ആത്മാവിനെ തഴുകിയുണര്‍ത്തുന്ന സംഗീതംപോലെയാണ്, മെഡിറ്ററേനിയന്‍ ഭൂപ്രകൃതിയുടെ സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന സ്‌പെയിനിലെ മല്ലോര്‍ക്ക. കല്ലുകൊണ്ടുള്ള പൗരാണിക കെട്ടിടങ്ങളും നീലനിറത്തില്‍ സ്ഫടികസമാനമായ തെളിമയോടുകൂടിയ സുന്ദരബീച്ചുകളും മുക്കുവഗ്രാമങ്ങളും പാറക്കെട്ടുകളില്‍ പണിതുയര്‍ത്തിയിരിക്കുന്ന വില്ലകളുമൊക്കെ മല്ലോര്‍ക്കയുടെ ചാരുതകൂട്ടുന്നു. ബാലെറിക് ദ്വീപസമൂഹത്തിന്റെ ഭാഗമാണ് മല്ലോര്‍ക്ക. ജര്‍മനിയില്‍നിന്നും ഇംഗ്ലണ്ടില്‍നിന്നും എത്തുന്ന സഞ്ചാരികളാണ് അധികവും. അതിശൈത്യമോ കൊടുംചൂടോ ഇല്ലാത്ത മെഡിറ്ററേനിയന്‍ കാലാവസ്ഥയാണ് വിനോദസഞ്ചാരികളെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്. ജര്‍മനിയില്‍നിന്നായിരുന്നു ഞങ്ങളുടെ യാത്രയാരംഭിച്ചത്. ഡുസ്സല്‍ഡോര്‍ഫ് എയര്‍പോര്‍ട്ടില്‍നിന്ന് മല്ലോര്‍ക്കയുടെ തലസ്ഥാനമായ പല്‍മയിലേക്ക്.

To advertise here,

യൂറോപ്പില്‍നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തുന്നവരുടെ തിരക്കായിരുന്നു പല്‍മ എയര്‍പോര്‍ട്ടില്‍ നിറയെ. മല്ലോര്‍ക്ക, എയ്പിസാ, മിനോര്‍ക്ക, ഫോര്‍മെന്ററ എന്നീ നാലു ദ്വീപുകളാണ് ബാലെറിക് ദ്വീപസമൂഹത്തിലുള്ളത്. അതില്‍ ഏറ്റവും വലിയ ദ്വീപാണ് മല്ലോര്‍ക്ക. സ്പാനിഷ് രാജകുടുംബാംഗങ്ങള്‍ അവധിക്കാലം ചെലവഴിക്കുന്നത് മല്ലോര്‍ക്കയിലാണ്. മാരിവെന്റ് പാലസ് എന്നറിയപ്പെടുന്ന കൊട്ടാരമാണ് സ്പാനിഷ് രാജവംശത്തിന്റെ വേനല്‍ക്കാലവസതി. 

കാലഡോര്‍ ഗ്രാമത്തിലായിരുന്നു ഞങ്ങള്‍ താമസിക്കാനായി തിരഞ്ഞെടുത്ത റിസോര്‍ട്ട്. ബീച്ചുകളാലും തടാകങ്ങളാലും ചുറ്റപ്പെട്ട മനോഹരമായ ഒരു ഗ്രാമമാണിത്. പല്‍മയില്‍നിന്ന് ടൂര്‍ ഓപ്പറേറ്റിങ് കമ്പനിയുടെ ബസ്സിലാണ് കാലഡോറിലേക്ക് യാത്രയായത്. പൗരാണിക സ്പാനിഷ് വാസ്തുവിദ്യയുടെ അടയാളങ്ങള്‍ രേഖപ്പെടുത്തുന്ന വീടുകളും കെട്ടിടങ്ങളും വഴിനിറയെ കാണാം. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കല്ലുകൊണ്ട് നിര്‍മിച്ച വീടുകള്‍ പ്രത്യേക കാഴ്ചതന്നെയാണ്. ക്ലബ് കാലിമെറാ എസ് തലെയ്ല്‍ എന്ന റിസോര്‍ട്ടിലായിരുന്നു താമസം. ജര്‍മന്‍കാരാണ് റിസോര്‍ട്ടില്‍ കൂടുതലായുള്ളത്. മികച്ച സ്വിമ്മിങ് പൂളുകള്‍, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലങ്ങള്‍, മതിവരുവോളം ഭക്ഷണം,  ഷാന്‍ഗ്രിലാ എന്നറിയപ്പെടുന്ന സ്പാനിഷ് വൈന്‍ തുടങ്ങിയവകൊണ്ടൊക്കെ സമൃദ്ധം. ഇരുനൂറ്റിയമ്പതിലധികം സഞ്ചാരികളുണ്ടായിട്ടും ഒരു സെക്യൂരിറ്റി ഗാര്‍ഡ് പോലും അവിടെങ്ങുമുണ്ടായിരുന്നില്ല. 
 

നിരവധി ബീച്ചുകള്‍ കാലഡോറിലുണ്ട്. പകല്‍സമയങ്ങളില്‍ ബീച്ചിലോ സ്വിമ്മിങ് പൂളിലോ ആയിരിക്കും സഞ്ചാരികളിലധികവും. രാത്രിയില്‍ റിസോര്‍ട്ടിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന പരിപാടികളുണ്ടാകും. കടല്‍ക്കൊള്ളക്കാരുടെയും നാവികരുടെയും വീരസാഹസികകഥകളൊക്കെ പാട്ടിലും നൃത്തത്തിലും നാടകത്തിലുമൊക്കെ കടന്നുവരും. സഞ്ചാരികളുടെ ഒപ്പമുള്ള കുട്ടികള്‍ക്കും കലാപരിപാടികളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. 

പോര്‍ട്ടോകോം എന്ന മുക്കുവഗ്രാമം കാലഡോറിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന വിസ്മയമാണ്. കാലഡോറില്‍നിന്ന് പോര്‍ട്ടോകോമിലേക്ക് ബോട്ടില്‍ പോകാനാകും. സ്റ്റാര്‍ഫിഷ് എന്ന ബോട്ടിലായിരുന്നു ഞങ്ങളുടെ യാത്ര. പോകുന്നവഴി കടലിനുനടുവില്‍ ബോട്ടുനിര്‍ത്തി ഗ്ലൈഡറിലൂടെ കുളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഗ്ലാസ് ബോട്ടായതിനാല്‍ കടലിനടിയിലെ കാഴ്ചകളും കാണാം. മത്സ്യങ്ങളും ജെല്ലിഫിഷുമൊക്കെ ഒഴുകിനീങ്ങുന്ന കാഴ്ച മനോഹരമാണ്.

ഗ്ലൈഡറിലൂടെ കടലിലിറങ്ങി നീന്താന്‍ തീരുമാനിച്ചു. വെള്ളത്തിനടിയിലെ കാഴ്ചകള്‍ ഷൂട്ട് ചെയ്യാനായി ഒരുകൈയില്‍ ക്യാമറയും പിടിച്ചാണ് ചാടിയത്. കുറച്ചുനേരം നീന്തിക്കഴിഞ്ഞപ്പോള്‍ എന്തോ കൈയില്‍ കുത്തിയതുപോലെ. നീന്തി ബോട്ടില്‍ കയറി. ജെല്ലി ഫിഷിന്റെ ആക്രമണമാണ്. വിഷകാരിയാണ് ജെല്ലി ഫിഷ്. ബോട്ടിലെ ജോലിക്കാര്‍ എന്തോ ക്രീം കൈയില്‍ പുരട്ടി. സാഹസികത ഒഴിവാക്കാന്‍ തോന്നിയില്ല. തെളിഞ്ഞ വെള്ളമായതിനാല്‍ അവയുടെ സാമീപ്യം മുകളില്‍നിന്ന് കാണാന്‍ കഴിയും. ജെല്ലി ഫിഷ് ഇല്ലാത്ത ഭാഗത്ത് നീന്താന്‍ തുടങ്ങി. ജെല്ലി ഫിഷിന്റെ ആക്രമണമുണ്ടായെങ്കിലും കടലിനുനടുവില്‍ ബോട്ട് നിര്‍ത്തിയുള്ള നീന്തല്‍ നവ്യാനുഭവമായിരുന്നു.

മല്ലോര്‍ക്കയിലെ മറ്റൊരു പ്രത്യേകതയാണ് ന്യൂഡ് ബീച്ചുകള്‍. പ്ലായാ ഡെല്‍മാഗോ ഇത്തരത്തില്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നൂഡ് ബീച്ചുകളിലൊന്നാണ്. പൂര്‍ണനഗ്‌നരായാണ് ഇവിടെ സഞ്ചാരികള്‍ കുളിക്കുന്നതും വാട്ടര്‍ സ്‌പോര്‍ട്സില്‍ ഏര്‍പ്പെടുന്നതുമെല്ലാം. നഗ്‌നത സ്‌പെയിനില്‍ കുറ്റകരമല്ല. നാച്വറിസ്റ്റുകള്‍ എന്നറിയപ്പെടുന്ന സഞ്ചാരികള്‍ യൂറോപ്പില്‍നിന്നും മറ്റും ഇത്തരം ബീച്ചുകള്‍ തേടി സ്‌പെയിനിലേക്കെത്താറുണ്ട്. നേച്ചറിസം എന്നത് ജര്‍മനിയിലാരംഭിച്ച ഒരു സാംസ്‌കാരിക-രാഷ്ട്രീയ പ്രസ്ഥാനമാണ്. പ്രകൃതിയോടിണങ്ങി ജീവിക്കാനും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കാനും വ്യത്യസ്ത കാഴ്ചപ്പാടുകളെ അംഗീകരിക്കാനുമുള്ള ഒരു സാമൂഹികപ്രസ്ഥാനമാണിത്. നിരവധി സെമി നൂഡ് ബീച്ചുകളും മല്ലോര്‍ക്കയിലുണ്ട്. 

ഉല്ലാസനൗകകള്‍ നിരനിരയായി കിടക്കുന്ന പോര്‍ട്ട് ഡി കാലഡോറിന്റെ മായക്കാഴ്ചകള്‍ ഓരോ സഞ്ചാരിയുടെയും മനം നിറയ്ക്കുന്നു. ഒരു മിനി റോഡ് ട്രെയിനില്‍ സഞ്ചാരികള്‍ക്ക് ഈ പ്രദേശത്ത് കാഴ്ചകളാസ്വദിക്കാം. അല്ലെങ്കില്‍, തിരക്കുകുറഞ്ഞ കാല്‍നടയാത്രികര്‍ക്കായുള്ള പാതയിലൂടെ യാനങ്ങളുടെ സൗന്ദര്യമാസ്വദിച്ചുകൊണ്ട് നടക്കാം. മെഡിറ്ററേനിയന്‍ വാസ്തുവിദ്യയുടെ ഭംഗി വിളിച്ചോതുന്നതരത്തില്‍ വെള്ളനിറത്തിലുള്ള പെയിന്റുപയോഗിച്ചാണ് മിക്കവാറും കെട്ടിടങ്ങള്‍ ഭംഗിയാക്കിയിട്ടുള്ളത്.