ദേശീയ സിനിമാപുരസ്‌കാരദാനചടങ്ങിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് മികച്ച നടീനടൻമാർക്കുള്ള പുരസ്‌കാരം നേടിയ ഷാരൂഖ് ഖാനും റാണി മുഖർജിയും തമ്മിലുള്ള സൗഹൃദമാണ്. വേദിയിലേക്ക് കയറുന്നതിനുമുമ്പ് റാണിയുടെ മുടി ഷാരൂഖ് സെറ്റ് ചെയ്തുകൊടുക്കുന്നത് കാണാമായിരുന്നു. സമ്മർദത്തിലായിരുന്ന റാണിയെ ആശ്വസിപ്പിക്കുകയും സ്‌നേഹത്തോടെ കവിളിൽ ചുംബിക്കുകയും ചെയ്തു കിങ് ഖാൻ.

To advertise here,

മെഡൽ സ്വീകരിച്ചുകഴിഞ്ഞപ്പോൾ റാണിയും മികച്ച നടനായ പുരസ്‌കാരം നേടിയ വിക്രാന്ത് മാസിയും മെഡൽ പെട്ടെന്ന് തന്നെ കഴുത്തിലിട്ടു. ഷാരൂഖിന് അതുകഴിഞ്ഞില്ല. അതോടെ റാണി സഹായിക്കാനെത്തി. ഷാരൂഖിന്റെ മെഡൽ കഴുത്തിലിട്ടുകൊടുത്തത് റാണിയാണ്. അതുകഴിഞ്ഞ് ഷാരൂഖിന് നോക്കാനായി ഫോൺ സെൽഫി മോഡിലിട്ടുകൊടുക്കുകയും ചെയ്തു.

റാണി സീറ്റിലേക്ക് നടക്കുമ്പോൾ ഷാരൂഖ് അവരുടെ സാരിയുടെ പല്ലു പിടിച്ച് പുറകെ നടന്നു. ഈ വീഡിയോകൾ പെട്ടെന്ന് തന്നെ വൈറലായി. 'ഇതാണ് സൗഹൃദം', സോ ക്യൂട്ട്, കുട്ടികളെപ്പോലെ തോന്നുന്നു', 'ഒരേയൊരു ഹൃദയമേയുള്ളൂ, ഷാരൂഖ് എത്ര തവണ നിങ്ങളത് നേടും?', 'കുച്ച് കുച്ച് ഹോതാ ഹെ ഓർമ വരുന്നു' വീഡിയോകൾക്കു താഴെ കമന്റുകൾ നിറഞ്ഞു.
 

അതിനുപിന്നാലെ ഷാരൂഖ് സോഷ്യൽമീഡിയയിൽ മറ്റൊരു വീഡിയോ പങ്കുവെച്ചു. ഷാരൂഖും റാണിയും നൃത്തംചെയ്യുന്ന ആ വീഡിയോയ്ക്ക് അദ്ദേഹം കൊടുത്ത കാപ്ഷനിങ്ങനെ, 'ദേശീയപുരസ്‌കാരം...ഞങ്ങളുടെ രണ്ടുപേരുടെയും ഇതുവരെ പൂർത്തീകരിക്കാതിരുന്ന ആഗ്രഹവും സഫലമായി. അഭിനന്ദനങ്ങൾ റാണി...യൂ ആർ എ ക്വീൻ, ലവ് യു ഓൾവെയ്‌സ്'.

ഷാരൂഖിന്റെ ഭാര്യയായ ഗൗരി ഖാൻ പങ്കുവെച്ച ഫോട്ടോയും ആരാധനശ്രദ്ധ നേടി. റാണിക്കും ഷാരൂഖിനുമൊപ്പമുള്ള ഫോട്ടോയാണ് ഗൗരി പോസ്റ്റ് ചെയ്തത്. അതിൽ റാണിയെ ചുംബിക്കുന്ന ഷാരൂഖിനെ കാണാം.

വർഷങ്ങൾ പഴക്കമുള്ള സൗഹൃദമാണ് ഷാരൂഖിന്റെയും റാണിയുടെയും. അവരാദ്യമായി ഒരുമിക്കുന്നത് 1998-ൽ റിലീസായ 'കുച്ച് കുച്ച് ഹോതാ ഹെ' എന്ന സിനിമയിലാണ്. റാണിയുടെ കരിയർബ്രേക്കായതും ഈ സിനിമ തന്നെ. ആദ്യസിനിമ പരാജയപ്പെട്ടപ്പോൾ അഭിനയം നിർത്താനൊരുങ്ങിയ റാണിയെ പിടിച്ചുനിർത്തിയത് 'കുച്ച് കുച്ച് ഹോതാ ഹെ'യാണ്. അന്നുതുടങ്ങിയ സൗഹൃദം റാണിയും ഷാരൂഖും ഇന്നും തുടരുന്നു.

ചൽതേ ചൽതേ, വീർ-സാറാ, കഭി അൽവിദ നാ കെഹനാ തുടങ്ങിയ സിനിമകളിൽ അവർ ഒരുമിച്ച് അഭിനയിച്ചു. 2000 മുതൽ 2009 വരെയുള്ള കാലത്ത് വർഷംതോറും ഒരുസിനിമയിലെങ്കിലും അവർ ഒരുമിച്ചു. ഷാരൂഖ് നായകനായ കഭി ഖുഷി കഭി ഗം, ഓം ശാന്തി ഓം എന്നീ സിനിമകളിൽ റാണി അതിഥിവേഷത്തിലെത്തി. റാണി നായികയായ സിനിമകളിൽ ഷാരൂഖും അതിഥിതാരമായി.

രണ്ടുവർഷം മുമ്പ് 'കുച്ച് കുച്ച് ഹോതാ ഹെ'യുടെ പ്രത്യേകഷോയ്ക്കായി റാണിയും ഷാരൂഖും ഒരുമിച്ചെത്തി. താനിതുവരെ കണ്ടതിൽ വെച്ചേറ്റവും ദയാലുവായ മനുഷ്യൻ എന്നാണ് ഷാരൂഖിനെക്കുറിച്ച് അന്ന് റാണി പറഞ്ഞത്. ''ഷാരൂഖ് തന്നെ സ്‌നേഹമാണ്, പ്രണയമാണ്. ആദ്യം കണ്ടനാൾ മുതൽ ഞാൻ അദ്ദേഹത്തെ സ്‌നേഹിക്കുന്നു, കാരണം ഭൂമിയിലിതുവരെ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും ദയാലുവായ മനുഷ്യനാണ്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbiurl.in/grihalakshmi