
അമോസിയിലെ ചൗധരി ചരണ്‍സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും രാത്രിക്ക് കനംവെച്ചിരുന്നു. വിമാനത്താവളത്തിന് മുന്നില്‍ സുന്ദരമായ ഉദ്യാനം. പലനിറത്തിലുള്ള പൂക്കള്‍ വിടര്‍ത്തിയ പേരറിയാമരങ്ങള്‍. രാത്രിയിലെ ചെറുകാറ്റില്‍ അവയങ്ങനെ ആലോലമാടി നിന്നു. ശ്രീകൃഷ്ണന്റെ സ്വന്തം കദംബ വൃക്ഷങ്ങളാണ്. ലഖ്നൗവിലെ വരാനിരിക്കുന്ന സുന്ദരക്കാഴ്ചകളുടെ തുടക്കമായിരുന്നു അത്.
ലജ്പത്നഗര്‍-ഹുസ്സൈനബാദ് റോഡില്‍ തലയെടുപ്പോടെ നില്‍ക്കുന്ന റൂമി ദര്‍വാസയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. പതിനെട്ടാം നൂറ്റാണ്ടില്‍, പുരാതന ലഖ്നൗവിന്റെ (അവധ്) നവാബായിരുന്ന മിര്‍സ അസഫ് ഉദ് ദൗളയുടെ ഭരണകാലത്തായിരുന്നു ഈ കൂറ്റന്‍ കവാടത്തിന്റെ നിര്‍മാണം. അറുപത് അടി ഉയരമുണ്ട്. ശില്പവിദ്യകളും ചിത്രപ്പണികളും കവാടത്തെ മനോഹരമാക്കുന്നു. ഇറാനി-റോമന്‍-അവധ് വാസ്തു കലാശൈലികളുടെ സമന്വയം.

തുര്‍ക്കിയിലെ'ബാബ് ഇ ഹുമയൂണ്‍' കവാടത്തിന്റെ മാതൃകയിലാണ് ഇതിന്റെ നിര്‍മാണം. അതിനാല്‍ 'തുര്‍ക്കി ഗേറ്റ്' എന്നും പേരുണ്ട്. കവാടത്തിന്റെ ഏറ്റവും മുകളില്‍ എത്തുന്നതിനായി വശങ്ങളിലൂടെ പടിക്കെട്ടുകളുണ്ട്. ബഡാ ഇമാംബാരയായിരുന്നു അടുത്ത ലക്ഷ്യം. 'ബഡാ' എന്നാല്‍ വലുത്. 'ഇമാംബാര' എന്നാല്‍, ആരാധനാലയം. 1784-ല്‍ നവാബ് അസഫ് ഉദ് ദൗളയുടെ ഭരണകാലത്ത് തന്നെയാണ് ഇതും പണിതത്. പ്രവേശന കവാടത്തിനുമുന്നില്‍ സുന്ദരമായ ഉദ്യാനമാണ്. മുഗള്‍ വാസ്തുകലയിലാണ് ഇമാം ബാരയുടെ നിര്‍മിതി. നിര്‍മാണത്തിനായി ഇരുമ്പ് ഉപയോഗിച്ചിട്ടില്ലത്രെ!
50 മീറ്റര്‍ നീളത്തില്‍, 16 മീറ്റര്‍ വീതിയില്‍ 15 മീറ്റര്‍ ഉയരത്തിലുള്ള വിശാലമായ ഒറ്റ അറ ഈ കെട്ടിടത്തിന്റെ താഴെനിലയിലെ പ്രധാന ആകര്‍ഷണമാണ്. ആര്‍ച്ച് ആകൃതിയിലാണ് മേല്‍ക്കൂര. ഭിത്തികളുടെയോ തൂണുകളുടെയോ താങ്ങില്ലാതെയാണ് ഇത് കാലത്തെ അതിജീവിച്ചുനില്‍ക്കുന്നത്. ബഡാ ഇമാംബാര മതില്‍ക്കെട്ടിനുള്ളില്‍ തന്നെയാണ് ഷാഹി ബാവ്ലി. ക്ഷാമകാലത്ത് ദാഹമകറ്റാനായി നവാബ് നിര്‍മിച്ച ജലാശയവും അതിനോട് ചേര്‍ന്ന ബഹുനില മന്ദിരവും ചേര്‍ന്നതാണ് ഇത്. ഏതാണ്ട് 163 മീറ്റര്‍ ആഴമുള്ള ജലാശയം ഗോമതി നദിയുമായി ചേരുന്നുണ്ടെന്നും നവാബിന്റെ നിധിശേഖരം ഇതിലെവിടെയോ ഒളിപ്പിച്ചിട്ടുണ്ടെന്നും കഥകളുണ്ട്. ഈ രഹസ്യം പുറംലോകമറിയാതിരിക്കാന്‍ നിധിസൂക്ഷിപ്പുകാരന്‍ താക്കോല്‍ ബാവ്ലി നദിയില്‍ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്‌തെന്നും അദ്ദേഹത്തിന്റെ ആത്മാവ് ഇന്നും ഇവിടെയുണ്ടെന്നുമുള്ള കഥകള്‍ കേട്ടു.

മന്ദിര കവാടത്തിനുള്ളിലെ തെളിഞ്ഞ ജലാശയത്തില്‍, അവിടെയെത്തുന്നവരുടെ രൂപം പതിയും. അത് മുകള്‍ നിലയിലുള്ള ജനലിലൂടെ വ്യക്തമായി കാണാനുമാകും. ശത്രുവിന്റെ വരവ് തിരിച്ചറിയാനുള്ള പഴയകാല സി.സി. ടി.വി. ബഡാ ഇമാംബാരയുടെ പടിഞ്ഞാറാണ് ഛോട്ടാ ഇമാംബാര. രണ്ട് ഇമാംബാരകള്‍ക്കും മധ്യേയായി റൂമി കവാടം. പൗരാണിക ഭംഗിയുടെ കുലീനതയാണ് ഛോട്ടാ ഇമാംബാര. 1838-ല്‍ അവധിന്റെ മൂന്നാമത്തെ നവാബായിരുന്ന മുഹമ്മദ് അലി ഷായാണ് മന്ദിരം നിര്‍മിച്ചത്. അദ്ദേഹത്തിന്റെയും മാതാവിന്റെയും ഖബറുകള്‍ ഇവിടെയുണ്ട്. നവാബിന്റെ വെള്ളി സിംഹാസനവും കിരീടവും ഇന്നും ഇവിടെ കാണാനാകും. താജ്മഹലിനോട് സാദൃശ്യം പുലര്‍ത്തുന്ന തരത്തിലാണ് ഛോട്ടാ ഇമാംബാരയുടെ നിര്‍മിതി.
ലഖ്നൗ നഗരത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഹുസ്സൈനബാദ് ക്ലോക്ക് ടവര്‍. ഛോട്ടാ ഇമാംബാരയ്ക്കടുത്താണ് ഇത്. 67 മീറ്റര്‍ ഉയരത്തിലുള്ള ഈ ടവര്‍ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ലോക്ക് ടവറാണ്. ഛോട്ടാ ഇമാംബാരയ്ക്കും ക്ലോക്ക് ടവറിനും അടുത്താണ് ചുവന്ന ഇഷ്ടികയില്‍ തീര്‍ത്ത പിക്ചര്‍ ഗാലറി. അവധ് പ്രവിശ്യയിലെ നവാബുകളുടെ പൂര്‍ണകായ ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തിളങ്ങുന്ന പട്ടുടയാടകളും ആഭരണങ്ങളും ധരിച്ചുനില്‍ക്കുന്ന നവാബി ചിത്രങ്ങള്‍. പ്രത്യേകരീതിയിലാണ് ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്. ഒരു വശത്തുനിന്ന് നോക്കുമ്പോള്‍, നവാബുമാരുടെ ദൃഷ്ടി ഇങ്ങോട്ട് എന്ന് തോന്നിക്കും. എന്നാല്‍, ചിത്രങ്ങള്‍ക്ക് മുന്നിലൂടെ നടന്നുനീങ്ങി മറുവശത്തെത്തുമ്പോള്‍ ദൃഷ്ടി അങ്ങോട്ടേക്കായിരിക്കും. വാള്‍മുനയും പാദരക്ഷകളുടെ അഗ്രഭാഗവുമെല്ലാം കാഴ്ചക്കാര്‍ക്കൊപ്പം സഞ്ചരിക്കുന്നതുപോലെതോന്നും.

മധ്യ ഏഷ്യന്‍, പശ്ചിമേഷ്യന്‍, വടക്കേ ഇന്ത്യന്‍ സ്വാദുകളുടെ സമന്വയമാണ് ലഖ്‌നൗ രുചികള്‍. വിഭവങ്ങളില്‍ പ്രധാനിയാണ് കെബാബ്. ഇളം ആട്ടിറച്ചി വേവിച്ചരച്ച് കുങ്കുമപ്പൂവ്, ഏലം തുടങ്ങി വിവിധ മസാലകള്‍ ചേര്‍ത്ത് വറുത്ത് തയ്യാറാക്കുന്ന മൃദുവും രുചികരവുമായ വിഭവമാണിത്. പച്ചക്കറികള്‍കൊണ്ടുള്ള കെബാബുകളുമുണ്ട്. രാജകീയ ഭക്ഷണങ്ങളില്‍ കെബാബിന് പ്രത്യേക പ്രാധാന്യം കല്പിച്ചുപോന്നിരുന്നു. വിവിധതരം റൊട്ടികള്‍, ബിരിയാണികള്‍, തന്തൂര്‍ വിഭവങ്ങള്‍, ചട്ണികള്‍, അച്ചാറുകള്‍, മധുരപലഹാരങ്ങളായ ഷീര്‍മാല്‍, ഖീര്‍, രേവ്ടി, മലായി തുടങ്ങി വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ എറെയുണ്ട് ലഖ്നൗവില്‍.

നഗരത്തിലെ പൈതൃകക്കാഴ്ചകളെ കൂടെക്കൊണ്ടുപോകാനുള്ള അവസരവും സഞ്ചാരികള്‍ക്കുണ്ട്. ചികന്‍കാരി വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, മധുരപലഹാരങ്ങള്‍, സൗന്ദര്യ സംവര്‍ധകങ്ങള്‍, പാത്രങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങി ഷോപ്പിങ് ഇഷ്ടപ്പെടുവന്നവര്‍ക്ക് വാങ്ങിക്കാനേറെ. ബഡാ ഇമാംബാരയ്ക്ക് അടുത്തുള്ള ചൗക്കില്‍ ഇവയൊക്കെയും പ്രത്യേകിച്ച് ചികന്‍കാരി തുണിത്തരങ്ങളുടെ വിപണനകേന്ദ്രങ്ങള്‍ ധാരാളമുണ്ട്. അമീനാബാദ്, ഹസ്രത്ഗഞ്ച് മാര്‍ക്കറ്റ്, നഖാസ്, യഹിയാഗഞ്ച്, ജന്‍പഥ് മാര്‍ക്കറ്റ്, ഭൂത്നാഥ് മാര്‍ക്കറ്റ് തുടങ്ങിയവയാണ് നഗരത്തിലെ മറ്റ് പ്രധാന മാര്‍ക്കറ്റുകള്‍. രണ്ടുനാള്‍ മാത്രം നീണ്ട യാത്രയായതിനാല്‍ ചുരുക്കം നഗരക്കാഴ്ചകളേ സാധ്യമായുള്ളൂ. എങ്കിലും സംതൃപ്തിയോടെയായിരുന്നു മടക്കം. നവാബുകളുടെ നാട് കാണാന്‍, കെബാബുകളുടെ രുചിയറിയാന്‍, ലഖ്നൗ യാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തോളൂ.
Content Highlights: lucknow travelogue
Published: 22 Sept 2024, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented