ഒരുപാടിഷ്ടമുള്ള യാത്രികര്‍ പലരുണ്ടെങ്കിലും ആരാധന എനിക്കൊരൊറ്റ വ്യക്തിയോട് മാത്രമേ തോന്നിയിട്ടുള്ളൂ- ലോകപ്രശസ്തനായ സഞ്ചാരിയും ഷെഫും സാഹിത്യകാരനുമായ ആന്തണി ബോര്‍ഡെയ്ന്‍. ഒരു സ്ഥലത്തെ അടുത്തറിയുന്നതില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം വളരെ വലുതാണ് എന്നതാണ് ബോര്‍ഡെയ്ന്റെ സിദ്ധാന്തം. ഏഷ്യന്‍ രാജ്യങ്ങളിലെ ചേരുവകളും ആഹാരരീതികളെയും പാശ്ചാത്യര്‍ പുച്ഛത്തോടെയും അറപ്പോടെയും കണ്ടിരുന്ന കാലത്ത്, ബോര്‍ഡേയ്ന്‍ 'No Reservations', 'Parts Unknown' തുടങ്ങിയ പരിപാടികളിലൂടെ ഏഷ്യന്‍ ഭക്ഷണസംസ്‌കാരത്തിന്റെ വൈവിധ്യങ്ങള്‍ അതിമനോഹരമായി ലോകത്തിനു കാണിച്ചു കൊടുത്തു.

To advertise here,

പല സംഭാഷണങ്ങളിലും ബോര്‍ഡെയ്ന്‍ തന്റെ പ്രിയപ്പെട്ട രാജ്യമായി വിശേഷിപ്പിച്ചിട്ടുള്ളത് വിയറ്റ്‌നാമിനെയാണ്. വിയറ്റ്‌നാമില്‍ ഒരിക്കല്‍ കാലുകുത്തിയാല്‍ മനസ്സിലാകും ലോകം മുഴുവന്‍ കണ്ടൊരു മനുഷ്യന് എന്തുകൊണ്ട് ഈ കുഞ്ഞുരാജ്യം അത്രമേല്‍ പ്രിയപ്പെട്ടതായെന്ന്. വിയറ്റ്‌നാമിനെ അത്രമേല്‍ ഹൃദ്യമാക്കുന്നത് അവിടുത്തെ മനുഷ്യരാണ്. സ്‌നേഹിക്കാന്‍ മാത്രം അറിയുന്നവര്‍. ഇംഗ്ലീഷ് മിക്കവര്‍ക്കും അറിയില്ല, പക്ഷെ ക്ഷമയോടെ നമ്മള്‍ പറയുന്നത് കേള്‍ക്കാനും മനസ്സിലാക്കാനും എത്ര സമയം വേണമെങ്കിലും അവര്‍ ചെലവഴിക്കും. അവരുടെ ഭാഷ അറിയാത്തൊരു വ്യക്തിയോട് അവര്‍ കാണിക്കുന്ന വികാരം പുച്ഛമല്ല, തികഞ്ഞ അനുകമ്പയാണ്.

ബോര്‍ഡെയ്‌ന് പ്രിയപ്പെട്ട വിയറ്റ്‌നാം നഗരങ്ങളിലൊന്നാണ് വടക്കന്‍ വിയറ്റ്‌നാമില്‍ സ്ഥിതി ചെയ്യുന്ന, തലസ്ഥാന നഗരമായ ഹനോയ്. ഹനോയിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെയും കൂട്ടി ബോര്‍ഡെയ്ന്‍ ഭക്ഷണംകഴിക്കാന്‍ പോയൊരു കുഞ്ഞു സ്ഥലമുണ്ട്- ബുന്‍ ചാ ഹോങ് ലയന്‍. ബുന്‍ ചാ എന്നത് പോര്‍ക്ക് കൊണ്ടുണ്ടാക്കുന്ന ഒരുതരം സൂപ്പാണ്. ഈ സൂപ്പിനൊപ്പം ഒരു കാടിളകി വരുന്നതുപോലെ ഒരു പ്ലേറ്റ് നിറയെ പച്ചിലകള്‍ വെക്കും. വിവിധതരം ചീരകളും നാരകത്തിന്റെ ഇലയും തുളസിയിലുയുമൊക്കെ കാണും ഇക്കൂട്ടത്തില്‍. മൂന്നു നേരത്തെ ആഹാരത്തിനൊപ്പവും പച്ചിലകള്‍ ഇവര്‍ക്ക് നിര്‍ബന്ധമാണ്. ബുന്‍ ചായുടെ മറ്റൊരു വശത്ത് വേവിച്ച റൈസ് നൂഡില്‍സും കാണും. ഇനിയൊരു ചോപ്സ്റ്റിക്ക് എടുക്കുക, ആവശ്യാനുസൃതം ബുന്‍ ചായിലേക്ക് നൂഡില്‍സ് ഇടുക, കഴിക്കുക. സ്വാദ് എന്തെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. നേരിയൊരു മധുരമുള്ള സൂപ്പും ആ നൂഡില്‍സും അസാധ്യസ്വാദാണ്. ഒബാമ വന്ന സമയത്ത് ഇവര്‍ കഴിച്ചത് ബുന്‍ ചായും ക്രാബ് റോളും ഹനോയ് ബിയറുമായിരുന്നു. 'ഒബാമ കോമ്പോ' എന്ന പേരില്‍ മെനുവില്‍ ഇന്നിത് കാണാന്‍ സാധിക്കും. 11 മണിക്ക് തുറക്കുന്ന കടയില്‍ 11.30ന് എത്തിയെങ്കിലും സൂചികുത്താന്‍ ഇടമില്ലാത്ത വിധം ആളുകളുണ്ട്. ആ നാട്ടുകാര്‍ മാത്രമല്ല, വിവിധ രാജ്യത്തുനിന്നുള്ള ബോര്‍ഡെയ്ന്‍ ആരാധകരുമുണ്ട് ബുന്‍ ചാ രുചിക്കാന്‍. എനിക്ക് സ്ഥലം കിട്ടിയത് മൂന്നാം നിലയിലാണ്. പോകുന്നവഴി രണ്ടാം നിലയില്‍ കയറി. അവിടെ ഒരു കുഞ്ഞു മേശയും ഇരു വശങ്ങളിലുമായി രണ്ടു സ്റ്റൂളുകളും ഒരു ചില്ലുകൂടിനകത്ത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ബോര്‍ഡെയ്നും ഒബാമയും ഇരുന്ന മേശയും സ്റ്റൂളുകളുമാണ്. ആ മനുഷ്യനോടുള്ള ആരാധനകൊണ്ടാകാം, ആ ചില്ലുകൂട് എനിക്കൊരു അള്‍ത്താര പോലെ തോന്നി. കുറച്ചുനേരം അതുതന്നെ നോക്കിനിന്ന ശേഷം ഞാന്‍ പടികള്‍ കയറി. മൂന്നാം നിലയില്‍ എങ്ങനെയൊക്കെയോ ഒരു സീറ്റ് പിടിച്ചു. ശേഷം ഒബാമ കോമ്പോ പറഞ്ഞു. നല്ല തിരക്കുണ്ടെങ്കിലും സംഭവം പെട്ടെന്ന് വന്നു. ക്രാബ് റോള്‍ അവസാനത്തേക്ക് വെച്ചു. പെട്ടെന്ന് അവിടെ പാചകം ചെയ്യുന്ന പ്രായമായ ഒരു സ്ത്രീ അടുത്ത് വന്നു കൈ കൊണ്ട് ആംഗ്യം കാണിച്ചു, എങ്ങനെ ഉണ്ടെന്ന്. ഞാന്‍ വളരെ നന്നായിട്ടുണ്ടെന്ന് തിരിച്ചും ആംഗ്യത്തില്‍ മറുപടി പറഞ്ഞു. അപ്പോഴാണ് എടുക്കാതെ മാറ്റിവെച്ചിരിക്കുന്ന റോള്‍ അവരുടെ കണ്ണില്‍ പെട്ടത്. ചോദ്യവുമില്ല പറച്ചിലുമില്ല. അമ്മച്ചി ആ റോള്‍ പൊടിച്ച് എന്റെ സൂപ്പിലേക്കിട്ടു. പിന്നാലെ വന്ന പെണ്‍കുട്ടി പറഞ്ഞു, ഇത് സൂപ്പില്‍ പൊടിച്ചിട്ടാണ് കഴിക്കേണ്ടത്, അല്ലാതെ പ്രത്യേകം സോസില്‍ മുക്കിയല്ല. പൊടിഞ്ഞു കിടന്ന റോള്‍ സൂപ്പിന്റെ കൂടെ കഴിച്ചപ്പോള്‍ ഞാന്‍ അമ്മച്ചിയെ നോക്കി നിറഞ്ഞൊന്നു ചിരിച്ചു. നല്ല രുചി! 'ഇതൊക്കെ യെന്ത്' എന്ന മട്ടില്‍ അമ്മച്ചിയും ചിരിച്ചു.

വയറും മനസ്സും നിറച്ച ശേഷം ചാടിത്തുള്ളി പോയത് വിയറ്റ്‌നാമിന്റെ രാഷ്ട്രപിതാവ് എന്ന് നിസ്സംശയം വിളിക്കാവുന്ന ഹോ ചി മിന്റെ മ്യൂസിയത്തിലേക്കാണ്. അതിനോട് ചേര്‍ന്നാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നതും. ടിക്കറ്റ് എടുക്കുന്നതിനു മുന്‍പായി ഒരു അപ്പൂപ്പന്‍ പറഞ്ഞു, 'നോ ഷോര്‍ട്‌സ് ഇന്‍സൈഡ്, സ്‌കര്‍ട്ട് ഓണ്‍ലി 50000 ഡോങ്!' വേണ്ട എന്ന് തലയാട്ടി ഞാന്‍ അകത്തേക്ക് കയറി. നമ്മളോടാ കളി. വടക്കേന്ത്യയില്‍ പറ്റിക്കപ്പെട്ടിട്ടില്ല, പിന്നെയാണ് വിയറ്റ്‌നാംമില്‍ എന്ന ഭാവത്തില്‍ ടിക്കറ്റ്എടുക്കാന്‍ നിന്നു. അപ്പോള്‍ ടിക്കറ്റ് കൗണ്ടറിലെ ചേച്ചിയും പറഞ്ഞു, 'നോ ഷോര്‍ട്‌സ്'. നമ്മള്‍ ബാപ്പു എന്നു വിളിക്കുന്നതുപോലെ ഇവര്‍ ഹോ ചി മിന്നിനെ 'ബാക്ക് ഹോ' എന്നാണ് വിളിക്കുന്നത്. ഹോ അമ്മാവന്‍ എന്നര്‍ഥം. അവരുടെ ഹോ അമ്മാവനെ കാണാന്‍ പോകുമ്പോള്‍ ബഹുമാനര്‍ഥം മുട്ടുമറച്ചുള്ള വസ്ത്രം അവര്‍ക്കു നിര്‍ബന്ധമാണ്. ആകെ കൊണ്ടുവന്ന രണ്ടു പാന്റും നനയ്ക്കാനിട്ടു എന്ന് ചേച്ചിയോട് എങ്ങനെയാ പറയുന്നേ! നേരെ ഓടി ഗേറ്റിനടുത്തേക്ക്. അപ്പോഴേക്കും ആ അപ്പൂപ്പന്‍ പോയിരുന്നു. ഒടുവില്‍ ഓഫീസില്‍ നിന്ന് ഒരു ഭംഗിയുമില്ലാത്തൊരു പാവാട ഒരു ലക്ഷം ഡോങ് കൊടുത്തു വാങ്ങേണ്ടി വന്നു. അകത്തേക്ക് കടന്നെങ്കിലും ഉള്ളത് പറയാമല്ലോ വളരെ മോശമായിട്ടാണ് എല്ലാം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പാടുകൂറ്റന്‍ കെട്ടിടത്തില്‍ അങ്ങിങ്ങായി എന്തൊക്കെയോ വെച്ചിരിക്കുന്നു. ആ കാര്യത്തില്‍ നമ്മുടെ രാജ്യം പൊളിയാണ്. രാഷ്ട്രപിതാവുമായി ബന്ധപ്പെട്ട സ്മാരകങ്ങളെല്ലാം, പോര്‍ബന്ധര്‍ ആയാലും രാജ്കോട്ട് ആയാലും ദില്ലി ആയാലും, മനോഹരമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ആശയത്തോട് യോജിക്കാത്ത ധാരാളം മനുഷ്യരും നേതാക്കളും ഉണ്ടെങ്കിലും മറ്റൊരു രാജ്യത്തു നിന്നു വരുന്നൊരു വ്യക്തി ഗാന്ധിജിയുമായി ബന്ധപ്പെട്ട ഏതു മ്യൂസിയത്തില്‍ പോയാലും ഗാന്ധിജി ആരായിരുന്നു എന്നതിനെക്കുറിച്ചു വ്യക്തമായൊരു ധാരണ കിട്ടും. ഇത് ഹോ ചി മിന്‍ എന്നൊരു വ്യക്തിത്വത്തോട് യാതൊരു നീതിയും കാണിക്കാതൊരു മ്യൂസിയം. ഇതിനായിരുന്നല്ലോ ഭഗവാനെ ഞാന്‍ ഈ പാവാട വാങ്ങിച്ചത് എന്ന് വിഷമത്തോടെ ഓര്‍ത്തുകൊണ്ട് ഞാന്‍ അവിടുന്നിറങ്ങി.

ശേഷം നേരെ പോയത് ഹോവ ലോ ജയിലിലേക്കാണ്. ഫ്രഞ്ച് ഭരണകാലത്ത് 1800-കളില്‍ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ച സ്ഥലം. പ്രാകൃതമായ ധാരാളം ശിക്ഷാരീതികളിലൂടെ നൂറുകണക്കിന് തടവുകാരെയാണ് ഫ്രഞ്ച് ഭരണാധികാരികള്‍ കൊല്ലാക്കൊല ചെയ്തത്. പിന്നീട് എഴുപതുകളിലെ വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കന്‍ പൈലറ്റുമാരെ മാസങ്ങളോളം ശാരീരികമായും മാനസികമായും പീഡിപ്പിച്ച ചരിത്രവും ഹോവ ലോയ്ക്ക് ഉണ്ട്. എന്നാല്‍ ഇവര്‍ക്ക് ഒരു പോറല്‍ പോലും സംഭവിച്ചില്ല എന്നാണ് വിയറ്റ്‌നാം സര്‍ക്കാര്‍ അന്ന് ആണയിട്ട് പറഞ്ഞിരുന്നത്. ഈ സംഭവത്തെ കളിയാക്കി അമേരിക്കന്‍ പട്ടാളക്കാര്‍ ഹോവ ലോയെ 'ഹനോയ് ഹില്‍റ്റണ്‍' എന്ന് ഇന്നും കളിയാക്കി വിളിക്കാറുണ്ട്. ആഡംബര ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടണ് കിടപിടിക്കുന്ന രീതിയിലാണ് വിയറ്റ്‌നാം സര്‍ക്കാര്‍ തങ്ങളെ തടവിലിട്ടത് എന്ന് അവര്‍ പുച്ഛിച്ചു പറയാറുണ്ട്. യു.എന്‍ പോലും മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കിലും മ്യൂസിയത്തില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ക്രിസ്മസ് ആഘോഷിച്ചതിന്റെയും പന്തുകളിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ നിറച്ച് സര്‍ക്കാര്‍ തങ്ങളെ നല്ലപോലെ വെളുപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഈ ലോകത്ത് ഏറ്റവും എളുപ്പം വളച്ചൊടിക്കാവുന്ന ഒന്നേയുള്ളൂ- ചരിത്രം!

അപ്പോഴേക്കും സമയം ഏകദേശം നാലര കഴിഞ്ഞിരുന്നു. അഞ്ചേമുക്കാലിന് ട്രെയിന്‍ സ്ട്രീറ്റില്‍ ട്രെയിന്‍ ഓടും. അതിന്റെ വീഡിയോ പകര്‍ത്താന്‍ ധാരാളം ആളുകള്‍ എന്നും എത്താറുണ്ട്. പണ്ടുകാലത്ത് ഫ്രഞ്ചുകാര്‍ റെയില്‍വേ ട്രാക്ക് പണിതപ്പോള്‍ റെയില്‍വേ പണിക്കാര്‍ക്ക് താമസിക്കാനായി പാളത്തോട് ചേര്‍ന്ന്, കുറേ കെട്ടിടങ്ങള്‍ പണിഞ്ഞു. കാലക്രമേണ ഇത് പൊതുലോകത്തിന് ഒരു കൗതുകമായി തോന്നി. ഇത്രയും അടുത്ത്, പാളത്തിനോട് ചേര്‍ന്ന് മറ്റെവിടെയെങ്കിലും ട്രെയിന്‍ ഉണ്ടോ എന്നു പോലും സംശയമാണ്. ഇന്ന് ഈ കെട്ടിടങ്ങളില്‍ പലതും കഫെകളാണ്. നിശ്ചിത സമയങ്ങളില്‍ ട്രെയിന്‍ പോകുമ്പോള്‍ ഈ കഫെകളില്‍ ഇരുന്ന് മനുഷ്യര്‍ കാണുന്നത്തും കയ്യടിക്കുന്നതുമൊക്കെ പതിവാണ്. ഞാന്‍ നേരത്തെ എത്തി നല്ലൊരു സ്ഥലം പിടിച്ചു. ട്രെയിന്‍ വരുന്നതിനു മുന്‍പായി പാളത്തിന്റെ കുറേ വീഡിയോ എടുത്തുകൊണ്ടിരിക്കെ ഒരാള്‍ എന്റെ തോളത്തുതട്ടി. ഒരു കൊച്ചുപയ്യന്‍, വെള്ളക്കാരനാണ്.

'നിങ്ങള്‍ കുറേ നേരമായി ഈ സ്ഥലത്തിന്റെ വീഡിയോ എടുക്കുന്നത് ഞാന്‍ കാണുന്നു. നിങ്ങളുടെ ഫോട്ടോ ഞാന്‍ എടുത്തുതരണോ?'

എന്റെ മുപ്പത്തിമൂന്ന് വയസ്സിനിടയില്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആ സ്ഥലത്തുനിന്നെടുത്ത എന്റെ ഫോട്ടോയുണ്ടാവില്ല. മറ്റൊരാളോട് എന്റെ ഫോട്ടോ എടുത്തു തരുമോ എന്ന് ചോദിക്കാന്‍ ചളിപ്പായതുകൊണ്ട് ചോദിക്കാറില്ല. എനിക്ക് എന്റെ ഫോട്ടോ വൃത്തിക്ക് എടുക്കാനൊട്ടറിയില്ല താനും. ആദ്യമായാണ് ഒരാള്‍ എന്നോട് ഈ കരുണ ഇങ്ങോട്ട് കാട്ടുന്നത്. 'വിരോധമില്ലെങ്കില്‍ ഒരെണ്ണം' ഞാന്‍ മറുപടി പറഞ്ഞു. അവനൊരു മടിയുമില്ലാതെ മൂന്നാലു ഫോട്ടോ നല്ല ആംഗിള്‍ നോക്കിയെടുത്തു തന്നു. അപ്പോഴേക്കും കഫെകളെല്ലാം നിറഞ്ഞിരുന്നു. 'ഇരിക്കാന്‍ സ്ഥലമില്ലെങ്കില്‍ എന്റെ ടേബിളില്‍ ഇരുന്നോളു' ഞാന്‍ അവനോട് പറഞ്ഞു. അവന്‍ ഇരുന്നു. പേര് ജാക്ക്. ഓസ്‌ട്രേലിയക്കാരന്‍ ആണ്. 19 വയസ്സ്. വളരെ പതിഞ്ഞ പക്വതയുള്ള സംസാരം. അവന്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു കിട്ടിയ പണവും കൂട്ടുകാരന്റെ അമ്മ കൊടുത്ത പിറന്നാള്‍ സമ്മാനമായി കിട്ടിയ തുകയുമെല്ലാം സ്വരുക്കൂട്ടി ലോകം കാണാന്‍ ഇറങ്ങിയതാണ്. ഇനി തിരികെ പോണം ഉപരിപഠനത്തിന്.

ഞങ്ങള്‍ സംസാരിച്ചിരിക്കെ ട്രെയിന്‍ വരാറായതിന്റെ സൈറണ്‍ കേട്ടു. എല്ലാവരും ഇരുവശങ്ങളിലായി തയ്യാറായിനിന്നു. ട്രെയിന്‍ മന്ദം മന്ദം കടന്നുപോയി. ചിലര്‍ കൊച്ചുകുഞ്ഞുങ്ങളുടെ കൗതുകത്തോടെ, വിടര്‍ന്ന കണ്ണുകളോടെ ട്രെയിന്‍ തൊട്ടു നോക്കി. മറ്റുചിലര്‍ വിഡിയോ എടുക്കുന്നതില്‍ മുഴുകി, ചിലര്‍ അകത്തിരിക്കുന്നവര്‍ക്ക് ആവേശത്തോടെ കൈവീശി. അങ്ങനെ അവിടെ കൂടിനിന്ന ഓരോ മനുഷ്യനും സന്തോഷിക്കാനുള്ള എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ ആ ട്രെയിന്‍ കൊടുത്തു. ഒന്നോര്‍ത്തുനോക്കിയാല്‍ മനുഷ്യന്‍ എന്ത് പാവമാണല്ലേ! ഇത്രയൊക്കെ മതി നമുക്ക് സന്തോഷിക്കാന്‍... നിസ്സാരമായ ഒരു ട്രെയിന്‍ കണ്ടാല്‍ ഇത്രയധികം സന്തോഷിക്കുന്ന നമ്മളാണ് പരിഭവവും പരാതിയും ദേഷ്യവും അസൂയയുമൊക്കെ വർഷങ്ങളോളം മനസ്സില്‍ കൊണ്ടുനടക്കുന്നതും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi