അറിയാത്ത ഇടങ്ങളിലേക്കുള്ള യാത്രയില്‍ എപ്പോഴും സഹായിയാണ് ഗൂഗിള്‍ മാപ്പ്. ട്രാഫിക് കുറവുള്ള എളുപ്പം എത്തിച്ചേരാവുന്ന വഴികള്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞുതരും. എന്നാല്‍ ചിലപ്പോള്‍ ഗൂഗിള്‍ മാപ്പ് പണിതരാറുമുണ്ട്. ഈയിടെ കോട്ടയം കുറുപ്പുന്തറയില്‍ മാപ്പ് നോക്കി വണ്ടിയോടിച്ച ഒരുസംഘം എത്തിച്ചേര്‍ന്നത് തോട്ടിലാണ്. വാഹനത്തെയും യാത്രികരെയും ഒരുവിധത്തിലാണ് കരയ്‌ക്കെത്തിച്ചത്. ഒറ്റപ്പെട്ടവയല്ല ഇത്തരം വാര്‍ത്തകള്‍. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ഗൂഗിള്‍ മാപ്പിന്റെ ഇത്തരം പണികളില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയും. 

To advertise here,
  • പല സ്ഥലങ്ങളിലും റോഡ്പണി നടക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഗതാഗതം വഴിതിരിച്ചുവിടാറുണ്ട്. വെള്ളപ്പൊക്കം, മറ്റ് പ്രകൃതിദുരന്തങ്ങള്‍ എന്നിവയുണ്ടായാലും അധികൃതര്‍ ഗതാഗതം മറ്റുറൂട്ടുകളിലേക്ക് തിരിച്ചുവിട്ടേക്കാം. ഇത് ഗൂഗിള്‍മാപ്പ് പറഞ്ഞുതരില്ല. സംശയമുള്ള സ്ഥലങ്ങളിലെത്തി റൂട്ടിനെക്കുറിച്ച് ചോദിച്ചറിഞ്ഞശേഷം മാത്രം മുന്നോട്ടുപോകാം. 
  • ഗതാഗതം കുറവുള്ള റോഡുകള്‍ ഗൂഗിള്‍മാപ്പില്‍ എളുപ്പവഴിയായി കാണിച്ചേക്കാം. എന്നാല്‍ അവ സുരക്ഷിതമാകണമെന്നില്ല. 
  • അപകടസാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും അപരിചിതമായ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കാം. 
  • രാത്രികാലങ്ങളില്‍ ജി.പി.എസ് സിഗ്‌നല്‍ ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം. അത്തരം റൂട്ടുകള്‍ നേരത്തേ സേവ് ചെയ്തുവയ്ക്കാം. 
  • കാര്‍/ബൈക്ക്/ കാല്‍നടയാത്ര ഏതുരീതിയിലാണ് യാത്രയെന്ന് നേരത്തെ സെറ്റ് ചെയ്യണം. ബൈക്ക് പോകുന്ന വഴി ഫോര്‍വീലര്‍ പോകണമെന്നില്ല. 
  • ഒരു സ്ഥലത്തേയ്ക്ക് പോകാന്‍ രണ്ടുവഴികളുണ്ടാകാം. ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നല്‍കിയാല്‍ വഴിതെറ്റുന്നത് ഒഴിവാക്കാം.
  • വഴിതെറ്റിയാല്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചുതരിക. എന്നാലിത് ചിലപ്പോള്‍ ഫോര്‍ വീലര്‍ അല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ പോകുന്ന വഴി ആകണമെന്നില്ല.
  • ഗതാഗതതടസ്സം ശ്രദ്ധയില്‍പെട്ടാല്‍ ഗൂഗിള്‍ മാപ്പ് ആപ്പിലെ contribute എന്ന ഓപ്ഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനില്‍ add or fix road എന്ന ഓപ്ഷന്‍ വഴി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാം. ഗൂഗിള്‍ മാപ്പ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതുവഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും.