മരംകോച്ചുന്ന മഞ്ഞുകാലം. ആകാശപ്പൂക്കള്‍ മഞ്ഞായ് അടരുന്ന ശിശിരം. ഇലകളൊഴിഞ്ഞ മാമരച്ചില്ലകളില്‍ ശൈത്യം ഹിമശല്‍ക്കങ്ങളായ് പടര്‍ന്നു കയറും. ശാന്തരാത്രി പിറക്കും. തിരുപ്പിറവി. ബെത്‌ലഹേമില്‍ ദൈവപുത്രന്‍ പിറന്നദിനം. അകലെയകലെ മഞ്ഞുനാട്ടില്‍ പോപ്ലാര്‍ മരങ്ങളുടെ ഇലകളുതിര്‍ക്കുന്ന, വില്ലോ മരങ്ങളില്‍ ശീതക്കണ്ണീര്‍ നിറയ്ക്കുന്ന, ഹിമക്കരടികള്‍ ശിശിരനിദ്ര പുല്‍കുന്ന ശൈത്യകാലം.

To advertise here,

മാമലകള്‍ക്കിപ്പുറം സഹ്യന്റെ കോട്ടവളപ്പിനുള്ളില്‍ ഡിസംബര്‍ വൃശ്ചികക്കുളിരിന്റേതാണ്. ഞൊറിയിട്ട നേര്‍ത്ത മഞ്ഞിന്റെ തിരശ്ശീലയില്‍ പെട്രോമാക്‌സ് ലൈറ്റിന്റെയും റാന്തലിന്റെയും മെഴുകുതിരികളുടെ വെളിച്ചം പടരുമ്പോള്‍ അലകളായ് ഒഴുകിവരുന്ന കരോള്‍പാട്ടിന്റെ ഇമ്പം. തണുത്ത കാറ്റിന്റെ കൈപിടിച്ചെത്തുന്ന ഈരടികള്‍. ഡിസംബര്‍ രാവുകളില്‍ നാട്ടിടവഴികളില്‍ വാദകസംഘം പാടിപ്പതിഞ്ഞ ഈരടികള്‍. ദൈവപുത്രന്റെ പിറവിക്കായി രാപ്പാര്‍ത്തിരുന്ന അജപാലകരെപ്പോലെ ഡിസംബറിന്റെ വരവുകാത്തിരുന്ന തലമുറകള്‍...

കാലമേറെ മുന്നോട്ടു പാഞ്ഞിട്ടും, അരണ്ട റാന്തലിന്റെ നേര്‍ത്ത ശോകത്തെ എല്‍. ഇ. ഡികള്‍ പ്രകാശത്താല്‍ മറികടന്നിട്ടും ആ ഇമ്പത്തിന് ഇന്നും മാറ്റമില്ല. കാലങ്ങളെ കൊരുത്തിടുന്ന ഈണച്ചരടാണ് കരോള്‍. കല്ലടയാറിനു കുറുകെ വെയിലിന്റെ നിഴലറ്റുതുടങ്ങിയ വൈകുന്നേരം. കല്ലട സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയം. അള്‍ത്താരയില്‍ ദീപം തെളിഞ്ഞു. പള്ളിയില്‍ നക്ഷത്രങ്ങള്‍ തെളിഞ്ഞു. 

ഈണത്തില്‍ ഇമ്പത്തില്‍
വികാരിയച്ചന്റെ പ്രാര്‍ഥന കഴിഞ്ഞതും ഒരുകൂട്ടം ചെറുപ്പക്കാര്‍ ഡ്രമ്മുകള്‍ കൈയിലെടുത്തു. നീളന്‍ കുപ്പായമണിഞ്ഞ് സാന്താക്ലോസ് ചുവടുകള്‍ വച്ച് മുന്നോട്ടു വന്നു. നക്ഷത്രവിളക്കുമേന്തി ഒരാള്‍ കൂട്ടത്തിനൊപ്പം കൂടി. കരോള്‍ തുടങ്ങുകയാണ്. പള്ളിമുറ്റത്ത് ഡ്രമ്മിന്റെ പെരുമ്പറ. ചുവന്ന തൊപ്പികളണിഞ്ഞ് കരോള്‍ സംഘം. ഡ്രമ്മുകള്‍ മുഴങ്ങി.

കണ്ണും കണ്ണും കാത്തിരുന്നു
മണ്ണിലൊരു പൈതലിനായ്

ഡ്രമ്മുകളുടെ മുഴക്കത്തിനൊപ്പം ഈണത്തില്‍ പാടി അവര്‍ പള്ളി ചുറ്റി. ക്രിസ്മസ് വരവറിയിച്ചിരിക്കുന്നു. പള്ളിയങ്കണത്തിലെ പുല്‍ക്കൂട്ടില്‍ മേരിയുടെ കൈയില്‍ ഉറങ്ങുന്നുണ്ട് ഉണ്ണിയേശു. പള്ളിമുറ്റത്തു നിന്നും കരോള്‍ സംഘം ഇടവഴിലേക്ക്. മാര്‍ അന്ത്രയോസ് ബാവയുടെ കുരിശടി ചുറ്റാനുള്ള യാത്ര. കാലങ്ങള്‍ക്കു മുമ്പ് സിറിയയില്‍ നിന്നെത്തി നാടിന്റെ കാവല്‍പിതാവായി മാറിയ വിശുദ്ധന്റെ കുരിശടിയില്‍ മെഴുകുതിരികള്‍ ജ്വലിച്ചു. വാദ്യം മുറുകി. പള്ളിക്ക് വലംവച്ചിറങ്ങുന്ന സംഘം കുരിശടിക്കു മുന്നില്‍ നിന്നാണ് ഓരോ ദിവസത്തെയും കരോള്‍ തുടങ്ങുന്നത്.
 

ചിറയുടെ കരയില്‍
തേന്മലകളില്‍ നിന്ന് ഉത്ഭവിക്കുന്ന കല്ലടയാറിന്റെ ഇരുവശങ്ങളിലുമായാണ് കല്ലട ഗ്രാമം. കിഴക്കേ കല്ലടയും പടിഞ്ഞാറേ കല്ലടയും. ഇരുകരകള്‍ക്കുമിടയിലൂടെ അഷ്ടമുടിക്കായലിന്റെ കുളിരുതേടി നിറഞ്ഞൊഴുകുന്ന ആറ്. ഉപരികുന്നിനും ചിറ്റുമലയ്ക്കും ഇടയിലുള്ള പ്രദേശം ആയതുകൊണ്ടാണ് കല്ലടയ്ക്ക് ഈ പേരുവന്നതെന്ന് പറയപ്പെടുന്നു. ചിറ്റുമലയുടെ താഴ്‌വരയില്‍ കിഴക്കേക്കല്ലടയിലാണ് സെന്റ് ജോര്‍ജ് ദേവാലയം.

പള്ളിക്കുകിഴക്കായി ഒരു ചിറ കാണാം. കൊല്ലത്തിന്റെ ജലസമൃദ്ധിയുടെ അടയാളം പോലെ. ചിറ്റുമലച്ചിറ. അതിന്റെ അതിരില്‍ പണ്ടൊരു കൊട്ടാരം ഉണ്ടായിരുന്നു. മതിലകം റാണിയുടെ കൊട്ടാരം. ജലം തെളിഞ്ഞ കണ്ണാടിപോലെ ചിറയില്‍ തുളുമ്പി നിന്നു. അതിന്റെ സുതാര്യതയില്‍ ആകാശം വെളിപ്പെട്ടു. ചേക്കേറുന്ന പക്ഷികളുടെ ചിറകുകള്‍ക്കുമുകളില്‍ പോളപ്പൂക്കള്‍ പോലെ സാന്ധ്യമേഘങ്ങള്‍. കൊറ്റികള്‍, പറവകള്‍, ജലപ്പക്ഷികള്‍, ഇടയ്ക്ക് പൊങ്ങിക്കുതിച്ചു മറയുന്ന മീനുകള്‍.
 
മുഴങ്ങുന്നു വാദ്യം
ചിറയ്ക്കു കുറുകെയൊരു വഴികാണാം. മതിലകം റാണിയും പരിവാരങ്ങളും ചിറ്റുമലയമ്മയെ കണ്ടുതൊഴാന്‍ നടന്നിരുന്നത് ഈ വഴിയിലൂടെയാണ്. ചിറയുടെ അതിരുകളില്‍ മഞ്ഞിന്റെ മങ്ങിയ പാട പടര്‍ന്നു. കുരിശടി ചുറ്റി കരോള്‍ സംഘം ചിറയ്ക്കരികിലേക്ക്. മുഴങ്ങുന്ന വാദ്യത്തിന്റെ ഈണത്തിനൊത്ത് ചലിക്കുന്ന ഓളങ്ങള്‍. ചിറകളില്‍ നിന്ന് വയലുകളേക്ക് ഒഴുകുന്ന കൈത്തോടുകള്‍. സാന്താക്ലോസിന്റെ നീളന്‍ കുപ്പായം ഒരു ചുവന്ന മത്സ്യത്തെപ്പോലെ ചിറയില്‍ പ്രതിഫലിച്ചു. ആ ജലക്കാഴ്ചകളിലേക്ക് കരോള്‍ അകമ്പടിയായെത്തി. ചിറയുടെ വശങ്ങളിലായി ഇടവകയംഗങ്ങളുടെ വീടുകളുണ്ട്. കരോള്‍ എ
ത്തുന്നതും കാത്തുനില്‍ക്കുന്നുണ്ട് കുഞ്ഞുങ്ങള്‍. സായാഹ്നവെയിലിന്റെ വെളിച്ചം പുതച്ച് കുറച്ചുപേരാ വഴിയിറമ്പിലിരിക്കുന്നുണ്ട്. കരോളിന്റെ വരവ് കണ്ടതും അവരുടെ ചുളിവു പടര്‍ന്ന മുഖങ്ങളില്‍ ഓര്‍മകളുടെ ഉല്ലാസക്കാഴ്ചകളിരമ്പി. ''വയസ്സായില്ലേ കുഞ്ഞേ. ആയകാലത്ത് ഞാനെത്ര കരോള് കൂടിയതാണെന്നോ. ഇന്നിപ്പോ ചെറുപ്പക്കാരുടെ കാലമല്ലേ. അവര് ആഘോഷിക്കട്ടേ. ഈ പാട്ടും ശബ്ദവുമൊക്കെ കേള്‍ക്കുമ്പോള്‍ ഓര്‍മകളൊത്തിരി ഇങ്ങുപോരും. ഡിസംബറ് ശരിക്കുമൊരു ഓര്‍മമാസമാ...'' കൂട്ടത്തിലൊരു അപ്പച്ചന്‍ ഓര്‍മകളിലേക്ക് ഊളിയിട്ടു... ആകാശത്തേക്ക് കൈകളുയര്‍ത്തി ദൈവത്തെ സ്തുതിച്ചു. ആനേരത്ത് കരോള്‍സംഘം ഒരു വീട്ടുവളപ്പിലേക്ക് കടന്നു.

placeholder
വീട്ടുമുറ്റത്ത് അവര്‍ നിരനിരയായി നിന്നു. വണ്‍... ടൂ... ത്രീ... ഡ്രം മുഴങ്ങി. താളവും മേളവും മുറുകി. പാപ്പ ചുവടുകള്‍ വച്ചു. മിഠായികള്‍ വാരിവിതറി.   വാദ്യം നിലച്ചു. കരോള്‍സംഘത്തിനായി പലഹാരങ്ങളും ചൂടന്‍ ചുക്കുകാപ്പിയുമെത്തി. ''മഞ്ഞുകാലമല്ലേ... ചുക്കുകാപ്പി തൊണ്ടയ്ക്ക് നല്ലതാ...'' സാന്താക്ലോസ് മുഖംമൂടി മാറ്റി കാപ്പി മൊത്തിക്കുടിച്ചു. വെള്ളപ്പിഞ്ഞാണത്തില്‍ അടുക്കി നിരത്തിയ വെള്ളയപ്പത്തിന് മഞ്ഞിനേക്കാള്‍ വെണ്മ. കലമാന്റെ കൊമ്പുപോലെ കുഴലപ്പം. ഉരുണ്ട അലങ്കാരബള്‍ബിന്റെ വലുപ്പത്തില്‍ എണ്ണ കിനിയുന്ന ഉണ്ണിയപ്പം. ക്രിസ്മസ് വൈകുന്നേരങ്ങള്‍ക്ക് ചുക്കുകാപ്പിയുടെ മണമാണ്.

കാപ്പിയും പലഹാരങ്ങളും കഴിച്ച് സംഘം ഉഷാറായി. സാന്താക്ലോസ് മുഖംമൂടി വലിച്ചിട്ടു. അനുചരര്‍ ക്രിസ്മസ് തൊപ്പികള്‍ തലയിലുറപ്പിച്ചു. കയ്യാലയരികില്‍ ചാരിവെച്ച നക്ഷത്ര വിളക്കുകള്‍ തുടര്‍ യാത്രയ്‌ക്കൊരുങ്ങി.

പോവുന്നേ ഞങ്ങള്‍ പോവുന്നേ
വേറൊരു ഭവനത്തിലേക്ക്...

 
ഇരുട്ട് കനക്കുന്നു... ഓരോരോ വീടുകളിലേക്കായി നടന്നുകയറുന്ന നക്ഷത്ര വിളക്കുകള്‍. സംഘത്തിലേറെയും കുട്ടികളും ചെറുപ്പക്കാരുമാണ്. ഷെറിന്‍, ബിബിന്‍, ജെയിന്‍, ജിതിന്‍, റോബിന്‍... അവരോരോരുത്തരായി സ്വയം പരിചയപ്പെടുത്തി. ''പിന്നെ ദേ ഇവനാണ് സിജോ...'' അവര്‍ സാന്താക്ലോസിനെ ചൂണ്ടി. പാപ്പ കുടവയര്‍ തടവി. 

ആകാശവീഥിയില്‍ മാലാഖമാരവര്‍
സ്‌നേഹത്തിന്‍ നിറകുടമായ്
താരാട്ടുപാടി ഉറക്കീടുവാനായ്
മനതാരില്‍ നിനച്ചിരുന്നു...

തെളിയുന്നു വഴികള്‍
തുകല്‍ വാദ്യം താളംപെരുപ്പിച്ചു. പാടിത്തെളിഞ്ഞ തൊണ്ടകളില്‍ പിഴയ്ക്കാത്ത ഈണത്തിന്റെ ഈരടികള്‍. കരോള്‍ക്കാഴ്ചകള്‍ പകര്‍ന്നു തരുന്ന ഉല്ലാസത്തിന് അതിന്റെ ഊര്‍ജത്തിന് പരിധിയില്ല. മഞ്ഞിന്റ നേര്‍ത്ത വലയങ്ങള്‍ കടന്ന് നക്ഷത്രവിളക്കുകള്‍ വഴികാട്ടി. ചിറയുടെ വരമ്പു കടന്ന് സംഘം മടക്കയാത്രയിലാണ്. പോക്കാച്ചിത്തവളകളുടെ മുറുമുറുപ്പുകള്‍ ചീവിടുകളുടെ കലപിലകള്‍ ഏതോ രാപ്പക്ഷിയുടെ പാട്ട് അതിനൊപ്പം കൂട്ടുവന്നു. ഇരുട്ടിന്റെ കോന്തലയ്ക്കുള്ളില്‍ കെട്ടിയിട്ട താക്കോല്‍ക്കൂട്ടം പോലെ ചിറ ഒച്ചകൂട്ടുന്നു. കൈത്തോടുകളും വയലേലകളും ആറും പുഴയും കടന്ന് കടലിലേക്ക് കുതിക്കുന്ന ജലഘോഷയാത്ര. ആ രാവിനെ അവസാനത്തെ പാട്ടു പാടി യാത്രയാക്കുകയാണ് കരോള്‍ സംഘം...

ഇത്രനല്ല സ്‌നേഹത്തെ
തന്ന നല്ല നാഥനെ 
മെല്ലെ രാവില്‍ പാടിസ്തുതിക്കാം...

ചിറകടന്ന് പള്ളിമുറ്റത്ത് എത്തുമ്പോഴും ആ വരികള്‍ മനസ്സൊഴിഞ്ഞിരുന്നില്ല. ഇത്ര നല്ല രാവിനെ തന്ന നല്ല നാഥനെ സ്തുതിച്ച് പള്ളിമേടയിലേക്ക് ഒന്നു നോക്കി. ദൈവപ്രസാദം നിലാവായി നക്ഷത്രങ്ങളായി നേര്‍ത്തമഞ്ഞായി മുന്നില്‍ തെളിഞ്ഞു.