കൗമാരത്തിൽ കാണുന്ന കാഴ്ചകൾക്ക് മിഴിവേറുമല്ലോ! അതുപോലൊരു സ്വപ്‌നകാഴ്ചയാണ് എനിക്കെന്നും കൊൽക്കൊത്ത എന്ന മഹാനഗരം. കൊൽക്കൊത്തയിൽ ആദ്യമായി പോകുന്നതും കൗമാരത്തിലാണ്. ഫുട്‌ബോളിന്റെ മക്കയെന്ന് അറിയപ്പെട്ട ഇവിടെവെച്ച് ഫോർട്ട്‌കൊച്ചിയിലെ സാന്റോസ് എന്ന ഫുട്‌ബോൾ ക്ലബ്ബിന് വേണ്ടി ബൂട്ട് അണിഞ്ഞപ്പോൾ മനസ്സ് സ്വപ്‌നം കണ്ടിരുന്നു. ഒരിയ്ക്കലെങ്കിലും ഇന്ത്യൻ ടീമിന് വേണ്ടി കളിക്കണം. അത് സാധിച്ചില്ലെങ്കിലും ഇന്നുമെന്റെ കണ്ണുകളിൽ നിറഞ്ഞുനിൽക്കുന്നത് അന്ന് കണ്ട കാഴ്ചകളായിരുന്നു.
അന്ന് എന്റെ കൈയിൽ MINOLTA SRT എന്ന ഒരു എസ് എൽ ആർ ക്യാമറ ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് ഹൗറ പാലത്തിൽനിന്ന് എടുത്ത ഒരുചിത്രം ഇന്നും നിധിപോലെ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവീസ് ഓഫിസർ എന്ന നിലയിൽ ട്രെയ്‌നിങ്ങിന്റെ ഭാഗമായി വീണ്ടും കൊൽക്കൊത്തയിൽ പോകാൻ സാധിക്കുമെന്ന് അറിഞ്ഞപ്പോൾ മനസ്സ് ആ പഴയ കൗമാരഹൃദയം പോലെ തുടിച്ചു. കാർത്തിക മാസത്തിലെ ഒരു പുലർച്ചെയാണ് ഞങ്ങൾ കൊൽക്കൊത്തയിൽ വിമാനം ഇറങ്ങിയത്.
നാലുനാൾ നീളുന്ന സന്ദർശനത്തിനിടെ ട്രെയ്‌നിങ്ങിന്റെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങൾ സന്ദർശിക്കുകയും സെഷനുകൾ പങ്കെടുക്കുകയും ചെയ്യണം. രണ്ടാമത്തെ ദിവസം മീറ്റിംഗ് നേരത്തെ കഴിഞ്ഞതിനാൽ ഉച്ചയ്ക്ക് ശേഷം നഗരം ചുറ്റിക്കറങ്ങുവാൻ തീരുമാനിച്ചു. ഞങ്ങൾക്ക് തന്ന അറിയിപ്പ് ഇതായിരുന്നു. ഒന്ന്, ബസിൽ സംഘാംഗങ്ങളോടൊപ്പം കൊൽക്കൊത്ത നഗരം കാണുക. അല്ലെങ്കിൽ അവരവർക്ക് ഇഷ്ടമുള്ള സ്ഥലത്തുപോകാം. ഏതായാലും ഒറ്റയ്ക്ക് പോകാമെന്ന് തീരുമാനിച്ചപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയ പേര് 'കുമാർതുളി' എന്ന ഗ്രാമമായിരുന്നു. സൃഷ്ടിയുടെ കൈയ്യാൽ സൃഷ്ടാവ് പിറവിയെടുക്കുന്ന മണ്ണ്. ഇതാണ് കൊൽക്കൊത്തയിലെ കമ്മാളന്മാരുടെ ഗ്രാമം. കാളിയുടെയും ദേവാസുരന്മാരുടെയും വിഗ്രഹങ്ങൾ പിറവിയെടുക്കുന്നയിടം. ദുർഗാപൂജയ്ക്കായാണ് ഇവ നിർമിക്കപ്പെടുന്നത്.
കൊൽക്കൊത്തയിലെത്തുന്ന സഞ്ചാരികളെ എന്നും ആകർഷിക്കുന്ന മഞ്ഞ ടാക്‌സിയിൽ തന്നെയായിരുന്നു യാത്ര. ഞങ്ങൾ താമസിച്ച ഹോട്ടൽ സ്ഥിതിചെയ്യുന്ന നൗപാറ എന്ന സ്ഥലത്തുനിന്നും മുക്കാൽ മണിക്കൂറോളം ദൂരമുണ്ട് കുമാർതുളിയിലേക്ക്. കൊൽക്കൊത്തയുടെ നഗരവീഥിയിൽ കൂടി കാർ നീങ്ങി. തിരക്കേറിയ രവീന്ദ്ര സരണിയിലെത്തുമ്പോൾ കാൽനടക്കാരും റിക്ഷക്കാരുമെല്ലാം ഞാൻ, സഞ്ചരിച്ച കാറിനെ മറികടന്നുപോകുന്നുണ്ടായിരുന്നു. അതുകൊണ്ട് ഒരു ഗുണമുണ്ടായി. കാറിൽ ഇരുന്ന് സ്വസ്ഥമായി സ്ട്രീറ്റ് ഫോട്ടോഗ്രാഫി നടത്താൻ സാധിച്ചു.
കുമാർതുളിഘട്ടിൽ എന്നെയിറക്കി ഡ്രൈവർ തിരിച്ചുമടങ്ങി. തിരക്കില്ലാത്ത ഒരുപ്രദേശം. മുന്നിലായി ഹൂഗ്ലി നദി ശാന്തമായി ഒഴുകുന്നു. ഈ നദിക്കരിയിൽ തന്നെയാണ് കുമാർതുളിയിലെ ദകേശ്വർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുമാർതുളിയുടെ ഇരുവശത്തുമായി ഓരോ പ്രധാന വീഥികളും രണ്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെറു വീഥികളുമുണ്ട്. വാഹനം ഇറങ്ങിയ സ്ഥലത്തുതന്നെ ഒരു പണിശാലയുണ്ട്. അവിടെ ഒരാൾ ഇരുന്നു നീല നിറത്തിലുള്ള ദേവീവിഗ്രഹത്തിന് കണ്ണുകൾ വരയ്ക്കുകയായിരുന്നു. കാളിദേവിയുടെ വിഗ്രഹത്തിൽ മനോഹരമായ കണ്ണുകൾ വരക്കുന്ന കലാകാരന്റെ ഏതാനും ചിത്രങ്ങൾ പകർത്തി അടുത്തുള്ള പണിശാലയിലേക്ക് നടന്നു. അവിടെ പ്രായം ചെന്ന രണ്ടു കലാകാരന്മാർ വ്യത്യസ്തമായ ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഒരാൾ കളിമണ്ണ് കൊണ്ട് ചെറിയ രൂപങ്ങൾ നിർമിക്കുന്നു. മറ്റൊരാളും എന്തൊക്കെയാ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
ഓരോ പണിശാലകളിലും കലാകാരന്മാർ വ്യത്യസ്ത നിർമാണത്തിലായിരുന്നു ഏർപ്പെട്ടിരുന്നത്. വിഗ്രഹത്തിന്റെ ഓരോ അവയവങ്ങളും പ്രത്യേകം പ്രത്യേകമാണ് ഇവിടെ നിർമിക്കുന്നത്. ദേവിയുടെ കണ്ണുകൾ വരച്ചുചേർക്കുന്നതാണ് വിഗ്രഹനിർമാണത്തിന്റെ കാതലായ പ്രവൃത്തി. ഇത് വിഗ്രഹത്തിന് ദൈവികശക്തി പകർന്നുനൽകുന്ന പ്രവൃത്തിയാണത്രെ! കാളി വിഗ്രഹത്തിന് കണ്ണുകൾ വരച്ചുചേർക്കുന്നതിനെ ചോക്കുധാൻ എന്നാണ് വിളിക്കുന്നത്.
തിരക്ക് കുറഞ്ഞ കുമാർതുളിയുടെ വീഥികളിലെ ഓരോ പണിശാലകളിലുടെ ഞാൻ കയറിയിറങ്ങി. ഈ വീഥികളിലൂടെ സഞ്ചരിച്ചാണ് രഘുറായിയെ പോലുള്ളവർ കൊൽക്കൊത്തയുടെ തെരുവുകളെ തങ്ങളുടെ ക്യാമറ കൊണ്ട് അനശ്വരമാക്കിയത്. ഹുഗ്ലി നദിക്കു അഭിമുഖമായുള്ള ഒരു പണിശാലയിലെത്തുമ്പോൾ കണ്ട കാഴ്ച അദ്ഭുതപ്പെടുത്തി. അവിടെ ചായം തേക്കാത്ത ദേവി വിഗ്രഹത്തിൽ സൂര്യകിരണം പതിഞ്ഞിരിക്കുന്നത് കണ്ടപ്പോൾ, സൃഷ്ടി, സ്രഷ്ടവിനെ അനുഗ്രഹിക്കുന്നപോലെ തോന്നി. നിർമാണത്തിൽ ഏർപ്പെട്ടിരുന്ന കമ്മാളന്മാരുമായി സംസാരിക്കാൻ അധികം അവസരം ലഭിച്ചില്ല. ദീപാവലി അടുത്തതിനാൽ അവരെല്ലാം തിരക്കിലായിരുന്നു.
വിഗ്രഹങ്ങളുടെ നിർമാണം കഠിനമേറിയതാണെന്നു മനസ്സിലായി. കുമാർതുളിയിലെ ദേവിവിഗ്രഹങ്ങളുടെ നിർമാണത്തിനാവശ്യമായ കളിമണ്ണ് എത്തിക്കുന്നത് സമീപത്തുള്ള ഗ്രാമങ്ങളിൽനിന്നാണ്. രണ്ടു തരം കളിമണ്ണാണ് വിഗ്രഹനിർമാണത്തിനായി ഉപയോഗിക്കുന്നത്. പശപശപ്പുള്ള കറുത്തനിറത്തിലുള്ള കളിമണ്ണും ഗംഗാമടി എന്നറിയപ്പെടുന്ന വെളുത്തനിറത്തിലുള്ള കളിമണ്ണും. നിറങ്ങൾ നൽകുന്നതിനായി അവിടെ തന്നെ നിർമിക്കുന്ന വിവിധ തരം നിറങ്ങളോടൊപ്പം സിന്തറ്റിക് നിറങ്ങളും ഉപയോഗിച്ച് വരുന്നു. ഒരു പണിശാലയിൽ ചെല്ലുമ്പോൾ കളിമണ്ണ് കാലുകൊണ്ട് ചവുട്ടി പരുവം വരുത്തുന്നതാണ് കണ്ടത്. പണിശാലകളുടെ അകത്തും പുറത്തുമായി മുളയും മരവും കൊണ്ടുള്ള ഫ്രെമുകളിൽ വൈക്കോൽ പൊതിഞ്ഞ് രൂപങ്ങൾ നിർമിച്ചുവെച്ചിരിക്കുന്നത് കാണാം. നേരത്തെ ചവിട്ടി പരുവം വരുത്തിയ മണ്ണും പശയും ചേർത്ത് ഈ ഫ്രെമുകളിൽ തേച്ചു പിടിപ്പിച്ചാണ് വിഗ്രഹങ്ങൾ നിർമിക്കുന്നത്.
പിന്നീട് അവ വെയിലത്തുവെച്ച് ഉണക്കിയ ശേഷം ആഭരണങ്ങളും വസ്ത്രാലങ്കാരവും നടത്തി പൂർണതയിലെത്തിക്കുന്നു. ഇടുങ്ങിയ വഴിയിലൂടെ ഇത്തരത്തിൽ പണികഴിപ്പിച്ച ഒരു വലിയ വിഗ്രഹം ഉന്തുവണ്ടിയിൽ കുറെ ആളുകൾചേർന്ന് തള്ളിക്കൊണ്ട് പോകുന്നത് കണ്ടു. തെരുവീഥിയിലൂടെ നടക്കവേ ഒരു സ്ത്രീ വഴിവക്കിൽ ഇരുന്നു കൊച്ചു കൊച്ചു വിഗ്രഹങ്ങൾ നിർമിക്കുന്നത് കണ്ടു. അപ്പോഴാണ് പണിശാലകളിൽ
സ്ത്രീകളെ കണ്ടില്ലല്ലോയെന്ന് ശ്രദ്ധിച്ചത്. മുൻപ് കുമാർതുളിയിൽ, വിഗ്രഹം നിർമിക്കാൻ സ്ത്രീകൾ ഉണ്ടായിരുന്നില്ല. അടുത്തിടെയാണ് സ്ത്രീകളും ഈ മേഖലയിലേക്ക് എത്തുന്നത്. മനസ്സിൽ വർഷങ്ങളായി സൂക്ഷിച്ചുവെച്ച നിറച്ചാർത്തിൽ ആറാടിയ ദൈവങ്ങളെയും അവയെ നിർമിക്കുന്ന നിറച്ചാർത്തില്ലാത്ത കുറെ മനുഷ്യരെയുമായിരുന്നു കുമാർതുളിയിൽ കണ്ട കാഴ്ചകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Exploration of Kumartuli, the historic artisan village in Kolkata. Technical overview of idol construction using Ganga clay and organic materials
Published: 15 Jun 2026, 09:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented