
ഓം ബീച്ച് (wikipedia)
ഗംഗാവലി, അഗ്നാശിനി എന്നീ നദികള്‍ക്കിടയിലാണ് ഗോകര്‍ണ. ഒരുവശത്ത് അറബിക്കടല്‍. മറ്റൊരു വശത്ത് സഹ്യന്റെ കാവല്‍. പശുച്ചെവിയുടെ ആകൃതിയാണ് ഈ നാടിന്.
എല്ലാ ട്രെയിനുകളും ഗോകര്‍ണ സ്റ്റേഷനില്‍ നിര്‍ത്തണമെന്നില്ല. ഗോകര്‍ണയില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയുള്ള അങ്കോള സ്റ്റേഷനില്‍ ട്രെയിനിറങ്ങി റോഡ് മാര്‍ഗം ഗോകര്‍ണയിലേക്കെത്താം. കർണാൽ സ്റ്റേഷനിലിറങ്ങിയാലും മതി.
ഹോട്ടലുകളും റിസോര്‍ട്ടുകളും ലോഡ്ജുകളും ഹോം സ്റ്റേ സൗകര്യങ്ങളും ഗോകര്‍ണയിലുണ്ട്. ടൂറിസം സീസണ്‍ ആണെങ്കില്‍ തിരക്ക് അല്‍പ്പം കൂടുമെന്ന് മുന്‍കൂര്‍ അറിയണം. ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങളാണ് ഗോകര്‍ണ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.
കടല്‍ക്കാഴ്ചകള്‍
മനോഹരമായ കടല്‍ത്തീരങ്ങളുടെ ഈറ്റില്ലമാണ് ഗോകര്‍ണ. പൊതുവെ അപകടകാരിയല്ലാത്ത തീരം. സഞ്ചാരികളുടെ കുത്തൊഴുക്കിന്റെതായ അല്ലറ ചില്ലറ അസൗകര്യങ്ങള്‍ ഒഴിച്ചാല്‍ താരതമ്യേന വൃത്തിയുള്ള തീരങ്ങള്‍.
- പാരഡൈസ് ബീച്ച് -ഫുള്‍ മൂണ്‍ ബീച്ച് എന്നും വിളിക്കും. കൂറ്റന്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒരിത്തിരി കടല്‍. തൂവെള്ള മണല്‍ത്തരികള്‍. ബീച്ചിനടുത്ത് ശുദ്ധജലം കിട്ടുന്ന കിണറുണ്ട്. ഇത് പാരഡൈസ് ബീച്ചിനെ ക്യാംപിങ്ങിന് പറ്റിയ ഇടമാക്കുന്നു. രാത്രി മുഴുവന്‍ നക്ഷത്രം നോക്കിക്കിടക്കാന്‍ ഇതിലും നല്ല ഇടമുണ്ടാകില്ല. റോഡ് മാര്‍ഗം ഇങ്ങോട്ട് എത്താനാകില്ല. ഹാഫ് മൂണ്‍ ബീച്ച്, ഓം ബീച്ച് എന്നിവിടങ്ങളില്‍ നിന്ന് ബോട്ട് മാര്‍ഗം എത്താം. ഹാഫ് മൂണ്‍ ബീച്ചില്‍ നിന്ന് അരമണിക്കൂര്‍ ഹൈകിങ് നടത്തിയാലും ഇവിടെയെത്താം. ഗോകര്‍ണയില്‍ നിന്ന് 8 കിലോമീറ്റര്‍.
- ഓം ബീച്ച് - ആകൃതി കൊണ്ടാണ് ബീച്ചിന് ഇങ്ങനെയൊരു പേര്. ഇവിടത്തെ അസ്തമയ കാഴ്ചയുടെ ചേല് പ്രത്യേകമാണ്. അങ്കോള സ്റ്റേഷനില്‍ നിന്ന് 19 കിലോമീറ്റര്‍. ഗോകര്‍ണയില്‍ നിന്ന് 6 കിലോമീറ്റര്‍. ജെറ്റ് സ്‌കൈ റൈഡ്, സര്‍ഫിങ്, ബോട്ടിങ്, പാരസെയ്‌ലിങ് തുടങ്ങി വാട്ടര്‍ സ്പോര്‍ട്ടുകള്‍ ധാരാളം.
- ഹണി ബീച്ച് -ഇത് ഗോകര്‍ണ കടല്‍ത്തീരങ്ങളുടെ ഭാഗമല്ല. അങ്കോളയിലാണ്. അതായത് ഗോകര്‍ണയില്‍ നിന്ന് 12 കിലോമീറ്റര്‍ വിട്ടുമാറി. ബയോലൂമിനസെന്‍സ് കാരണം ഗോകര്‍ണയുടെ തിളങ്ങുന്ന കടല്‍ത്തീരം (ഗ്ലോയിങ് ബീച്ച് )എന്നാണ് ഇവിടം അറിയപ്പെടുന്നത്.
മഹാബലേശ്വര ക്ഷേത്രം
ഗോകര്‍ണത്ത് നിന്ന് 2 .5 കിലോമീറ്റര്‍ മാത്രമാണ് ക്ഷേത്രത്തിനേക്കുള്ള അകലം. രാവണന്‍ ലങ്കയിലേക്ക് കൊണ്ടുപോയ ആത്മ ലിംഗം അല്ലെങ്കില്‍ പ്രാണ ലിംഗം ഉറച്ചത് ഇവിടെയാണ്. നാലാം നൂറ്റാണ്ടില്‍ മയൂരശര്‍മ രാജാവാണ് ക്ഷേത്രനിര്‍മാണം ആരംഭിച്ചത്. പിതൃതര്‍പ്പണത്തിന് പ്രസിദ്ധമായ 7 മുക്തിക്ഷേത്രങ്ങളില്‍ ഒന്നാണിത്. ദത്താത്രേയന്‍, മഹാ ഗണപതി, ചണ്ഡികേശ്വര, താമിര ഗൗരി, ആദി ഗോകര്‍ണേശ്വര, ഗോകര്‍ണ യോഗി എന്നീ പ്രതിഷ്ഠകളും കാണാം.
മറ്റ് ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മഹാബലേശ്വര ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ശ്രീകോവിലിനുള്ളില്‍ കയറാം. നിലയ്ക്കാത്ത നീരുറവ് ഈ ശ്രീകോവിലിന്റെ പ്രത്യേകതയാണ്. കടല്‍ മേഖലയിലാണെങ്കിലും ക്ഷേത്രത്തിനടുത്ത് ഒരു ശുദ്ധജല പ്രവാഹമുണ്ട്. കോടി തീര്‍ഥം എന്നറിയപ്പെടുന്ന ഈ ഉറവ് വിശ്വാസികള്‍ക്ക് പ്രധാനമാണ്.
മിര്‍ജാന്‍ കോട്ട
ഗോകര്‍ണയില്‍ നിന്ന് റോഡ് വഴി 26 കിലോമീറ്റര്‍ ദൂരമുണ്ട് മിര്‍ജാന്‍ കോട്ടയിലേക്ക്. അഗ്‌നാശിനി നദിയോട് ചേര്‍ന്നാണ് കോട്ട. തുളുവ-സാലുവ കുലത്തില്‍പ്പെട്ട ഗെരോപ്പ രാജ്ഞി ചെന്നഭൈരവ് ദേവിയാണ് കോട്ടയെ ഇക്കാണുന്ന രൂപത്തില്‍ വളര്‍ത്തിയെടുത്തത്. കുംട കോട്ടയ്ക്ക് സംരക്ഷണത്തിനായി ബിജാപ്പൂര്‍ പ്രഭു ഷെരിഫ്-ഉള്‍-മുല്‍ക് ആണ് കോട്ട പണിതതെന്നും പറയപ്പെടുന്നു. 1757-ല്‍ മാറാത്തക്കാര്‍ സ്വന്തമാക്കിയ ഈ കോട്ട പിന്നീട് ബ്രിട്ടീഷുകാര്‍ കൈക്കലാക്കി.
8- 6 വരെ കോട്ടയില്‍ കയറാം. 10 ഏക്കറിലായി പരന്നുകിടക്കുന്ന കോട്ട നടന്നുകാണാന്‍ 2 മണിക്കൂറോളം വേണ്ടിവരും. ഫ്രീ എന്‍ട്രിയാണ് ഇവിടെ. ക്യാമറ ഉപയോഗിക്കാന്‍ പ്രത്യേക ഫീ ഒടുക്കേണ്ടതില്ല.
യാന ഗുഹാക്ഷേത്രം
ഭൈരവേശ്വര ശിഖരം, മോഹിനി ശിഖരം എന്നിങ്ങനെ ഉറുമ്പിന്‍പുറ്റ് പോലെ രണ്ട് മലകള്‍. രണ്ടും സഹ്യാദ്രിയുടെ ഭാഗം. കറുത്ത ചുണ്ണാമ്പ് കല്ലിലാണ് ഈ അത്ഭുതക്കാഴ്ച. ഭൈരവേശ്വരശിഖരത്തില്‍ പ്രകൃതിദത്തമായ ശിവലിംഗം ആരാധിക്കപ്പെടുന്നുണ്ട്. ഒരിക്കലും വറ്റാത്ത ഒരു ഉറവ് ലിംഗത്തിലേക്ക് പ്രവഹിക്കുന്നു.
ശിവനില്‍ നിന്ന് ചൂണ്ടുവിരല്‍ കൊണ്ട് തൊടുന്നതെല്ലാം ഭസ്മമാക്കാനുള്ള വരം വാങ്ങിയ ഭസ്മാസുരന്‍ എതിര്‍ത്തവരെയെല്ലാം ഭസ്മമാക്കി. വിഷ്ണു മോഹിനി രൂപത്തില്‍ ഭസ്മാസുരന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അതിസുന്ദരിയായ മോഹിനിയെ അസുരന്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. തന്നെ നൃത്തത്തില്‍ തോല്‍പ്പിക്കുന്ന ആളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് അവള്‍ പറഞ്ഞതോടെ അസുരന്‍ മത്സരത്തിന് തയ്യാറായി. നൃത്തത്തിനിടെ അസുരന്‍ ചൂണ്ടുവിരല്‍ കൊണ്ട് സ്വന്തം ശിരസ്സില്‍ സ്പര്‍ശിക്കുകയും ഭസ്മമായി തീരുകയും ചെയ്തു. ഭസ്മാസുരന്റെ അവശിഷ്ടങ്ങളാണത്രെ ശിഖരങ്ങളായി ഇന്ന് കാണുന്നത്.
പാര്‍ക്കിങ് ഏരിയയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ട്രെക്കിങ്ങ് നടത്തി
ഗുഹാപരിസരത്തെത്താം. ഈര്‍പ്പമുള്ള സ്ഥലമായതിനാല്‍ അട്ടകള്‍ ധാരാളമുണ്ട് ട്രെക്കിങ് താത്പര്യപ്പെടുന്നവര്‍ അട്ടയെ കരുതണം.
5 രൂപയാണ് ഇവിടെ പ്രവേശനത്തിന് ഈടാക്കുന്നത്. പാര്‍ക്കിങ്ങിന് 40 രൂപയും. 8 -6 വരെയാണ് പ്രവേശനത്തിന് അനുവദിക്കപ്പെട്ട സമയം. അങ്കോള റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് യാന ഗുഹ. ഗോകര്‍ണയില്‍ നിന്ന് റോഡ് മാര്‍ഗം 52 കിലോമീറ്ററും.
രുചിയുടെ കൊങ്കണ്‍ കൂട്ടുകള്‍
ഗോകര്‍ണയിലെ സീ ഫുഡ് വിഭവങ്ങള്‍ പ്രശസ്തമാണ്. കക്കയിറച്ചി, കൊഞ്ച്, ഞണ്ട്, കണവ, മല്‍സ്യങ്ങള്‍ തുടങ്ങി കടല്‍ കനിയുന്ന രുചിക്കൂട്ടുകള്‍ ഗോകര്‍ണയിലെ തെരുവോരങ്ങളില്‍ സുലഭം. ഫിഷ് ഫ്രൈ, ഫിഷ് മസാല, കറി, ഫ്രൈഡ് റൈസ്...സീ ഫുഡ് മെനു അവസാനിക്കുന്നില്ല. ചിക്കന്‍ വിഭവങ്ങളിലും ഇതേ വൈവിധ്യം കാണാം.
ഇവയെക്കൂടാതെ പേരെടുത്ത നാല് വെജിറ്റേറിയന്‍ കൊങ്കണ്‍ മെനു നോക്കാം.
- ഷിര - റവ ഹല്‍വ. നെയ്യ്, പാല്‍, റവ, കുങ്കുമപ്പൂവ്, പഞ്ചസാര, ഏലക്കാപ്പൊടി, ബദാം, അണ്ടിപ്പരിപ്പ് എന്നിങ്ങനെ മധുരത്തിന്റേതായ എല്ലാ രുചികളും.
- പത്രോട - കടലമാവ്, ഉഴുന്നുപരിപ്പ്, ചേമ്പ്, പുളി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പത്രോട ഒരു പ്രാതല്‍ വിഭവമാണ്.
- ടോഡദേവ് -കരിമ്പിന്‍ സത്ത കൊണ്ട് ചുട്ടെടുക്കുന്ന പലഹാരം. ഉള്ളില്‍ മധുരവും പലതരം നട്സും നിറയ്ക്കും.
- പനീര്‍ ടിക്ക- ഈ ഗ്രില്‍ഡ് പനീര്‍ വിഭവം ഗോകര്‍ണയിലെ കടല്‍ത്തീരങ്ങളില്‍ ഒഴിച്ചുകൂട്ടാനാവാത്ത കാഴ്ചയാണ് കടലിലെ കുളിയും കളിയും കഴിഞ്ഞ് തളര്‍ന്ന വയറിന് ആശ്വാസം തരുന്ന ആരോഗ്യത്തിന്റെ ഡോസ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Gokarna`s beaches (Om Beach, Paradise Beach), Mahabaleshwar Temple, Mirjan Fort, and Yan Guha. Plan your trip with our guide!
Published: 10 Jul 2025, 11:16 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented