
പൂക്കളുടെ പറുദീസയാണ് ദക്ഷിണാഫ്രിക്കയിലെ നമാക്വാലാന്‍ഡ്. മരുപ്രദേശമാണെങ്കിലും മഴ പെയ്യുന്നതോടെ പലതരത്തിലും നിറത്തിലുമുള്ള കാട്ടുപൂക്കള്‍ വിരിയുന്ന ഇവിടേക്ക് പൂക്കാലം ആസ്വദിക്കാനും ട്രക്കിങ്ങിനുമൊക്കെയായി സഞ്ചാരികളെത്താറുണ്ട്. ലോകത്തെ ഏറ്റവും പഴക്കമുള്ള, സജീവമായ ചിതല്‍പ്പുറ്റുകളുള്ളത് ഇവിടെയാണ്. കൃത്യമായി പറഞ്ഞാല്‍ ദക്ഷിണാഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള നമാക്വാലാന്‍ഡിലെ ബഫല്‍സ് നദിയുടെ തീരത്തോട് ചേര്‍ന്ന്. 34000-ത്തോളം വര്‍ഷത്തെ പഴക്കമുള്ള ഇവിടുത്തെ കൂറ്റന്‍ ചിതല്‍ക്കുന്നുകളില്‍ ഇപ്പോഴും ജീവന്‍ തുടിക്കുന്നു. മേഖലയുടെ 20 ശതമാനവും ചിതലുകളുടെ വാസസ്ഥലമാണ്.
ദക്ഷിണാഫ്രിക്കയില്‍ സംസാരിക്കുന്ന ആഫ്രിക്കാന്‍ ഭാഷയില്‍ 'ഹ്യൂവെല്‍റ്റ്ജീസ്' എന്നാണ് ചിതല്‍ക്കുന്നുകളെ വിളിക്കുന്നത്. നാട്ടുകാര്‍ പണ്ടേ കണ്ടുശീലിച്ചതാണ് ഇവയെങ്കിലും കാലപ്പഴക്കം സംബന്ധിച്ച വലിയ അറിവൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. പതിനായിരക്കണക്കിന് വർഷങ്ങളായി സതേണ്‍ ഹാര്‍വെസ്റ്റര്‍ (മൈക്രോഹോഡൊട്ടെര്‍മെസ് വയാറ്ററുകള്‍) എന്നു പേരുള്ള ഈ ചിതലുകൾ ഇവിടെ താമസിച്ചുപോരുന്നു. മരത്തടികളില്‍ നിന്നാണിവ തീറ്റതേടുന്നത്. ദിവസേന തീറ്റ തേടി പോകുമ്പോള്‍, ചെറിയ തടിക്കഷണങ്ങള്‍ ശേഖരിച്ച് ചിതലുകള്‍ അവയുടെ കൂടുകളിലെത്തിക്കും. ആയിരക്കണക്കിന് വര്‍ഷങ്ങളോളം മരക്കഷ്ണങ്ങള്‍ നിക്ഷേക്കപ്പെട്ടതിന്റെ ഫലമായി കാര്‍ബണ്‍ സമ്പുഷ്ടമായ ഒരു സംഭരണിയായി ഈ കൂനകള്‍ ക്രമേണ മാറി.
മരുഭൂമിയില്‍ ചിതലുകള്‍ ഹീറോയാണ്
മനുഷ്യന്റെ പ്രിയപ്പെട്ട പ്രാണികളുടെ പട്ടികയെടുത്തുനോക്കിയാല്‍ ചിതലുകള്‍ക്ക് അതില്‍ വലിയ സ്ഥാനമൊന്നുമില്ല, സകലതും തിന്നുനശിപ്പിക്കുന്ന കീടങ്ങളാണ് നമുക്കവര്‍. എന്നാല്‍, മരുഭൂമിയിലെ ആവാസവ്യവസ്ഥയില്‍ ചിതലുകള്‍ ഹീറോയാണ്. ജൈവവസ്തുക്കളെ വിഘടിപ്പിച്ച് മണ്ണിന് ആവശ്യമായ പോഷകങ്ങളാക്കി മാറ്റുന്നു ഇവര്‍. മരക്കഷ്ണങ്ങള്‍, ഇലകള്‍, മറ്റ് സസ്യ അവശിഷ്ടങ്ങള്‍ എന്നിവ ഭക്ഷണമാക്കുന്ന ചിതലുകള്‍ നൈട്രജനും മറ്റ് അവശ്യധാതുക്കളും ദഹനപ്രക്രിയ വഴി ഭൂമിയിലേക്ക് തിരികെ വിടുകയും ചെയ്യുന്നു. മണ്ണിന്റെ മൊത്തത്തിലുള്ള ഘടനയും ഫലഭൂയിഷ്ഠതയും ഇതിലൂടെ മെച്ചപ്പെടും. ഇത് ചെടികളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായകരമാണ്.
ചിതലുകള്‍ മണ്ണിന്റെ ഉപരിതലത്തിനടിയില്‍ സങ്കീര്‍ണ്ണമായ തുരങ്കങ്ങളുണ്ടാക്കുന്നുണ്ട്. ഇത് ജലം മണ്ണിലേക്കിറങ്ങാന്‍ അവസരമൊരുക്കുന്നു, ഒപ്പം വായുസഞ്ചാരവും മെച്ചപ്പെടുത്തുന്നു. ജലദൗര്‍ലഭ്യവുമുള്ള വരണ്ട ചുറ്റുപാടുകളില്‍, തുരങ്കങ്ങളുടെ ഈ ശൃംഖല സസ്യങ്ങളുടെ ആഴത്തിലുള്ള വേരുകളില്‍ ഈര്‍പ്പമെത്താന്‍ അനുവദിക്കും. ഇത് മരുഭൂമിയിലെ സസ്യജാലങ്ങളുടെ നിലനില്‍പ്പിന് നിര്‍ണായകമാണ്.
മരുഭൂമികളുടെ വ്യാപനം തടയുന്നതില്‍ ചിതലുകള്‍ തീര്‍ക്കുന്ന മണ്‍കൂനകള്‍ വലിയ പങ്കുവഹിക്കുന്നു. വസിക്കുന്ന മേഖലകളിലെ കാലാവസ്ഥാവ്യതിയാനം പ്രതിരോധിക്കാന്‍ ഈ ചിതലുകൾക്ക് കഴിയുമത്രേ. ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ഉണങ്ങിക്കിടക്കുന്ന പുല്‍മേടുകളിലും സാവന്നകളിലും വരണ്ട പ്രദേശങ്ങളിലുമെല്ലാം ജീവിക്കുന്ന ചിതലുകള്‍, അവയുടെ പുറ്റുകള്‍ക്കുള്ളില്‍ പോഷകങ്ങളും ഈര്‍പ്പവും സംഭരിക്കും. ആന്തരികമായിതീര്‍ത്ത തുരങ്കങ്ങള്‍ വഴി മഴപെയ്താല്‍ വെള്ളം മണ്ണിലേക്ക് നന്നായി ഇറങ്ങിച്ചെല്ലും. മരുഭൂവല്‍ക്കരണത്തിന് ഇരയാകാന്‍ സാധ്യതയുള്ള ആവാസവ്യവസ്ഥയ്ക്കുസമീപം ചിതല്‍ക്കുന്നുകളുണ്ടെങ്കില്‍ അവയിലും അവയ്ക്കുസമീപത്തും സസ്യങ്ങള്‍ തഴച്ചുവളരുന്നു. ചിതലുകളുടെ സാമിപ്യമുള്ള ഡ്രൈലാന്‍ഡുകള്‍ക്ക് ഇല്ലാത്തവയേക്കാൾ കുറഞ്ഞ മഴയില്‍ അതിജീവിക്കാന്‍ കഴിയും.
ചിതല്‍ക്കോളനിയിലെ വസന്തകാലം
മരുഭൂമിയില്‍ മഴപെയ്തശേഷമുള്ള പൂക്കാലം വളരെ മനോഹരമാണ്. ചിലിയിലെ അറ്റക്കാമ മരുഭൂമിയില്‍ ഈയടുത്ത കാലങ്ങളിലായി പര്‍പ്പിള്‍ പൂക്കള്‍ ധാരാളമായി വിരിയുന്നത് വാര്‍ത്തകളിലിടം പിടിക്കാറുണ്ട്. പിങ്ക് പൂക്കള്‍ക്കുപുറമെ, പര്‍പ്പിള്‍, മഞ്ഞ നിറങ്ങളില്‍ 200-ലേറെ വര്‍ഗത്തിലുള്ള പൂക്കള്‍ നൂറുകണക്കിന് കിലോമീറ്ററുകളോളമാണ് വ്യാപിച്ചുകിടക്കുന്നത്. മഴ മാറിപ്പെയ്തതും കാലാവസ്ഥാ വ്യതിയാനവുമൊക്കെയാണ് ഇതിന്റെ കാരണമായി പറയുന്നത്. അതേസമയം, പെയ്യുന്ന മഴയെ കൃത്യമായി മണ്ണിലേക്കിറക്കിയ ചിതലുകള്‍ക്കും മണ്ണില്‍ താമസിക്കുന്ന മറ്റ് ജീവികള്‍ക്കും ഇതില്‍ നിര്‍ണായകപങ്കുണ്ട്.
ആഫ്രിക്കയിലെ നമാക്വാലാന്‍ഡിലും ഓസ്‌ട്രേലിയയിലും സ്വീഡനിലുമെല്ലാം ഈ പര്‍പ്പിള്‍ വസന്തമുണ്ടാകാറുണ്ട്. വസന്തകാലത്ത്, നമാക്വാലാന്‍ഡിലെ ചിതല്‍ക്കുന്നുകളില്‍ പൂക്കളുടെ വലയം രൂപപ്പെടുന്നതിനാല്‍ അവ തിരിച്ചറിയാന്‍ എളുപ്പമാണ്.

ചിതല്‍ക്കുന്ന് കണ്ടെത്തിയത്
സ്റ്റെല്ലെന്‍ബോഷ് സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞയായ മിഷേല്‍ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോകത്തെ ഏറ്റവും പഴക്കംചെന്ന നമാക്വാലാന്‍ഡിലെ ചിതല്‍പ്പുറ്റ് കണ്ടെത്തിയിരിക്കുന്നത്.
സമീപപ്രദേശങ്ങളിലെ ഭൂഗര്‍ഭജലത്തിലെ ഉപ്പുരസത്തിന്റെ കാരണമറിയാന്‍ സംഘം ബഫല്‍സ്റിവറിനോട് ചേർന്ന മേഖലയിൽ പഠനമാരംഭിച്ചു. ഭൂഗര്‍ഭജലത്തിന്റെ കാലപ്പഴക്കമായിരുന്നു പഠനലക്ഷ്യം, അത് വളരെ പഴക്കമുള്ളതാണോ അതോ മഴ പെയ്യുമ്പോഴെല്ലാം റീചാര്‍ജ് ചെയ്യപ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചറിയുകയും വേണം.
വെള്ളവുമായി ബന്ധപ്പെട്ട പഠനത്തിനിടെ മേഖലയ്ക്കു ചുറ്റുമുള്ള അവശിഷ്ടങ്ങളുടെ കാലപ്പഴക്കം അറിയേണ്ടതുണ്ടായിരുന്നു. ഈ അന്വേഷണമാണ് വളരെ പഴയ ചിതല്‍ക്കോളനികള്‍ ആകസ്മികമായി കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ഭൂഗര്‍ഭജലത്തിലെ ലവണങ്ങളും മറ്റ് ധാതുക്കളും ചിതലിന്റെ പ്രവര്‍ത്തനത്തിന്റെ നേരിട്ടുള്ള ഫലമാണെന്നും ഇതോടെ മനസ്സിലായി. മഴ പെയ്യുമ്പോള്‍, ആയിരക്കണക്കിന് വര്‍ഷങ്ങളായി കുന്നുകളില്‍ കെട്ടിക്കിടക്കുന്ന ലവണങ്ങള്‍ ഭൂഗര്‍ഭജല സംവിധാനത്തിലേക്ക് ഒഴുകുന്നത് ചിതലിന്റെ തുരങ്കങ്ങള്‍ വഴിയാണെന്ന് സംഘം മനസ്സിലാക്കി. കാർബൺ ഡേറ്റിങ് വഴിയാണ് കാലപ്പഴക്കം മനസ്സിലാക്കിയത്.
സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വിയോണ്‍മെന്റില്‍ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഓരോ ചിതല്‍ക്കുന്നിലും ഏകദേശം 15 ടണ്‍ (14 മെട്രിക് ടണ്‍) കാര്‍ബണ്‍ അടങ്ങിയിരിക്കാമെന്ന് സംഘം കണക്കാക്കുന്നു. നമാക്വാലാന്‍ഡിന്റെ അവിശ്വസനീയമായ ജൈവവൈവിധ്യത്തിന്റെ കാരണക്കാര്‍ ചിതലുകള്‍ തന്നയാണെന്ന് സംഘം പറയുന്നു. സക്കുലന്റ് കാരൂ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ മേഖല ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള മരുഭൂമി പ്രദേശമായി കണക്കാക്കപ്പെടുന്നു.
Content Highlights: the world’s oldest termite colony purple flowers
Published: 16 Nov 2024, 02:12 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented