പ്രശസ്ത ഹോളിവുഡ് നടിയായ ഡെമി മൂറിനെ, പീപ്പിള്‍ മാഗസിന്‍ '2025-ലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ വനിത'യായി തിരഞ്ഞെടുത്തിരുന്നു. ഈ പദവി നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തികളില്‍ ഒരാളാണ് അവര്‍. 62-ാം വയസ്സിലാണ് ഈ അംഗീകാരം താരത്തെ തേടിയെത്തിയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു പ്രായത്തിന്റെ പരിമിതികളെയും പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പങ്ങളെയും വെല്ലുവിളിക്കുന്ന ഡെമിയുടെ ഈ നേട്ടം. 'ദി സബ്സ്റ്റന്‍സ്' (The Substance) എന്ന സിനിമയിലെ അഭിനയത്തിന്, ഡെമിക്ക് ലഭിച്ച ഓസ്‌കാര്‍ നോമിനേഷനും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവുമാണ് ഈ അംഗീകാരത്തിന് കാരണമായത്.

To advertise here,

നവംബര്‍ 11-ന്,  63 വയസ്സ് തികഞ്ഞ നടി, വിവിധ അഭിമുഖങ്ങളില്‍ തന്റെ സൗന്ദര്യ രഹസ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ സൗന്ദര്യ സംരക്ഷണം വളരെ ലളിതമാണെന്ന് താരം പറഞ്ഞിരുന്നു.

“സെന്‍സിറ്റീവീയ ചര്‍മ്മം ആയതിനാല്‍ സൗമ്യമായ പരിപാലന രീതികളാണ് എന്‍റേത്. താടിയെല്ലുകളുടെയും, കവിളുകളുടെയും ഭംഗി നിലനിർത്താൻ  'ഗ്വാ ഷാ'  സ്‌കള്‍പ്റ്റിങ് ടൂൾ ഉപയോഗിച്ചിരുന്നു. ദിവസവും ക്ലെന്‍സിംഗ് ചെയ്യുന്നതും മേക്കപ്പ് നീക്കം ചെയ്യുന്നതും പ്രധാനമാണ്” -അവർ പറയുന്നു.

ദിവസാന്ത്യം ചര്‍മ്മം എങ്ങനെ വൃത്തിയാക്കുന്നു എന്നും മേക്കപ്പ് എങ്ങനെ നീക്കം ചെയ്യുന്നു എന്നും ഡെമി മുമ്പ് പറഞ്ഞിട്ടുണ്ട്. സുഗന്ധരഹിതമായ ഉല്‍പ്പന്നങ്ങളാണ് താരം ഏപ്പോഴും ഉപയോഗിക്കുക. 

“സെറമുകള്‍, മോയ്‌സ്ചറൈസറുകള്‍, ഓയിലുകള്‍ എന്നിവയുടെ മിശ്രിതം പുരട്ടിയ ശേഷം, ചിലപ്പോള്‍ മുഖത്ത് രക്തയോട്ടം കൂട്ടാന്‍ റോസ് ക്വാര്‍ട്സ് കൊണ്ടുണ്ടാക്കിയ സ്‌കള്‍പ്റ്റിങ് ടൂളും ഉപയാഗിക്കാറുണ്ട്. നിങ്ങള്‍ക്ക് 50 വയസ്സായി, നിങ്ങളുടെ ചര്‍മ്മം പ്രായമാകുന്നു എന്ന് തോന്നുകയാണെങ്കില്‍, ഇത് നല്ലൊരു വഴിയാണ്” എന്നും താരം പറയുന്നു.

എഴുപതുകളിലും എണ്‍പതുകളിലും വെള്ളിത്തിരയെ ത്രസിപ്പിച്ച താരമായിരുന്നു ഡെമി മൂര്‍. സ്ട്രിപ്ടസ്, റഫ് നൈറ്റ്, ബോബി, മിസ്റ്റര്‍ ബ്രൂക്സ്, ഗോസ്റ്റ് എന്നീ സിനിമകളിലും അഭിനയിച്ചു. ആരാധകര്‍ അറിയാത്ത താരത്തിന്റെ ജീവിതകഥ ‘ഇന്‍സൈഡ് ഔട്ട്’ പുറത്തിറങ്ങിയിരുന്നു. പുസ്തകത്തില്‍ പതിനഞ്ചാം വയസ്സില്‍ ലൈംഗിക പീഡനത്തിന് ഇരയായതിനെപ്പറ്റിയും പ്രായത്തില്‍ ഏറെ ചെറുപ്പമായ ആഷ്ടന്‍ കച്ചറുമായുള്ള ബന്ധത്തെപ്പറ്റിയും നടി തുറന്നുപറയുന്നു. ഡെമിയുടെ 'ദി സബ്സ്റ്റന്‍സ്' എന്ന സിനിമ ശരീര പ്രതിച്ഛായ, സ്ത്രീകളോടുള്ള സാമൂഹിക കാഴ്ചപ്പാടുകള്‍, പ്രായമാകല്‍ തുടങ്ങിയ പ്രമേയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. മാര്‍ഗരറ്റ് ക്വാലി നായികയായെത്തിയ ചിത്രം കോറലി ഫാര്‍ഗേറ്റാണ് സംവിധാനം ചെയ്തത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi