രണ്ടുവര്‍ഷംമുമ്പ് ആസിഫയ്ക്ക് പ്രായം 13. വിവാഹമുറപ്പിച്ച കാര്യം മാതാപിതാക്കള്‍ പറഞ്ഞപ്പോള്‍ പുതിയ വസ്ത്രങ്ങളും തിളക്കമുള്ള ആഭരണങ്ങളും ആഘോഷങ്ങളും അവളുടെ മനസില്‍ നിറഞ്ഞു. സമ്മാനങ്ങള്‍ കിട്ടും, നിറയെ അലങ്കാരങ്ങളുണ്ടാവും. ഗ്രാമത്തിലെ മുതിര്‍ന്ന പെണ്‍കുട്ടികളില്‍ നിന്ന് വിവാഹത്തെപ്പറ്റി അത്രയൊക്കെയേ അവള്‍ കേട്ടിരുന്നുള്ളൂ. അതിനപ്പുറം തിരിച്ചറിയാനുള്ള പ്രായമോ പക്വതയോ ഇല്ല. തന്റെ വിവാഹവും വലിയൊരു ആഘോഷമായിരിക്കുമെന്ന് ആസിഫ കണക്കുകൂട്ടിയെങ്കിലും അങ്ങനെയൊന്നുമായിരുന്നില്ല.

To advertise here,

തന്നെക്കാള്‍ എത്രയോ മുതിര്‍ന്ന, അറിയുകപോലും ചെയ്യാത്ത, ഒരാള്‍ക്കൊപ്പം മറ്റൊരു തരത്തില്‍ ജീവിക്കുന്നതിന്റെ യഥാര്‍ഥവശം അവള്‍ പിന്നീടറിഞ്ഞു. ആസിഫ വിവാഹിതയായിട്ട് ഇപ്പോള്‍ രണ്ടുവര്‍ഷം കഴിഞ്ഞു. 15 വയസ്സില്‍ അമ്മമായുമായി-പാകിസ്താനിലെ സിന്ധിലുള്ള ഖാന്‍ മൊഹമ്മദ് മല്ല എന്ന ചെറുഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുടെ അനുഭവമാണിത്. (അന്താരാഷ്ട്രമാധ്യമമായ അല്‍ജസീറയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്) ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍പനയ്ക്ക് സമാനമായി വിവാഹം ചെയ്തുനല്‍കുന്നത് രാജ്യത്ത് വര്‍ധിച്ചുവരികയാണ്.   

ആസിഫയുടെ കാര്യത്തില്‍ മകളുടെ ഭാവിജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടിയോ പാരമ്പര്യത്തിന്റെ പേരിലോ ഒന്നുമല്ല കുടുംബം അവളെ വിവാഹം കഴിപ്പിച്ചത്. അവര്‍ക്ക് കുറച്ചു പണം വേണമായിരുന്നു. താഴെയുള്ള മക്കള്‍ക്കും തങ്ങള്‍ക്കും അതിജീവിക്കണമെങ്കില്‍ നല്ലൊരു തുക പ്രതിഫലമായി തരുന്ന ഒരാളെക്കൊണ്ട് ആസിഫയെ വിവാഹം കഴിപ്പിക്കുകയേ നിവൃത്തിയുള്ളൂ. ആസിഫയെ നല്‍കാമെന്ന ഉറപ്പില്‍ 300,000 പാകിസ്താന്‍ രൂപ (ഏകദേശം 93000 രൂപ) കടമെടുത്ത് പ്രതിശ്രുതവരന്‍ കുടുംബത്തിന് നല്‍കി. വിവാഹശേഷം ആ പണം തിരിച്ചടയ്ക്കാനാവാതെ ഭര്‍ത്താവ് കടക്കെണിയിലാവുന്ന കാഴ്ചയാണ് ആസിഫ കാണുന്നത്. 

കഠിനമായ വെള്ളപ്പൊക്കം
2022-ല്‍ പാകിസ്താനിലുണ്ടായ കഠിനമായ വെള്ളപ്പൊക്കമാണ് കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിച്ചത്. ദശലക്ഷക്കണക്കിന് കര്‍ഷകരുള്ള രാജ്യത്ത് അക്കൊല്ലത്തെ നെല്ലും പച്ചക്കറികളുമെല്ലാം വെള്ളപ്പൊക്കം കൊണ്ടുപോയി. വിളവില്‍ നിന്ന് സമ്പാദിക്കാമെന്ന് കരുതിയതും  മക്കളുടെ ഭാവിക്കായി മാറ്റിവെച്ച ചെറുസമ്പാദ്യവുമെല്ലാം പോയി. എന്തെങ്കിലും തിരിച്ചുപിടിക്കാനാവുമോയെന്ന് പരമാവധി ശ്രമിച്ചുനോക്കി. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബന്ധുക്കളില്‍ നിന്ന് കടവും വാങ്ങി. എന്നാല്‍ വിളനാശവും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും ശുദ്ധജലം കിട്ടാത്തതും കാരണം പിടിച്ചുനില്‍ക്കാനായില്ല. 

മൂന്ന് ഇളയ കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍, ആസിഫയെ ഇനി പരിപാലിക്കാന്‍ കഴിയില്ലെന്നും, പ്രതീക്ഷിച്ചിരുന്ന വിദ്യാഭ്യാസം നല്‍കേണ്ടതില്ലെന്നും കുടുംബം തീരുമാനിച്ചു. അവര്‍ക്ക് മറ്റ് വഴികളുണ്ടായിരുന്നില്ലെന്ന് ആസിഫ പോലും കരുതുന്നു. കൃഷി, മീന്‍പിടുത്തം, കന്നുകാലി വളര്‍ത്തല്‍ എന്നിവയാണ് ഖാന്‍ മൊഹമ്മദ് മല്ല ഗ്രാമവാസികളുടെ പ്രധാനഉപജീവനമാര്‍ഗ്ഗം.

മണ്‍സൂണ്‍ വധുക്കള്‍
ഗ്രാമത്തില്‍ ആസിഫയെപ്പോലെ ഒരുപാടു പെണ്‍കുട്ടികളുണ്ട്. 2022-ലെ പ്രകൃതിദുരന്തങ്ങള്‍ തീര്‍ത്ത ദുരിതക്കയം കയറാന്‍ ബാലവിവാഹമാണ് പലരും സ്വീകരിച്ചത്. മണ്‍സൂണിനു പിന്നാലെ ബാലവിവാഹം കുത്തനെയുയര്‍ന്നു. ഒമ്പത് വയസ്സുമുതല്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് നല്‍കുന്നതിന് പുരുഷന്മാര്‍ കുടുംബങ്ങള്‍ക്ക് തുക നല്‍കുന്ന രീതി ശൈശവ വിവാഹ സമ്പ്രദായം വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഈ ഗ്രാമത്തില്‍ മാത്രം 18 വയസ്സിന് താഴെയുള്ള 45 കുട്ടികള്‍ വിവാഹിതരായതായി രേഖപ്പെടുത്തിയിട്ടുണ്ട് - കൂടുതലും പെണ്‍കുട്ടികള്‍, ചില ആണ്‍കുട്ടികളും ഇതിലുള്‍പ്പെടുമെന്ന് മേഖലയിലെ ശൈശവ വിവാഹത്തിനെതിരെ പോരാടുന്ന സുജാഗ് സന്‍സാര്‍ എന്ന സന്നദ്ധസംഘടന പറയുന്നു. പകരം നല്‍കേണ്ടിവരുന്നത് അവരുടെ വിദ്യാഭ്യാസവും ആരോഗ്യവും ഭാവിയുമെല്ലാമാണെന്ന് മാത്രം. 

'മണ്‍സൂണ്‍ ബ്രൈഡ്‌സ്' എന്നാണ് ഇവരെ വിശേഷിപ്പിക്കാറ്. മേയ്, ജൂണ്‍, മാസങ്ങളിലായിരുന്നു ശൈശവവിവാഹങ്ങളേറെയും. അതായത് മണ്‍സൂണ്‍ മഴ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് - പേമാരിയില്‍ നിന്ന് നാശനഷ്ടങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് വിവാഹങ്ങള്‍ നടത്തിയതെന്ന് കരുതുന്നു. 2022-ലെ വെള്ളപ്പൊക്കത്തിനു മുമ്പ് ഈ മേഖലയിലെ പെണ്‍കുട്ടികളെ ഇത്രയും ചെറിയ പ്രായത്തില്‍ വിവാഹം കഴിപ്പിച്ചിരുന്നില്ല.  അമ്മയൊപ്പമില്ലാത്തതാണ് കുഞ്ഞുങ്ങളായിരിക്കെ തങ്ങളെ വേദനിപ്പിച്ചതെന്ന് വധുക്കള്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ഉറങ്ങുന്നതുവരെ ഒപ്പമുണ്ടാകാറുള്ള അമ്മയെ കാണാതെ കുഞ്ഞുമനസ്സുകള്‍ വേദനിച്ചു.

വിവാഹപ്രായം 16-ഉം 18-ഉം 
1929-ലെ പാകിസ്താനിലെ ശൈശവ വിവാഹ നിയന്ത്രണ നിയമപ്രകാരം ആണ്‍കുട്ടികള്‍ക്ക് 18-ഉം പെണ്‍കുട്ടികള്‍ക്ക് 16-ഉം ആണ് വിവാഹപ്രായം. എന്നാല്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിവാഹപ്രായം 18 ആക്കുന്ന 'സിന്ധ് ശൈശവ വിവാഹ നിയന്ത്രണ നിയമം' 2014 ഏപ്രിലില്‍ നിലവില്‍ വന്നു.   

ഔദ്യോഗികമല്ല
ശൈശവ വിവാഹത്തെക്കുറിച്ച് ഔപചാരിക പഠനങ്ങളൊന്നും നടന്നിട്ടില്ല, എന്നാല്‍ രാജ്യമെമ്പാടും ദുരാചാരം പിടിമുറുക്കുന്നുവെന്ന് സുജാഗ് സന്‍സാര്‍ പോലുള്ള സര്‍ക്കാരിതര സംഘടനകള്‍ പറയുന്നു. സിന്ധ് മേഖലയില്‍, ഏകദേശം നാലിലൊന്ന് പെണ്‍കുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നുവെന്നാണ് കരുതുന്നത്. രാജ്യത്ത് വിനാശകരമായ വെള്ളപ്പൊക്കങ്ങളുണ്ടായ 2007, 2010, 2022 വര്‍ഷങ്ങളിലെല്ലാം നിര്‍ബന്ധിത വിവാഹങ്ങള്‍ കുത്തനെ കൂടിയിരുന്നു. 

2010 മുതല്‍ ശൈശവ വിവാഹങ്ങള്‍ക്കെതിരേ ധാരാളം പ്രവർത്തനങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. അത്  കുറ്റകൃത്യമാണെന്ന് ആളുകള്‍ മനസ്സിലാക്കിയിട്ടുമുണ്ട്. അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിലടക്കം കഴിയേണ്ടിവരുമ്പോള്‍ തങ്ങളുടെ പെണ്‍മക്കള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുമെന്ന് മാതാപിതാക്കള്‍ ഭയക്കുന്നുമുണ്ട്. 

സല്‍വയ്ക്ക് നാല് പേരക്കുട്ടികളാണ്
2010-ല്‍ 12- വയസ്സുള്ള മകളെ 20-കാരന് വിവാഹം ചെയ്തുകൊടുത്ത സല്‍വ, ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ നേരം കുഞ്ഞുമകള്‍ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എന്നാല്‍ വിവാഹശേഷം ജീവിക്കാന്‍ മാര്‍ഗമില്ലാതെ മകളും ഭര്‍ത്താവും വീട്ടില്‍ തിരിച്ചെത്തി. കുടുംബം ഇപ്പോള്‍ ദാരിദ്ര്യത്തിലാണ്. 13-ാം വയസ്സിലായിരുന്നു സല്‍വയുടെ വിവാഹം. ഇപ്പോള്‍ 45 വയസ്സുള്ള സല്‍വ നാല് പേരക്കുട്ടികളുടെ മുത്തശ്ശിയാണ്. മൂത്ത പേരക്കുട്ടിക്ക് 15 വയസ്സായി. സ്‌കൂളില്‍ പഠിക്കുന്നു. ഈ ജീവിതചക്രം മുറിയണമെന്നും പെണ്‍കുട്ടികള്‍ കുടുംബത്തിനുള്ളില്‍ കുടുങ്ങിപ്പോവുന്നത് തടയാന്‍ വിദ്യാഭ്യാസം വേണമെന്നുമാണ് സല്‍വയുടെ അഭിപ്രായം. 

പാകിസ്താനില്‍ ഏകദേശം 19 ദശലക്ഷം ബാല വധുക്കള്‍ താമസിക്കുന്നുവെന്നാണ് യുനിസെഫിന്റെ കണക്ക്. മുമ്പ് ബാലവിവാഹങ്ങള്‍ നിലനിന്നിരുന്ന പല രാജ്യങ്ങളിലും പ്രകൃതിദുരതന്തങ്ങള്‍ അവ തിരിച്ചുവരാന്‍ കാരണമായിട്ടുണ്ട്.

(കടപ്പാട്: അല്‍ജസീറ)