'ചിറാപുഞ്ചി മഴയത്ത്, നിലാവഞ്ചി തുഴഞ്ഞെത്ത്' എന്ന പാട്ടും പാടി, ഒരു ജിൻ രുചിച്ചാൽ എങ്ങനെയുണ്ടാവും? അതിനുപറ്റിയൊരു ജിൻ ഉണ്ട് അവിടെ. ചിറാപുഞ്ചി ഈസ്റ്റേൺ ക്രാഫ്റ്റ് ജിൻ എന്നാണതിന് പേര്. ചിറാപുഞ്ചി മഴവെള്ളത്തിൽനിന്ന് നിർമിക്കുന്ന ഈ ജിൻ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.

To advertise here,

2025-ലെ വേൾഡ് എസ്.ഐ.പി അവാർഡുകളിൽ ഇരട്ടസ്വർണമെഡലാണ് ഈ ജിൻ കരസ്ഥമാക്കിയത്. 60-ലേറെ രാജ്യങ്ങളിൽനിന്നുള്ള 1200-ലേറെ എൻട്രികളിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മദ്യപാനികൾ തന്നെയാണ് മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തത്. 300-ലേറെ സ്ഥിരം മദ്യപാനികളുടെ കണ്ണുകെട്ടി, ഓരോന്നും രുചിക്കാൻ നൽകി. ലേബലുകളോ പേരുകളോ ഒന്നുമില്ലാതെയാണ് അവർക്കത് നൽകിയത്. അവരാണ് മത്സരവിജയികളെ തിരഞ്ഞെടുത്തത്. അതുതന്നെയാണ് ഇതിന്റെ പ്രത്യേകതയും.

റെയ്ൻചെക്ക് എർത്ത് കോ എന്ന കമ്പനി 2023-ലാണ് ഈ ഉത്പന്നം ലോഞ്ച് ചെയ്തത്. മഴവെള്ളം ഉപയോഗിച്ച് നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ക്രാഫ്റ്റ് ജിൻ എന്നാണ് നിർമാതാക്കളുടെ അവകാശവാദം. അതിനൊപ്പം തദ്ദേശീയരുചികളും. 12-ലേറെ തദ്ദേശീയ സസ്യജാലങ്ങളുടെ മിശ്രിതവും ചേർത്ത് വാറ്റിയെടുത്താണത്രേ ജിൻ രുചികരമാക്കുന്നത്. അസാമീസ് നാരങ്ങ, ബെറി ഉൾപ്പെടെയുള്ള പലതരം പഴങ്ങൾ, ഒരു പ്രത്യേകതരം കുരുമുളക്, ഏലം തുടങ്ങിയവയാണത്രേ ഇതിലെ പ്രധാനചേരുവ.

ഒരു സ്റ്റെയിൻലെസ് സ്റ്റീൽ കുപ്പിയിലാണ് ഇത് പാക്ക് ചെയ്യുന്നത്. മനോഹരമായ കുപ്പിയാണത്. വലിച്ചെറിയാതെ, ദീർഘകാലം ഉപയോഗിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കുപ്പി തിരഞ്ഞെടുത്തതെന്ന് നിർമാതാക്കൾ പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi