ഇന്ത്യയിലെ ഏറ്റവും വലിയ സമകാലിക കലാസൃഷ്ടികളുടെ പ്രദർശനമാണ് മുസിരിസ് ബിനാലെ. അതിന് വേദിയാകുന്നതോ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോഡൗണുകളും ചുറ്റുമുള്ള ജലാശയങ്ങളും കൊണ്ട് സമ്പന്നമായ കൊച്ചിയിലെ പൈതൃക നഗരമായ ഫോർട്ട് കൊച്ചി. ഇത് പലപ്പോഴും ഇറ്റലിയിലെ വെനീസ് ബിനാലെയുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്. 2012-ൽ ആരംഭിച്ച കൊച്ചി-മുസിരിസ് ബിനാലെ, അതിന്റെ 'മാതൃ' ബിനാലെയായ 130 വർഷം പഴക്കമുള്ള വെനീസ് ബിനാലെയുടെ ഒരു പ്രതിബിംബം പോലെയാണ്. വിസ്തൃതമായ കടലും പഴയ ഭീമാകാരമായ ഗോഡൗണുകളും രണ്ട് ചരിത്ര നഗരങ്ങളിലെയും സമാനതകളാണ്.

എങ്കിലും, വെനീസ് ബിനാലെയുടെ പ്രധാന പ്രത്യേകതയായ 'വാപ്പൊറെറ്റോ' (Vaporetto) അഥവാ വാട്ടർ ബസുകളുടെ അഭാവം കൊച്ചിയിൽ ഉണ്ടായിരുന്നു. വെനീസിൽ ആയിരക്കണക്കിന് കലാപ്രേമികളെ വിവിധ പ്രദർശന വേദികളുമായി ബന്ധിപ്പിക്കുന്നത് ഈ ജലഗതാഗത സംവിധാനമാണ്. കൊച്ചിയിലെ വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്ന പുതിയ വാട്ടർ മെട്രോ വന്നതോടെ, ഇരു  ബിനാലെകളും തമ്മിലുള്ള ഈ വ്യത്യാസവും ഇല്ലാതായിരിക്കുന്നു. പരിസ്ഥിതി സൗഹൃദ സംരംഭമായ വാട്ടർ മെട്രോ വഴി ഫോർട്ട് കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കും യാത്ര ചെയ്യാൻ സന്ദർശകർക്ക് ഇപ്പോൾ സാധിക്കും.

കരമാർഗ്ഗമുള്ള തിരക്കേറിയ യാത്രയെ അപേക്ഷിച്ച് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാട്ടർ മെട്രോ വളരെ വേഗമേറിയതാണ്. വെനീസിലെ വാപ്പൊറെറ്റോകളെപ്പോലെ തന്നെ ഇവ വേഗതയുള്ളതും സൗകര്യപ്രദവുമാണ്. കൂടാതെ വാട്ടർ മെട്രോ സ്‌റ്റേഷനുകൾ ബിനാലെ വേദികൾക്ക് തൊട്ടടുത്താണ്.

കഴിഞ്ഞ ഡിസംബർ 12-നാണ് ഇത്തവണത്തെ കൊച്ചി-മുസിരിസ് ബിനാലെ ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെയും ദക്ഷിണേഷ്യയിലെ ഏറ്റവും വലുതുമായ സമകാലിക കലാമേളയായ കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പാണ് ഇത്തവണ. വാട്ടർ മെട്രോ സർവീസ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെതുമാണ്. 

1895-ൽ ആരംഭിച്ച വെനീസ് ബിനാലെയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സാവോ പോളോ, ഷാങ്ഹായ്, സിഡ്‌നി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിനാലെകൾ ആരംഭിച്ചിട്ടുണ്ട്. 

രാജ്യാന്തര പ്രശസ്തനായ കലാകാരൻ നിഖിൽ ചോപ്രയും ഗോവയിലെ എച്ച്എച്ച്ആർട്ട് സ്പേസസും ചേർന്ന് ക്യുറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദർശനത്തിൽ 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോർട്ട്‌കൊച്ചിയിലെ ആസ്പിൻവാൾ ഹൗസാണ് പ്രധാന വേദി. പ്രദർശനങ്ങൾ മാർച്ച് 31-ന് അവസാനിക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi