കഴിഞ്ഞുപോയൊരു സുന്ദരകാലത്തിന്റെ തിരുശേഷിപ്പുകൾ പേറുന്നൊരു നഗരമാണ് ലഖ്‌നൗ. സൗന്ദര്യവും കലയും കവിതയും ഒരുപോലെ ആസ്വദിച്ചിരുന്ന നവാബുകളുടെ നാട്. നവാബി സ്വാദുകളുടെ ഈറ്റില്ലം. ഭാഷയിലും സംസാരത്തിലുമൊക്കെ തമീസ് (മര്യാദ ) സൂക്ഷിക്കുന്നവർ. ലഖ്‌നൗ ഒരു സ്വപ്നമായി മനസ്സിൽ കയറിക്കൂടിയിട്ട് ഒരുപാടു നാളുകളായെങ്കിലും ഈ കൊല്ലമാണ് പോകാനുള്ള സമയമായത്.

ലഖ്‌നൗവിനെ മറക്കാനാകാത്ത ഒരനുഭവമാക്കി മാറ്റുന്നത് അവിടുത്തെ മനുഷ്യരാണ്. ഒരു പത്തുമിനിറ്റ് തികച്ചു സംസാരിച്ചു കഴിഞ്ഞാൽ വീട്ടിലേക്ക് ക്ഷണിച്ച് ചായയും നാഷ്തയുമൊക്കെ വിളമ്പും അവർ! ഷോഖ് എന്നൊരു വാക്കുണ്ട് ഉറുദുവിൽ. താല്പര്യം അല്ലെങ്കിൽ ഇഷ്ടം എന്നൊക്കെ അർത്ഥം വരും ഈ വാക്കിന്‌. ലഖ്‌നൗവിലെ മിക്ക മനുഷ്യർക്കും ഇത്തരത്തിൽ ഓരോ ഷോഖ് ഉണ്ട്. അവരെ മുന്നോട്ട് നയിക്കുന്ന അവർക്ക് ഏറെ പ്രിയപ്പെട്ടൊരു ഷോഖ്.

ചിലർക്കത് പ്രാവുവളർത്താൽ ആകാം, മറ്റു ചിലർക്കത് തുന്നൽ ആകാം, ചിലർക്ക് പാചകമാകാം. ഷോഖ് എന്തു തന്നെയായാലും അതിന് വേണ്ടി എന്നും അവരല്പം സമയം മാറ്റിവെച്ചിരിക്കും. ജീവിതത്തിലെ ഏറ്റവും നിസ്സാരമായ കാര്യമാണെങ്കിൽ പോലും, നിങ്ങൾക്ക് അതിനോടൊരു ‘ഷോഖ്’ ഉണ്ടെങ്കിൽ അത് മനോഹരമാകുമെന്ന് അവർ വിശ്വസിക്കുന്നു. അക്ബരി ഗേറ്റിനടുത്തു വെച്ചു പരിചയപ്പെട്ട റഹ്മാൻ എന്ന വയോധികന്റെ ഏറ്റവും വലിയ ഷോഖ് ചായയാണ്. എല്ലാ വൈകുന്നേരവും ഏലക്കയും കുങ്കുമപ്പൂവുമൊക്കെയിട്ട് ഇദ്ദേഹമൊരു ചായയിടും. വർഷങ്ങൾ നീണ്ട പരീക്ഷണം കൊണ്ട് ഉരുത്തിരിഞ്ഞൊരു കൂട്ട്. ഈ ചായ തിരക്കേറിയ റോഡിന്റെ അരികിലൊരു കസേരയൊക്കെ ഇട്ടിരുന്ന് മെല്ലെ മെല്ലെ കുടിക്കും.

ഇത്തരത്തിൽ ഒരു വൈകുന്നേരം ചായ കുടിക്കവെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. മൂപ്പരുടെ വീട്ടിൽ ഭാര്യയും കുറച്ചു പൂച്ചക്കുഞ്ഞുങ്ങളും മാത്രമേയുള്ളു. ഒരേയൊരു മകൻ വർഷങ്ങൾക്കു മുൻപ് മരിച്ചുപോയി. സംസാരിച്ചിരിക്കവേ ഒരു കപ്പ്‌ ചായ എന്റെ നേർക്കും അദ്ദേഹം നീട്ടി. ആവിപറക്കുന്ന നല്ല രസികനൊരു ചായ. പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ഇതിന് മുൻപോ ശേഷമോ മറ്റൊരിടത്തുനിന്നും ഇതരത്തിലൊരു ചായ ഞാൻ കുടിച്ചിട്ടില്ല.

“ചാച്ചാ! നിങ്ങൾ ഒരു ചായക്കട തുടങ്ങിയാൽ കോടീശ്വരൻ ആകും” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നോട് പലരും ഇതിന്റെ ചേരുവകൾ ചോദിച്ചിട്ടുണ്ട്. നല്ല വിലയും തരാമെന്ന് പറഞ്ഞതാ. പക്ഷെ ഞാൻ കൊടുത്തില്ല”
“എന്തേ?”
“ഇതെന്റെ ഷോഖ് ആണ്. വർഷങ്ങൾ എടുത്ത് ഞാൻ എനിക്കായി കണ്ടുപിടിച്ചൊരു സുഖം. ഷോഖിന് എങ്ങനെയാ വിലയിടുന്നത്?”

ലഖ്‌നൗ നിവാസികളുടെ ഇടയിൽ ഏറ്റവും പ്രചാരത്തിലുള്ള ഷോഖുകളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ വരും പ്രാവുവളർത്തൽ. ഒന്നരക്കോടി മുടക്കി പ്രാവിനെ വാങ്ങി വളർത്തുന്ന വേന്ദ്രൻമാർ വരെയുണ്ട് ഇക്കൂട്ടത്തിൽ. വൈകുന്നേരം ഒരു 4 മണിയോടെ ഓൾഡ് സിറ്റി ഭാഗത്തുപോയാൽ കാണാൻ സാധിക്കും ഓരോ ടെറസിൽ നിന്നും ഒരു കൂട്ടം പ്രാവുകൾ പറന്നുപൊങ്ങുന്നത്. അക്ബറിന്റെ കാലത്ത് പ്രചാരത്തിൽ വന്നൊരു കാര്യമാണ് കബൂത്തർബാസി.

പ്രാവുകളെ ഇണക്കി വളർത്തി പരിശീലിപ്പിച്ച ശേഷം പറത്തിവിടും. ഇത്തരത്തിൽ വിടുന്ന പ്രാവുകൾ മറ്റുപ്രാവുകളുമായി ഇടകലർന്ന ശേഷം ഇവയെ തിരികെ വിളിക്കും. ചിലപ്പോൾ ഏറ്റവും പ്രിയപ്പെട്ട പ്രാവ് മറ്റൊരു കൂട്ടത്തിൽ ചേർന്നേക്കാം. അല്ലെങ്കിൽ മറ്റൊരു കൂട്ടത്തിലെ പ്രാവ് ഇങ്ങോട്ട് വന്നേക്കാം. അങ്ങനെ വരുന്ന പ്രാവുകളെല്ലാം ഉടമക്ക് സ്വന്തമാണ്. വേണമെങ്കിൽ ഇവയെ വിൽക്കാം അല്ലെങ്കിൽ വളർത്താം. ഇതാണ് കബൂത്തർബാസി. വർഷങ്ങളായി ഇത്തരത്തിൽ പ്രാവിനെ വളർത്തുന്നയാളാണ് ഇക്ബാൽ ഭയ്യ. ഇദ്ദേഹം ഇത്തരത്തിൽ മത്സരങ്ങളിലൂടെ ബുള്ളറ്റ് ബൈക്ക് വരെ നേടിയിട്ടുണ്ട്. ആയിരക്കണക്കിന് പ്രാവുകൾ ഉണ്ടെങ്കിലും ഓരോ പ്രാവിനെയും കൃത്യമായി അറിയാം ഈ മനുഷ്യന്!

ലഖ്‌നൗ എന്നു കേൾക്കുമ്പോൾ തന്നെ പല പെൺകുട്ടികളുടെയും മനസ്സിലേക്ക് ആദ്യം കയറിവരുന്നത് ചിക്കൻകാരി കുർത്തികൾ ആയിരിക്കും. മുഗളന്മാരുടെ കാലം മുതൽക്കേ പ്രചാരത്തിലുള്ള ചിക്കൻകാരി തുന്നൽ ഇടക്കാലത്തു വളരെ മോശം അവസ്ഥയിലായിരുന്നു. ചിക്കൻകാരിക്ക് പുതുജീവനേകിയത് പിന്നീട് ബോളിവുഡ് ആണ്. സിനിമാനടിമാരുടെ എയർപോർട്ട് ലുക്കുകളിലൂടെ വീണ്ടും പ്രചാരം നേടിയ ചിക്കൻകാരിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഒറിജിനൽ ചിക്കൻകാരിക്ക് എന്താണ് ഇത്രമാത്രം വില എന്നതിനുള്ള ഉത്തരം ലഖ്‌നൗവിൽ എത്തുമ്പോൾ കിട്ടും. ബഖിയാ, തേപ്ച്ചി, കീൽ കൻകൻ തുടങ്ങി നൂറിലധികം തുന്നലുകളുണ്ട്. ഇവയോരൊന്നിനു പിന്നിലും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന അധ്വാനമുണ്ട്. തുന്നൽക്കാർ പയ്യെ അവരുടെ അധ്വാനത്തിന്റെ വില തിരിച്ചറിയുകയും തങ്ങൾ അർഹിക്കുന്ന കൂലി ചോദിച്ചു വാങ്ങാൻ തുടങ്ങിയതും ഈ അടുത്താണ്. 600 രൂപക്കും 800 രൂപക്കും ലാഭത്തിന് കിട്ടി എന്നു നിങ്ങൾ കരുതുന്ന ചിക്കൻകാരി കുർത്ത യഥാർഥ ചിക്കൻകാരി ആകാനുള്ള സാധ്യത വളരെ കുറവാണ്. അത് മിക്കവാറും ഏതെങ്കിലും ഫാക്ടറിയിൽ നിന്നു വരുന്നതാകും.

ലഖ്‌നൗവിൽ എന്നെ വളരെയധികം ആകർഷിച്ച മറ്റൊരു കരവിരുതാണ് നകാഷി. വെള്ളിപ്പാളികളിൽ കൈകൊണ്ട് വിവിധരൂപങ്ങൾ കൊത്തിയെടുക്കും. ശേഷം ഈ പാളികൾ കൊണ്ട് ചെരുപ്പും കളിക്കോപ്പുകളുമെല്ലാം നിർമ്മിക്കും. നവാബുകളുടെ കാലത്ത് വളരെയധികം പ്രചാരത്തിൽ ഉണ്ടായിരുന്ന ഈ കരവിരുത് ചെയ്യാനറിയുന്നവർ ഇന്നധികമില്ല.

വളരെ ബദ്ധപ്പെട്ടിട്ടാണ് ഇതറിയുന്നൊരു കലാകാരനെ തപ്പിയെടുത്തത്. മുഹമ്മദ് ഹൊസൈൻ. ഏകദേശം എഴുപതിനടുത്തു പ്രായം വരും. വല്ലപ്പോഴും കിട്ടുന്ന കല്യാണഓർഡറുകൾ മാത്രമാണ് ഏക വരുമാനമാർഗം. ഒരു ജോഡി കല്യാണചെരുപ്പിന് ഏകദേശം 30,000 രൂപയാണ് വില. ഇതിൽ മുക്കാലും വെള്ളിയുടെ വിലയാണ്. ലാഭം വളരെ തുച്ഛം. എങ്കിലും ആറാം വയസ്സിൽ അച്ഛനിൽ നിന്നു പഠിച്ച കരവിരുത് ഉപേക്ഷിക്കാൻ ഹൊസൈൻ ഭയ്യക്ക് മനസ്സു വരുന്നില്ല.

“മകന് ഇതിലൊന്നും വലിയ താല്പര്യമില്ല. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്നാർക്കാണ് വെള്ളിചെരുപ്പിനോടൊക്കെ താല്പര്യം! അവൻ പഠിച്ചു, സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നു. ഈ തൊഴിലിനോട് അത്രയധികം സ്നേഹമുണ്ടെങ്കിലും അവൻ ഈ പണിയെടുക്കണ്ടെന്നാണ് എന്റെയും ആഗ്രഹം. വീട് കഴിഞ്ഞുപോകാൻ വലിയ ബുദ്ധിമുട്ടാണ് ”

ഹൊസൈൻ ഭയ്യ എന്ന ശോഷിച്ച മനുഷ്യൻ അന്നെന്നെ പഠിപ്പിച്ച മറ്റൊരു കാര്യമുണ്ട് - ഒരു വ്യക്തിയെ എങ്ങനെ സ്നേഹിക്കണമെന്ന്. സ്നേഹിച്ചു വിവാഹം കഴിച്ചതാണ് ഹൊസൈൻ ഭയ്യ. ഭാര്യ മരിച്ചിട്ട് ഏകദേശം പന്ത്രണ്ടു കൊല്ലത്തോളമായി. എങ്കിലും എന്നും രണ്ടു നേരം ഈ മനുഷ്യൻ മുടങ്ങാതെ അവരുടെ കബറിനടുത്തു പോയിരിക്കും. അന്നത്തെ എല്ലാ വിശേഷവും പറയും. പൂക്കൾ വെക്കും. ഈ പതിവ് ഇന്നുവരെ മുടങ്ങിയിട്ടില്ല.

“അവളൊരു പാവമായിരുന്നു. ജീവിച്ച കാലമത്രയും ഒന്നും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. എന്നെ സ്നേഹിച്ചിട്ടേയുള്ളു. അവൾ പോയതോടെ ഞാൻ അങ്ങൊറ്റക്കായി. കാണുന്നവർക്ക് ഭ്രാന്തായിട്ടൊക്കെ തോന്നും. കബറിനടുത്തു പോയി വർത്താനം പറയുന്നതൊക്കെ. എനിക്കല്ലേ അറിയൂ, അവളിപ്പോഴും എന്റെ കൂടെയുണ്ടെന്ന് ” ഒരു ചെറുചിരിയോടെ ആ മനുഷ്യൻ പറഞ്ഞു നിർത്തി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi