താനവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കായി ആറു കോടി മുതൽ 10 കോടി വരെയാണ്, അമിതാഭ് ബച്ചൻ സാധാരണയായി വാങ്ങുന്ന പ്രതിഫലം. എന്നാൽ, 'ബ്രഹ്മാസ്ത്ര'യ്ക്ക് 10 കോടി, 'കൽക്കി'യിലെ അഭിനയത്തിന് 20 കോടി, 'വേട്ടൈയാനി'ൽ ഏഴു കോടി എന്നിങ്ങനെയാണ് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം. 'വേട്ടൈയാനി'ൽ കുറച്ചുനേരം മാത്രം നീണ്ടുനിൽക്കുന്ന റോളാണ് അദ്ദേഹത്തിന്റേത്.

എന്നാൽ, 2000-ൽ യാഷ് ചോപ്ര നിർമിച്ച സിനിമയായിരുന്നു 'മൊഹബ്ബത്തേൻ'. മുഴുനീള കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിച്ചത്. ആദിത്യ ചോപ്ര സംവിധാനം ചെയ്ത സിനിമയിൽ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. ബിഗ് ബിയുടേത് മുഴുനീള കഥാപാത്രം തന്നെയായിരുന്നു. എന്നിട്ടും അതിനായി അദ്ദേഹം വാങ്ങിയ പ്രതിഫലം ചർച്ചയാവുകയാണ്. ഒരു രൂപ മാത്രമാണ് അന്ന് അദ്ദേഹം വാങ്ങിയത്.

അതിനുപിന്നിലൊരു കഥയുണ്ട്. യാഷ് ചോപ്രയും അമിതാഭ് ബച്ചനും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു. അമിതാഭ് ബച്ചന്റെ കരിയർ തകർന്നുവെന്ന് തോന്നിപ്പിച്ച സമത്തെല്ലാം അദ്ദേഹത്തിന് നേർവഴി കാണിച്ചുകൊടുത്തത് യാഷ് ചോപ്രയാണെന്ന് ബിഗ് ബി പലപ്പോഴും പറഞ്ഞിട്ടുണ്ട്. 1975-ൽ അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചുവെന്ന് തോന്നിയ സമയത്താണ്, 'ദീവാർ' എന്ന സിനിമ സമ്മാനിച്ച് യാഷ് ചോപ്ര വിജയപാതയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അത് സംവിധാനം ചെയ്തത് യാഷ് ചോപ്രയായിരുന്നു. അതോടെ ആ ബന്ധം കൂടുതൽ ദൃഢമായി.

1981-ൽ 'സിൽസില' എന്ന സിനിമ നിർമിക്കുന്ന സമയം. രേഖയും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ച അവസാനചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് അതിന്. അമിതാഭും രേഖയും പ്രണയത്തിലാണെന്ന വാർത്തകൾക്കിടെയാണ്, ഇരുവരെയും യാഷ് ചോപ്ര തന്റെ സിനിമയിൽ കൊണ്ടുവരുന്നത്. ഒപ്പം ജയാ ബച്ചനും. ഈ കാസ്റ്റിങ് അന്നേറെ ചർച്ച ചെയ്യപ്പെട്ടു. അന്ന് എത്രയാണ് പ്രതിഫലം പ്രതീക്ഷിക്കുന്നതെന്ന് യാഷ് ചോപ്ര, അമിതാഭ് ബച്ചനോട് ചോദിച്ചു. അതിന് കിട്ടിയ മറുപടിയിങ്ങനെ, ''എനിക്കിപ്പോൾ ഒരു വീടുവാങ്ങണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് ഇത്തവണ അത്യാവശ്യം നല്ല പ്രതിഫലം വേണമെന്നാണ് ആഗ്രഹിക്കുന്നത്''. യാഷ് ചോപ്ര അത് സമ്മതിക്കുകയും ചെയ്തു.
 

അതിനുശേഷം അവർ തമ്മിലുള്ള ബന്ധം മോശമായി. സിനിമയുടെ ഡബ്ബിങ്ങിന് ബച്ചൻ തുടർച്ചയായി എത്താതായി. ഇത് ചോപ്രയെ ക്ഷുഭിതനാക്കി. മറ്റൊരു സിനിമയായ 'യാരാന' ആദ്യം റിലീസ് ചെയ്യാൻവേണ്ടിയാണ് ബച്ചൻ ഇങ്ങനെ പെരുമാറിയതെന്ന് മനസ്സിലായപ്പോൾ, ദേഷ്യം വർധിച്ചു. ബിഗ് ബിക്കെതിരെ പരസ്യമായി ചോപ്ര രംഗത്തെത്തി. അതിന് ബിഗ് ബിയും മറുപടി പറഞ്ഞു. അങ്ങനെ കുറേക്കാലം ഇരുവരും മിണ്ടാതായി.

പിന്നീട്, ബച്ചനെ സാമ്പത്തികപ്രതിസന്ധികളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. അദ്ദേഹം നിർമിച്ച കമ്പനി, വൻ സാമ്പത്തികബാധ്യതകളുണ്ടാക്കി. ജീവിക്കാൻ പോലും പണമില്ലാതായെന്ന് ബച്ചൻ പിന്നീട് പറഞ്ഞിട്ടുണ്ട്. ആ സമയത്ത് ബച്ചൻ വീണ്ടും ചോപ്രയുടെ അടുത്തെത്തിയെന്നാണ് കഥ. ഒരു സിനിമയിൽ നല്ല വേഷം വേണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് 'മൊഹബ്ബത്തേനി'ൽ ഒരു വേഷം കിട്ടുന്നത്. അന്ന് വീണ്ടും യാഷ് ചോപ്ര പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചു. അപ്പോൾ ബച്ചന്റെ മറുപടി പറഞ്ഞതിങ്ങനെ, ''കഴിഞ്ഞതവണ ഞാൻ ചോദിച്ചത് നിങ്ങൾ തന്നു. ഇപ്പോൾ ഒരു രൂപ മാത്രം മതി. ഞാൻ അഭിനയിക്കാം''. അതിലൂടെ എന്തായാലും ബച്ചനും ചോപ്രയും തമ്മിലുള്ള പ്രശ്‌നങ്ങൾ തീർന്നു. ബച്ചന്റെ കരിയറിനും അത് ഗുണകരമായി.