2020-ലാണ് മുംബൈയിൽ ഗായകൻ കിഷോർ കുമാറിന്റെ ഉടമസ്ഥതയിലുള്ള 'ഗൗരികുഞ്ജ്' എന്ന ബംഗ്ലാവ് ക്രിക്കറ്റ് താരം വിരാട് കോലി വാങ്ങുന്നത്. അതെന്തിനെന്ന് അദ്ഭുതപ്പെട്ടവർക്കുമുന്നിലേക്കാണ് പുതിയ ഹോട്ടലുമായി 2022-ൽ വിരാട് എത്തിയത്. ഇപ്പോഴിതാ ഈ ഹോട്ടലിലെ വ്യത്യസ്തമായ മെനുവും അതിന്റെ വിലയും ചർച്ചയാവുകയാണ്.
ഇവിടെ പീറ്റാ ബ്രെഡിന് 118 രൂപയാണ്, ട്രഫിൾ എഡാമാമെ ഫ്രൈഡ് റൈസിന് 548 രൂപയും. പെരി പെരി ഫ്രൈസിന് 348 രൂപയും ട്രഫിൾ ഫ്രൈസിന് 448 രൂപയുമാണ് വില. ഗാർലിക് ബ്രെഡിന് 218 രൂപ, ചീസ് ഗാർലിക് ബ്രെഡിന് 348 എന്നിങ്ങനെയാണ് വില. 98 രൂപയ്ക്ക് മലബാർ പറാത്തയും ലഭിക്കും.
വളർത്തുമൃഗങ്ങൾക്കും ഇവിടെ ഒരിടമുണ്ടെന്നതാണ് പ്രത്യേകത. അവയ്ക്കുള്ള ഭക്ഷണത്തിന് 518 മുതൽ 818 രൂപ വരെയാണ് വില.
കോലിക്ക് സസ്യഭക്ഷണത്തോടാണ് താത്പര്യമെങ്കിലും, ഇവിടെ സസ്യേതരഭക്ഷണങ്ങളുടെ നീണ്ട നിര തന്നെ രുചിക്കാനുള്ള അവസരമുണ്ട്. 'വിരാട്‌സ് ഫേവറിറ്റ്' എന്ന പേരിൽ ടോഫു സ്റ്റീക്ക്, മഷ്‌റൂം ഡംബ്ലിങ്, സൂപ്പർഫുഡ് സലാഡ് തുടങ്ങിയവയുമുണ്ട്.
ഗായകൻ കിഷോർ കുമാറിനോട് ഏറെ ബഹുമാനവും ഇഷ്ടവുമുള്ളയാളാണ് വിരാട്. ആ ഇഷ്ടംകൊണ്ടുതന്നെയാണ് കിഷോർ കുമാറിന്റെ ബംഗ്ലാവ് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറയുന്നു. ''ഇത് കിഷോർ കുമാറിനുള്ള ആദരവ് കൂടിയാണ്''. ബംഗ്ലാവിന്റെ പാരമ്പര്യം മായ്ച്ചുകളയുന്നതിനുപകരം അത് നിലനിർത്തിക്കൊണ്ടുതന്നെ ഭക്ഷണം കഴിക്കാൻ ഒരു സ്‌പേസ് ഉണ്ടാക്കുകയായിരുന്നു.
''അദ്ദേഹത്തിന്റെ ഗാനങ്ങൾ എന്നെ വൈകാരികമായി ഏറെ സ്പർശിച്ചിട്ടുണ്ട്. കഴിഞ്ഞുപോയ കാലത്തുനിന്ന് ആരെയെങ്കിലും കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നത് കിഷോർ ദായെ ആണ്. അത്രയും ആകർഷകമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ഞാനൊരുപാട് കേട്ടിട്ടുണ്ട്'', വിരാട് പറയുന്നു.
കോലിയുടെ ജേഴ്‌സി നമ്പറായ 18 റസ്റ്റോറന്റിനുള്ളിലെ ചുവരിൽ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചതും കാണാം. വളരെ മനോഹരമായിട്ടാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിട്ടുള്ളത്. സൂര്യപ്രകാശം ഉള്ളിലേക്ക് കടക്കുന്ന രീതിയിലുള്ള ഗ്ലാസിന്റെ മേൽക്കൂരയാണ് ഇവിടുത്തേത്. സമൂഹത്തിലുള്ള എല്ലാവർക്കും സ്വാഗതം എന്ന അർത്ഥത്തിലാണ് വൺ8 കമ്മ്യൂൺ എന്ന് പേരിട്ടതെന്നും കോലി പറയുന്നു.
സ്‌പോർട്‌സ് വെയർ ശൃംഖല എന്ന നിലയിൽ 2018-ലാണ് വിരാട്, വൺ8 കമ്മ്യൂൺ തുടങ്ങിയത്. വിരാടിന്റെ ജേഴ്‌സി നമ്പറായ 18-ൽനിന്നാണ് 'വൺ8'ന്റെ കടന്നുവരവ്. വസ്ത്രശൃംഖലയിൽനിന്ന് മൂന്നുവർഷത്തിനുള്ളിൽ ഹോട്ടൽമേഖലയിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. ആദ്യത്തെ വൺ8 കമ്മ്യൂൺ ഹോട്ടൽ തുടങ്ങിയത് ന്യൂഡൽഹിയിലാണ്. പിന്നാലെ കൊൽക്കത്തയിലും. ഇന്ന് ജയ്പൂർ, ഡൽഹി, ഗോവ, ബംഗളൂരു, ഗുഡ്ഗാവ് എന്നീ സ്ഥലങ്ങളിലേക്കുമെത്തി. ഏറ്റവും അവസാനം മുംബൈയിലും. ഹോട്ടൽ ശൃംഖലയുടെ പ്രവർത്തനങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് വിരാടിന്റെ ബാല്യകാലസുഹൃത്തായ വർത്തിക് തിഹാരയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore Virat Kohli`s hotel, a converted Kishore Kumar bungalow in Mumbai. Discover its unique menu, pet-friendly options, and connection to the legendary singer
Published: 01 Nov 2025, 04:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented