തിളങ്ങുന്ന ഓറഞ്ചും വെള്ളയും നിറമുള്ള ക്ലൗൺഫിഷുകളുടെ ആരാധകരല്ലാത്തവരുണ്ടാവുമോ? സമുദ്രസ്നേഹികളുടെ പ്രിയമത്സ്യമെന്നതിലുപരി, പവിഴപ്പുറ്റുകളിൽ വസിക്കുന്ന ഈ ചെറു മത്സ്യങ്ങൾ അവയുടെ ആവാസവ്യവസ്ഥയിലും നിർണായകമായ സ്വാധീനം ചെലുത്തുന്നവയാണ്. പവിഴപ്പുറ്റും ക്ലൗൺ മത്സ്യവും തമ്മിലുള്ള ആശ്രിത ബന്ധം പ്രസിദ്ധമാണ്. അഭയത്തിനും സംരക്ഷണത്തിനുമായി ക്ലൗൺ മത്സ്യങ്ങൾ പവിഴപ്പുറ്റുകളെ ആശ്രയിക്കുന്നു. മത്സ്യങ്ങളെ ഇരപിടിയന്മാരിൽ നിന്ന് സംരക്ഷിച്ചുനിർത്തുന്നത് ഒരു പരിധിവരെ പവിഴങ്ങളാണ്. അതേസമയം ക്ലൗൺഫിഷ് പവിഴപ്പുറ്റിനെ വൃത്തിയായി സൂക്ഷിക്കുന്നു. വിസർജ്യത്തിലൂടെ അവയ്ക്കുള്ള പോഷകങ്ങളും നൽകുന്നു. 30-ലധികം ക്ലൗൺഫിഷുകളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ പാരിസ്ഥിതിക സമ്മർദ്ദങ്ങൾ കാരണം പ്രാദേശികമായി ക്ലൗൺ മത്സ്യങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. ചെങ്കടലിൽ നടത്തിയ പഠനങ്ങളിൽ, കടുത്ത ഉഷ്ണതരംഗങ്ങൾ കടൽ പവിഴപ്പുറ്റുകളുടെ നിറംമാറ്റത്തിന് കാരണമായെന്നും, ഇത് ചില പ്രാദേശിക ക്ലൗൺഫിഷ് ഇനങ്ങളുടെ ഏതാണ്ട് പൂർണ്ണമായ നാശത്തിലേക്ക് നയിച്ചെന്നും കണ്ടെത്തി.

സമുദ്രത്തിലെ വർധിക്കുന്ന താപനില പവിഴപ്പുറ്റുകളുടെ നിറംമാറ്റത്തിന് കാരണമാകുന്നു. ഇത് ക്ലൗൺഫിഷുകൾ ആശ്രയിക്കുന്ന ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു. ആരോഗ്യമുള്ള പവിഴപ്പുറ്റുകളില്ലാതെ ക്ലൗൺഫിഷുകൾക്ക് അതിജീവിക്കാനും പ്രജനനം നടത്താനുമാവില്ല. കുഞ്ഞു മത്സ്യങ്ങളുടെ അതിജീവന നിരക്കും കുറയ്ക്കുന്നു. അക്വേറിയങ്ങളിലേക്കും സമുദ്ര അക്വേറിയം വ്യാപാരത്തിനായും ചില പ്രദേശങ്ങളിൽ നിന്ന് ഇപ്പോഴും ക്ലൗൺഫിഷുകളെ പിടിക്കുന്നുണ്ട്. ഇതെല്ലാം വംശനാശത്തിന് കാരണമാണ്.

പ്രതീക്ഷയുള്ള മറ്റൊരു കാര്യം ക്ലൗൺഫിഷുകൾ നിലവിൽ ആഗോളതലത്തിൽ വംശനാശത്തിന്റെ വക്കിലെത്തിയിട്ടില്ല എന്നതാണ്. ഫലപ്രദമായ സംരക്ഷണ തന്ത്രങ്ങളില്ലെങ്കിൽ, വരും ദശകങ്ങളിൽ ചിലയിടങ്ങളിൽ ഇവ അപ്രത്യക്ഷമായേക്കാം. ഇത് ക്ലൗൺഫിഷുകളെ മാത്രമല്ല, അവയെ ആശ്രയിക്കുന്ന പവിഴപ്പുറ്റുകളെയും നശിപ്പിക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi