കടലിലടിയിൽ മാസ്മരികലോകമാണ് പവിഴപ്പുറ്റുകൾ തീർക്കുന്നത്. ജെല്ലിഫിഷുകളുടെ കുടുംബത്തിൽപെടുന്ന ഇവർ വലിയൊരു ആവാസവ്യസ്ഥയെ ഒപ്പംവളർത്തുന്നവരാണ്. കാലാവസ്ഥാവ്യതിയാനം മൂലം കൂട്ടമരണത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകളിന്ന്. സമുദ്രതാപനില റെക്കോഡ് തകര്‍ത്ത് മുന്നേറുമ്പോൾ ചരിത്രത്തിലെ ഏറ്റവും മോശമായ കാലത്തിലൂടെയാണവർ കടന്നുപോകുന്നത്. 

വെള്ള പുതച്ച മരണം 
പവിഴപ്പുറ്റുകൾക്ക് സ്വാഭാവികനിറം നഷ്ടപ്പെട്ട് അവ വെള്ളനിറമായിപ്പോകുന്ന കോറൽ ബ്ലീച്ചിങ് ഗുരുതരമായൊരു രോഗാവസ്ഥയാണ്. കടലിന് അമ്ലത്വവും ചൂടും കൂടുന്നതുകാരണമുണ്ടാകുന്ന പലതരം രോഗങ്ങളിലൊന്ന്. പവിഴപ്പുറ്റുകളും അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആൽഗകളും പരസ്പരം ആശ്രയിച്ച് ജീവിക്കുന്നവരാണ്. പവിഴങ്ങൾക്ക് ആഹാരവും ഊർജവും പലതരം നിറങ്ങളും ഈ സൂക്ഷ്മ ആൽഗകൾ (സൂസാന്തില്ല) നൽകുന്നു. സൂസാന്തില്ലകൾക്ക് പോഷകങ്ങളും സൂര്യപ്രകാശം ആഗിരണം ചെയ്യാനുള്ള ഇടവും പവിഴങ്ങൾ പകരം കൊടുക്കും. എന്നാല്‍, കടൽചൂടിൽ നിന്നുള്ള സമ്മർദ്ദവും കടൽ മലിനമാകുന്നതും കാരണം നിറമുള്ള സൂസാന്തില്ലകൾ പവിഴപ്പുറ്റുകൾ വിട്ട് പുറത്തുപോകും. അതോടെയവ വെള്ളനിറമാകും (ബ്ലീച്ചിങ്). പട്ടിണി കിടന്ന് മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാകുമപ്പോൾ പവിഴങ്ങൾ. സമുദ്രത്തിലെ താപനില സാധാരണ നിലയിലായില്ലെങ്കിൽ ഭക്ഷണം കിട്ടാതെ ഒടുക്കം മരണം. അപൂർവം ചിലതുമാത്രമേ വീണ്ടും അനുകൂലസാഹചര്യങ്ങൾ വന്നാൽ അതിജീവിക്കൂ. 2005-ൽ കരീബിയൻ കടലിൽ യു.എസിന്റെ പകുതിയോളം വരുന്ന പവിഴപ്പുറ്റുശേഖരം ബ്ലീച്ചിങ്ങിലൂടെ നഷ്ടമായി. കഴിഞ്ഞ പതിറ്റാണ്ട് പവിഴപ്പുറ്റുകൾ വേഗത്തിൽ രോഗികളായ കാലമാണ്. പവിഴപ്പുറ്റുകളുടെ കൂട്ടമരണത്തിനൊപ്പം അവയെ ആശ്രയിക്കുന്ന ജീവജാലങ്ങളും ഭക്ഷ്യ ശൃംഖലയുമാണ് തകരുന്നത്. കടൽവെള്ളത്തിന് തണുപ്പു കൂടുന്നതും ബ്ലീച്ചിങ്ങിന് കാരണമാണ്. കടൽജലം ഉയരുന്നതും പവിഴങ്ങളെ നശിപ്പിക്കും.  

ചൂട് വില്ലനാകുമ്പോൾ 
ലോകത്തിലെ 54 ശതമാനത്തിലധികം പവിഴപ്പുറ്റുമേഖലകളേയും മുൻവർഷം ബ്ലീച്ചിങ് ബാധിച്ചെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനും (NOAA) ഇന്റർനാഷണൽ കോറൽ റീഫ് ഇനിഷ്യേറ്റീവും(ICRI) സംയുക്തപ്രസ്താവനയിറക്കി. അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങൾ എന്നിവിടങ്ങളിൽ 53 രാജ്യങ്ങളുടെയും ടെറിട്ടറികളുടെയും ഭാഗമായ പവിഴപ്പുറ്റുശേഖരത്തെയാണ് ഇത് ബാധിച്ചത്. ഇതുവരെയുണ്ടായതിൽ നാലാമത്തെ ആഗോളനാശമാണിത്. 
20-ാം നൂറ്റാണ്ടിന്റെ പകുതിതൊട്ടേ ഇന്നത്തെ തോതിലേക്ക് ആഗോളതാപനം ഉയർന്നുതുടങ്ങിയിരുന്നു. 1800-കളിലെ വ്യാവസായികവത്കരണത്തിനു പിന്നാലെതന്നെ ലക്ഷണങ്ങൾ കണ്ടു. വ്യവസായശാലകളും വാഹനങ്ങളും അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാർബൺ ഡൈ ഓക്സൈഡും മീഥെയ്നുമെല്ലാം അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തന്നെ പ്രകടമായി. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതും വാഹനപ്പുകയുമടക്കമുള്ള കാരണങ്ങളാൽ 250 മടങ്ങ് അധികം കാർബൺ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്കെത്തുന്നത്.

പുറംതോടുണ്ടാക്കാൻ പാടുപെടുന്നവർ  
കടൽജലത്തിലെ അമ്ലത്വം കൂടുന്നതിനൊത്ത് കാർബണേറ്റ് അയണുകളുടെ തോത് കുറയുന്നു. പുറംതോടുള്ള ജീവികൾക്ക് അവ നിർമിക്കാൻ കാർബണേറ്റ് അനിവാര്യമാണ്. പവിഴപ്പുറ്റുകൾക്കും. അതിനാൽ കാർബണേറ്റിന്റെ അഭാവം മുത്തുച്ചിപ്പികൾ, കക്കകൾ, ശംഖുകൾ, കടൽച്ചെടികൾ, പ്ലവകങ്ങൾ (Plankton) എന്നിവയുടെ നിലനിൽപ്പുതന്നെ ഭീഷണിയിലാക്കും.

കടലിന് ഉഷ്ണം/കര കടലെടുക്കുന്നു
ഭൗമോപരിതലത്തിന്റെ 70 ശതമാനം സമുദ്രവും 30 ശതമാനം കരയുമാണ്. അന്തരീക്ഷത്തിലെ ചൂടിന്റെ നല്ലൊരു പങ്കും കാർബൺ ഡൈ ഓക്സൈഡ് അടക്കമുള്ള മാലിന്യങ്ങളുടെ 30 ശതമാനവും കടൽ വലിച്ചെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ  സ്വാഭാവികമായും കടൽ ചൂടാവും. അമ്ലത്വവും കൂടും. ഇത് പല തരത്തിൽ അപകടമാണ്. ആർട്ടിക്കിലും അന്റാർട്ടിക്കയിലുമടക്കം കടലിലെ മഞ്ഞുകട്ടകൾ ഉരുകി സമുദ്രനിരപ്പുയരുമെന്നതാണ് ഒന്ന്. അതിനൊത്ത് കടൽ കരയിലേക്ക് കയറും. കൂടാതെ മാലിന്യവും ചൂടും കടലിലെ ജീവനുകളുടെ നിലനിൽപിനെ ബാധിക്കും. ശുദ്ധജലരൂപത്തിലുള്ള ഐസ് ഉരുകുമ്പോൾ കടൽ വെള്ളത്തിലെ ഉപ്പിന്റെ അളവ് നേർക്കാനും അതുവഴി ആവാസവ്യവസ്ഥയെ ബാധിക്കാനുമിടയുണ്ട്. കടൽ സമ്പത്തിനെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയ്ക്കും ഇത് പ്രതികൂലമാണ്.

ചില കണക്കുകൾ
* 7.2 മുതൽ 10.8 ശതകോടി മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് കടൽ വലിച്ചെടുക്കും (കൊല്ലത്തിൽ)  
* സമുദ്രജലത്തിന് 1996 മുതൽ 0.33 ഡിഗ്രി സെൽഷ്യസ് ചൂടുകൂടി (പ്രധാനമായും ഉപരിതലത്തിലെ നൂറുമീറ്റർ വരെയുള്ള ഭാഗം)
* സമുദ്രോപരിതലത്തിൽ അമ്ലത്വം 30 ശതമാനം കൂടി
* സമുദ്രനിരപ്പുയരുന്നത്-3.4 മില്ലിമീറ്റർ (വർഷംതോറും)
* 1880-നുശേഷം ആഗോളസമുദ്രനിരപ്പ് 20 സെന്റിമീറ്ററോളം ഉയർന്നു (ഏഴു സെന്റിമീറ്ററും കഴിഞ്ഞ 25 കൊല്ലത്തിനിടെ)

പവിഴങ്ങളുടെ പ്രാധാന്യം
പല നിറങ്ങളിലും രൂപങ്ങളിലുമുള്ള പവിഴപ്പുറ്റുകൾ മത്സ്യങ്ങൾ, കടലാമകൾ, കടൽസസ്യങ്ങൾ എന്നിവയുൾപ്പെടുന്ന ജൈവവൈവിധ്യങ്ങളുടെ ലോകമാണ്. വംശനാശ ഭീഷണി നേരിടുന്നതും അപൂർവവുമായ ഒട്ടേറെ ജീവജാലങ്ങൾ ഇതിലുൾപ്പെടുന്നു. 1500-ലധികം ഇനം മത്സ്യങ്ങൾ, വിവിധയിനം തിമിംഗലങ്ങൾ, 250-ഓളം തരം പക്ഷികൾ, 2200-ഓളം തരം സസ്യങ്ങൾ എന്നിവയുൾപ്പെടെ പതിനയ്യായിരത്തോളം ജീവിവർഗങ്ങൾ ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിൽ മാത്രമുണ്ട്. ലോകത്തെ സമുദ്രജീവികളിൽ നാലിലൊന്നും പവിഴപ്പുറ്റുകളോടു ചേർന്നാണ് കഴിയുന്നത്. മനുഷ്യർ ഭക്ഷിക്കുന്ന മത്സ്യങ്ങളും ഇതിൽ ഉൾപ്പെടും. ഇതിനു പുറമെ, പവിഴപ്പുറ്റുകൾ ഭിത്തികൾ പോലെ പ്രവർത്തിച്ച്, കടലാക്രമണസമയത്ത് അതിന്റെ ശക്തി കുറയ്ക്കാൻ സഹായിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലും കടലിനടിയിൽ പവിഴപ്പുറ്റുകൾ നട്ടുപിടിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

മരിച്ചുകൊണ്ടിരിക്കുന്ന പവിഴപ്പുറ്റുകൾ
90 ശതമാനം പവിഴപ്പുറ്റുകളും 2050 ആകുമ്പോഴേക്കും നശിക്കാനുള്ള സാധ്യതയാണ് വിദഗ്ധർ മുന്നിൽ കാണുന്നത്. 

1. ഗ്രേറ്റ് ബാരിയർ റീഫ്
ലോകത്തെ ഏറ്റവും വലിപ്പമുള്ളതും നീളമുള്ളതുമായ പവിഴപ്പുറ്റുമേഖലയാണ് ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തുള്ള ഗ്രേറ്റ് ബാരിയർ റീഫ്. ബഹിരാകാശത്തുനിന്ന് നഗ്നനേത്രങ്ങൾകൊണ്ട് നോക്കിയിൽ ഈ പവിഴപ്പുറ്റുപാടം കാണാം. കാലാവസ്ഥാ വ്യതിയാനവും ബീച്ചിങ്ങും ഏറ്റവുമധികം ബാധിച്ചിട്ടുള്ളൊരു മേഖലയാണിത്. 2016-നും 2017-നും ഇടയിൽ ഗ്രേറ്റ് ബാരിയർ റീഫിന്റെ 50 ശതമാനവും മരിച്ചു. കോറൽ ബ്ലീച്ചിങ് തടയാൻ അന്നുമുതൽ രാജ്യത്ത് ശ്രമം നടക്കുകയാണ്. നശിച്ചുപോയാൽ വീണ്ടും വളരാൻ ബുദ്ധിമുട്ടാണെന്നതാണ് കൂടുതൽ നാശത്തിനിടയാക്കിയത്.  

placeholder
2. ഇൻഡൊനേഷ്യ  ഇൻഡൊനേഷ്യ തെക്കുകിഴക്കേ ഏഷ്യയിലെ 95 ശതമാനം പവിഴപ്പുറ്റുകളും ഭീഷണിയിലാണ്. വ്യാപകമായ പ്ലാസ്റ്റിക് മലിനീകരണം, മത്സ്യബന്ധനം തുടങ്ങിയവ പവിഴപ്പുറ്റുകൾക്ക് കൂടുതൽ സമ്മർദ്ദമേൽക്കാൻ കാരണമാകുന്നു. പ്ലാസ്റ്റിക് മൂടിക്കിടക്കുന്നത് പവിഴപ്പുറ്റുകളിലേക്ക് സൂര്യപ്രകാശമെത്തുന്നതിന് തടസ്സം നിൽക്കും. മേഖലയിലെ 15 ശതമാനം പവിഴപ്പുറ്റുകൾക്കുമാത്രമേ 2050-ആകുമ്പോഴേക്കും വീണ്ടും വളരാനുള്ള കഴിവുള്ളൂ. 

3. പസഫിക് സമുദ്രം
എൽനിനോ പ്രതിഭാസം മൂലം 2014-നും 2017-നും ഇടയിലാണ് പസഫിക്കിൽ ഏറ്റവുമധികം കോറൽ ബ്ലീച്ചിങ് നടന്നത്. കടലിന്റെ ചൂടുപിടിച്ച ഉപരിതലമാണ് കാരണം. ലോകത്തെ 70 ശതമാനം പവിഴപ്പുറ്റുകൾക്കും ഇക്കാലയളവിൽ നാശമോ സ്ഥിരമായ കേടുപാടുകളോ സംഭവിച്ചിട്ടുണ്ട്. 

4. ഹവായ്
1994-നും 2006-നുമിടയിൽ 25 ശതമാനം നഷ്ടമാണുണ്ടായത്. കടൽ മലിനമായതുതന്നെയായിരുന്നു കാരണം. 

5. കരീബിയൻ
കരീബിയൻ വിനോദസഞ്ചാരത്തിലെ പ്രധാന ആകർഷണമാണ് പവിഴങ്ങൾ. പക്ഷേ, അവയുടെ ആരോഗ്യം കുത്തനെ താഴേക്കു പോവുകയാണിപ്പോൾ. തീരദേശ വികസന പദ്ധതികളും മത്സ്യബന്ധനവുമാണ് കാരണം.