പാമ്പിനെ മിക്കവര്‍ക്കും പേടിയാണ്. വിഷമില്ലാത്ത, നിരുപദ്രകാരികളായ നീര്‍ക്കോലിയെപ്പോലും പേടിക്കുന്നവരുണ്ട്. ഭൂമിയിലെ ഒരു വന്‍കരയിലൊഴികെ മറ്റെല്ലായിടത്തും പാമ്പുകള്‍ ഉണ്ടാകാറുണ്ട്. ശീതരക്തജീവികളായ ഇവയുടെ നിലനില്‍പ് ചുറ്റുപാടിന്റെ കാലാവസ്ഥ അനുസരിച്ചാണ്. ഭൂമിയില്‍ പാമ്പുകള്‍ കാണപ്പെടാത്ത ഇടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

പാമ്പുകള്‍ക്ക് മൃഗശാലയില്‍ പോലും പ്രവേശനമില്ലാത്ത രാജ്യമാണ് ന്യൂസിലന്‍ഡ്. പാമ്പുകളെ വളര്‍ത്താനും ഇവിടെ അനുമതിയില്ല. ന്യൂസിലന്‍ഡിന്റെ മണ്ണില്‍ പാമ്പുകളില്ല. കടല്‍ കടന്ന് പരിണാമത്തിന്റെ കാലത്ത് പാമ്പുകള്‍ക്ക് എത്താന്‍ സാധിക്കാതെ പോയതാകാം അതിനു കാരണം. 

placeholder
ഐസ്‌ലാൻഡ് /Wikipedia

അതിമനോഹരമായ രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലന്‍ഡ് തീര്‍ച്ചയായും ഉണ്ടാകും. പക്ഷേ, അയര്‍ലണ്ടിന്റെ തണുത്ത, സൂര്യപ്രകാശം കുറഞ്ഞ കാലാവസ്ഥ പാമ്പുകള്‍ക്ക് താങ്ങാനാകില്ല. ഫോസില്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അയര്‍ലണ്ടില്‍ ഇന്നോളം പാമ്പുകള്‍ വന്നിട്ടേയില്ല എന്നാണ്. അതുകൊണ്ട് വളര്‍ത്തുപാമ്പുകളെ കൗതുകത്തോടെ സ്വീകരിക്കുന്നവരാണ് അയര്‍ലന്‍ഡുകാര്‍. 

പേരിലെ പച്ചപ്പ് കാലാവസ്ഥയില്‍ കാണിക്കാത്ത നാടാണ് ഗ്രീന്‍ലന്‍ഡ്. ഇവിടത്തെ തണുപ്പന്‍ കാലാവസ്ഥയില്‍ പാമ്പുകള്‍ക്ക് ജീവിക്കാനാകില്ല. ഗ്രീന്‍ലന്‍ഡിലേക്ക് വളര്‍ത്തുപാമ്പുകളെ കൊണ്ടുവരണമെങ്കില്‍ പോലീസിന്റെ മുന്‍കൂര്‍ അനുമതി തേടണം. ഐസ്‌ലന്‍ഡ് ആകട്ടെ പേരുപോലെ തന്നെ കൊടുംതണുപ്പിന്റെ നാടാണ്. മഞ്ഞുപുതഞ്ഞ ഈ രാജ്യത്തും ഇഴജന്തുക്കള്‍ക്ക് അതിജീവിക്കാനാവില്ല.  

placeholder
അലാസ്ക /Wikipedia

കടലാമയല്ലാതെ ഉരഗവര്‍ഗങ്ങള്‍ ഒട്ടുമില്ല അലാസ്‌കയില്‍. ഇവിടത്തെ കൊടുംതണുപ്പ് പാമ്പുകള്‍ക്ക് അനുയോജ്യമല്ല.  ടൂറിസത്തിനു പേരുകേട്ട ട്രോപ്പിക്കല്‍ ദ്വീപാണ് ഹവായി. കടല്‍പ്പാമ്പുകളെ ദ്വീപിനടുത് കണ്ടേക്കാമെങ്കിലും പാമ്പില്ലാത്ത ദ്വീപ് എന്നൊരു പെരുമ ഹവായിക്കുണ്ട്. ഹവായിയിലേക്ക് പാമ്പുകളെ കടത്തുന്നത് കുറ്റകരവുമാണ്. ഒറ്റപ്പെട്ട ദ്വീപാണ് എന്നതുതന്നെയാണ് പാമ്പുകളില്ലാത്തതിന്റെ കാരണം. ഹവായിക്കും അലാസ്‌കയ്ക്കുമിടയിലാണ് കുക്ക് ദ്വീപുകള്‍. സസ്യവൈവിധ്യത്തിനും വിവിധ സമുദ്രജീവികള്‍ക്കും പേരുകേട്ട ഈ ദ്വീപുകളിലും പാമ്പുകളെ കാണാനില്ല. 

തണുപ്പുള്ള രാജ്യങ്ങളല്‍ ഉരഗങ്ങളില്ല എന്നുപറയറുമ്പോള്‍ പിന്നെ അന്റാര്‍ട്ടിക്ക വന്‍കരയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. പെന്‍ഗ്വിനുകളുടെ നാട്ടില്‍ പാമ്പുകള്‍ക്ക് ഇടമേയില്ല. 

തന്റെ പര്യവേഷണത്തിനിടെ ഡാര്‍വിന്‍ കടന്നുപോയ കെയ്പ് വെര്‍ഡെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ടൂറിസ്റ്റുകളുടെ കേദാരമായ ഇവിടെ വിഷജീവികള്‍ ഇല്ലെന്ന് തന്നെ പറയാം. പാമ്പുകള്‍ മാത്രമല്ല അപകടകാരികളായ വന്യജീവികളും ഇവിടെയില്ല. പസിഫിക് ഐലന്‍ഡുകള്‍ക്ക് ചുറ്റും പല നിറമുള്ള കടല്‍പ്പാമ്പുകള്‍ ധാരാളമുണ്ട്. പക്ഷേ അല്ലാതെ ദ്വീപിനുള്ളില്‍ പാമ്പുകളില്ല.