‍ ആളുകള്‍ നടത്തം കുറച്ചു. ഇത് ജീവിതശൈലീരോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
ദേഷ്യത്തോടെ വണ്ടിയോടിക്കുമ്പോള്‍
ഡ്രൈവിങ് വേളയില്‍ കടന്നുകൂടുന്ന നെഗറ്റീവ് വികാരങ്ങള്‍ ആരും സ്വയം തിരിച്ചറിയുന്നില്ലെന്നതാണ് സത്യം. വണ്ടിയോടിക്കുമ്പോള്‍ പലരുടെയും മുഖത്ത് തെളിയുന്ന സമ്മര്‍ദത്തിന്റെയും ദേഷ്യത്തിന്റെയും ഭാവത്തില്‍ നിന്ന് ഇത് വായിച്ചെടുക്കാം.
വണ്ടിയോടിക്കുന്ന ഇത്തിരി നേരത്തെ കാര്യമല്ലേ എന്ന് ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ, ഇതുപോലെ ദിവസേനയുള്ള ചെറിയ സമ്മര്‍ദങ്ങളും ദൈനംദിന ജീവിതത്തിലെ മറ്റു പ്രശ്നങ്ങളും ചേരുമ്പോള്‍ ഭാവി അപകടം പിടിച്ചതാകും. നേരിയ തോതില്‍ വളര്‍ന്ന് വലിയ അപകടത്തിലവസാനിക്കുന്ന ഒന്നാണ് സമ്മര്‍ദം.
ഗതാഗതക്കുരുക്കില്‍ പരമാവധി സഹകരിക്കുകയാണ് വേണ്ടത്. പരസ്പരം സഹായിച്ചും നന്ദി പറഞ്ഞും ചിരിച്ചും സന്തോഷത്തോടെ വണ്ടിയോടിക്കാന്‍ നോക്കാം. ഡ്രൈവ് ചെയ്യുമ്പോള്‍ സമ്മര്‍ദം കുറയ്ക്കാനുള്ള വഴികള്‍ സ്വയം സ്വീകരിക്കുക.
പ്രശ്നക്കാരനു പിന്നാലേ
നന്നായി വണ്ടിയോടിക്കുന്നവരെപ്പോലും അസ്വസ്ഥരാക്കുന്ന പ്രശ്നക്കാരുടെ താവളം കൂടിയാണ് നമ്മുടെ റോഡുകള്‍. രണ്ടു വരി റോഡില്‍ മൂന്നാമതൊരു വരി ഉണ്ടാക്കുന്ന, ഓവര്‍സ്മാര്‍ട്ടായ ചിലര്‍. നിരതെറ്റിച്ചും വെട്ടിച്ചും അയാള്‍ പോവുന്നതുകണ്ട് പിന്നാലെ മറ്റുള്ളവരും പോയേക്കും. അത്യാവശ്യമായി എവിടെയെങ്കിലുമെത്താന് വേണ്ടി വേഗത്തില്‍ വണ്ടിയോടിക്കുന്നവര്‍ ചെറിയൊരു ശതമാനമേ കാണൂ.
ടെന്‍ഷനടിക്കുമ്പോള്‍ വരുന്ന നെഞ്ചുവേദന
ടെന്‍ഷന്‍ വരുമ്പോള്‍ ചിലര്‍ക്ക് നെഞ്ചില്‍ വേദനയും മുറുക്കവും തോന്നാറുണ്ട്. 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം ബാധകമായ കാര്യമായാണ് മുമ്പ് ഇതിനെ പലരും കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ 20 വയസ്സിനു മുകളിലുള്ളവരിലും ഇത് കാണാം. ചെറുപ്പക്കാരിലെ ഹൃദ്രോഗസാധ്യതയ്ക്ക് ഒരു പ്രധാനകാരണം മാനസിക സമ്മര്‍ദമാണ്.
സ്ട്രസ്സിനൊപ്പം പുറംവേദനയും നടുവേദനയും നെഞ്ചുവേദനയും ക്ഷീണവുമൊക്കെ കാണാറുണ്ട്. സമ്മര്‍ദം വരുമ്പോള്‍ ദഹനപ്രശ്നം, ഗ്യാസ്ട്രബിള്‍ തുടങ്ങിയ അസ്വസ്ഥതകള്‍ കൊണ്ട് നെഞ്ചുവേദന വരാം. ഈ നെഞ്ചുവേദന ഹൃദയസംബന്ധമായ പ്രശ്നമല്ല എന്ന് ഉറപ്പിക്കണമെങ്കില്‍ ടെസ്റ്റ് ചെയ്യുക തന്നെ വേണം.
ഡോക്ടറെ കണ്ട് ഉചിതമായ പോംവഴികള്‍ സ്വീകരിക്കാം. ഭക്ഷണത്തിലും ജീവിതശൈലിയിലുമൊക്കെ വേണ്ട മാറ്റങ്ങള്‍ വരുത്തുക.
നെഞ്ചുവേദനയുടെ മറ്റ് കാരണങ്ങള്‍
മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ പൊസിഷന്‍ ശരിയല്ലെങ്കില്‍ മെക്കാനിക്കല്‍ സ്ട്രസ്സ് കാരണം നെഞ്ചുവേദനയുണ്ടാകാം. വിറ്റാമിന്‍ ഡിയുടെ അഭാവംമൂലവും നെഞ്ചുവേദന വരാം. വെയിലുകൊള്ളാന്‍ പൊതുവേ ഇപ്പോള്‍ ആളുകള്‍ തയ്യാറാവാത്തതിനാല്‍ വിറ്റാമിന്‍ ഡി സൂര്യപ്രകാശത്തില്‍നിന്ന് കിട്ടില്ല. (കൈയിലും മുഖത്തും മാത്രമല്ല, ശരീരത്തിലും വെയിലുകൊണ്ടാലേ അന്നന്നേക്ക് വേണ്ട വിറ്റാമിന്‍ ഡി കിട്ടുകയുള്ളൂ). ഭക്ഷണത്തിലൂടെ വിറ്റാമിന്‍ ഡി കിട്ടാനാണെങ്കില്‍ കൊഴുപ്പടങ്ങിയ ആഹാരം ധാരാളം കഴിക്കേണ്ടിവരും. അത് കൊളസ്ട്രോള്‍, ഫാറ്റി ലിവര്‍, അമിതഭാരം, പി.സി.ഒ.ഡി. തുടങ്ങിയവയിലേക്ക് നയിച്ചേക്കും.
എപ്പോള്‍ ഡോക്ടറെ കാണണം
നെഞ്ചുവേദന വന്നാല്‍ അത് കാര്ഡിയാക്കാണോ നോണ്കാര്ഡിയാക്കാണോ എന്നാദ്യം പരിശോധിക്കണം. ചെറിയ നെഞ്ചുവേദനയാണെങ്കില് പോലും ചിലപ്പോഴത് ഹൃദ്രോഗത്തിന്റേതാവാം. പ്രമേഹം, രക്തസമ്മര്‍ദം, അമിതവണ്ണം, തുടങ്ങിയവ അപകട സാധ്യതകളാണ്. ഇങ്ങനെയുള്ളവര്‍ പെട്ടെന്ന് ഡോക്ടറെ കാണണം. കാര്‍ഡിയാക് കാരണങ്ങള്‍ കൊണ്ടല്ലാത്ത നെഞ്ചുവേദന വളരെ സാധാരണമാണ്.
മനസ്സിനെ നിയന്ത്രിക്കാം
നെഞ്ചുവേദനയ്ക്ക് കാരണം ഉത്കണ്ഠയോ മാനസിക പ്രശ്നങ്ങളോ ആണെങ്കില്‍ അവ ആദ്യം പരിഹരിക്കണം. അല്ലാതെ സംഹാരികള്‍ കഴിക്കരുത്. ജീവിതശൈലിയും സമ്മര്‍ദവും നിയന്ത്രിച്ചുനിര്ത്തുകതന്നെ വേണം. ജീവിതശൈലി പരുവപ്പെടുത്തിയാല്‍ തന്നെ കുറെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും.
മാനസികപ്രശ്നം സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നതല്ലെങ്കില്‍ സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ സമീപിക്കണം.
ചിന്തിച്ചുണ്ടാക്കുന്ന സ്ട്രസ്സ്
നമ്മള് ചിന്തിച്ചുചിന്തിച്ച് പരുവപ്പെടുത്തിയെടുക്കുന്നതാണ് പലപ്പോഴും സ്ട്രസ്സ്. വിട്ടുകളയാവുന്ന ചെറിയ കാര്യങ്ങള്‍ മനസ്സിലേക്കെടുത്ത് പ്രശ്നങ്ങളാക്കും. ചായയ്ക്ക് മധുരമില്ലെന്നുപറഞ്ഞ് വീട്ടില്‍ പൊട്ടിത്തെറിക്കുന്നയാളുകള്ക്ക് ബി.പി. വന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ. റോഡില്‍ മറ്റൊരാള്‍ നമ്മുടെ വണ്ടിയില്‍ ചെറുതായൊന്ന് ഉരസിയാല്‍ മതി, ദേഷ്യമുണ്ടാക്കുന്ന ചിന്തകള്‍ മനസ്സിലേക്ക് ഇരച്ചുകയറും. റോഡിലിറങ്ങി അവരോട് യുദ്ധം പ്രഖ്യാപിക്കും.
ദേഷ്യപ്പെടും മുന്‍പ് ഇത്രയും വലിയൊരു പ്രശ്നമാണോ അതെന്ന് വെറുതേയൊന്ന് ചിന്തിക്കുക. മനസ്സ് ശാന്തമാക്കാന്‍ നോക്കുക. വലിയ പ്രതിസന്ധികളില്‍ സമ്മര്‍ദം ഒരുപക്ഷേ, നമുക്ക് നിയന്ത്രിക്കാനായേക്കില്ല.
പക്ഷേ, നിസ്സാരകാര്യങ്ങളില്‍ മനസ്സിനെ നിയന്ത്രിച്ച് മുന്നോട്ടുപോവാം...
സ്വസ്ഥമായ മനസ്സുള്ളവര്‍ മനഃശാന്തിയുടെ പ്രാധാന്യമറിയുന്നവരാണ്. അവര്‍ മറ്റൊരാള്‍ക്ക് സമ്മര്‍ദമുണ്ടാക്കാന്‍ ശ്രമിക്കില്ല.
കടപ്പാട്
$ഡോ. ബിജയ് രാജ്
സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഫാമിലി മെഡിസിന്, സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ & ഇഖ്റ കമ്മ്യൂണിറ്റി ക്ലിനിക് (പാലാഴി)
$നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്
Content Highlights: bad driving habits causes anxiety and depression
Published: 07 Aug 2023, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented