വിഖ്യാത വന്യജീവി ഗവേഷകനായ ഷാലർ ആനമുടിയുടെ അത്യുന്നതങ്ങളിൽ എത്തിയപ്പോൾ പ്രകൃതിഭംഗിയിൽ സ്വയം മറന്നുനിന്നു. കുത്തനെയുള്ള പാറക്കൂട്ടങ്ങൾക്കിടയിലൂടെ മിന്നൽവേഗത്തിൽ അനായാസമെന്നോണം വരയാടുകൾ പായുന്നത് അദ്ദേഹത്തിൽ അദ്ഭുതം ജനിപ്പിച്ചു. മേഘപാളികൾ ഒഴുകിയെത്തി അവയെ വലയം ചെയ്യുന്നു. അപ്പോഴും നിഴൽപോലെ ആടുകളെ കാണാം. മേഘങ്ങൾക്ക് കട്ടി കൂടുമ്പോൾ ആടുകൾ അദൃശ്യമാകും.

To advertise here,

പ്രകൃതിയുടെ ഈ മനോഹാരിതയെ അടയാളപ്പെടുത്തിയ ലേഖനത്തിന് ഷാലർ നൽകിയ തലക്കെട്ട് 'മേഘങ്ങളിലെ ആടുകൾ' എന്നായിരുന്നു. ഹിമാലയൻ യാത്രാനുഭവമായ 'STONES OF SILENCE' എന്ന ഗ്രന്ഥത്തിലും വരയാടുകളെ തേടി സഹ്യപർവത മലനിരകളിലൂടെ സഞ്ചരിച്ച അനുഭവവും ഉൾപ്പെടുത്തിയിട്ടുണ്ട്.

അരനൂറ്റാണ്ടിന് മുൻപ് നീലഗിരിയിൽനിന്നും മൂന്നാറിൽ എത്തിയ ശേഷമാണ് ഷാലർ ആനമുടിയിലേക്ക് നടന്നത്. അതിനും മുൻപ് ഹിമാലയത്തിലെ ഗൊറൽ ആടുകളെയും അദ്ദേഹം നിരീക്ഷിച്ചിരുന്നു. വരയാടുകളെ തേടിപ്പോയ അനുഭവത്തെക്കുറിച്ച് ഷാലർ വിവരിക്കുന്നതിങ്ങനെ.

''രാത്രി നക്ഷത്രങ്ങളെ കൈയെത്തും ദൂരത്തിൽ കാണാം. ഞാൻ പാറക്കൂട്ടത്തിൽ കിടന്നുറങ്ങി. വഴികാട്ടികളായി കൂടെയുണ്ടായിരുന്ന രംഗസ്വാമിയും വേളസ്വാമിയും പുല്ലുകൾ വെട്ടി രണ്ടടി പൊക്കത്തിൽ വിരിച്ച് മെത്തയാക്കി. ഞാൻ സുഖമായുറങ്ങി. നേരം വെളുത്തപ്പോഴും പ്രകൃതിയുടെ ദൃശ്യഭംഗി അവിശ്വസനീയമായ കാഴ്ചയായിരുന്നു. മരതകപ്പട്ട് വിരിച്ച പോലെ നോക്കെത്താം ദൂരത്തോളം പുൽമേടുകൾ ചിത്രകാരന്റെ ബ്രഷിൽനിന്നും പിറവിയെടുത്ത കലാസൃഷ്ടിപോലെ മലമടക്കുകൾ. പൂത്തുനിൽക്കുന്ന കുറഞ്ഞിപ്പൂക്കൾ. വേനലിനും വറ്റാത്ത നീർച്ചാലുകൾ. വളഞ്ഞ് തിരിഞ്ഞ് ആനമുടി നീളുന്ന ഒറ്റയടിപ്പാതകൾ. ഇതൊരു സ്വർഗ്ഗമാണ്''.

ജർമനിയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ജോർജ് ഷാലർക്ക് ഇപ്പോൾ വയസ്സ് 90. അലാസ്‌ക യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ തന്നെ വന്യമായ ഭൂപ്രകൃതി തേടി യാത്രയാരംഭിച്ചു. എം.എസ്.സി. ജയിച്ചപ്പോൾ ഹോണ്ടുറാസിലെ സൂര്യവെളിച്ചം പോലും കയറാത്ത ഘോരവനങ്ങളിൽ ജഗ്വാറുകളെ തേടിയായിരുന്നു ആദ്യയാത്ര. പിന്നീട് ആഫ്രിക്കയിലെ കോംഗോയിൽ ഗൊറില്ലകളെ നിരീക്ഷിച്ചു. ഭൂഖണ്ഡങ്ങളേയും പിന്നിട്ട് യാത്ര ടിബറ്റിലേക്കും ചൈനയിലേക്കും നീണ്ടു.

ഏഴ് പതിറ്റാണ്ടുകൾക്കിടെ 40-ലധികം രാജ്യങ്ങളിലെ വന്യമൃഗങ്ങളെ നിരീക്ഷിച്ചു. 32 ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. വരയാടുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം നടത്താൻ ഷാലറെ പ്രേരിപ്പിച്ചത് കൂനൂരിലെ പ്രകൃതി സംരക്ഷണ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന പരേതനായ ഇ.ആർ.സി. ദവിദാർ ആയിരുന്നു. അഭിഭാഷകനായിരുന്ന അദ്ദേഹം നീലഗിരിയിലെ വരയാട് സംരക്ഷണത്തിനായി 1950-കളിൽ പടുത്തുയർത്തിയ പ്രസ്ഥാനം പ്രകൃതി സംരക്ഷണത്തിന് മാതൃകയായി. പക്ഷി ഗവേഷകനായ ഡോ. സാലിം അലിയെ ദവിദാറുടെ വ്യക്തിത്വം ആഴത്തിൽ സ്വാധീനിച്ചു. ദവിദാർ നീലഗിരിയിലെ വരയാടുകളെ കുറിച്ച് നടത്തിയ സർവേ റിപ്പോർട്ട് സാലിം അലി തന്റെ ജേണലിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതാണ് ഷാലറെ ആകർഷിച്ചത്.

ദവിദാറിനെ കാണാൻ ഷാലർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സാലിംഅലി പറഞ്ഞു-''പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങൾക്ക് കേട്ടുകേൾവിയില്ലായിരുന്ന കാലത്താണ് ദവിദാർ അതൊരു ജീവിതദൗത്യമായി ഏറ്റെടുത്തത്. പലരും അദ്ദേഹത്തെ പരിഹസിച്ചു. കാലം കഴിഞ്ഞപ്പോൾ അതൊരു മഹത്തായ പ്രസ്ഥാനമായി വളർരുകയായിരുന്നു''. ഷാലർ തന്റെ കുറിപ്പുകളിൽ എഴുതി.

''സാലിം അലിയുടെ വാക്കുകൾ എന്റെ കാതുകളിൽ ഇപ്പോഴും അലയടിക്കുന്നു. അതൊരു വഴിത്തിരിവായി. വരയാടുകളുടെ സ്വർഗഭൂമിയായ സഹ്യപർവതനിരകളിലേക്കുള്ള എന്റെ യാത്ര തുടങ്ങിയത് അങ്ങനെയാണ്''

ദവിദാറിന്റെ ജന്മദിനമായ ഒക്ടോബർ 7-ന് വരയാട് ദിനമായി ആഘോഷിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. തമിഴ്നാടിന്റെ സംസ്ഥാന മൃഗമാണ് വരയാട്. വരയാട് സംരക്ഷണത്തിനായി ഇന്ത്യയിൽ ആദ്യം മുൻകൈ എടുത്ത ദവിദാറിനെ പ്രത്യേകം സ്മരിച്ചുകൊണ്ടാണ് സർക്കാരിന്റെ തീരുമാനം.

മാത്രമല്ല വരയാട് സംരക്ഷണത്തിനായി 25 കോടി രൂപയുടെ പ്രത്യേക കർമപരിപാടിയും നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സഹ്യപർവതനിരകളിലായി വ്യാപിച്ചുകിടക്കുന്ന തമിഴ്നാട്ടിലും കേരളത്തിലും മാത്രമാണ് വരയാടുകൾ ഉള്ളത്. തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം അറിഞ്ഞ ഷാലർ പറഞ്ഞു. ''വംശനാശഭീഷണികളിൽനിന്നും വരയാടുകളെ സംരക്ഷിക്കാനുള്ള തീരുമാനം മഹത്തായ ഒന്നാണ്.

....................................

''1963-ലാണ് ദവിദാർ വരയാട് സെൻസസിന് മുൻകൈ എടുക്കുന്നത്. വിശ്രമമില്ലാതെ തന്റെ ദൗത്യവുമായി മുന്നേറി. 1969-ൽ അദ്ദേഹത്തെ കൂനൂരിൽ വെച്ച് കാണുമ്പോൾ ഉദാരമനസ്സോടെ എന്നെ സ്വീകരിച്ചു. വരയാട് പഠനത്തിനായി എനിക്ക് നീലഗിരി മലനിരകളിലെ കവാടങ്ങൾ തുറന്ന് തന്നത് അദ്ദേഹമാണ്''. വെങ്കടാചലം എന്ന ഗൈഡിനെ പരിചയപ്പെടുത്തിക്കൊണ്ട് ദവിദാർ പറഞ്ഞു. ''മുക്കുർത്തി മലനിരകളിലേക്ക് പോവുക. വരയാടുകളെ ആദ്യം കാണുന്നത് അവിടെനിന്ന് ആകട്ടെ''.

പിറ്റേന്ന് ഗൈഡിനോടൊപ്പം ഷാലർ മുക്കുർത്തി മലയിലേക്ക് തിരിച്ചു. ആറുമണിക്കൂർ നീളുന്ന കാൽനട. ആദ്യത്തെ വരയാട് കാഴ്ചയിൽ ഷാലർ ലയിച്ചുനിന്നു. മുക്കൂർത്തിയുടെ കിഴുക്കാംതൂക്കായ പാറകളിൽ പതിനൊന്ന് വരയാടുകൾ നിൽക്കുന്നു. ചാറ്റൽമഴയുണ്ടായിരുന്നു, നല്ല തണുപ്പും. ഇടയ്ക്കിടെ മൂടൽമഞ്ഞ് വരയാടുകളെ വലയം ചെയ്തു. അത് നീങ്ങുമ്പോൾ വീണ്ടും കൺകുളിർക്കെ കാണാം. പാറക്കൂട്ടങ്ങളിലേക്ക് അതിവേഗത്തിൽ ഓടിക്കയറും.
ഷാലർ മന്ത്രിച്ചു ''They are sure footed''
ഗൈഡ് വെങ്കടാചലം ഓർമിപ്പിച്ചു.

''മുക്കുർത്തി ശൃംഗം സ്വർഗത്തിലേക്കുള്ള കവാടമാണ്. ഗിരിവർഗക്കാരായ തോഡകൾ അങ്ങനെയാണ് പറയാറുള്ളത്''.

''സംശയമില്ല ഇതൊരു സ്വർഗത്തിലേക്കുള്ള കവാടം തന്നെ'' വെങ്കടാചലത്തെ ആശ്ലേഷിച്ചുകൊണ്ട് ഷാലർ പറഞ്ഞു.

നീലഗിരിയിലെ അജ്ഞാതമായ കോണുകൾ ഗൈഡിനോടൊപ്പം ഷാലർ സഞ്ചരിച്ചു. വരയാടുകളുടെ സ്വഭാവവിശേഷങ്ങൾ നിരീക്ഷിച്ചു. കുറിപ്പുകൾ എഴുതി. രാത്രി ടെന്റിൽ കിടന്നുറങ്ങി. പലപ്പോഴും ചോറും ചപ്പാത്തിയും സാമ്പാറുമായിരുന്നു ഭക്ഷണം. പോക്കറ്റിൽ ചോക്കലേറ്റുകൾ നിരവധി സൂക്ഷിച്ചിരുന്നു.

മൂന്ന് മാസങ്ങൾക്ക് ശേഷമായിരുന്നു മൂന്നാറിലേക്ക് തിരിച്ചെത്തുന്നത്. കണ്ണൻദേവൻ തേയില കമ്പനിയുടെ വാഗുവരൈ എസ്റ്റേറ്റ് മാനേജർ ജെസി.

 

ഗോൾസ്ബറിയോടൊപ്പം പലപ്പോഴും ഷാലർ ആനമുടിയിലും മൂന്നാറിലും രാജ്മലയിലും വരയാടുകളുടെ സർവേ നടത്തി. അസിസ്റ്റന്റ് മാനേജരായ ചെങ്കപ്പയും അവർക്കൊപ്പമുണ്ടായിരുന്നു.

ചിലപ്പോൾ ചെങ്കപ്പയുടെ ബൈക്കിന്റെ പിൻസീറ്റിലിരുന്നു ഷാലറുടെ യാത്രകളേറെയും. ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ 1970 ഡിസംബറിലെ ജേർണലിൽ ഷാലറുടെ വിശദമായ വരയാട് സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ജേർണൽ വിദേശത്തും പ്രശസ്തി നേടിയിരുന്നതിനാൽ വരയാടുകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

ഈ പ്രദേശം ഭാവിയിൽ ഒരു നാഷണൽ പാർക്ക് ആകുമെന്ന് ഷാലർ പ്രവചിച്ചു. അത് യാഥാർത്ഥ്യമായത് 1978-ലാണ്. 97 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇരവിക്കുളം വരയാട് സങ്കേതം പ്രകൃതി സൗന്ദര്യത്തിന്റെ അത്യപൂർവ മാനം നിലനിർത്തുന്നു. ഇന്ത്യയിൽ ഏറ്റവും വൃത്തിയുള്ള വന്യമൃഗസങ്കേതങ്ങളിൽ ഒന്നാണിത്.

വരയാടുകൾക്ക് വേണ്ടത്ര സംരക്ഷണം കിട്ടുന്നു. ഇപ്പോൾ 785 വരയാടുകൾ ഇവിടെയുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായി 3500-ഓളം വരയാടുകളുണ്ട്. പ്രധാന സങ്കേതങ്ങളായ ഇരവിക്കുളവും മുക്കുർത്തിയും കൂടാതെ ഇരുപതോളം ഒറ്റപ്പെട്ട കൂട്ടങ്ങൾ പല മലനിരകളിലായി കേരളത്തിലും തമിഴ്നാട്ടിലും കാണാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi