കാടിന്റെ രാജാവാണ് സിംഹം. ലയണ്‍ കിങ് എന്നാണ് വിളിപ്പേര്. എന്നാല്‍ ഈ കാല്‍പ്പനികതകള്‍ക്കപ്പുറം നഗ്നമായ യാഥാര്‍ഥ്യമുണ്ട്. ഒരൊറ്റ പകര്‍ച്ചവ്യാധി മതി സുന്ദരന്‍മാരായ ഏഷ്യന്‍ സിംഹങ്ങളുടെ വംശം വേരറ്റു പോവാന്‍. ലോകത്ത് ഏഷ്യന്‍ സിഹങ്ങളുടെ ഏക അധിവാസകേന്ദ്രം ഗുജറാത്തിലെ ഗിര്‍ വനമാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് വൃദ്ധരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എഴുന്നൂറില്‍ താഴെ സിംഹങ്ങളെ അവിടെയുള്ളൂ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 555 സിംഹങ്ങള്‍ മരിച്ചുപോയിട്ടുണ്ട്. കാര്യങ്ങള്‍ വ്യക്തമാണ്. കാട്ടിലെ രാജാവ് വംശനാശ ഭീഷണി നേരിടുകയാണ്.
വംശനാശഭീഷണി നേരിടുന്ന കാനനരാജാക്കന്‍മാരുടെ സംരക്ഷണത്തിനായി വനപാലകരുടെ വലിയൊരു സംഘമുണ്ട് ഗിര്‍ നാഷണല്‍ പാര്‍ക്കില്‍. അവര്‍ക്കുപുറമെ ജന്തുസ്‌നേഹികളുടെ സന്നദ്ധസംഘടനകളും വ്യക്തികളുമെല്ലാം ഇതിനായി പ്രവര്‍ത്തിക്കുന്നു. പക്ഷെ ഒരു പ്രകൃതിക്ഷോഭമോ പകര്‍ച്ചവ്യാധിയോ മതി ഈ സിംഹങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴാന്‍. അങ്ങനെ സംഭവിച്ചാല്‍ ഏഷ്യന്‍ സിംഹമെന്ന ജന്തുവിഭാഗം തന്നെ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായെന്നു വരും.

2020-ല്‍ നടത്തിയ സെന്‍സസിലാണ് ഗിറിലെ സിംഹങ്ങളുടെ എണ്ണം 674 എന്ന് തിട്ടപ്പെടുത്തിയത്. ഗുജറാത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ജുനാഗഡ് ജില്ലയില്‍ 1412 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖലയാണ് ഗിര്‍. മുമ്പ് ജുനാഗഡ് സുല്‍ത്താന്‍മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഈ പ്രദേശം. അന്ന് പോരാളികളായ സുല്‍ത്താന്‍മാര്‍ വേട്ടയാടി നടന്ന കാട്. പക്ഷെ ഇവിടുത്തെ സിംഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നെന്ന് തിരിച്ചറിഞ്ഞ നവാബ് മുഹമ്മദ് റസൂല്‍ ഖാഞ്ചി ബാബിയാണ് ഇവിടെ സിംഹവേട്ട നിരോധിച്ചത്. ആ സമയത്ത് ഇവിടെ വെറും പതിമൂന്ന് സിംഹങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
1900-ല്‍ സംരക്ഷിതവനമായി പ്രഖ്യാപിച്ചു. 1965-ല്‍ ദേശീയോദ്യാനമായി മാറിയതോടെ സിംഹങ്ങളുടെ സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. വനപാലകരുടേയും സന്നദ്ധസംഘങ്ങളുടേയും അശ്രാന്തപരിശ്രമം കാരണം സിംഹങ്ങളുടെ എണ്ണം കൂടിവന്നു. 2010-ല്‍ 411 സിംഹങ്ങളാണുണ്ടായിരുന്നത്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഇരുന്നൂറിലധികം പുതിയ സിംഹകുഞ്ഞുങ്ങള്‍ ജനിച്ചു. സിംഹസമൂഹത്തിലെ യുവതലമുറയുടെ ആധിക്യം ശുഭസൂചനയാണ്.

എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ചവ്യാധി കാരണം ഈ സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടു തന്നെ സുപ്രീം കോടതി, ഗിര്‍ വനത്തിലെ ഏഷ്യന്‍ സിംഹങ്ങളില്‍ കുറച്ചെണ്ണത്തെയെങ്കിലും മധ്യപ്രദേശിലെ കുനോ പാല്‍പൂര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തിലേയ്ക്ക് മാറ്റുവാന്‍ ഉത്തരവിട്ടിരുന്നു. ഇങ്ങനെ ചെയ്താല്‍ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സിംഹങ്ങള്‍ക്ക് കഴിയുമോയെന്ന് സംശയം നിലനില്‍ക്കുന്നു.
ഏഷ്യന്‍ സിംഹങ്ങളുടെ ഏക അധിവാസമേഖലയെന്ന പദവി ഗിറിന് നഷ്ടമാവുമെന്ന ആശങ്കയില്‍ ഇത്തരം നീക്കങ്ങളോട് ഗുജറാത്ത് സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ട്രെയിനിടിച്ചും ഇലക്ട്രിക് ഷോക്കേറ്റും കിണറുകളില്‍ വീണും സിംഹങ്ങള്‍ മരിച്ചുവീണിരുന്നു. ഇത്തരം അപകടസാധ്യതകള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള കഠിനപരിശ്രമം ഗുജറാത്തിലെ വന്യജീവി വകുപ്പിന്റേയും സന്നദ്ധസംഘങ്ങളുടേയും നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.
ഗിറില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ പോര്‍ബന്ദറിന് സമീപമുള്ള ബാര്‍ദ വനത്തില്‍ സിംഹങ്ങളെ അധിവസിപ്പിക്കുന്നതിനുള്ള ശ്രമവും നടക്കുന്നു. കഴിഞ്ഞവര്‍ഷം ഗിറില്‍ നിന്നുള്ള രണ്ട് വീതം ആണ്‍, പെണ്‍ സിംഹങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബാര്‍ദയില്‍ കൊണ്ടുപോയി വിട്ടു. അവിടെ സിംഹങ്ങള്‍ക്ക് അധിവസിക്കാനുള്ള സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ 'കുടിയേറ്റ പദ്ധതി' വിജയം കണ്ടാല്‍ ഏഷ്യന്‍ സിംഹങ്ങളുടെ സംരക്ഷണയത്‌നത്തില്‍ വലിയൊരു നാഴികക്കല്ലാവും ഇത്.
ഗുജറാത്തിന്റെ തലസ്ഥാനമായ അഹമദാബാദില്‍ നിന്ന് മുന്നൂറിലധികം കിലോമീറ്റര്‍ ദുരമുണ്ട് ഗിര്‍ വനത്തിലേക്ക്. സംരക്ഷിത വനമേഖലയുടെ കവാടത്തിലുള്ള ഗുജറാത്ത് വനംവകുപ്പിന്റെ ഓഫീസില്‍നിന്ന് ജംഗിള്‍ സഫാരിക്കുള്ള ടിക്കറ്റെടുത്തുവേണം അകത്തേക്ക് പ്രവേശിക്കാന്‍. ബസ്സിലും തുറന്ന ജീപ്പിലുമുള്ള യാത്രകളുണ്ട്. സിംഹങ്ങള്‍ കൂട്ടത്തോടെ ഇരിക്കുന്ന സ്ഥലങ്ങളിലേക്ക് നമ്മളെ കൊണ്ടുപോവും. സിംഹങ്ങള്‍ക്ക് പുറമെ പുള്ളിപ്പുലി, കാട്ടുപന്നി, സാംബര്‍, നാലുകൊമ്പുള്ള മാന്‍, ചിങ്കാരമാന്‍, ലംഗൂര്‍, മുള്ളന്‍പന്നി, മുയല്‍, കൃഷ്ണമൃഗം തുടങ്ങിയ മൃഗങ്ങളുടേയും മയില്‍ ഉള്‍പ്പെടെയുള്ള പക്ഷികളുടേയും ആവാസകേന്ദ്രമാണ് ഈ വനം. മുതല, ആമ തുടങ്ങിയ ഇരുപതിലധികം ഉരഗവര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്.

വഴിയില്‍ ഓരോരുത്തരെയായി കണ്ടുകൊണ്ടായിരുന്നു ഗിറിലേക്കുള്ള യാത്ര. നാല്‍പ്പതും അമ്പതും മാനുകളുള്ള വലിയ കൂട്ടങ്ങള്‍ പുല്ലുമേയുന്നു. അതിനിടയിലും അവ തലയുയര്‍ത്തി നാലുപാടും നോക്കുന്നു. ഇരതേടുന്ന സിംഹം പതുങ്ങിയെത്തുന്നത് എപ്പോഴെന്ന് പറയാനാവില്ല. ചെറിയ ശബ്ദമോ പരിചയമല്ലാത്ത കാഴ്ച്ചകളോ മതി അവ ഓടിമറയാന്‍. അതിനിടയില്‍ ചെറിയൊരു മയില്‍ക്കൂട്ടമെത്തി. അവിടെനിന്ന് അല്‍പമകലെ വലിയ മരത്തിനു മുകളില്‍ നിന്നു വലിയ കണ്ണുകള്‍ തുറിച്ചുനോക്കുന്നു. ലക്ഷണമൊത്തൊരു പുള്ളിപ്പുലി. വലിയ നാണക്കാരനാണ്. മനുഷ്യരെ കാണുമ്പോള്‍ ഇലകള്‍ക്കുള്ളിലേക്ക് ഒളിക്കാനാണ് ശ്രമം.
അല്‍പം മാറിയുള്ള പ്രദേശത്ത് രാജകീയശയനം. അഞ്ചു പേരുണ്ടവര്‍. ഞങ്ങളുടെ ജീപ്പ് തൊട്ടരികിലെത്തിയിട്ടും ഒരു കുലുക്കവുമില്ല. കുറച്ചുകൂടി അടുത്തേക്ക് ചെന്നപ്പോള്‍, ക്യാമറയുടെ ഫ്‌ളാഷ് മിന്നിയപ്പോള്‍ വേണ്ട എന്ന ഭാവത്തില്‍ തല ചെരിച്ചൊന്ന് നോക്കി. സിംഹങ്ങള്‍ക്ക് ഒന്നിനെയും ഭയമില്ല, അനാവാശ്യമായി ആരെയും ഭയപ്പെടുത്തുകയുമില്ല. അതാണ് കാട്ടുരാജാവിന്റെ കുലീനത. വയറുനിറച്ചു ഭക്ഷണം കഴിച്ചശേഷമുള്ള വിശ്രമമാണ്. ഏറെ നേരം ഞങ്ങളവിടെ തങ്ങിനിന്നു. അതിനിടയില്‍ ഒരു സിംഹിണി പതുക്കെ എഴുന്നേറ്റ് നടന്നുപോയി.

മൃഗശാലകളിലും മറ്റുമുള്ള സിംഹങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ലോകത്ത് അവശേഷിച്ചിരിക്കുന്ന ഏഷ്യന്‍ സിംഹങ്ങളുടെ വംശം ഗിറില്‍ മാത്രമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ഇറാനിലും പലസ്തീനിലും മെസോപൊട്ടാമിയയിലും ബംഗാള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുമെല്ലാം ഏഷ്യന്‍ സിംഹങ്ങളെ കണ്ടിരുന്നു. അവയ്‌ക്കെല്ലാം പിന്നീട് വര്‍ഗ്ഗനാശം സംഭവിച്ചു. അതുകൊണ്ടു തന്നെ പ്രകൃതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സമിതി(International Union for Conservation of Nature) ഗിറിലെ സിംഹങ്ങളെ അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ട ജന്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആഫ്രിക്കന്‍ സിംഹങ്ങളെ അപേക്ഷിച്ച് വലുപ്പം കുറഞ്ഞവയാണ് ഏഷ്യന്‍ സിംഹങ്ങള്‍. പുരുഷ കേസരിക്ക് 160 മുതല്‍ 190 വരെ കിലോഗ്രാം ഭാരം കാണും.
സാധാരണ വലിയ മൃഗങ്ങളെയാണ് സിംഹങ്ങള്‍ വേട്ടയാടുക. ഇരട്ടി ശരീരഭാരമുള്ള കാട്ടുപോത്തിനേയും മറ്റും സിംഹങ്ങള്‍ വേട്ടയാടി കൊന്നുതിന്നും. അങ്ങനെയുള്ള മൃഗങ്ങളെ കണ്ടെത്താനായില്ലെങ്കില്‍ മാത്രമേ രാജാവ് ചെറിയ മൃഗങ്ങള്‍ക്കു നേരെ തിരിയുകയുള്ളൂ. സിംഹങ്ങള്‍ക്ക് ഇരയാക്കാന്‍ പറ്റിയ മൃഗങ്ങളുടെ വന്‍തോതിയുള്ള സാന്നിധ്യം ഗിറിലുണ്ട്. അയ്യായിരത്തോളം കാട്ടുപന്നികളും മൂവായിരത്തോളം കാട്ടുപോത്തുകളും ഇവിടെയുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. പുള്ളിമാനുകളുടെ എണ്ണം അരലക്ഷത്തിലധികം വരും.

വനമേഖലയ്ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍നിന്നുള്ള കന്നുകാലികളെ സിംഹങ്ങള്‍ ഇരയാക്കുന്നത് നേരത്തെ സാധാരണമായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വനത്തിലെ മൃഗങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതോടെ ഇതിന് കുറവുവന്നിട്ടുണ്ട്. ഗിറിലെ സിംഹങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്നത് ഏറെ വിരളമാണ്. മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി ഇങ്ങനെയൊരു സംഭവമുണ്ടായത്. അമ്രേലി എന്ന ഗ്രാമത്തിലെ വീട്ടിനകത്ത് കയറി ഒരാളെ സിംഹം വലിച്ചിഴച്ച് പുറത്തിട്ട് കൊല്ലുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വനംവകുപ്പ് ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.
Content Highlights: through gir national park
Published: 20 Jul 2024, 12:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented