മഞ്ഞില്‍ പുതഞ്ഞുനില്‍ക്കുന്ന കശ്മീരില്‍നിന്നുള്ള ചിത്രങ്ങളും വീഡിയോകളും കുറച്ചുദിവസമായി വൈറലാണ്. മഞ്ഞുവീണ റോഡിലൂടെ ഒഴുകിനീങ്ങുന്ന വണ്ടികളുടെയും മഞ്ഞില്‍ കുടുങ്ങിക്കിടക്കുന്ന സഞ്ചാരികളുടെയും ചിത്രങ്ങളാണ് നിറയുന്നത്. ജമ്മുവിലും കശ്മീര്‍ താഴ്‌വരകളിലുമെല്ലാം മഞ്ഞ് പെയ്യുകയാണ്. റോഡുകളും വീടുകളും കെട്ടിടങ്ങളുമെല്ലാം മഞ്ഞുപുതച്ച് കിടക്കുകയാണ്. മരങ്ങളും ചില്ലകള്‍ കാണാത്തരീതിയില്‍ പറ്റിപ്പിടിച്ച മഞ്ഞ് മാത്രം.
പ്രദേശം തണുത്തുവിറയ്ക്കുമ്പോഴും ഇങ്ങോട്ട് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. എന്നാല്‍, കനത്ത മഞ്ഞ് മൂലം വാഹനം മുന്നോട്ടുപോവാന്‍ കഴിയാതെ പലയിടത്തും കുടുങ്ങിനിന്നു. അതോടെ ഗതാഗതം സ്തംഭിച്ചു.
എങ്ങും പോവാന്‍ കഴിയാതെ പല വിനോദസഞ്ചാരികളും വഴിയില്‍ കുടുങ്ങി. അവരെ സഹായിക്കാനെത്തുന്നത് പ്രദേശത്തുള്ള ജനങ്ങളാണ്. പലരും തങ്ങളുടെ വീട്ടിലും മറ്റും സഞ്ചാരികള്‍ക്ക് തങ്ങാനുള്ള ഇടം കൊടുക്കുന്നു. മാത്രമല്ല അവര്‍ക്കാവശ്യമായ വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.
ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ശ്രീനഗര്‍, പഹല്‍ഗാം എന്നീ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ ആളുകളെത്തുന്നത്. സ്‌കീ റിസോര്‍ട്ടുകളാല്‍ പ്രശസ്തമായ സ്ഥലമാണ് ഗുല്‍മാര്‍ഗ്. സ്‌കീയിങ്ങിന് സൗകര്യങ്ങളുള്ളവയാണ് ഇത്തരം റിസോര്‍ട്ടുകള്‍. ഗുല്‍മര്‍ഗ് ഗൊണ്ടോള എന്ന കേബിള്‍ കാറില്‍ സഞ്ചരിക്കാനും ആളുകള്‍ ഇവിടെയെത്തുന്നു. നീളത്തിലും ഉയരത്തിലും ലോകത്തില്‍ തന്നെ രണ്ടാം സ്ഥാനമാണീ കേബിള്‍ കാറിന്.
പഹല്‍ഗാമിലെ പ്രധാനപ്പെട്ട സ്ഥലം ബേതാബ് എന്ന താഴ്‌വരയാണ്. 1983-ല്‍ പുറത്തിറങ്ങിയ 'ബേതാബ്' എന്ന സിനിമ ഇവിടെയാണ് ചിത്രീകരിച്ചത്. അങ്ങനെയാണ് ആ പേര് വന്നത്. ബൈസരന്‍ താഴ്‌വരയും മറ്റൊരു പ്രധാന ആകര്‍ഷണമാണ്. മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നാണിത് അറിയപ്പെടുന്നത്.
Content Highlights: heavy snowfall in kashmir
Published: 29 Dec 2024, 11:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented