തന്റെ സിനിമകളിൽ മനോഹരമായ കോസ്റ്റിയൂമുകൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നയാളാണ് ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി. ഹം ദിൽ ദേ ചുകേ സനം, ദേവ്ദാസ് തുടങ്ങിയ സിനിമകളിലെല്ലാം ഈ മാജിക് കാണാം.
അതുകഴിഞ്ഞിറങ്ങിയ 'ബാജിറാവു മസ്താനി'യിലും ഹെവിയായ, ഭംഗിയുള്ള വസ്ത്രങ്ങളിടം പിടിച്ചു. സിനിമയ്ക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് അഞ്ജു മോദിയും മാസ്‌കിമ ബസുവുമാണ്. പ്രധാനതാരങ്ങളായ രൺവീർ സിങ്, ദീപിക പദുകോൺ എന്നിവർക്ക് അഞ്ജുവാണ് വസ്ത്രങ്ങളൊരുക്കിയത്. സഹതാരങ്ങൾക്ക് മാക്‌സിമ ബസുവും. പതിനെട്ടാം നൂറ്റാണ്ടിലെ ആളുകളുടെ വസ്ത്രധാരണത്തെക്കുറിച്ചും തന്റെ മനസ്സിലുള്ള കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ സ്വഭാവസവിശേഷതകളെക്കുറിച്ചുമെല്ലാം സഞ്ജയ് രണ്ടുപേർക്കും വിശദീകരിച്ചുകൊടുത്തു.
അതിൽനിന്നാണ് സിനിമയിലെ കോസ്റ്റിയൂമുകളിലേക്ക് അവരെത്തുന്നത്. പഴയകാലത്തെ കുറിച്ച് പഠിക്കാനായി സലാർ ജങ് മ്യൂസിയം, അജന്ത-എല്ലോറ ഗുഹകൾ, ചോമഹല്ല പാലസ് എന്നിവിടങ്ങളിലേക്ക് മാക്‌സിമ പോയി. മ്യൂസിയം, ആർട്ട് ഗ്യാലറി, കൊട്ടാരങ്ങൾ, കോട്ടകൾ എന്നിവ സന്ദർശിച്ചും ചരിത്രപുസ്തകങ്ങളും പെയിന്റിങ്ങുകളും നോക്കിയുമാണ് അക്കാലത്തെ നിറങ്ങളെ കുറിച്ചുള്ള ധാരണയുണ്ടാക്കിയത്.
പ്രധാന മൂന്നുതാരങ്ങൾക്ക് മാത്രം 500-ഓളം വസ്ത്രങ്ങളാണ് നിർമിച്ചത്. ഒറിജിനൽ സ്വർണനൂലുകളും സരികളും കൊണ്ടാണ് അവയെല്ലാം നെയ്‌തെടുത്തത്. രാജകീയപരിവേഷം നൽകുന്നതിനായി അവയിൽ പേളുകളും ആന്റിക് സ്റ്റോണുകളും അൺകട്ട് ഡയമണ്ടും ഉപയോഗിച്ചു. പ്രധാനതാരങ്ങളുടെ വസ്ത്രങ്ങൾക്കെല്ലാം അതിന്റെ ഡ്യൂപ്ലിക്കേറ്റും നിർമിച്ചു.
കാശി ബായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രിയങ്ക ചോപ്രയാണ്. ആ കഥാപാത്രത്തിന്റെ ലുക്കും വസ്ത്രങ്ങളും തയ്യാറാക്കുന്നതിനായി രവിവർമ ചിത്രങ്ങളാണ് ആശ്രയമായത്. ആ കഥാപാത്രത്തിനു മാത്രമായി 80 സാരികളാണ് നിർമിച്ചത്. മഹേശ്വർ, ചന്ദേർ, വാരണാസി എന്നിവിടങ്ങളിൽനിന്നുള്ള നെയ്ത്തുകാരാണ് അവയെല്ലാം സിനിമയ്ക്കായി ഒരുക്കിയത്.
Content Highlights: costumes in bajirao mastani made out of original gold wires and real zari
Published: 30 May 2025, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented