എവിടെപ്പോയാലും ചറപറാ സെല്‍ഫി നിര്‍ബന്ധമാണ് ചിലര്‍ക്ക്. അതിന്റെ കൂടെ ഒരു കിടുക്കാച്ചി കാപ്ഷനും. എന്നാലേ ഒരു രസമുണ്ടാവൂ.
എന്നാല്‍, സെല്‍ഫി നിരോധിക്കപ്പെട്ട ചില സ്ഥലങ്ങളുണ്ട്. കാലിഫോര്‍ണിയയിലെ ഡിസ്നി ലാന്‍ഡ്, ലോകത്തിലെ തന്നെ ഏറ്റവും മികച്ച തീം പാര്‍ക്കുകളിലൊന്നാണ്. വാള്‍ട്ട് ഡിസ്നിയാണ് ഇത് നിര്‍മിച്ചത്. ഏക്കറുകളോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഇവിടെ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഡിസ്നി കഥാപാത്രങ്ങളെയും കാണാം. വിസ്മയങ്ങളൊരുപാട് ഒളിപ്പിച്ചിട്ടുള്ള ഡിസ്നിലാന്‍ഡ് സെല്‍ഫി നിരോധിതമേഖലയാണ്. 2015-നുശേഷമാണ് ഇങ്ങനെയൊരു തീരുമാനം അവരെടുത്തത്. റൈഡുകളിലിരുന്ന് പലരും സെല്‍ഫിയെടുക്കുന്നത് അപകടകരമായതിനാലാണ് ഇങ്ങനെ തീരുമാനിച്ചത്. സെല്‍ഫി എടുക്കുന്നവര്‍ക്ക് ശിക്ഷയുമുണ്ട്.
ന്യൂയോര്‍ക്കിലെ മൃഗശാലകള്‍, സര്‍ക്കസ് ടെന്റുകള്‍ എന്നിവിടങ്ങളിലും സെല്‍ഫിയെടുക്കാന്‍ പാടില്ല. പ്രത്യേകിച്ച് കടുവ, സിംഹം എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ടുളള സെല്‍ഫികളാണ് നിരോധിച്ചിട്ടുള്ളത്. 2014-ല്‍ ന്യൂയോര്‍ക്കിലെ പല മൃഗശാലകളില്‍നിന്നും സര്‍ക്കസ് കൂടാരങ്ങളില്‍നിന്നും കടുവകളോടൊപ്പമുള്ള സെല്‍ഫികള്‍ കൂടുതലായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിനുശേഷമാണ് നിരോധനം നിലവില്‍വന്നത്. പലരും സെല്ഫിയടുക്കാനായി മൃഗങ്ങള്‍ക്ക് അരികിലേക്ക് പോവുന്നതും മൃഗങ്ങളുടെ സൈ്വരവിഹാരത്തിനെ അത് ബാധിക്കുന്നതുമാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
ഫ്രാന്‍സിലെ ഗാരോപ് ബീച്ചാണ് മറ്റൊരു സ്ഥലം. വിനോദയാത്രയെക്കുറിച്ച് പൊങ്ങച്ചം പറയാതെ, ആളുകള്‍ക്ക് ബീച്ച് ആസ്വദിക്കാനുള്ള അവസരമുണ്ടാക്കുക എന്നതാണ് ഇവിടെ സെല്‍ഫി നിരോധിച്ചതിന് കാരണം.
ഇറ്റലിയിലെ അതിപുരാതന ആംഫിതിയേറ്ററാണ് കൊളോസിയം. ലോകാദ്ഭുതങ്ങളിലൊന്നായ കൊളോസിയത്തിന് 2000 വര്‍ഷത്തിനടുത്ത് പഴക്കമുണ്ട്. ഓരോ ദിവസവും 50,000-ത്തിനടുത്ത് ആളുകളാണ് ഇത് കാണാനായെത്തുന്നത്. ഇവിടെയും സെല്‍ഫി എടുക്കുന്നത് ശിക്ഷാര്‍ഹമാണ്. തുടര്‍ച്ചയായി സെല്‍ഫിയെടുക്കുന്നത് ആളുകളുടെ സഞ്ചാരത്തെ ബാധിക്കുമെന്നതിനാലാണിത്.
Content Highlights: selfie restricted areas
Published: 27 Feb 2024, 12:22 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented