റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍, രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ നിന്ന് മടങ്ങിയത്.

To advertise here,

വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ പുതിനായി ഗംഭീര വിരുന്നാണ് ഒരുക്കിയിരുന്നത്. വിരുന്നില്‍ പുതിനുവേണ്ടി തയ്യാറാക്കിയ വിഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, റഷ്യന്‍ പ്രസിഡന്റ്, ഇന്ത്യന്‍ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, നയതന്ത്രജ്ഞര്‍ എന്നിവരാണ് വിരുന്നിൽ പങ്കെടുത്തത്.

പൂര്‍ണ്ണമായും സസ്യാഹാരമായിരുന്നു മെനുവില്‍ ഉണ്ടായിരുന്നത്. പശ്ചിമ ബംഗാളിലെ ഗുര്‍ സന്ദേശ്, വടക്കേ ഇന്ത്യയിലെ ദാല്‍ തഡ്ക, ദക്ഷിണേന്ത്യയിലെ മുറുക്ക്, ടിബറ്റന്‍-നേപ്പാള്‍ അതിര്‍ത്തി മേഖലകളിലെ ജോള്‍ മോമോ, ജമ്മു കശ്മീരില്‍ നിന്നുള്ള ഗുച്ചി ദൂണ്‍ ചേറ്റിന്‍ (വാള്‍നട്ട് ചട്ണിക്കൊപ്പം വിളമ്പുന്ന കൂണ്‍) എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇന്ത്യന്‍ വിഭവങ്ങളായിരുന്നു പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഹിമാലയന്‍ മേഖലകളില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ്വമായ ഗുച്ചി കൂണ്‍ കൊണ്ടുള്ള വിഭവമാണ് ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കിലോഗ്രാമിന് 35,000 രൂപ മുതല്‍ 40,000 രൂപ വരെ വിലയുള്ള ഈ വിഭവം വളരെ സവിശേഷമാണ്.

എന്തുകൊണ്ടാണ് ഗുച്ചി കൂണുകള്‍ ഇത്ര വിലപിടിപ്പുള്ളതാകുന്നത്? ഗുച്ചി കൂണുകള്‍ സ്വാഭാവികമായി വളരുന്നവയാണ്, ഇവയെ കൃഷി ചെയ്‌തെടുക്കുക എളുപ്പമല്ല. പ്രത്യേക ഊഷ്മാവും മണ്ണും ഇവയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. മഞ്ഞുവീഴ്ചയ്ക്ക് ശേഷമുള്ള വസന്തകാലത്ത് ഹിമാലയന്‍ വനങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഗ്രാമീണര്‍ ആഴ്ചകളോളം നീളുന്ന തിരച്ചിലിന് ശേഷമാണ് ഇവ ശേഖരിക്കുന്നത്. ലഭ്യത കുറവാകുമ്പോള്‍ ഇതിന്റെ വില കിലോഗ്രാമിന് 50,000 രൂപ വരെ ഉയരാറുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ കൂണുകളിലൊന്നായി ഇത് അറിയപ്പെടുന്നു.

ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഗുച്ചി കൂണിന് വലിയ ഡിമാന്‍ഡുണ്ട്. ഗുച്ചി പുലാവ്, യഖ്‌നി, റോഗന്‍ജോഷ് എന്നിവ പാകം ചെയ്യാനും ഇത് ഉപയോഗിക്കുന്നു. ഇറച്ചിക്ക് സമാനമായ ഘടനയുള്ളതിനാല്‍ സസ്യാഹാരങ്ങളില്‍ മാംസത്തിന് പകരമായി ഇത് ഉപയോഗിക്കാം. അതുകൊണ്ടാണ് രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നില്‍ റഷ്യന്‍ പ്രസിഡന്റിനായി ഈ വിഭവം വിളമ്പിയത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi