2002 ഫെബ്രുവരി 27. മുസ്സാഫര്പൂരില്നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയിലായിരുന്നു സബര്‍മതി എക്സ്പ്രസ്. ബിഹാറും ഉത്തര്‍പ്രദേശും കടന്ന് ഗുജറാത്തിലേക്കുള്ള സവാരി.
അയോധ്യയിലെത്തിയപ്പോള്‍ നൂറുകണക്കിന് കര്‍സേവകരാണ് തീവണ്ടിയില്‍ കയറിയത്. അവിടെ ഒരു സമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരിച്ചുവരുന്നവരായിരുന്നു. അതും കഴിഞ്ഞ് രാവിലെ 7:45-നാണ് തീവണ്ടി ഗുജറാത്തിലെ ഗോധ്ര സ്റ്റേഷനിലെത്തിയത്. നാലുമണിക്കൂര്‍ വൈകിയാണ് തീവണ്ടിയെത്തിയത്.
അല്പനേരത്തിനുശേഷം തീവണ്ടി സ്റ്റേഷനില്‍നിന്ന് നീങ്ങിത്തുടങ്ങുമ്പോള്‍ ആരോ അപായച്ചങ്ങല വലിച്ചുവെന്ന് എഞ്ചിന് ഡ്രൈവര്‍ പിന്നീട് പറഞ്ഞു. അതോടെ സ്റ്റേഷനില്‍നിന്ന് കുറച്ചുമാറി തീവണ്ടി വീണ്ടും നിന്നു. പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നതിങ്ങനെ: തീവണ്ടി നിന്നതോടെ 1000-ത്തോളം വരുന്ന ആളുകള്‍ കോച്ചുകള്‍ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങി. ഒപ്പം കോച്ചുകള്‍ക്ക് തീയിടുകയും ചെയ്തു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് S 6 കോച്ചിനാണ്. അതിലെ ആളുകള്‍ വെന്തുമരിച്ചു. 27 സ്ത്രീകളും 10 കുട്ടികളുമടക്കം 59 പേരാണ് തീവെപ്പില്‍ എരിഞ്ഞടങ്ങിയത്.
സംസ്ഥാനസര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനുകളെ നിയമിച്ചു. ജസ്റ്റിസ് നാനാവതി കമ്മീഷനായിരുന്നു ആദ്യം നിയോഗിക്കപ്പെട്ടത്. റിപ്പോര്‍ട്ടിന്റെ ഒരുഭാഗമാണ് ആദ്യം സമര്‍പ്പിച്ചത്. സംഭവം ഗൂഢാലോചനയാണെന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. മൊഹീന്ദര്‍ സിങ് ദഹിയയുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് സയന്‍സ് ലാബിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്, കോച്ചിനുള്ളില്‍നിന്ന് തന്നെയാണ് തീവെച്ചതെന്നാണ്. സീറ്റ് നമ്പര്‍ 72-ല്‍ നിന്നാണ് പെട്രോള്‍ പോലുള്ള പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള ദ്രാവകം ഒഴിച്ചതെന്നും ആ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പിന്നീട് വന്ന ജസ്റ്റിസ് യു.സി.ബാനര്‍ജി റിപ്പോര്‍ട്ട് ഇതൊരു അപകടമായിട്ടാണ് കണ്ടത്. എന്നാല്‍, സുപ്രീം കോടതി ഇത് അസാധുവാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. എന്നാല്‍, നാനാവതി കമ്മീഷന്റെ റിപ്പോര്‍ട്ട് പറയുന്നത് ഇതൊരു ഗൂഢാലോചന തന്നെയാണെന്നാണ്.

ജൂണ്‍ 2009-ലാണ് കേസില്‍ വിചാരണ തുടങ്ങിയത്. രണ്ടുവര്‍ഷത്തിനുശേഷം അഹമ്മദാബാദ് ഫാസ്റ്റ് ട്രാക്ക് കോടതി, കേസില്‍ 31 പേര് കുറ്റക്കാരാണെന്ന് കണ്ടെത്തി. അവരില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചു. എന്നാല്‍, 2023-ല്‍ ഗുജറാത്ത് ഹൈക്കോടതി വധശിക്ഷ മാറ്റി, ജീവപര്യന്തമാക്കി.
ഗോധ്രയ്ക്കുശേഷം
തീവണ്ടിയിലെ അപകടത്തിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് സാമുദായികലഹള തുടങ്ങി. അതില്‍ 2000-ത്തോളം പേരാണ് കൊല്ലപ്പെട്ടത്. പല കൊലപാതകങ്ങളും അതിക്രൂരമായിരുന്നു. സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയായി. എത്രയോ പേര്‍ക്ക് വീട് നഷ്ടപ്പെട്ടു, പലരെയും കാണാതായി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ആദ്യം സംസ്ഥാനസര്‍ക്കാര്‍ പറഞ്ഞെങ്കിലും, അത് സത്യമല്ലെന്ന് അധികം വൈകാതെ തെളിഞ്ഞു. മാസങ്ങളോളമാണ് ഈ ആക്രമണങ്ങള്‍ തുടര്‍ന്നത്.
ശേഷം സ്ക്രീനില്‍...
സബര്‍മതി തീവണ്ടിയിലുണ്ടായ തീവെപ്പിനെ അടിസ്ഥാനമാക്കി നിര്‍മിച്ച സിനിമയാണ് 'സബര്‍മതി റിപ്പോര്‍ട്ട്'. വിക്രന്ത് മാസിയും റാഷി ഖന്നയും റിദ്ദി ദോഗ്രയുമാണ് സിനിമയില്‍ അഭിനയിക്കുന്നത്. നിര്‍മിച്ചത് ഏക്ത കപൂര്‍, ശോഭ കപൂര്‍, അമുല്‍ വി.മോഹന്‍, അന്‍ഷുല്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്. പലതവണ സിനിമയുടെ പ്രദര്‍ശനം നീട്ടിവെച്ചു. അധികവും സെന്സര്പ്രശ്നങ്ങളായിരുന്നു. ഒടുവില്‍ നവംബര്‍ 15-നാണ് സിനിമ റിലീസായത്.
Content Highlights: sabarmati report is movie based on godhra train burning
Published: 18 Nov 2024, 04:45 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented