
പാമ്പുമായി മിസ്റ്റര്‍ ലാപ്, സ്നേക്ക് വൈൻ | ഫോട്ടോ: എൻ. ഗൗരി
വിയറ്റ്നാമിലെ ഹനോയിയില്നിന്ന് ഏഴു കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്നൊരു ഗ്രാമമുണ്ട്- ലെ മാറ്റ്. പുറമെ നിന്നു നോക്കുമ്പോള്‍ ശാന്തസുന്ദരമായൊരു ഗ്രാമം. വൈകുന്നേരം ആറു മണികഴിഞ്ഞാല്‍ സൊറ പറഞ്ഞിരിക്കുന്ന കുറച്ച് അപ്പൂപ്പന്മാര് ഒഴികെ അധികം ആരെയും പുറത്തു കാണാന്‍ സാധിക്കില്ല. പഞ്ചപാവംപോലെ തോന്നുന്ന ഈ ഗ്രാമം പുറംലോകത്തില്‍ മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്- Snake village അഥവാ പാമ്പുകളുടെ ഗ്രാമം. ഇവിടെയുള്ള മിക്ക വീടുകളിലും 'പാമ്പ് കൃഷി' ഉണ്ട്. മിക്ക വീടുകളിലും പലതരം പാമ്പുകളെ വളര്‍ത്തും. ഭക്ഷിക്കാനും, മരുന്നായും, ലഹരിയായുമെല്ലാം.
ഞാന്‍ വൈകുന്നേരം ഏകദേശം അഞ്ചു മണിയോടെ ലെ മാറ്റില്‍ എത്തി. മിസ്റ്റര്‍ ലാപ് എന്ന മനുഷ്യനുമായി ഫോണില്‍ നേരത്തെ സംസാരിച്ച പ്രകാരമാണ് അഞ്ചു മണിക്കെത്തിയത്. ലാപ് ആ ഗ്രാമത്തിലെ പ്രധാന പാമ്പു വളര്ത്തുകാരനാണ്. ലാപ് പറഞ്ഞ സ്ഥലത്ത് എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു. കണ്ട പാടെ ചോദിച്ചു, 'നിങ്ങള്‍ ഇന്ത്യന്‍ ആണോ?' 'അതേ!'
'ഇന്ത്യക്കാരികള്‍ വളരെ ചുരുക്കമാണ് ഈ ഗ്രാമത്തില്‍ വരുന്നത്. ആണ്‍കുട്ടികള്‍ വരാറുണ്ട്, പെണ്‍കുട്ടികളെ അധികം കണ്ടിട്ടില്ല.' ഞാന്‍ ഒന്നു ചിരിച്ചു.
'നിങ്ങള്‍ എത്ര വര്‍ഷമായി പാമ്പിനെ വളര്‍ത്തുന്നു?' 'ഞാന്‍ മൂന്നാം തലമുറക്കാരന് ആണ്. എന്റെ അമ്മയും മുത്തശ്ശനുമൊക്കെ ഈ തൊഴില്‍ ആണ് ചെയ്തിരുന്നത്. അന്നൊക്കെ മരത്തിലും മറ്റും പാമ്പുകള്‍ തൂങ്ങിക്കിടക്കുമായിരുന്നു. ഇന്നിപ്പോ പാമ്പുകളെ കിട്ടാന്‍ നല്ല ബുദ്ധിമുട്ടാണ്. 'എന്തുകൊണ്ടാണ് നിങ്ങളുടെ ഗ്രാമത്തിലുള്ളവര്‍ മാത്രം പാമ്പുവളര്‍ത്താല്‍ തൊഴിലായി സ്വീകരിച്ചത്?'
'ഞങ്ങള്‍ക്ക് കിട്ടിയ വരമാണത്. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടുത്തെ രാജകുമാരി ദുവോങ് നദി കടക്കുന്ന സമയം അവരെ ഒരു കൂറ്റന്‍ പാമ്പ് പിടികൂടി. ഹോ ആങ് എന്ന ഈ ഗ്രാമത്തിലെ ചെറുപ്പക്കാരന് പാമ്പിനെ വകവരുത്തി രാജകുമാരിയെ രക്ഷിച്ചു. പൊന്നും പണവുമെല്ലാം ഹോ ആങ്ങിന്റെ കാല്ക്കീഴില് വെച്ചെങ്കിലും അയാള്‍ ആകെ ആവശ്യപ്പെട്ടത് ഈ ഗ്രാമം ഞങ്ങള്‍ക്കെല്ലാവര്‍ക്കും തീറെഴുതി തരണമെന്നാണ്. മകളെ തിരികെ നല്കിയ രാജാവ് സന്തോഷത്തോടെ ഞങ്ങളുടെ പൂര്വികള്ക്ക് ഈ ഭൂമി നല്കി. കുറച്ചു മുന്നോട്ട് നടന്നാല്‍ ഹോ ആങ്ങിന്റെ അമ്പലം കാണാം. എന്നാല്‍ ഈ ഭൂമി കൈയ്യില്‍ കിട്ടിയ കാലം മുതല്ക്കേ ഇവിടെ നിറയെ പാമ്പുകളാണ്. പാമ്പുകളുടെ ഓരോ ഭാഗത്തിനും ഓരോ ഉപയോഗം ഉണ്ട്. അതൊക്കെ ഞങ്ങളുടെ പൂര്‍വികര്‍ കണ്ടെത്തി ഞങ്ങള്‍ക്ക് പറഞ്ഞ് തന്നു.'
കഥയൊക്കെ പറഞ്ഞു ഞങ്ങള്‍ ഒടുവില്‍ ലാപ്പിന്റെ വീടിന്റെ മുന്നിലെത്തി. ചുറ്റോട് ചുറ്റും പാമ്പുകളാണ്. ചിലത് ചില്ലുകൂടുകളില്‍, ചിലത് വീപ്പകളില്‍, ചിലത് കുടങ്ങളില്‍. വലതുവശത്തായി ഒരു മുറിയില്‍ നിറയെ കുപ്പികള്‍ നിരത്തി വെച്ചിരിക്കുന്നു. കുപ്പിക്കുള്ളിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിലും പാമ്പ്. വിയറ്റ്നാമിലെ അതിപ്രശസ്തമായ 'Snake wine'. ആദ്യം നെല്ലില്‍ നിന്ന് വൈന്‍ ഉണ്ടാക്കും. ഇതിലേക്ക് മാസങ്ങളോളും വര്‍ഷങ്ങളോളും പാമ്പിനെ ഇട്ടുവെക്കും. കൂടുതല്‍ ഇരിക്കുംതോറും വീര്യം കൂടും. നാല്പത് മുതല്‍ അന്‍പത് ശതമാനം ആണ് സ്നേക്ക് വൈനിന്റെ ആല്‍ക്കഹോള്‍ വീര്യം. ആയുസ്സും ആരോഗ്യവും കൂട്ടാനും ശരീരവേദനയും വാതവുമൊക്കെ മാറാനും അത്യുത്തമം ആണത്രെ ഈ മദ്യം. കുപ്പികള്‍ അടുക്കിപ്പെറുക്കി വെക്കുന്നത് ലാപ്പിന്റെ അമ്മയാണ്. 'അമ്മക്ക് 90 വയസ്സ് കഴിഞ്ഞു.' ഞാന്‍ ഒന്നു ഞെട്ടി! അവരെ കണ്ടാല്‍ കൂടിപ്പോയാല്‍ എഴുപത്, അതിനപ്പുറം പറയില്ല.
'അമ്മ എന്നും ഒരു അറുപത് മില്ലി വൈന്‍ കുടിക്കും. അതാ ഈ ആരോഗ്യം. എന്നെ കണ്ടാല്‍ എത്ര പ്രായം തോന്നും!?' ലാപ് ചോദിച്ചു.
'കൂടിപ്പോയാല്‍ ഒരു അന്‍പത്.'
'എനിക്ക് 68 കഴിഞ്ഞു.' എനിക്ക് വിശ്വസിക്കാനായില്ല.
'പാമ്പിന്റെ ഇറച്ചിക്കും ഈ വൈനിനുമൊക്കെ അത്ഭുതസിദ്ധികള്‍ ഉണ്ട്. ഞാന്‍ ഒരു കൂട്ടം കാണിക്കാം.' അയാള്‍ അകത്തേക്ക് പോയി, തിരിച്ച് ഒരു ചെറിയ കുപ്പിയുമായി വന്നു.
'ഇതൊന്നു നോക്കു.' ഞാന്‍ കൈയ്യിലേക്ക് അല്പം എടുത്തു. നമ്മുടെ വിക്സും വാസ്ലീനും ഒക്കെ പോലെയിരിക്കും കാണാന്‍. വല്ലാത്ത ഒരു നാറ്റം. 'പാമ്പിന്റെ കൊഴുപ്പാണിത്. ഇത് പൊള്ളലിന്റെ മുകളില്‍ പുരട്ടിയാല്‍ രണ്ട് ദിവസം കൊണ്ട് പാടുകള്‍ പോകും.' അപ്പോഴേക്കും ലാപ്പിന്റെ അമ്മ ചെറിയൊരു ഷോട്ട് ഗ്ലാസില്‍ വൈന്‍ പകര്‍ന്നു. ഞാന്‍ കുടിക്കാറില്ലെന്ന് പറഞ്ഞപ്പോള്‍, കുടിക്കേണ്ട. സ്വാദു നോക്കൂ എന്നായി അവര്‍. ഷോട്ട് ഗ്ലാസിലേക്ക് പകര്ന്നതത്രയും ഞാന്‍ തിരിച്ചൊഴിച്ചു. അറ്റത്തൊരല്പം മാറ്റിവെച്ചു. മെല്ലെ ഒന്നു മണത്തു. മൂക്ക് കരിഞ്ഞു പോകുന്ന വീര്യം! മെല്ലെ ഒരിറ്റ് വൈന്‍ സേവിച്ചു. തൊണ്ട തരിച്ചു! തൊട്ടടുത്തു കണ്ട ചോക്ലേറ്റ് ഉടനെ കഴിച്ചു. ലാപ്പിന്റെ അമ്മ ചിരിച്ചു കൊണ്ട് ഇതൊക്കെ കാണുന്നുണ്ടായിരുന്നു.
'നിങ്ങള്‍ക്ക് പാമ്പിന്റെ ഇറച്ചി കഴിക്കണോ?' ലാപ് ചോദിച്ചു. 'പാകം ചെയ്തതാണോ?' ഞാന്‍ തിരിച്ചു ചോദിച്ചു. 'അല്ല, ഞങ്ങള്‍ അങ്ങനെ സൂക്ഷിക്കാറില്ല. ചൂടുപോകാത്ത ഇറച്ചിക്കാണ് സ്വാദ്. നിങ്ങളുടെ മുന്നില്‍ വെച്ചുതന്നെ കൊല്ലും. ശേഷം തുടിക്കുന്ന ഹൃദയം രക്തവും ചേര്‍ത്ത് ഒരു ഷോട്ട് ഗ്ലാസില്‍ തരും. ഒറ്റവലിക്ക് കുടിച്ചാല്‍ മതി.'
'ഞാന്‍ ആദ്യം പാമ്പുകളെയെല്ലാം കാണട്ടെ. എന്നിട്ട് പറയാം’ എന്നായി ഞാന്‍. ലാപ് പാമ്പുകളെ ഓരോന്നായി പുറത്തെടുത്തു. തണുപ്പായതുകൊണ്ട് പലരും ഉറക്കത്തിലാണ്. ചിലരൊക്കെ ഉറക്കത്തിനു ഭംഗം വരുത്തിയതിന് പത്തി വിടര്‍ത്തി ലാപ്പിനെ നോക്കി ചീറ്റി! ഈ സസുഖം ഉറങ്ങുന്ന പാമ്പുകളില്‍ ഒരെണ്ണത്തിന്റെ ജീവന് ഞാന്‍ ഒരൊറ്റ ഒരാള്‍ കാരണം ഹനിക്കപ്പെടുന്നതോര്ത്തപ്പോള് എന്തുകൊണ്ടോ മനസ്സു വന്നില്ല. പിന്നെ മിടിക്കുന്ന ഹൃദയം അങ്ങനെ ഒറ്റവലിക്ക് ചോര സമം ചേര്‍ത്ത് കുടിക്കാനുള്ള കരളുറപ്പുമില്ലെന്ന് കൂട്ടിക്കോ!
'എനിക്ക് മാംസം കഴിക്കേണ്ട ലാപ്.' ഞാന്‍ പറഞ്ഞു. 'ഞാന്‍ നിര്ബന്ധിക്കില്ല. പൊതുവെ പുറംനാട്ടുകാര്‍ക്ക് പലര്‍ക്കും അറപ്പാണ് ഇതൊക്കെ.'
'അയ്യോ! അറപ്പുകൊണ്ടാണെന്ന് ഒരിക്കലും കരുതല്ലേ! ഞാന്‍ കാരണം ഇന്നൊരു ജീവന് പോകണ്ട എന്നൊരു തോന്നല്‍. ഒറ്റക്ക് ഞാന്‍ എത്ര കഴിച്ചു തീര്‍ക്കാനാ! വെറുതെ ഒന്നു രണ്ട് കഷ്ണം കഴിക്കാന്‍ ഒരു ജീവനെടുക്കേണ്ട.' 'അത് ശരിയാണ്. പൊതുവെ മൂന്നോ നാലോ പേര് ചേര്‍ന്നാണ് ഒരു പാമ്പിനെ കഴിച്ചു തീര്‍ക്കുന്നത്.'
ഞാനും ലാപ്പും പിന്നെയും ഒരുപാടു നേരം സംസാരിച്ചിരുന്നു. മറ്റു പല ജോലികള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും കറങ്ങിത്തിരിഞ്ഞ് പൂര്‍വികര്‍ ചെയ്തിരുന്ന തൊഴിലില്‍തന്നെ വന്നു പെട്ട കഥയൊക്കെ ലാപ് പറഞ്ഞു. 'ഈ ഗ്രാമത്തിലെ മിക്ക വീടുകളിലും ആരെങ്കിലും ഒരാള്‍ ഈ കുലത്തൊഴിൽ ചെയ്തിരിക്കും. എന്റെ രണ്ടാണ്മക്കള്ക്കും ഈ തൊഴില്‍ ഇഷ്ടമല്ല. പക്ഷെ എനിക്കുറപ്പാണ്. എന്റെ കാലം കഴിയുന്നതിനു മുന്‍പ് ഇവരില്‍ ആരെങ്കിലും ഈ തൊഴിലിലേക്ക് മടങ്ങിവരും.' ഒരു നെടുവീര്‍പ്പോടെ ലാപ് പറഞ്ഞ് നിര്‍ത്തി. പെട്ടെന്ന് വിഷയം മാറ്റി ലാപ് ചോദിച്ചു,
'എന്റെ ഇംഗ്ലീഷ് നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടല്ലേ? കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ ചേര്‍ന്നു. അങ്ങനെയാ ഞാന്‍ മുറി ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയത്. ഇവിടെ കൂടുതലും വരുന്നത് വെള്ളക്കാരാണ്. അവരോട് സംസാരിക്കണമെങ്കില്‍ അല്പം ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന് തോന്നി. ഇടനിലക്കാര്‍ പറ്റിക്കുന്നുണ്ടെന്നൊരു തോന്നല്‍.' 'എന്തുകൊണ്ടും നന്നായി ലാപ്. അതുകൊണ്ടല്ലേ നമുക്കിങ്ങനെ സംസാരിക്കാന്‍ സാധിച്ചത്.' ലാപ് അപ്പോഴേക്കും വീഡിയോകോളില്‍ ഭാര്യയെ വിളിച്ചു.അവര്‍ അവരുടെ ഗ്രാമത്തിലെ ഉത്സവത്തിന് പോയിരിക്കുകയാണ്. ഒരു പാവം സ്ത്രീ. ചിരിച്ചു കൊണ്ട് സംസാരിച്ചു. ഞങ്ങള്‍ക്കിടയില്‍ പരിഭാഷകനായി ലാപ്പും. ഇറങ്ങാന്‍ സമയമായപ്പോള്‍ ഞാന്‍ ലാപ്പിന്റെ കൈ അമര്‍ത്തി പിടിച്ചു. എന്തോ ഒരു വല്ലാത്ത ആത്മബന്ധം ആ മനുഷ്യനോട് തോന്നിയിരുന്നു അപ്പോഴേക്കും. പലപ്പോഴും ആ പ്രായത്തിലുള്ള മനുഷ്യരില്‍ ഞാന്‍ എവിടെയൊക്കെയോ എന്റെ അച്ഛന്റെ നിഴല്‍ കാണാറുണ്ട്. അടുത്ത വട്ടം ഭര്‍ത്താവുമായി അവിടെ വന്നിരിക്കും എന്നുറപ്പു നല്കി ഞാന്‍ അവിടുന്നിറങ്ങി- ലാപ്പിന്റെ വീട്ടില്‍ നിന്നും, പാമ്പുകളുടെ നാട്ടില്‍നിന്നും.
Content Highlights: Discover Le Mat, Vietnam`s famous Snake Village. Learn about snake farming, snake wine, and the unique culture of this fascinating community near Hanoi. A must-visit for adventurous travelers.
Published: 20 Nov 2025, 11:35 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented