ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലുള്ള ഒരു ചെറിയ ഗ്രാമമാണ് തിൽഹാർ. ഈ ഗ്രാമത്തിൽ എവിടെ തിരിഞ്ഞാലും പരമ്പരാഗത മധുരവിഭവങ്ങൾ വിൽക്കുന്ന കടകൾ കാണാം. ഗ്രാമത്തിലുള്ളവർ തന്നെ നിർമിച്ച് വിൽക്കുന്ന വിഭവങ്ങളാണിതെല്ലാം.

To advertise here,

അതിലേറ്റവും പ്രധാനപ്പെട്ടത് കാജു ബട്‌ലി എന്ന വിഭവമാണ്. ബർഫിയോട് ഏറെ സാമ്യമുണ്ട് ഇതിന്. കുതിർത്ത കശുവണ്ടി അരച്ചെടുത്തതും നെയ്യും പഞ്ചസാരയും ചിലപ്പോൾ കുങ്കുമപ്പൂവും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. അതുകഴിഞ്ഞ് ഒരു പ്രത്യേക ആകൃതിയിൽ മുറിച്ച്, എഡിബിൾ സിൽവർ ഫോയിലിൽ പൊതിഞ്ഞാണ് കാജു കട്‌ലി വിൽക്കുന്നത്.

തിൽഹാർ ഗ്രാമത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നതും കാജു കട്‌ലി തന്നെ. തലമുറകളായി കൈമാറിവരുന്ന പാചകരീതിയാണ് ഇതിനെ സവിശേഷമാക്കുന്നത്. ശുദ്ധമായ, ഇവിടെ തന്നെയുണ്ടാക്കുന്ന നെയ്യും നല്ല ഗുണനിലവാരമുള്ള കശുവണ്ടിയുമാണ് തിൽഹാറിലെ കാജു ബട്‌ലിയുടെ പ്രത്യേകത.

ഈ വിഭവത്തിന്റെ ജനപ്രീതി കാരണം ഈ ഗ്രാമവും കൂടുതൽ അറിയപ്പെടാൻ തുടങ്ങി. ഇന്ന് വിദേശത്തേക്കും വലിയ രീതിയിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട് കാജു കട്‌ലി.

ഒരിക്കൽ ഇവിടെയെത്തിയ നിത അംബാനിയും മുകേഷ് അംബാനിയും ഗ്രാമത്തിലെ കാജു കട്‌ലി രുചിച്ചുനോക്കി. അവർക്കത് നന്നേ ഇഷ്ടപ്പെടുകയും ചെയ്തു. അതിനുശേഷം അവരുടെ ആഘോഷങ്ങളിലെല്ലാം കാജു ബർഫിക്ക് ഒരു പ്രത്യേകസ്ഥാനം ലഭിച്ചു. വീട്ടിലെ പൂജയാണെങ്കിലും സ്വകാര്യചടങ്ങാണെങ്കിലും വലിയ പരിപാടിയാണെങ്കിലും അവർക്കിത് നിർബന്ധമാണ്.

അംബാനി കുടുംബം വിശേഷാവസരങ്ങളിലെല്ലാം അവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സമ്മാനം നൽകാറുണ്ട്. സമ്മാനമായി നൽകുന്ന ബോക്‌സിൽ കാജു കട്‌ലി എന്തായാലുമുണ്ടാവും. അനന്ത് അംബാനിയുടെ വിവാഹസമയത്ത് ജീവനക്കാർക്ക് ക്ഷണക്കത്ത് നൽകിയപ്പോൾ അതിനൊപ്പം ഒരു ബോക്‌സുമുണ്ടായിരുന്നു. അതിലും റോസ്റ്റഡ് കശുവണ്ടി, ചീട, സേവ് എന്നിവയ്‌ക്കൊപ്പം കാജു ബർഫി ഇടംപിടിച്ചു. അംബാനികുടുംബത്തിലെ വിശേഷാവസരങ്ങളിലെല്ലാം അവരുടെ പ്രൈവറ്റ് ജറ്റിലാണ് കാജു ബർഫി മുംബൈയിലേക്ക് പറന്നെത്തുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi